Tuesday, March 17, 2009

ഒരു കൊച്ചു പീഡനം

ശ്രീക്കുട്ടന്‍ ടൈം മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു. വര്‍ഷങ്ങള്‍ പിറകിലേക്ക്..
അയാളുടെ കുട്ടിക്കാ‍ലം..

“പൂപറിക്കാന്‍ പോരുന്നോ.. പോരുന്നോ അതിരാവിലെ...
ആരെ നിങ്ങള്‍ക്കാവശ്യം... ആവശ്യം അതിരാവിലെ...“

“നീതൂനെ ഞങ്ങള്‍ക്കാവശ്യം.. ആവശ്യം അതിരാവിലെ...
നീതൂനെ ഞങ്ങള്‍ക്കാവശ്യം.. ആവശ്യം അതിരാവിലെ...“


കൊച്ചുവെളുപ്പാന്‍കാലത്ത് നീതുവിനെ പൂപറിക്കാന്‍ പോവാൻ വിളിക്കുന്നതൊന്നുമല്ല.. പാവം നീതുവിനെ അതിക്രൂരമായി പീഡിപ്പിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ നടത്താറുള്ള ആക്രോശമാണ് മുകളില്‍ എഴുതിയിരിക്കുന്നത്.. തീരെ ചെറുപ്പത്തിൽ, ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിച്ച് തുടങ്ങുന്നതിനും മുന്‍പ്.. ആണ്‍കുട്ടികളും പെൺകുട്ടികളും ഒന്നിച്ച് കളിച്ചു രസിച്ചു പഠിച്ചു നടക്കുന്ന പ്രായത്തിൽ.. അന്നത്തെ ടോപ്പ് ഹിറ്റ് വിനോദ ഐറ്റമായിരുന്നു, മേല്പറഞ്ഞ പരിപാടി.. അതിങ്ങനെ..

ക്ലാസില്‍ ആകെയുള്ള 30 കുട്ടികള്‍ (16 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും..16+14=30? കറക്ടല്ലേ?? ) ഇവരെ ‘അക്കായിക്കാവെക്കമ്പൊക്കോ‘ എന്നു തുടങ്ങുന്ന ഒരു പിരിക്കൽ മന്ത്രമുപയോഗിച്ച് രണ്ട് ടീമായി തിരിക്കും. ആണ്‍കുട്ടികള്‍ 8, പെണ്‍കുട്ടികള്‍ 7 വീതം ഒരു ടീമില്.. വടം വലിക്കാരെപ്പോലെ ഈ രണ്ടു ടീമും ഇരുവശങ്ങളില്‍ നില്‍ക്കും.. ഓരോ ടീമിനും അള്‍ട്ടര്‍നേറ്റായിട്ട് എതിര്‍ഗ്രൂപ്പിലെ ഓരോ അംഗത്തെ ആവശ്യപ്പെടാം, ആവശ്യപ്പെടുന്ന ആളേ വിട്ടുകൊടുക്കാന്‍ മറ്റേ ടീം തയാറല്ലെങ്കില്‍ പിന്നെ അയാള്‍ക്കുവേണ്ടിയുള്ള വടംവലിയാണ്. അയാ‍ളെ മധ്യത്തില്‍ നിര്‍ത്തി ഇരുകയ്യുകളിലും പിടിച്ച് ടീമുകള്‍ ഇരുവശത്തേക്കും ഒരേസമയം വലിക്കും.. വടം പോലെ ഇരുവശത്തേക്കും വലിയും നടുക്കുനില്‍ക്കുന്നയാള്.. ഏതു ടീമാണോ അയാളെ വലിച്ചെടുക്കുന്നത്, ആ‍ ടീമിന് ഒരു പോയിന്റ്.. അങ്ങിനെയങ്ങിനെ മത്സരം മുന്നേറും..

ഏതു ടീമില്‍ വന്നാലും ഏറ്റവും ആദ്യം വിളിക്കുന്ന പേരായിരുന്നു, നീതുവിന്റേത്. ഞങ്ങളുടെ സ്ഥിരം പി.റ്റി.എ. പ്രസിഡന്റിന്റെ മോള്, ക്ലാസിലെ രണ്ടാം സ്ഥാനം (ഒന്ന് ആര്‍ക്കാണെന്ന് പറയണ്ട കാര്യമില്ലല്ലോ!!!), വെളുത്ത് മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി. അവളെ കിട്ടാന്‍ ഏതു ടീമാണ് ആഗ്രഹിക്കാത്തത്? അവളെ വിട്ടുകൊടുക്കാന്‍ ആര്‍ക്കു തോന്നും? ഞാനും അവളെ ആഗ്രഹിച്ചിരുന്നു, ഐ മീന്‍.. ഞങ്ങളുടെ ടീമും എന്ന്.. സോറി, എന്നേക്കാള്‍ അവളുടെമേല്‍ നോട്ടമുണ്ടായിരുന്നത് പ്രശാന്തിനായിരുന്നു. (പണ്ടുതൊട്ടേ എന്റെ ശത്രു.. എല്ലായ്പോഴും ‘ശ്രീക്കുട്ടന്റെ ടീമിൽ തന്നെ കിട്ടണേ!!’ എന്നു പ്രാർഥിച്ചിരുന്ന പെൺകുട്ടികൾ പോലും സിനിമാപ്പേരു കളിയില്‍ അവന്റെ ഒപ്പം ആയിരുന്നു, ആര്‍ക്കും അവനെ തോല്പിക്കാനാവില്ല. അതിന്റെ പേരിൽ ചെറിയ അഹങ്കാരവും അവനുണ്ടായിരുന്നു.. അവനാണ് കമലഹാസന്റെ സിനിമാ ‘മൈക്കിൾ മദൻ നടനരാജൻ’ എന്നു പറഞ്ഞ് ഞങ്ങളെ പറ്റിച്ചത്).

