Saturday, January 24, 2009

ക്ഷേത്രങ്ങളില്‍ നിന്നും ഇനി പി.എച്ച്.ഡി. എടുക്കാം..

ദ്രസകളില്‍ നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്‍ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷയങ്ങളില്‍ നാലാംക്ലാസ് യോഗ്യത മുതല്‍ PhD വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഉന്നയിച്ച് വര്‍ഗീയശക്തികള്‍ മുതലെടുപ്പ് നടത്താതിരിക്കാനാണ് ഈ നീക്കം എന്നറിയുന്നു.

രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം, തിരുപ്പതി, മൂകാംബിക, പുരി ജഗന്നാഥക്ഷേത്രം എന്നിവയാണ് ഐ.ഐ.റ്റി പദവിയുള്ള ക്ഷേത്രങ്ങള്‍. ഓരോ ക്ഷേത്രങ്ങളിലേയും കോഴ്സുകളും പ്രവേശനരീതിയും തീരുമാനിക്കാനുള്ള അധികാരം ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

കേരളത്തിന് ഐ.ഐ.റ്റികളോ ഐ.ഐ.എമ്മുകളോ ഇല്ല.
എന്നാല്‍ അമ്രുതാനന്ദമയി മഠം സ്വയംഭരണാവകാശമുള്ള സര്‍വകലാശാലയാക്കി നിലനിര്‍ത്തും.
സാമ്പത്തിക ക്രമക്കേടുകളുടെ സര്‍വ്വകലാശാലകളായിട്ടും ശബരിമലയ്ക്കും ഗുരുവായൂരിനും ഐ.ഐ.എം പദവി ലഭിക്കാത്തത് കേരളീയരെ നിരാശയിലാഴ്ത്തി. ത്രുശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തിന് അഞ്ഞൂറേക്കര്‍ സ്ഥലം കൂടി ഏറ്റെടുത്ത് നല്‍കിയാല്‍ അവിടെ ഐ.ഐ.റ്റി അനുവദിക്കുന്ന കാര്യം പരിഗണിക്കും. ഇപ്പോള്‍ ഐ.ഐ.ഇ.എസ് പദവിയാണ് ലഭിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം കേരള രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സ്രുഷ്ടിച്ചേക്കും.
രാഷ്രീയക്കാരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭ്യമായിട്ടുള്ളത്.

കേരളത്തോട് മാത്രം കേന്ദ്രം തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിരാതവും ബീഭത്സവും ആയ നടപടി എന്നു വിശേഷിപ്പിച്ച അദ്ദേഹം പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറണമെന്നും ആവശ്യപ്പെട്ടു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ അടുത്തമാസം 7ന് ഹര്‍ത്താലാചരിക്കും.

“ജയ് ഗുരുവായൂരപ്പ.. ഇതല്പം നേരത്തേ തുടങ്ങിയിരുന്നെങ്കില്‍ എന്റെ മകന് ഈ അവസ്ഥ വരില്ലായിരുന്നു.. നല്ല വിദ്യാഭ്യാസം നല്‍കാമായിരുന്നു.“ ലീഡര്‍ അഭിപ്രായപ്പെട്ടു.

പള്ളികള്‍ക്ക് അനുവദിച്ചു കൊടുക്കാത്ത ഒന്നും തങ്ങള്‍ക്കും വേണ്ട എന്ന നിലപാടാണ് എന്‍.എസ്.എസ് എടുത്തിരിക്കുന്നത്. “ചങ്ങനാശേരി അതിരൂപതയുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും.“ സെക്രട്ടറി പറഞ്ഞു.

“ഹിന്ദുക്കള്‍ ചിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്കെന്തു കിട്ടി” എന്ന പരാതിയുമായി കെ. എം. മാണി ഡെല്‍ഹിക്ക് വണ്ടികയറിയിട്ടുണ്ട്. ഭരണങ്ങാനം പള്ളിയും പാലാ കുരിശുപള്ളിയും കടപ്പാട്ടൂര്‍ അമ്പലവും ഐ.ഐ.റ്റി ആക്കുക എന്നതാണ് പ്രാഥമിക ആവശ്യം. ജോസുമോന് എം.പി പദവി ലഭിച്ചാല്‍ അദ്ദേഹം പരാതി പിന്‍വലിക്കുമന്നറിയുന്നു.

