Sunday, February 21, 2010

Check out Save Our Tigers | Join the Roar

Title: Save Our Tigers | Join the Roar
Link: http://gotaf.socialtwist.com/redirect?l=851800381978267727541

Saturday, February 6, 2010

മൊബൈല്‍ ടെക്നോളജി : പഴയൊരു പരാജയ കഥ.

മൂന്നുകൊല്ലം പോളിടെക്നിക്കില്‍ പഠിച്ചതിന്റെ ക്ഷീണം മാറ്റാന്‍ പിന്നൊരു മൂന്നുമാസം വീട്ടില്‍ ഫുഡ്, ഉറക്കം, ടിവി ഒക്കെയായി സുഖചികിത്സ നടത്തിവരുമ്പോഴാണ് സഹപാഠിയും സഖാവുമായ പ്രിയസുഹ്രുത്ത് സാജന്‍, ‘മൊബൈല്‍ ടെക്നോളജി’ എന്നൊരു പുതിയ കോഴ്സിനേപ്പറ്റി പറയുന്നത്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കേരളത്തിലങ്ങോളമിങ്ങോളം വേരുകളുള്ള മൊബൈല്‍ സെയിത്സ്, സര്‍വ്വീസിങ്ങ് രംഗത്തെ അതികായരായ കിലോബൈറ്റ് & മെഗാബൈറ്റ് (അഥവാ കെബി & എംബി) കമ്പനിയാണ് കോഴ്സ് നടത്തുന്നത്. കോട്ടയത്ത് സെന്ററുണ്ട്, രണ്ടുമാസം അവിടെ പോയി പഠിക്കുക, അതിനു ശേഷം രണ്ടാഴ്ച ആലുവയില്‍ ഓണ്‍ ജോബ് ട്രെയിനിങ്ങ്, അതും ‘വിജയകരമായി’ പൂര്‍ത്തിയാക്കിയാല്‍ ജോലി, കമ്പനിതന്നെ നിയമനം നല്‍കുന്നു. ഇനിയെന്തുവേണം?, സാജന്‍ വളരെ ആവേശത്തിലാണ്. പക്ഷേ എനിക്ക് ഒട്ടും ആവേശം തോന്നിയില്ല. ഒന്നാമതേ പണിയെടുത്ത് ജീവിക്കുന്നത് അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. രണ്ട്, ഇമ്മാതിരി ചീളു പണിക്ക് പോകാനുള്ള വിഷമം. ഞാന്‍ തീരെ താല്പര്യം കാട്ടിയില്ല(ISROയില്‍ ശാസ്ത്രജ്ഞനാവാനായിരുന്നു അന്നു താല്പര്യം). പക്ഷേ പിന്നീട് ഞങ്ങളുടെ മ്യൂച്വല്‍ ഫ്രണ്ടായ അരുണുമായി ആലോചിച്ചപ്പോഴാണ് (അരുണ്‍ ആളൊരു കെ.എസ്.യൂക്കാരനാണ്.. അതിന്റേതായ ബുദ്ധി അവനുണ്ടുതാനും) മറ്റു ചില ഐഡിയാസ് കിട്ടിയത്. അയ്യായിരം രൂപാ കോഴ്സ് ഫീ കൊടുക്കാന്‍ വീട്ടീന്ന് ഒരു പതിനായിരം അങ്ങ് വാങ്ങിച്ചാലോ? ഇനി കോഴ്സിന്റെ പേരില്‍ വീട്ടുകാരെങ്ങാന്‍ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിച്ച് തന്നാലോ? ട്രെയിനിങ്ങിന് ആലുവയില്‍ പോയി അറ്മാദിക്കാന്‍ പറ്റിയാലോ? എന്നും രാവിലെ ബിസിയെമ്മിലേയും ബസേലിയസിലേയും സിയെമ്മസിലേയും യൂണിവേഴ്സിറ്റിയിലേം- വൈകിട്ട് ആല്‍ഫോന്‍സേലേം പെമ്പിള്ളാരെ വായിനോക്കാന്‍ ചാന്‍സായാലോ? അങ്ങിനെ മൂന്നാം ദിവസം ഞാനും സാജനും അരുണും കോഴ്സിനു ചേര്‍ന്നു. (അര്‍ക്കാഡിയയില്‍ പോയി ഡെയിലി ബാര്‍ലിവെള്ളം കുടിക്കാനുള്ള സെറ്റപ്പൊന്നും അന്ന് ഇല്ലാരുന്നു, ഇന്നും.)