പതിവുപോലെ അന്നും ഞങ്ങള്‍ കളി തുടങ്ങി, ഞാനും നീതുവും ഒരു ടീമിലാണ്. പ്രശാന്ത് എതിര്‍ ടീമിലും. പ്രതീക്ഷിച്ചതുപോലെ അവര് ആദ്യം വിളിച്ചത് നീതുവിനെ.. അപ്പുറത്ത് നല്ല ഘടാഘടിയന്മാര് ജിന്റൊയും രാജീവും സുനീഷും, ഉപ്പുമാങ്ങാ ഭരണി പോലുള്ള സരിതയും മറ്റും. അതിലും വലുതാണല്ലോ നീതു കൂടെയുണ്ട് എന്ന ആത്മവിശ്വാസം.. വലി തുടങ്ങി... കട്ടക്കട്ടയ്ക്ക് ഇരുടീമും.. ആവേശം കൂടി..


അവളു കൈവിട്ടുപോകുമോ എന്ന് തോന്നിയ നിമിഷം, ഞാൻ പിടുത്തം കയ്യിൽ നിന്നും മാറ്റി അവളുടെ ഉടുപ്പിലേക്കാക്കി. അതു കണ്ടിട്ടാണോ അല്ലയോ എന്നറിയില്ല, പ്രശാന്ത് പിടുത്തം പാവാടയിലാക്കിയത്.!!
ഫലം? അതെന്താവുമെന്നു ചിന്തിക്കാനുള്ള ശേഷി അന്നില്ലല്ലോ..
ഗ്ര്വാ‍ാ‍ാ‍ാ‍ാ എന്നൊരലർച്ചയോടെ സർവ്വശക്തിയും ഉപയോഗിച്ച് വലിച്ച് ഞാനും ഞങ്ങളുടെ ടീമും ലക്ഷ്യം നേടി..., പ്രശാന്തിന്റെ കയ്യിൽ അവളുടെ പാവാടമാത്രം.!!

നീതുവാണ് ടാർജറ്റ്, പാവാടയല്ല.. സോ.. ഞങ്ങൾ തന്നെ വിജയികൾ, മുകളിൽ വീണു കെട്ടിപ്പിടിച്ചു കിടക്കുന്ന നീതുവിനെ ഒരു വശത്തേക്ക് മാറ്റിക്കിടത്തി ഞാൻ ആവശപൂർവ്വം ചാടി എണീറ്റു. യേ....

‘അയ്യേ..’

നിലവിളിച്ചുകൊണ്ട് പെൺകുട്ടികളെല്ലാം കൂടി ഓടി വന്ന് നീതുവിനു ചുറ്റും വട്ടത്തിൽ നിന്നു. പ്രശാന്ത് പാവാടയും പിടിച്ച് മിഴുങ്ങസ്യാ എന്ന് നിൽക്കുന്നു. ആരൊക്കെയോ ചേർന്ന് നീതുവിനെ എണീൽ‌പ്പിക്കുന്നു, പ്രശാന്തിന്റെ കയ്യിൽ നിന്നും പാവാട വാങ്ങിക്കുന്നു, തുണി ഉടുപ്പിക്കുന്നു, നീതു അലറിക്കരയുന്നു, ആകെ ബഹളം!!!!. എനിക്കും പ്രശാന്തിനും നാണം വന്നു.. ഹെഡ്മാസ്റ്ററുടെ മുറിയിൽ ചെന്നപ്പൊ പേടിയും..

[പക്ഷേ.. ഇപ്പോൾ രസകരമായി തോന്നുന്നുവെങ്കിലും അന്ന് അങ്ങിനെയായിരുന്നില്ല, നിസാരമായി ഞങ്ങൾ കണക്കാക്കിയ ഈ സംഭവം പാവം നീതുവിന്റെ വീട്ടിൽ ഒരു പൊട്ടിത്തെറിയായിരുന്നു.. ഈ സംഭവത്തിനു ശേഷമാണ് ആൺ-പെൺ വേർതിരിവ് ക്ലാസിലുണ്ടാവുന്നതും, മേലിൽ ആൺകുട്ടികളുമായുള്ള ഒരു പരിപാടിക്കുമില്ലെന്ന് പെൺകുട്ടികൾ തീരുമാനമെടുക്കുന്നതും, അതും ഞങ്ങളേറെ ഇഷ്ടപ്പെടുന്ന വിലാസിനി ടീച്ചറിന്റെ മകൾ നിമിഷയുടെ നേത്രുത്വത്തിൽ... ഞാൻ കണ്ട/ഞങ്ങൾ കണ്ട ആദ്യത്തെ സ്ത്രീപക്ഷവാദി!!.]


ശ്രീക്കുട്ടൻ വീണ്ടും ടൈം മെഷീൻ പ്രവർത്തിപ്പിച്ചു. വർഷങ്ങൾ മുൻപോട്ട്..

ആശുപത്രിക്കിടക്കയിലിരുന്ന് അയാൾ Injection എടുക്കാൻ വന്ന നഴ്സിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.

‘ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു... നീ....തു..????‘

‘അതേ.. ‘

‘എന്നെ അറിയുമോ??’

അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി വിടർന്ന കണ്ണുകളോടെ അവൾ ചോദിച്ചു.. ‘ശ്രീ...ക്കു...ട്ട...ൻ..!!!?’

അവൾക്ക് ആഹ്ലാദം...അയാൾക്കും...