ഇവിടെ എന്തു ചെറ്റത്തരവും കാണിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടന്ന് ദേവസ്വം മന്ത്രി അറിയിച്ചിട്ടുണ്ട്. കോടതി ഇടപെട്ടാലും ഞങ്ങള്‍ക്ക് പുല്ലാണ്.
“വിശ്വാസികളായ ഒരു തെണ്ടിക്കും അഡ്മിഷന്‍ അനുവദിക്കില്ല. എന്‍.എസ്.എസ്സിന്റെ ക്ഷേത്രങ്ങളില്‍ 99ശതമാനം പിന്നോക്കസംവരണം ഏര്‍പ്പെടുത്തും” മന്ത്രി പറഞ്ഞു.

പ്ലസ്ടൂ വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മോഡറേഷന്‍ നല്‍കി വിജയിപ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഒരാഴ്ച്ചയ്ക്കകം ശാന്തിക്കാരുടെ മുന്നിലെത്തിക്കും. മാസത്തില്‍ ഒരിക്കലെങ്കിലും പുഷ്പാഞ്ജലിയോ ഗണപതിഹോമമോ നിര്‍ബ്ബന്ധമാക്കും.

ബി.ജെ.പിയുടെ കേരളത്തിലെ 150 ഗ്രൂപ്പുകളും ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് എന്ന് പ്രതികരിച്ചു.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളും കോഴ്സുകളും ചുവടെ:
(ലഭ്യമായവ മാത്രം)

ശബരിമല :
സ്വയംഭരണാവകാശം അനുവദിച്ചിട്ടുള്ള കേരളത്തിലെ മൂന്നു സര്‍വ്വകലാശാലകളില്‍ ഒന്നാണ് ശബരിമല. പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്ന ഇതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇതര മതവിഭാഗങ്ങളില്‍പെട്ടവരോ അവിശ്വാസികളോ ആയിരിക്കണം എന്നു നിഷ്കര്‍ശിച്ചിട്ടുണ്ട്. തുടക്കത്തില്‍ പതിനാലു ഡിഗ്രി കോഴ്സുകളും ഏഴു പിജി കോഴ്സുകളുമാണ് ആരംഭിക്കുക.

ഗുരുവായൂര്‍ ‍:
പതിനൊന്നു ഡിഗ്രി കോഴ്സുകളും ഏഴു പിജി കോഴ്സുകളും തുടങ്ങാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാല്‍ ശുദ്ധിപരിഹാര ക്രിയകള്‍ക്കാവശ്യമായ ജലത്തിന്റെ ലഭ്യത അനുസരിച്ച് ഇക്കാര്യം ഭേദപ്പെടുത്താന്‍ ബോര്‍ഡിന് അധികാരമുണ്ട്. ഗവേഷണത്തിന് പ്രത്യേക വിഭാഗമുള്ള ദക്ഷിനേന്ത്യയിലെ ഏക ക്ഷേത്രമാണിത്.

ഏറ്റുമാനൂര്‍, വൈക്കം, ത്രുപ്പൂണിത്തുറ, തളിപ്പറമ്പ് എന്നീ ക്ഷേത്രങ്ങളില്‍ അഞ്ചു ഡിഗ്രി കോഴ്സുകള്‍ക്കും രണ്ട് പി.ജി കോഴ്സിനും മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ.. ബാക്കി ക്ഷേത്രങ്ങളുടെ ലിസ്റ്റ് ഇപ്പോള്‍ ലഭ്യമല്ല.

സാദാ ലോക്കല്‍ അമ്പലങ്ങളില്‍ പ്ലസ്ടൂ വരെയുള്ള പ്രവേശനത്തിന് മാത്രമേ അനുമതിയുള്ളൂ.

