2009, ഓഗസ്റ്റ് 29, ശനിയാഴ്‌ച

എക്സ്ട്രാ ഇന്‍കം

ഴിഞ്ഞ മാര്‍ച്ചു മാസത്തിലാണ് പ്രഫഷണലി പണ്ടെന്റെ ശത്രുവും അങ്ങിനെ പേഴ്സണലി പരിചയക്കാരനുമായി മാറിയ ഒരു മൊതലിനെ രണ്ടുമൂന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാണുന്നത്. മൂന്നു കൊല്ലം സ്കൂളിലേക്കും അവിടന്ന് തിരിച്ചുമുള്ള യാത്രകളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്നു ടിയാന്‍. എന്നുവച്ചാല്‍ ഇയാളാരുന്നു സ്ഥിരം ഞാന്‍ കേറുന്ന ബസിലെ കണ്ടക്ടര്‍.

അങ്ങിനെ സ്കൂളിപ്പൊക്കോണ്ടിരുന്ന ഞാന്‍ പിന്നീട് കോളേജില്‍ പോണ ഞാനായി വല്ലപ്പോഴുമൊക്കെ ടി ബസില്‍ കയറുമ്പോള്‍ ‘ദേ ഈ ലവനല്ലേ മറ്റേ ലവന്‍’ എന്ന രീതിയില്‍ രൂക്ഷമായി ഒരു നോട്ടവും ശനിയാഴ്ചകളില്‍ ഫുള്‍റ്റിക്കറ്റെടുത്ത് യാത്രചെയ്യുമ്പോള്‍ ചെറു പുഞ്ചിരി തരുന്നതും ജോലികിട്ടിക്കഴിഞ്ഞശേഷം പ്രൈവറ്റ് ബസില്‍ കയറാതെ കെ.എസ്.ആര്‍.ടി.സി ബസു നോക്കി നിക്കുമ്പോ ഏതാണ്ടു വല്ലാത്തൊരു ഭാവത്തോടെ മനസില്‍ തെറി പറഞ്ഞതും മേല്പടിയാന്‍..

ടിയാനെ കുറേനാളായി കാണാറില്ലായിരുന്നു, അതോ ഞാന്‍ ശ്രദ്ധിക്കാറില്ലായിരുന്നോ? ആവോ.. എന്തായാലും കഴിഞ്ഞ മാര്‍ച്ചില്‍ ഞങ്ങള്‍ വീണ്ടും കണ്ടു. പാലാ ബസ്റ്റാന്‍ഡില്‍ വച്ച്. എന്നേപ്പോലെ ആളാകെ മാറിയിരുന്നു. കാക്കി പാന്റല്ല, ഷര്‍ട് ഇന്‍ ചെയ്തിരിക്കുന്നു, പിന്നെ ഷൂവൊക്കെയിട്ട്... ഇനി ഞാന്‍ വിചാരിച്ചമാതിരി ഇയ്യാളു ബസുമേടിച്ചോ? [ സ്കൂളില്‍ പഠിക്കുമ്പൊ നാല്പതു പൈസാ എസ്റ്റിക്കാശിന് അമ്പതു പൈസാ കൊടുത്ത് ബാക്കി പത്തു പൈസാ തിരിച്ചുതരാത്തെപ്പൊ ‘ഈ കാശൊക്കെ മൊതലാളി അറിയാതെ പറ്റിച്ച് പറ്റിച്ച് അവസാനം ഇയാളൊരു വണ്ടിമേടിക്കും‘ എന്നു വിചാരിച്ചിരുന്നു. ]
ആലോചിച്ച് നോക്കുമ്പോഴുണ്ട്.. എന്റെനേരേ ചിരിച്ചോണ്ട് നടന്നു വരുന്നു...
- എവിടെപ്പോയി?
- ഞാനിവിടെ വരെ വന്നതാ ചേട്ടാ..
- ഇപ്പൊ എവിടെയാ ജോലി ചെയ്യുന്നെ?
- എറണാകുളത്താ..
- പേരെന്താരുന്നൂ...?
- ശ്രീക്കുട്ടന്‍
- ങാ..ഓഓ.. എന്താ കമ്പനിയിലാണോ ജോലി?
- അതേ..ഒരു സോഫ്റ്റ്വെയര്‍ കമ്പനിയിലാ..
- എങ്ങനെയുണ്ട് സാലറിയൊക്കെ? (അങ്ങാര്‍ ഭയങ്കര ക്ഷേമാന്വേഷണം..)
- മോശമല്ലാ..
- എത്രാ.. പത്തു നാല്പതു കിട്ടുമോ? (നാല്പതേ.. ഉവ്വ്വാ)
- അത്രേമില്ല, ഇച്ചിരെ കുറവാ, പത്തു പതിനഞ്ച്!!..