------------------------
വീട്ടിൽ വന്ന് അയാൾ കമ്പ്യൂട്ടറിന്റെ മുൻപിലിരുന്നു. ബ്ലോഗറിൽ ലോഗിൻ ചെയ്തു. ഓർമ്മയിൽവന്നതെല്ലാം എടുത്ത് പെരുമാറി. പക്ഷേ നഴ്സ് Injection എടുത്തത് ‘എവിടെ‘ എന്നുമാത്രം എഴുതിയില്ല.. ;-)


-: ശുഭം (ആകുമോന്ന് കണ്ടറിയാം..) :-

Friday, March 6, 2009

3 ഇന്‍ 1 ഭിക്ഷാടനം

രാവിലെ

കുറച്ച് വൈകിയാണ് എണീറ്റത്. എല്ലാ അവധിദിവസവും പോലെതന്നെ.. ഒരു പത്തുമണിയായിക്കാണും.. വീടിനു മുന്‍പില്‍ നിന്നും നീട്ടിയുള്ള ഒരു വിളി കേട്ടു..
’അമ്മാ... സാറേ....‘
വിളിക്കുന്ന ടോണ്‍ കേട്ടാലേ അറിയാം ഭിക്ഷക്കാരനാണെന്ന്.. കിട്ടിയ ഒരു രണ്ടുരൂപാ തുട്ടുമെടുത്ത് വാതില്‍ തുറന്നു. ഒരു നീല കൈലിയും പച്ച ഷര്‍ട്ടുമിട്ട് പത്തെഴുപത് വയസ് തോന്നിക്കുന്ന ഒരു മനുഷ്യന്‍.
‘എന്തെങ്കിലും സഹായം ചെയ്യണേ....‘ എന്റെ നേരെ ദയനീയമായി നോക്കി കൈകൂപ്പി.
കൈയ്യിലിരുന്ന രണ്ടു രൂപാ നാണയം ആ മനുഷ്യനു കൊടുത്തു. നന്ദിപൂര്‍വ്വം അയാളതു വാങ്ങി താണുതൊഴുത് വടിയും കുത്തി മെല്ലെ മെല്ലെ ഗേറ്റ് കടന്നു പോയി. രണ്ടുരൂപകൊണ്ട് എന്താവാന്, കുറച്ചു കൂടി പൈസ കൊടുക്കാമായിരുന്നു ആ പാവത്തിന്.. ഞാനോര്‍ത്തു.

ഒരുമണിക്കൂര്‍ കഴിഞ്ഞു...

‘ചേച്ചീ.... ചേച്ചീ...‘ മുറ്റത്തുനിന്നും ഒരു സ്ത്രീശബ്ദം.. ‘ചേച്ചിയില്ലേ ഇവിടെ?’ പത്തുനാല്പതു വയസു പ്രായം തോന്നിക്കുന്ന ഒരു ചേച്ചി.. അവര്‍ക്ക് എന്നെ നല്ല പരിചയം പോലെ.. പക്ഷേ എനിക്ക് തീരെ പരിചയം തോന്നിയില്ല, ഞാനമ്മയെ വിളിച്ചു. അമ്മയ്ക്കും പക്ഷേ പരിചയമില്ലെന്ന് തോന്നുന്നു..

‘ഇടമറ്റത്താണ് വീട് (ഭരണങ്ങാനത്തിനടുത്ത്..). കാഞ്ഞിരപ്പള്ളിയിലുള്ള ഒരു ഫാമില്‍ ജോലി ചെയ്യുന്നു.‘ ആ സ്ത്രീ പരിചയപ്പെടുത്തി.. അവര്‍ക്ക് രണ്ടു പെണ്മക്കളാണത്രേ.. രണ്ടിനേയും കെട്ടിച്ചുവിടാന്‍ പ്രായമായി. ഭര്‍ത്താവ് മൂന്ന് വര്‍ഷം മുന്‍പ് ഉപേക്ഷിച്ച് പോയതുകൊണ്ട് ഇപ്പൊ ഒറ്റയ്ക്കാണ്. പെണ്മക്കളെ കെട്ടിച്ചുവിടാന്‍ ഒരു നിവ്രുത്തിയുമില്ല, അതിന് എന്തെങ്കിലും സഹായം തേടി ഇറങ്ങിയതാണ്.. ഇടയ്ക്കിടെ കരഞ്ഞുകൊണ്ട് അവര് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..

പലേ തട്ടിപ്പുകളും ഞാന്‍ കണ്ടിട്ടുണ്ട്.. ഇതും അങ്ങിനെതന്നെ ആവാന്‍ സാധ്യതയുണ്ട്. മാന്യമായ വേഷം ധരിച്ച് ആളെ പറ്റിക്കുന്ന ഒരുപാടു പേരുണ്ടീ നാട്ടില്‍..
{എന്റെ സുഹ്രുത്ത് ജെറിമോന്‍ പറഞ്ഞ ഒരു സംഭവം ഞാനോര്‍ത്തു.. ഈ അടുത്ത കാലത്ത് സംഭവിച്ചത്.. എറണാകുളം സൌത്ത് റെയില്വേസ്റ്റേഷനില്‍ വച്ച് സിനിമ സംവിധായകനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ 200രൂപാ ചോദിച്ചത്രേ.. പടം പൊളിഞ്ഞപ്പോള്‍ കാശില്ലാതായെന്ന്!!..}
(വിശദമായി പിന്നീടെഴുതാം..)

അല്പസമയം കഴിഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ അമ്മ ബാഗില്‍ നിന്ന് നോട്ടെണ്ണുന്നു.!!. കയ്യില്‍ അന്‍പതു രൂപാ!! ഇവറ്റൊക്കെ തട്ടിപ്പുകാരാണെന്ന് ഞാന്‍ വാദിച്ചു.. അമ്മയ്ക്കും അങ്ങിനെ സംശയം തോന്നിയതു കൊണ്ടൊ എന്തോ (സാധാരണ അതു പതിവില്ല..) എടുത്ത പൈസാ ബാഗിലിട്ട് രണ്ടു പത്തുരൂപാ നോട്ടുമായി അമ്മ പോയി..

‘ഇതുകൊണ്ട് എന്താവാനാ ചേച്ചീ.. രണ്ടു പെണ്മക്കളെ ഞാനെന്തു ചെയ്യും..’ ആ സ്ത്രീ വിടാന്‍ ഭാവമില്ല. പെണ്മക്കളുള്ള അമ്മയുടെ വിഷമത്തേക്കുറിച്ച് അവര്...