സര്‍പ്പക്കാവുകളിലും ദരിദ്രയില്ലങ്ങളോട് ചേര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ തുടങ്ങും. നാലാംക്ലാസ് മുതല്‍ പത്താം തരം വരെയുള്ള തുല്യതാ കോഴ്സുകള്‍ക്കാണ് അനുമതി.

നിലമ്പൊത്താറായി കിടക്കുന്ന ക്ഷേത്രങ്ങളില്‍ അംഗന്‍വാടികളാണ് ആരംഭിക്കുക.



**************************
ശേഷം ചിന്ത്യം ശുഭം...

കവിത ഉണ്ടാക്കുന്ന വിധം

കവിത ഉണ്ടാക്കുന്ന വിധം


കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും തെറികേള്‍ക്കാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ. ഇതുപരീക്ഷിച്ചു നോക്കുന്നതുമൂലം ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല..
സ്വന്തം ഉത്തരവാദിത്വത്തില്‍ മതി.

(1)അന്തരാത്മാവിനെ തൊട്ടുണര്‍ത്തുന്ന, മനസില്‍ ഒരു നീറലായി അവശേഷിക്കുന്നതരം കവിത നിര്‍മ്മിക്കുന്ന വിധമണിത്. ഇതുണ്ടാക്കാന്‍ ഏതാണ്ട് പത്തുമിനിറ്റ് മതിയാകും.

ആവശ്യമായ സാധനങ്ങള്‍:
1.ആര്‍ദ്രത : മൂന്നെണ്ണം
മീവല്‍ പക്ഷി: രണ്ട് (തൂവലോടു കൂടി)
വെണ്ണിലാവ്, ഓര്‍മ്മ, സൂര്യന്‍, ആത്മാവ് : ഒന്ന്
2.ദുഖം: മൂന്നു വലിയ സ്പൂണ്‍
സുഖം: മൂന്നു ചെറിയ കഷണം.
രാപ്പാടി: കൂവുന്ന ഇനം ഒന്ന്.
3.വിങ്ങല്‍: അത്യാവശ്യത്തിന്
4.ഇടനെഞ്ച്: മുറിച്ച് കഷണങ്ങളാക്കിയത്, ഒരു കപ്പ്
കത്തി: ഇടനെഞ്ചു മുറിക്കാന്‍ പാകത്തിലുള്ളത്
വികാരം: ജാതി,മത,ദേശവികാരങ്ങള്, ചൂട്,തണുപ്പ്,ദാഹവികാരങ്ങള്‍ ഓരോ ടേബിള്‍ സ്പൂണ്‍.
അശ്ലീലം: ആവശ്യത്തിന്.
*ഇനങ്ങളില്‍ ചിലത് ഒഴിവാക്കുന്നതുകൊണ്ടോ പുതിയവ ചേര്‍ക്കുന്നതുകൊണ്ടോ പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ല!!..

തയ്യാറാക്കുന്ന വിധം:

ഒന്നാമത്തെ ചേരുവകളെല്ലാം കൂടി ചുവടുകട്ടിയായ ഒരു പാത്രത്തിലിട്ട് നന്നായി വേവിക്കുക. വെന്ത് ഏതാണ്ട് ഒരു കൂഴച്ചക്ക പരിവമാകുമ്പോള്‍ അടുപ്പില്‍ ഇന്നും വാങ്ങിവച്ച് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് കട്ടപിടിക്കാതെ ഇളക്കി യോജിപ്പിക്കുക ‘വെണ്ണിലാവിന്റെ വിതുമ്പുന്ന സ്വപ്നമോ മീവല്‍ പക്ഷിയുടെ രോദനമോ‘ കേള്‍ക്കുന്ന സമയം മുറിച്ചുവച്ചിരിക്കുന്ന ഇടനെഞ്ചും വിങ്ങലും ചേര്‍ത്ത് നേരത്തേ തയാറാക്കി വച്ചിരിക്കുന്ന വികാരങ്ങളോടൊപ്പം അശ്ലീലത്തില്‍ പൊതിഞ്ഞ് പോസ്റ്റ് റോസ്റ്റ് ചെയ്യുക. അശ്ലീലത്തിന്റെ രുചിയാവണം മുമ്പില്‍ നില്‍ക്കേണ്ടത്. ചൂട് നഷ്ടപ്പെടരുത്..
തണുത്തുകഴിഞ്ഞാല്‍ പിന്നെ ഒരു വകയ്ക്കും കൊള്ളില്ല.
ഒരു സാമ്പിള്...