പ്രശാന്തസുന്ദരമായ ക്യാമ്പസ് അഥവാ ഒരു വലിയ ഇരുനില ബില്‍ഡിംഗിന്റെ നടുവിലെ ഒറ്റമുറി ഷട്ടറുകട. കടയുടെ വലതു വശത്ത് ഒരു ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ്, മറുവശത്ത് തയ്യല്‍കട. അവിടുന്നുള്ള കട കട ശബ്ദവും വര്‍ക്ക്ഷോപ്പിലെ ഇരമ്പലുമല്ലാതെ മറ്റു ശബ്ദശല്യങ്ങളൊന്നുമില്ല! വളരെ ശാന്തമായ അന്തരീക്ഷം. രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ക്ലാസ്. ഈ കോഴ്സിനു പറ്റിയ പേരുതന്നെയാണ് പഠിപ്പിക്കുന്ന സാറിനും - ‘സിം‘ഖാന്‍‍. 
ക്ലാസിനേക്കുറിച്ച് പറയുകയാ‍ണെങ്കില്‍, FILO അഥവാ ഫസ്റ്റ് ഇന്‍ - ലാസ്റ്റ് ഔട്ട് രീതിയിലായിരുന്നു ക്ലാസിന്റെ പോക്ക്, കാരണം അവിടത്തെ ഒരേയൊരു കമ്പ്യൂട്ടര്‍. രാവിലേ ഒമ്പതിനുതന്ന ഹാജര്‍ വയ്ക്കുന്നവര്‍ക്ക് കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കാം. പിന്നെ പ്രിന്‍സ്, മാരിയോ, റോഡ്റഷ്, മോര്‍ട്ടല്‍ കോംബാറ്റ്, അല്ലെങ്കില്‍ Winampല്‍ പാട്ട്, സമയം പോകുന്നതറിയില്ല. ആദ്യം ക്ലാസിലെത്താന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ചെന്നിട്ടും വലിയ കാര്യമൊന്നുമില്ല. ഇതൊക്കെ കണ്ടോണ്ട് ഇരിക്കേണ്ടി വരും. കമ്പ്യൂട്ടറിന്റെ മുന്നീന്ന് ഒരുത്തനും എണീറ്റ് മാറില്ല. ബാക്കിയുള്ളവര്‍ പിന്നെ രാഷ്ട്രീയം പറഞ്ഞും, ഇടയ്ക്ക് പുറത്തുപോയി ഓരോ സിഗരറ്റ് വലിച്ചും സിനിമയ്ക്കു പോയുമൊക്കെ സമയം തള്ളിനീക്കും. ഇതിനിടയില്‍ ക്ലാസും നടക്കാറുണ്ട്, മിക്കവാറും 12 മുതല്‍ 12.15 വരെ. ഞാനും സാജനും, രാമപുരത്തുനിന്നുള്ള റോയിയും ഒക്കെ ദിവസം പത്തന്‍പതു രൂപാ മുടക്കി ക്ലാസില്‍ വരുന്നതുകൊണ്ട് ഒരു വി.ഐ.പി പരിഗണന മറ്റുള്ളവര്‍ നല്‍കിയിരുന്നു.. എന്നാല്‍ ആഴ്ചയില്‍ രണ്ടുദിവസം ക്ലാസില്‍ വരുന്ന ഹരിപ്പാടുകാരന്‍ അരുണായിരുന്നു ഇന്‍സ്റ്റിട്യൂട്ടിന്റെ യഥാര്‍ഥ താരം. ട്രെയിനില്‍ ഹരിപ്പാട് - കായംകുളം, അവിടന്ന് കായംകുളം -  കോട്ടയം. ഞങ്ങളുടെ ഒരാഴ്ചത്തെ ചെലവ് അവനൊരുമാസത്തേക്കുണ്ട്. എന്നാലതിന്റെ യാതൊരു അഹങ്കാരവുമില്ല, ട്രെയിനിലും ടിക്കറ്റെടുക്കില്ല.