‘ഇവിടിപ്പൊ പൈസ ഇരിപ്പില്ല.. ഇനി ഒരു ദിവസം വരൂ’ ഒരു വിധം അമ്മ അവരെ പറഞ്ഞുവിട്ടു..

‘എടാ.. അവരെ കുറ്റം പറയുകയല്ല വേണ്ടത്.. നിവ്രുത്തിയില്ലാതെ വരുന്നവരെ ആവുന്ന രീതിയില്‍ സഹായിക്കണം’ അമ്മ എന്നെ ഉപദേശിച്ചു തുടങ്ങി..

‘ഇവരൊക്ക പറ്റിക്കുന്നതാണെന്നേ.. നമ്മളെന്താ അവര്‍ക്ക് സ്വര്‍ണ്ണം മേടിച്ച് കൊടുക്കണോ?’ സംഭവം മുഴുവന്‍ കണ്ടുകൊണ്ടിരുന്ന ശ്രീക്കുട്ടിയും ഈ പ്രശ്നത്തില്‍ ഇടപെട്ടു..

‘കള്ളം പറയുന്നവരെ കണ്ടാല്‍ എനിക്ക് മനസിലാകും.. ഇവന്റെ കുറെ കള്ളത്തരങ്ങള്‍ കണ്ടുപിടിച്ചിട്ടുള്ളതല്ലേ ഞാന്..’ അമ്മ അഡ്വാന്‍സായി എന്നെ ഒതുക്കാന്‍ നോക്കുന്നു..

‘ആ സ്ത്രീക്ക് മക്കളെ 101പവനും കൊറോള കാറും കൊടുത്ത് കെട്ടിച്ചുവിടണമെന്നായിരിക്കും ആഗ്രഹം.. അതിനിപ്പൊ നമ്മളെന്താ ചെയ്യുക.. അരയേക്കറ് സ്ഥലം എഴുതിക്കൊടുക്കാന്‍ മേലാരുന്നോ?’ മുന്‍പു തര്‍ക്കശാസ്ത്രം കുറേ പഠിച്ചത് രക്ഷയായി.. പിടിച്ചു നിന്നു...

ഉച്ചകഴിഞ്ഞു..

കോളിംഗ് ബെല്ലടിക്കുന്നു... ഉച്ചത്തില്‍ ആരോ സംസാരിക്കുന്നു.. വാതില്‍ തുറന്നു നോക്കി..

‘ രണ്ടുമൂന്നു കോടി മുടക്കി വീടുണ്ടാക്കി വെക്കാം.. ചോദിച്ചാല്‍ തരുന്നത് പത്ത് ഉലുവാ.. ഭൂ‍ൂ‍ൂ.. ചെറ്റ.. ’ സര്‍വ്വാംഗം കലിപ്പിച്ച് പത്തുനാല്പതു വയസു തോന്നിക്കുന്ന ഒരു ചേട്ടന്‍ നില്‍ക്കുന്നു‍..

‘എന്താ ചേട്ടാ? എന്താ വേണ്ടത്?’ ഞാന്‍ അന്വേഷിച്ചു.

‘രണ്ടുമൂന്നു കോടി മുടക്കി ഇവനൊക്കെ വീടുണ്ടാക്കി വെക്കാം.. പാവപ്പെട്ടവന്‍ വല്ല സഹായോം ചോദിച്ചാല്‍ തരുന്നത് പത്ത് ഉലുവാ.. ഇവനൊക്കെ ആളാകുന്നതെങ്ങനാണെന്ന് എനിക്കറിയാം..’
അയല്വക്കത്തെ ജോണിച്ചേട്ടന്റെ വീട്ടിലേക്ക് തലകൊണ്ട് ഒന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അയാള്‍ വിശദീകരിച്ചു.. ‘ഇവന്റെയൊക്കെ അടുത്ത് എരക്കേണ്ട കാര്യമുണ്ടോ നമ്മക്ക്...? ’

‘അതേയതേ!!’ പത്തുരൂപയെങ്കിലും ഉറപ്പാക്കിയ അയാളുടെ ബുദ്ധിയോര്‍ത്ത് ഞാന്‍ ചിരിച്ചു..

‘എന്തെങ്കിലും സഹായം..’

‘ഒന്നും വേണ്ട ചേട്ടാ’ ഞാന്‍ മറുപടി കൊടുത്തു.

എന്റെ കോമഡി കേട്ട് അയാള്‍ ചിരിച്ചു..

ഞാനും ചിരിച്ചു.. കുറേനേരം.. കുറേയേറെ നേരം.... വെറുതേ ചിരിച്ചുകൊണ്ടിരുന്നു..

എന്റെ ചിരികണ്ട് കണ്ട് അങ്ങേര് വെറുത്തു കാണും.. കലിപ്പിച്ച് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി!!!

വൈകിട്ട്..

ഏറ്റുമാനൂര്‍ക്ക് പോയി.. ഉത്സവത്തിന്.. രാത്രി ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലില്‍ ചെന്നിരുന്നപ്പോഴുണ്ട്... പെണ്മക്കളെ കെട്ടിച്ചുവിടാന്‍ സഹായം ചോദിച്ചുവന്ന ചേച്ചിയും, പത്തുരൂപാ കൊടുത്ത കോടീശ്വരനെ തെറിവിളിച്ച ചേട്ടനും ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് വെട്ടിവിഴുങ്ങുന്നു...!! പെണ്മക്കള് രണ്ടെണ്ണം അപ്പുറത്തിരുന്ന് പൊറോട്ടാ വലിച്ചുപറിക്കുന്നു!!! ഈ എട്ടും പത്തും വയസ്സുള്ള കൊച്ചുങ്ങളെ കെട്ടിച്ചുവിടാനാണോ ചേച്ചി ആ കാശുചോദിച്ചത്..? ബാല്യവിവാഹം നിരോധിച്ചിരിക്കുകയാ ചേച്ചീ... ഇനി ചിലപ്പൊ കെട്ടുപ്രായം ആകുന്നതുവരെ ബാങ്കിലിടാനാരിക്കും.. ആ പിള്ളാര് അതുകൊണ്ട് രക്ഷപെടട്ടെ.. ഞാന്‍ സമാധാനിച്ചു...