ആത്മാവില്‍ നീറുന്നൊരോര്‍മ്മയായ് നീ എന്റെ-
വിങ്ങുന്ന മനസിന്റെ ദാഹം ശമിപ്പിക്കാന്‍
ഈ മിഴിപ്പൊയ്കകളില്‍ ഒരുതുള്ളി വിങ്ങുമ്പോള്‍
ശരത്കാല സന്ധ്യയുടെ കാറ്റിനും മൂകത..

നീറും കിനാക്കളില്‍ ചന്ദനം ചാലിച്ച്
മഞ്ഞിന്‍ കിനാവുകള്‍ക്കപ്പുറം മോഹിച്ച്..
നീയേകുമാശ്വാസമെന്‍ ഹ്രുദയതന്ത്രികളില്‍
മറക്കില്ലൊരിക്കലും നിന്‍ രൂപലാവണ്യം..


കണ്ടോ.. മേല്‍ കാണിച്ചിരക്കുന്ന വാക്കുകള്‍ കൊണ്ടുതന്നെ നൂറുകണക്കിന് കവിതകള്‍ നമുക്ക് ഉണ്ടാക്കാനാവും. ശ്രമിച്ചു നോക്കുമല്ലോ..

(2)
മേല്പറഞ്ഞ രീതിയിലുള്ള കവിതകള്‍ വേവാതെ വരികയോ കരിഞ്ഞുപോവുകയോ ചെയ്താല്‍ പിന്നെ ആധുനിക കവിതകള്‍ എഴുതാവുന്നതാണ്.
അതിനു ചെയ്യേണ്ടത് ഇത്രമാത്രം...
ഒരാഴ്ചത്തെ മലയാളം പത്രങ്ങള്‍ എടുത്ത് വയ്ക്കുക. എല്ലാ പത്രത്തിലേയും പ്രധാന വാര്‍ത്തകള്‍ ചോദ്യോത്തര രൂപത്തില്‍ ഓരോ വരിയാക്കി എഴുതുക.
ഒരു ഉദാഹരണം ഞാനിവിടെ കാണിക്കാം..

ഹഡ്സണ്‍ നദിയിലും വിമാനമിറങ്ങുന്നോ..
ലഷ്കറിന്റെ തന്ത്രം മാറുന്നോ... പ്രഭാകരന്‍ കടലു കടക്കുന്നു..
പിബി പിണറായിക്കൊപ്പമാണോ.. അതോ..
അബ്ദുല്ലക്കുട്ടിക്കു സസ്പെന്‍ഷനോ..
ഒബാമയ്ക്ക് സമാധാനം... ഒബാമയ്ക്ക് സമാധാനം...
ലാവ്ലിന്‍ പിണറായി പ്രതിയാണോ...
ഇറാക്ക് ഇറാക്കിനോ അഫ്ഗാന്‍ അഫ്ഗാനികള്‍ക്കോ..
ബാലാനന്ദന്‍ വിടചൊല്ലി..
ലാവ്ലിന്‍ പ്രതികള്‍ക്കു ജാമ്യമില്ല..ജാമ്യമില്ല..

****************
ശ്രദ്ധിക്കുക: ഇത് പോസ്റ്റ് ചെയ്താല്‍ പിന്നെ രണ്ടാഴ്ചത്തേക്ക് സ്ഥിരമായി ദിവസം രണ്ടുനേരം നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയും ‘ഇതെന്തോന്ന്?’, ‘ഒന്നും മനസിലായില്ല’, ‘വേറെ പണിയൊന്നും ഇല്ലേ?’
എന്ന രീതിയില്‍ വരുന്ന കമന്റുകളെ ഡിലീറ്റ് ചെയ്യുകയും വേണം..
ആശംസകള്‍ ‍...