രണ്ടുമാസം ജീവിതം സുഖമായി നീങ്ങി. രാവിലെ കോട്ടയത്തുള്ള മുഴുവന്‍ സ്കൂള്‍-കോളേജ് കുട്ടികളേയും യാത്രയാക്കി ക്ലാസില്‍ ചെല്ലുന്നൂ, കമ്പ്യൂട്ടറിന്റെ അവൈലബിലിറ്റി അനുസരിച്ചു ക്ലാസില്‍ കയറുകയോ സിനിമയ്ക്ക് കയറുകയോ ചെയ്യുന്നു. 'ഠ' വട്ടത്തിലും  കോട്ടയത്ത് തിയേറ്ററുകള്ക്ക് പഞ്ഞമില്ലല്ലോ.. രണ്ടുമാസം  കൊണ്ട് കണ്ടുതള്ളിയ സിനിമകളെത്ര, കളിച്ചുതീര്‍ത്ത ഗെയിമുകളെത്ര, പണിപഠിച്ച മൊബൈലുകളെത്ര! അവസാനത്തേതിന് ഉത്തരമുണ്ട് : ഒന്ന് , ഒരേയൊരു നോക്കിയാ 3310. ബാക്കി മൊബൈലുകളെല്ലാം ചില്ലിട്ട പെട്ടിയിലിരിക്കുന്നത് കാണാനുള്ള യോഗമേ ഞങ്ങള്‍ക്കുണ്ടായുള്ളൂ. പാവം 3310, പാഞ്ചാലിയുടെ വിധിയായിപ്പോയി അതിന്.

മനോരമ പേപ്പറിലെ ചരമകോളത്തില്‍ നിന്നും വെട്ടിയൊട്ടിച്ച ഫോട്ടോകളും അങ്ങനെ ഉണ്ടാക്കിയ വ്യാജ ഐഡിയും വച്ച് റിലയന്‍സിന്റെ 501 രൂപാ ഫോണ്‍+പോസ്റ്റ്പെയ്ഡ് കണക്ഷന്‍ വാങ്ങി ഒരുമാസം എല്ലാവരും അര്‍മ്മാദിച്ചു. പരലോകത്തേക്ക് ബില്ല് പോകാതാ‍യപ്പോള്‍ കണക്ഷനും പോയി. അങ്ങിനെ രണ്ടുമാസം കഴിഞ്ഞു, ട്രെയിനിങ്ങായി. ഞങ്ങളുടെ ബാച്ചില്‍ നിന്നും  അരുണ്‍ ഒഴികെ മറ്റെല്ലാവരും  ആലുവയ്ക്ക് വണ്ടികയറി. അരുണിനു വീട്ടില്‍ ചില അത്യാവശ്യങ്ങളുണ്ടെന്ന് അറിയിച്ചു. ആലുവയില്- കമ്പനിയുടെ ആസ്ഥാനത്ത്- ബില്‍ഡിങ്ങിന്റെ മൂന്നാമത്തെ നിലയിലെ ഏതോ ഒരു ശീതീകരിച്ച മുറിയിലിരുന്ന് ഞങ്ങള്‍ ഫ്ലാഷ് ചെയ്യാന്‍ പഠിച്ചു, IMEI നമ്പര്‍ മാറ്റുന്നത് പഠിച്ചു. സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പഠിച്ചു, ഇന്റെര്‍നെറ്റിന്റെയും സേര്‍ച്ച് എഞ്ചിനുകളുടേയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയ സോഫ്റ്റ്വെയറുകള്‍ കണ്ടുപിടിക്കുന്നത് പഠിച്ചു. അല്‍ക്കാടെല്‍, സീമെന്സ്, മോട്ടൊറോള, നോക്കിയ ഫോണുകളുടെ സോഫ്റ്റ്വെയര്‍ മാറ്റി മാറ്റിക്കളിച്ചു. ഇതിനിടെ റിസപ്ഷനിലിരിക്കുന്ന പെണ്ണിനെ നോക്കി വെള്ളമെറക്കി. ആരും  കാണാതെ കാവ്യാമാധവന്റേം മീരാ ജാസ്മിന്റേം  മറ്റും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു ഫ്ലോപ്പിയിലാക്കി, ഫ്ലോപ്പി വാങ്ങി മടുത്തപ്പോള്‍ സിഡി വാങ്ങിച്ചു റൈറ്റ് ചെയ്തു. ബാക്കിസമയത്ത് സീനത്തില്‍ പോയി പാണ്ടിപ്പടങ്ങള്‍ കണ്ടു, കൊച്ചി മറൈന്‍ഡ്രൈവില്‍ പോയി കാഴ്ചകള്‍ കണ്ടു. രണ്ടാഴ്ച കൊണ്ട്  ഞങ്ങള്‍ പലതും പഠിച്ചു, പഠിപ്പിച്ചു.