അതും വളരെ കുറച്ചു സമയത്തേക്കേ ഉണ്ടായുള്ളൂ.. അതായത്.. ഭക്ഷണം കഴിഞ്ഞ് കൈകഴുകാന്‍ പോയ ആ ചേച്ചിയുടെ/ചേട്ടന്റെ അച്ഛന്‍ അതായത് ആ പിള്ളേരുടെ മുത്തച്ഛന്‍ (വല്യച്ഛന്‍) വരുന്നതുവരെ മാത്രം....

അതെ.. ആദ്യം വീട്ടില്‍ വന്ന...


നീല കൈലി... പച്ച ഷര്‍ട്ട്... എഴുപതുവയസ് പ്രായം ...!!!!



ഞാന്‍ തകര്‍ന്നു പോയി..
--------------------------------------------
ഉത്സവത്തിന് അമ്മ വരാതിരുന്നത് ഭാഗ്യമായി!!!

Tuesday, February 24, 2009

ഇന്റര്‍നെറ്റ് ‘ഡൌണ്‍ലോഡ്‘ ചെയ്യാം

ന്റര്‍നെറ്റ് മുഴുവനായി ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഓഫ് ലൈനായിരിക്കുമ്പോഴും സൈറ്റുകള്‍ സന്ദര്‍ശിക്കാനും ഇ മെയില്‍ വായിക്കാനും സാധിക്കും. നിങ്ങളുടെ പിസിയില്‍/ലാപ്ടോപ്പില്‍ ആവശ്യത്തിന് സ്ഥലമുണ്ടെങ്കില്‍ മാത്രം ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യുക. ഇതൊരു പഴയ വേര്‍ഷനാണ്. പുതിയത് ലഭ്യമാകുമ്പോള്‍ അപ്ഡേറ്റ് ഇടുന്നതാണ്. ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തവര്‍ നിരാശപ്പെടേണ്ടതില്ല. ഈ സൈറ്റുകള്‍ ഒന്ന് സന്ദര്‍ശിക്കുക.. ചിലപ്പോള്‍ പ്രയോജനം ചെയ്തേക്കും.


http://www.surfoffline.com/

http://www.httrack.com/

http://webstripper.net/

http://www.surfoffline.com/

A1 Website Download

Webaroo

Monday, February 23, 2009

എന്റെ വകയും ആശംസകള്‍

ല്ലാരും രാവിലെ മുതല്‍ മെനക്കെട്ടിരുന്ന് പോസ്റ്റുന്നു.. അതുകൊണ്ട് ഞാനും പോസ്റ്റുന്നു.. അല്ല.. അതുതന്നെ ഞാനും പോസ്റ്റുന്നു..

ഞാനൊരു ഇന്ത്യാക്കാരന്‍ .... ഞാനൊരു മലയാളി...
റസൂല്‍ പൂക്കുട്ടിക്ക് അഭിനന്ദനങ്ങള്‍.. താങ്കളൊരു മലയാളിയായതു കൊണ്ട് ഞങ്ങള്‍ക്കോ ഈ മലയാളികളേക്കൊണ്ട് താങ്കള്‍ക്കോ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല, ഉണ്ടാവുമെന്ന് കരുതുന്നുമില്ല. കുറച്ച് ദിവസങ്ങളെ ആയുള്ളൂ താങ്കളേക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ടുപോലും..
എങ്കിലും 20-20 ക്രിക്കറ്റ് ഫൈനലില്‍ ശ്രീശാന്ത് ക്യാച്ചെടുക്കുന്നതു കണ്ടതുപോലെ, ലോകസുന്ദരിപ്പട്ടത്തിന്റെ ഫൈനല്‍ വേദിയില്‍ പാര്‍വ്വതി ഓമനക്കുട്ടന്‍ നില്‍ക്കുന്നതു കണ്ടതുപോലെ, ഒരു മലയാളി എന്ന വികാരം കൊണ്ട്.. അഭിമാനം കൊണ്ട്.. ഇന്നും എന്റെ കണ്ണുകള്‍ നിറഞ്ഞു. മനസ് നിറഞ്ഞു..


സ്ലംഡോഗ് മില്യണെയര്‍ കണ്ടിട്ടില്ലാത്തതു കൊണ്ട് ഒരു നിരൂപണം എഴുതാനോ പ്രശംസിക്കാനോ വിമര്‍ശിക്കാനോ ചിത്രത്തിന്റെ പ്രമേയത്തേക്കുറിച്ചുള്ള വാദപ്രതിവാദങ്ങളില്‍ പങ്കാളിയാവാനോ കഴിഞ്ഞില്ല. ഇതിലും മനോഹരമെന്ന് എനിക്ക് തോന്നിയ അനേകം ഗാനങ്ങള്‍ എഴുതിയിട്ടുള്ള ആളെന്ന നിലയ്ക്ക് ശ്രീ റഹ്മാന്‍ ഓസ്കാര്‍ നേടിയത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നുമില്ല, ആവേശം കൊള്ളിക്കുന്നുമില്ല. ഒരിന്ത്യന്‍ സിനിമയില്‍ അദ്ദേഹത്തിന്റെ ഗാനത്തിന് ഇതു മുന്‍പേ ലഭിക്കേണ്ടിയിരുന്നു എന്ന എന്റെ തോന്നലാവാം കാരണം. പക്ഷേ ഈ ഒരു നിമിഷം.. ഒരിന്ത്യാരനായതില്‍ അഭിമാനം തോന്നുന്ന നിമിഷം,...