നമ്മളോട് ഇത്രയും ക്ഷേമം അന്വേഷിച്ചിട്ട് തിരിച്ചൊന്നും ചോദിക്കാതിരുന്നാല്‍ മോശമല്ലേ.. അതുകൊണ്ട്.. “ചേട്ടനിപ്പൊ എന്തു ചെയ്യുന്നു??” എന്നൊരു ചോദ്യമേ ഞാന്‍ ചോദിച്ചുള്ളൂ.. പക്ഷേ അതൊരു കൈവിട്ട ചോദ്യമായിരുന്നു. ബാക്കി ഇങ്ങനെ...

- “ങാ.. ഞാനിപ്പൊ ഒരു ബിസിനസ് ചെയ്യുകയാണ്. ബിസിനസെന്നു വച്ചാല്‍ അങ്ങിനെയല്ലാ. നമ്മുടെ എക്സ്ട്രാ ടൈം വെറുതേ കളയാതെ കുറച്ച് എക്സ്ട്രാ ഇന്‍കം ഉണ്ടാക്കുന്ന ഒരു ബിസിനസ്. കുറച്ചുനാളായി ഞാന്‍ പൂര്‍ണ്ണമായും ഈ ബിസിനസിലാണ്. നമ്മളീ ബാറിലോ ക്ലബിലോ ഒക്കെ പോയി ചുമ്മാ സമയം കളയാതെ മറ്റുള്ളവരോട് ഈ ബിസിനസിനേക്കുറിച്ച് ഒന്നു സംസാരിച്ചാല്‍ത്തന്നെ മാസം ലക്ഷങ്ങള്‍ ഉണ്ടാക്കാം. ഇപ്പൊത്തെന്നെ ഡോക്ടര്‍മാര്, എഞ്ചിനീയര്‍മാര്, വക്കീലമ്മാര്, എത്രയായിരംപേരാ ഈ ബിസിനസ് ചെയ്യുന്നേന്ന് അറിയാമോ?. മാന്ദ്യം ഒക്കെ വന്നപ്പഴത്തേനുമേ എല്ലാരും ഈ ബിസിനസിലേക്ക് എറങ്ങുവാ. ഇവിടത്തന്നെ അമ്പതുലക്ഷം സോഫ്റ്റ്വെയറുകാരടെ പണിപോകുമെന്നാ കേക്കുന്നെ.. ഇനി നാളെ ചെല്ലുമ്പൊ അറിയാം ശ്രീക്കുട്ടനുതെന്നെ ജോലി കാണുമോ എന്ന്.. അല്ലേ.. (പോടോ പന്നേ..!!). പറഞ്ഞപോലെ ശ്രീക്കുട്ടന്റെ നമ്പരെത്രയാ.. ഞാന്‍ ഡീറ്റെയില്‍സ് പറയാം“ പുള്ളി എന്റടുത്തൊരു നമ്പരിട്ടു!!

- “നമ്പര്.. ഞാനീ ബി.എസ്.എന്‍.എല്ലീന്ന് മാറി എയര്‍ടെല്‍ കണക്ഷനെടുത്താരുന്നേ.. പിന്നെ എം.റ്റി.എസ് എടുക്കാമെന്നോര്‍ത്തിട്ട് ഡൊകോമോ എടുക്കാമെന്നാലോചിക്കുവായതുകൊണ്ട്.. നമ്പര്.. ഉടനെ മാറും” തിരിച്ചു ഞാനുമൊരു നമ്പരിട്ടു!!

- എറണാകുളത്ത് ജോലിചെയ്യുമ്പൊ അവിടെ താമസമാരിക്കുമല്ലൊ അല്ലേ? എവിടെയാ താമസം? ഇടയ്ക്ക് ഞാനവിടെ മീറ്റിംഗിനു വരുമ്പോ വിളിക്കാം..

- താമസിക്കുവല്ലാ.. ഞാനിപ്പൊ ട്രെയിനിലു വന്നുപോവുകയാ..

- ങാ ട്രെയിനാകുമ്പൊ പരിചയക്കാരോടൊക്കെ വര്‍ത്തമാനം പറഞ്ഞിങ്ങ് പോരാമല്ലോ അല്ലേ.. നമ്മളവരോടൊക്കെ വെറുതേ സംസാരിച്ചാല്‍ മാത്രം മതി നമ്മുടെ ബിസിനസ് വളര്‍ത്തി..