ഇത്രയും ഇന്ത്യാക്കാര്‍ ഇതുപോലൊരു വേദിയില്‍ ഒരുമിച്ച് നില്‍ക്കുന്നത് ആദ്യം.. എട്ട് ഓസ്കര്‍ നേടിയ സ്ലംഡോഗ് മില്യണെയറില്‍ മികച്ച ചിത്രം, ശബ്ദമിശ്രണം, ബെസ്റ്റ് ഒറിജിനല്‍ സ്കോര്‍, ബെസ്റ്റ് സോങ്ങ് എന്നിവ പൂര്‍ണ്ണമായും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ തന്നെ.


ഒരു ആവേശം കൊണ്ട് ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ മനസിന് ആശ്വാസമായതുകൊണ്ടും ഇനിയും വലിച്ചുനീട്ടി ഒരെഴുത്തിന്റെ ആവശ്യമില്ലാത്തതു കൊണ്ടും, ശിവരാത്രി ആഘോഷത്തിന് അമ്പലത്തില്‍ പോകേണ്ടതുകൊണ്ടും നിര്‍ത്തുന്നു..

ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം...
കേരളമെന്നു കേട്ടാലോ പറയണം പൂക്കുട്ടി നമുക്ക് സ്വന്തമെന്ന്..
വന്ദേമാതരം...
ജയ്ഹോ...

Saturday, February 21, 2009

പിരിവുത്സവാശംസകള്‍..

ക്തജനങ്ങളെ,

ശ്രിതവത്സലനായ ശ്രീവിജയന്‍ സാറിന്റെയും അഭീഷ്ടവരദായകനായ ശ്രീഅച്ചുമാമന്റെയും ചൈതന്യത്താല്‍ ഭക്തരുടെ ആശ്രയകേന്ദ്രമായി വിളങ്ങുന്ന മലയാളനാട്ടിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് മഹോത്സവം പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം ഏവരേയും അറിയിച്ചുകൊള്ളട്ടെ. പവിത്രമായ ആചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഉത്സവപരിപാടികള്‍ ആകര്‍ഷകവും ഭക്തിനിര്‍ഭരവുമായി നടത്തുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പീബീ നാമത്തില്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
എന്ന്
സെക്രട്ടറി

ആലപ്പുഴ
01-02-09



-: പ്രധാന കലാ പരിപാടികള്‍ :-


ഒന്നാം ഉത്സവം

വൈകിട്ട് 6.00ന് : കൊടിയേറ്റ്

രണ്ടാം ഉത്സവം

7.00 മുതല്‍ : സംഗീതാര്‍ച്ചന
വോക്കല്‍ : സര്‍വ്വശ്രീ കൊടികീറി ഗോപാലക്രുഷണന്‍
മ്രുദംഗം : ഷൊര്‍ണൂര്‍ മുരളി
വയലില്‍ : സേവ്യര്‍ മനോഹരന്‍ മാത്യു
കടം : കേന്ദ്രം

മൂന്നാം ഉത്സവം

7.30ന് : പൂരപ്പാട്ട്
(സുധാകര ഭക്തജന കളരി സംഘം, അമ്പലപ്പുഴ)

നാലാം ഉത്സവം

8.00ന് : സാംസ്കാരികനാടകം : “ഒന്നുകില്‍ പീബീടെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്“
അവതരണം : ലൌലിന്‍ കമ്യൂണിക്കേഷന്‍സ്, തായ്‌വാന്‍

അഞ്ചാം ഉത്സവം
ചെന്നിവേട്ട

8.00 മുതല്‍ : മിമിക്സ് ഗാനമേള
(ടീകോം ഓര്‍ക്കസ്ട്രാ, ദുബായ്)

ആറാം ഉത്സവം
ആറാട്ട്

10ന് : മേജര്‍സെറ്റ് കഥകളി:- അച്ച്യുതവധം മൂന്നാം ദിവസം
രംഗത്ത് : കലാമണ്ഡലം വിജയന്‍, കലാമണ്ഡലം അച്ചുതന്‍, മേജര്‍ രവി



-*-*-*-*-*-*-*-*-*-
N.B;
കൊടികളും തോരണങ്ങളും പാര്‍ട്ടി ആപ്പീസില്‍ നിന്നും ലഭിക്കുന്നതാണ്. അര്‍ച്ചനയ്ക്കുള്ള ചെരിപ്പുകള്‍ അവരവര്‍ തന്നെ കൊണ്ടുവരണം. പരിപാടിയില്‍ തോന്നുന്നപോലെ മാറ്റങ്ങള്‍ വരുത്തുവാന്‍ പിബിക്ക് അധികാരമുണ്ടായിരിക്കും.
ശബ്ദവും വെളിച്ചവും : അഹൂജ ആന്‍ഡ് എസെന്‍സി.

എഴുന്നള്ളിപ്പ് ആനകള്‍ ‍:
ഗജരാജന്‍ സുധാകര്‍ അമ്പലപ്പുഴ, പാമ്പാടി രാജന്‍, വൈക്കം ശശി.
-----------------------------------------------------
വിശദമായ നോട്ടീസ് ശിവകാശിയില്‍ അച്ചടിക്കുന്നതേ ഉള്ളൂ, പിന്നീട് കൊണ്ടുവരും. ആദ്യം സംഭാവന കൊട്..


ഹാപ്പി മഹാശിവരാത്രി എവരിവണ്‍..!!

Tuesday, February 17, 2009

അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്‍ ഉള്ള ഫാമിലി!!


കൊച്ച്, കൊച്ചിന്റെ അച്ഛന്‍, അതിന്റെ അച്ഛന്‍, അതിന്റെ അച്ഛന്‍, അതിന്റെ..അതിന്റെ..