- ഞാന്‍ ട്രെയിനേല്‍ കേറിയാല്‍ അന്നേരം ഉറങ്ങും. പിന്നെ സ്റ്റേഷനിലെത്തിയിട്ടേ ഉണരൂ. അതോണ്ട് ആരേം അറിയേല.

- ശ്രീക്കുട്ടാ, നമ്മുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാവണം. എങ്കിലേ അതിലേക്കുള്ള വഴി കണ്ടുപിടിച്ച് മുന്‍പോട്ട് പോകാനാവൂ. നമ്മുടെ പഴയ പ്രസിഡന്റ് മന്മോഹ..അല്ല.. മറ്റേ മുടിനീട്ടിയ.. കലാം.. കലാം പറഞ്ഞതു കേട്ടിട്ടില്ലേ.. ഭാവി സ്വപ്നം കണ്ടു വളരണം എന്ന്? ഞാന്‍ പറഞ്ഞുവന്നത് നമ്മള്‍ പത്തു കൊല്ലം കഴിഞ്ഞ് എങ്ങിനെയാവണം എന്നു ചിന്തിച്ചുകൊണ്ട് ഇപ്പോള്‍ ഒരല്പം വര്‍ക്ക് ചെയ്താല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല.

ഭാവിയിലേക്ക് ചിന്തിച്ചുകൊണ്ട് തന്നാ.. ചിഞ്ചൂന്റേം നിമിഷേടേം അഞ്ജലീടെം ക്രിസ്ത്യാനിയാണേലും വേണ്ടില്ല, അപ്പന്‍ ഡോക്ടറായകൊണ്ട് നീതൂന്റേം ഒക്കെ പിറകേ കൊറേ വര്‍ക്ക് ചെയ്തത്. ങാ.. എന്നാ പറയാനാ ചേട്ടാ.. അതൊരു കാലം. ഇനീപ്പൊ പുതിയ വല്ലോം നോക്കണം.. സ്വപ്നങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ.. അന്ന് എന്തൊക്കെ പറഞ്ഞാണ് ടിയാന്റെ മുന്‍പില്‍ നിന്ന് രക്ഷപെട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. പിന്നീട് ഇങ്ങേരേ കാണുമ്പോഴെല്ലാം അടുത്ത് കിട്ടുന്ന വാഹനത്തില്‍ - അതിപ്പൊ ഓട്ടൊയോ, ബസോ ഇനി സൂപ്പര്‍ഫാസ്റ്റ് ആയാലും - കയറി സ്ഥലം കാലിയാക്കാനും തുടങ്ങി. പറഞ്ഞു മുഷിയുന്നതിനേക്കള്‍ നല്ലതല്ലേ പത്തുരൂപാ പോകുന്നത്..

അങ്ങിനെ.. അങ്ങിനെ..

സ്വപ്നങ്ങള്‍ കണ്ടുകഴിഞ്ഞിട്ടാണോ ഭാവി സുരക്ഷിതമാക്കിയതുകൊണ്ടാണൊ വര്‍ത്തമാനം പറഞ്ഞുമടുത്തിട്ടാണോ എന്നറിയില്ല കഴിഞ്ഞാഴ്ച ബസില്‍ ടിക്കറ്റ് തന്നത് അങ്ങേരായിരുന്നു..
------------------------------------
എനിക്ക് ജോലികിട്ടിയ സമയത്താണ് പാലായില്‍ മുത്തൂറ്റിന്റെ പുതിയ ശാഖ തുടങ്ങുന്നത്. അന്ന് ഇനാഗുറേഷന് എന്നെ വിളിച്ചപ്പോ, - സംഗതി അഡ്വെര്‍ടൈസ്മെന്റ് ആണേലും - കുറച്ച് ഇന്വെസ്റ്റ് ചെയ്യുന്നോ എന്നു ചോദിച്ചപ്പോ തോന്നിയപോലെ, കോളേജില്‍ വച്ച് ആദ്യമായൊരു പെണ്‍കുട്ടി എന്നെ ‘ചേട്ടാ‘ന്നു വിളിച്ചപ്പോള്‍ തോന്നിയപോലെ, അല്പത്തരം കൊണ്ടാണെങ്കിലും ആയിരം ആഡ്സെന്‍സ് ക്ലിക്കുകള്‍ കിട്ടിയ ഒരു ബ്ലോഗറേപ്പോലെ മേല്പടി സംഭവം ഈ ചെറിയ മനസില്‍ വലിയ സന്തോഷം ഉണ്ടാക്കി, അയാളെന്നെ ഒഴിവാക്കിയില്ലല്ലോ.. ഇനിയിപ്പൊ അമ്പതുപൈസാ ബാക്കി തന്നില്ലേലും ഞാനങ്ങ് ക്ഷമിക്കും.