ദേ കെടക്കുന്ന കിടപ്പുകണ്ടോ.. നോക്കുന്ന നോട്ടം കണ്ടോ..
നീയാണെടാ.. താരം.. വെറും പതിമൂന്ന് വയസ്.. എന്നുവച്ചാല് ഞാനൊക്കെ ഏഴാം ക്ലാസില്‍ പഠിക്കുമ്പൊ നാനായിലേം സിനിമാമംഗളത്തിലേം സെന്റര്‍പേജ് കണ്ട് ഞെട്ടിയ പ്രായം.. ഒണക്കമടലുവെട്ടി ക്രിക്കറ്റ് കളിച്ചു നടന്ന പ്രായം.. ഇവന്‍ ഈ പ്രായത്തില്.. ഹോ.. സ്മാര്‍ട്ട് ബോയ്..
അച്ഛനും മകള്‍ക്കും ഇനി ഒരു സ്കൂളില് പഠിക്കാമല്ലോ.
ഈ പോക്ക് മകളും പോയാല്.. 26‍ാമത്തെ വയസില്‍ മുത്തച്ഛന്‍.. 39‍ാമത്തെ വയസില്‍ മുതുമുത്തച്ഛന്‍..50,60.. പത്തെഴുപത് വയസാകുമ്പോഴേക്ക് ഒരു പഞ്ചായത്താ‍ക്കാന്മാത്രം ആളുകള് വീട്ടില്.. !!
ബെസ്റ്റ് ഫാമിലി..

ഇവിടെ ഞങ്ങള്.. വയസ് ഇരുപത്തഞ്ചായി.. ഇതുവരെ ഒരു കല്യാണ ബ്രോക്കറുപോലും പറയുന്നില്ല പ്രായമായെന്ന്..
എന്തു ചെയ്യാന്‍.. ജനിക്കുവാണേല്‍ ബ്രിട്ടനില്‍ ജനിക്കണം.. ഇവിടെ ഓരോ കൊല്ലം കഴിയുമ്പോഴും പെന്‍ഷന്‍ പ്രായം.. സോറി.. കല്യാണപ്രായം ഉയര്‍ത്തണം എന്നല്ലേ പറയുന്നത്. ഇവിടെ കുറെ സദാചാര സേന ഉള്ളതുകാരണം ഡിങ്കോള്‍ഫി ചെലപ്പൊ പൊല്ലാപ്പാവേം ചെയ്യും. ന്നാലും.. ആ സംസ്കാരത്തിന്റ്റെ മഹത്വം.. അതിവിടെ വരുമോ..

ആക്ച്വലി.. എങ്ങനെ ഒപ്പി.. അല്ലെങ്കില്‍ വേണ്ട.. ഞാന്‍ ചോദിക്കുന്നില്ല.. പിന്നെ അയലോക്കത്തെ ചേട്ടന്മാര് ചിലര് അവകാശം പറഞ്ഞ് എത്തിയിട്ടുണ്ടല്ലേ.. D.N.A എങ്കില്‍ D.N.A.. അഭിമാനം വിട്ടുകൊടുക്കരുത്.. ഇനി എത്രപേര് വരാനിരിക്കുന്നോ.. ആര്‍ക്കറിയാം..

ഏതായാലും ആല്‍ഫിക്കും ഷാന്റിലിനും പിന്നെ മെയ്സിക്കും ആശംസകള്‍..

---
ബ്രിട്ടണിലായതു കൊണ്ട് കേസൊന്നും ഇല്ല എന്നു തോന്നുന്നു.. ഇവിടെ ഉള്ള ഏതെങ്കിലും പയ്യനാരുന്നെങ്കിലോ? കുറെ സദാചാര സേന രംഗത്തിറങ്ങും.. അവരെ വിമര്‍ശിച്ച് ബാക്കി ഉള്ളവരും..
സംഗതി കൂടുതല്‍ ജനകീയമാകും.. എല്ലാരും കണ്ടുപഠിക്ക്..

Friday, February 13, 2009

ഞങ്ങളുടെ വിവാഹം നടത്തി തരണേ.. ഹരേ രാമ..

സ്നേഹമുള്ള മുത്ത് അണ്ണന്,

താങ്കളേക്കുറിച്ച് ഈയിടെയായി ഞങ്ങള്‍ ഒരുപാട് കേള്‍ക്കുന്നുണ്ട്. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ പ്രതിരൂപമാണെന്നൊക്കെ. അങ്ങയേപ്പോലൊരാള്‍ ഈ അടുത്തെങ്ങും.. ഒരുപക്ഷേ അഫ്ഗാനിലും സൌദിയിലും ഒക്കെ കണ്ടേക്കാം, പക്ഷേ ഇന്ത്യയില്‍ അങ്ങൊരു അത്യപൂര്‍വ്വ ഒരു പ്രതിഭാസമാണ് . അങ്ങയേപ്പറ്റി ഇവിടെ (സോറി, ഇത് ബൂലോകം.. ബ്രഹ്മാവിനേക്കാളും വല്യ സ്രുഷ്ടികര്‍ത്താക്കളാണ് ഇവിടം മുഴുവന്‍..) ചില അല്പബുദ്ധികള്‍ പലതും പറഞ്ഞ് കേട്ടിരുന്നു. പക്ഷേ അങ്ങ് അതിലും എത്രയോ ഉയരത്താണ്. വാനര സൈന്യത്തോടൊപ്പം അങ്ങ് നടത്തിവരുന്ന യുദ്ധം അതിന്റെ പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്തട്ടെ എന്ന് ആശംസിക്കുന്നു. (അല്ലെങ്കില്‍ തന്നെ ഇപ്പൊ ഭാര്യയെ പേടിച്ച് ഭര്‍ത്താവിന് ഒളിച്ചിരിക്കാന്‍ പറ്റുന്ന ഒരേ ഒരു സ്ഥലമാണ് ബാറ്. ഇനി അവിടേം ഇവളുമാര് കേറിവന്നാല്‍ എന്ത് ചെയ്യുമെന്ന് പറ!!)

ഇനി ഞങ്ങളുടെ പ്രശ്നം പറയാം..
വാലന്റൈന്‍ ആരാണെന്നും വാലന്റൈന്‍സ് ഡേ എന്നാണെന്നും അറിയുന്നതിനു മുമ്പേ പ്രണയിച്ചുതുടങ്ങിയവരാണ് ഞങ്ങള്‍.. ഞങ്ങളിങ്ങനെ മറ്റാരേയും അറിയിക്കതെ പ്രണയം ഉള്ളിലൊതുക്കി നടക്കാന്‍ തുടങ്ങിയിട്ട് കൊല്ലം കുറേ ആയി, പക്ഷേ വീട്ടുകാര് ഞങ്ങളെ ഒന്നിക്കാന്‍ അങ്ങ് സമ്മതിക്കുന്നില്ല . ഞങ്ങളുടെ കല്യാണം നടത്തിത്തരാന്‍ സമ്മതിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞുകഴിഞ്ഞിരിക്കുന്നു.. ഞങ്ങളുടെ നാടിന്റെ പ്രത്യേക മതേതര സ്വഭാവം കാരണം കെട്ടിയാല്‍ പിന്നെ ജീവനോടെ ഉണ്ടാവുമോ എന്ന് ഭയവുമുണ്ട്. ഇനി അങ്ങു മാത്രമാണ് ഞങ്ങളുടെ ഏക ആശ്രയം.. കൈവിടരുത്..

ഒരുഗതിയും പരഗതിയുമില്ലാതെ വിഷമിക്കുന്ന, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ ചുണ്ടുകള്‍ പരസ്പരം കടിച്ചുപറിച്ച് തിന്നുന്ന, ഉടുതുണിക്ക് മറുതുണി!! ഇല്ലാത്ത, പാര്‍ക്കിലും ബീച്ചിലും താമസിക്കുന്ന പാവം കമിതാക്കളെ അങ്ങ് വിവാഹം കഴിപ്പിച്ച് ഒരു കുടുംബമാക്കുന്നു എന്നറിഞ്ഞു.

ദയവായി ഞങ്ങളുടെ കല്യാണം കൂടി ഒന്ന് നടത്തിത്തരണം..പ്ലീസ്..

കഴിഞ്ഞ തവണ താക്കറെ ചേട്ടനോട് പറഞ്ഞതാ.. പക്ഷേ സമ്മതിച്ചില്ല. അങ്ങേക്കെങ്കിലും കനിവുണ്ടാകണം..
എങ്ങിനെ എവിടെ വന്ന് നിക്കണം എന്ന് പറഞ്ഞാല്‍ അവിടെ എത്തിക്കോളാം. മംഗലാപുരത്തോ? അതോ ബാംഗ്ലൂരോ? എങ്ങിനെയാണ് കല്യാണത്തിന്റെ ചിട്ടവട്ടങ്ങള്‍? താലിയും മറ്റും ഞങ്ങള്‍ തന്നെ കൊണ്ടുവരണോ അതോ താങ്കളുടെ ആളുകള്‍ കൊണ്ടുവരുമോ? അതുപോലെ വീഡിയോക്കാരും ബാക്കി സംഭവങ്ങളും. കല്യാണത്തിന്റെ വീഡിയോ ഡീവീഡിയിലും സീഡിയിലും വേണം, കാസറ്റിന്റെ പരിപാടി ഇപ്പൊ ഇല്ലല്ലൊ.. (മുമ്പ് ചേച്ചീടെ കല്യാണത്തിന്റെ കാസറ്റാരുന്നേ.. അത് മുഴുവന്‍ ചുമ്മാ ഇരുന്ന് പൂപ്പല്‍ പിടിച്ചു.. )

പിന്നെ ഫസ്റ്റ്നൈറ്റ്, അതേപ്പറ്റിയൊന്നും ഇപ്പൊ ചോദിക്കുന്നില്ല. അതൊക്കെ എല്ലാം അറിഞ്ഞ് വേണ്ടപോലെ ഏതെങ്കിലും ഹോട്ടലില്‍ അറേഞ്ച് ചെയ്താല്‍ മതി.

പിന്നെ നേരത്തേ ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയി,
‘ജെട്ടിക്കു പകരം സാരി‘ എന്നൊരോഫര്‍ ഉണ്ടെന്നറിഞ്ഞു. സാരി ഞങ്ങള്‍ക്കും വേണം. കാഞ്ചീപുരം, ബനാറസ് പട്ടുസാരികള്‍ ആണെങ്കില്‍ സന്തോഷം. പകരം ജെട്ടികള്‍ എത്രവേണമെങ്കിലും തരാന്‍ തയ്യാറാണ്.. പഴയ V.I.P ജെട്ടികള്‍ മുഴുവന്‍ തന്നേക്കാം . പക്ഷേ സാരി പുതിയതു തന്നെ വേണം..
(മുംബെയില്‍ വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ നാഗമ്പടം മൈതാനിയില്‍ കൊണ്ടു വില്‍ക്കുന്ന 39രൂഭാ ടൈപ്പാണെങ്കില്‍ വേണ്ട..)

ഒത്തിരി പ്രതീക്ഷയോടെ...

ക്രിഷ് & സിലു
(ക്രുഷ്ണന്‍കുട്ടി & സിസിലിക്കുട്ടി)

[ ബൂലോകരേ.. ഭാഗ്യമുണ്ടെങ്കില്‍ ഞങ്ങളെ എക്സ്ലൂസീവ് ന്യൂസായി ടിവിയില്‍ കാണാം.. ]

----------------------------------------------------------

ഈ വാലന്റൈന്‍സ് ഡേ നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നത് വി.ഐ.പി. ഫ്രഞ്ചി.

ഇറോസ് ദേവന്‍ നിങ്ങളെ രക്ഷിക്കട്ടെ..

വാലന്റൈന്‍ ദിനം കഴിഞ്ഞ് പത്തു മാസം തികയുന്നതിനു മുന്‍പ് ഇവിടെ ശിശുദിനം ആഘോഷിക്കുന്നു..

“ഒന്നുകില്‍ വാലന്റൈന്‍സ് ദിനം ഒരു മാസം പിന്നോട്ടാക്കുക..
അല്ലെങ്കില്‍ ശിശുദിനം ഒരു മാസം മുന്നോട്ട്..”
: രാവണസേന