മൂന്നുമാസത്തെ പോക്കുകൊണ്ട് ഞങ്ങളുടെ ബാച്ചിലെ ആര്‍ക്കെങ്കിലും പിന്നീട് പ്രയോജനമുണ്ടായോ എന്ന് എനിക്കറിയില്ല, എന്നാലും ട്രെയിനിങ്ങ് പൂര്ത്തിയാക്കി സര്ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ വീണ്ടും കോട്ടയത്തിനു പോകുന്നതുവരെയും ചിലരുടെയെങ്കിലും ഉള്ളില്‍ ജോലി - കമ്പനി തന്നെ നല്കുന്ന നിയമനം - എന്നിങ്ങനെ  ആഗ്രഹം കിടപ്പുണ്ടായിരുന്നു. പക്ഷേ.. പകുതി ദിവസവും ക്ലാസില്‍ വരാത്ത, വന്നാലും കയറാത്ത, ട്രെയിനിങ്ങിനു പോകാതെ മുങ്ങിനടന്ന അരുണ്‍, അവിടത്തെ പുതിയ അധ്യാപകനായി CDMA ഫോണുകളേക്കുറിച്ച് പുതിയ ബാച്ചിനു ക്ലാസെടുക്കുന്നതു കണ്ടതോടെ അക്കാര്യത്തിനും ഒരു തീരുമാനമായി. 

ഫലം? മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഞാന്‍ വീട്ടില്‍ വിശ്രമം തുടങ്ങി. എഗൈന്‍ ശങ്കര്‍ ഓണ്‍ ദ് കോക്കനട്ട് ട്രീ.

( ഇതിന്റെ ബാക്കി റിലീസ് ചെയ്യാനും സാധ്യതയുണ്ട്..)

Thursday, December 31, 2009

സംഭവം

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ രണ്ടായിരത്തിണ്ടില്‍ അഥവാ കൊല്ലവര്‍ഷം ആയിരത്തിഒരുനൂറ്റി എഴുപത്തെട്ടിലാണ് ഈ സംഭവം നടക്കുന്നത്. പബ്ലിസിറ്റി ഒട്ടും ഇഷ്ടമല്ലാത്ത ഒരു യുവാവ് ഒരു രാജ്യത്തിന്റെ ഹീറോ ആവുകയായിരുന്നു. സ്വീഡനിലൊക്കെ ഒരു വലിയ തരംഗമായി മാറിയ വീഡിയോ ചുവടെ..

 

ഇങ്ങിനെയൊക്കെ 2009 അങ്ങ് കഴിഞ്ഞുപോകുന്നു..
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍..

Thursday, December 3, 2009

ആശംസിച്ചീടാം എന്നെ ആശംസിച്ചീടാം.. ഇന്നാണല്ലോ അത്..


2006
കനത്ത മഴപെയ്യുന്ന ഒരിരുണ്ട രാത്രി‍.*(2006 ജൂണ്‍ 5 തിങ്കളാഴ്ച) സെമിനാറിനു പറ്റിയ ടോപ്പിക്ക് തപ്പിക്കൊണ്ടിരുന്ന സമയത്താണ് blogspot.com എന്ന വെബ്സൈറ്റ് യാദ്രുശ്ചികമായി കണ്ണില്‍ പെടുന്നത്. 39kbps ഡയലപ്പില്‍ ടെക്നോളജി എന്ന ബ്ലോഗു നെയ്തെടുക്കുമ്പോള്‍ സമയം പതിനൊന്നര. പിന്നീടങ്ങോട്ട് ആഴ്ചയില്‍ ഏഴെട്ടുവീതം പോസ്റ്റുകള്‍. കോപ്പി-പേസ്റ്റ് എന്ന മാന്ത്രികവിദ്യയില്‍ അന്‍പതോളം പോസ്റ്റുകള്‍ വിരിഞ്ഞത് കേവലം രണ്ട് മാസംകൊണ്ട്.. കൂട്ടുകാര്‍ക്കിടയില്‍ ശ്രീക്കുട്ടനൊരു സംഭവമായി മാറുകയായിരുന്നു.. ഇടയ്ക്കെപ്പൊഴോ ഒരു കുരുത്തംകെട്ടവന്‍ പോസ്റ്റുകളുടെയെല്ലാം ചുവട്ടില്‍ കമന്റുകളായി ഒറിജിനല്‍ പോസ്റ്റുകളുടെ ലിങ്ക് ഇട്ട് നാണം കെടുത്താന്‍ ശ്രമിച്ചപ്പൊ ഒന്നു പതറി. കമന്റുകള്‍ സമയാസമയങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം ഡിലീറ്റിയും Sentence അല്പസ്വല്പം മാറ്റം വരുത്തി പോസ്റ്റിയും ശ്രീക്കുട്ടന്‍ ആ പ്രതിസന്ധിയെ അതിജീവിച്ചു.
(...പിന്നീട് 2008ല്‍ കടുമാങ്ങാ അച്ചാറിന്റെയും തേങ്ങാച്ചമ്മന്തിയുടേയും റെസിപ്പി അടിച്ചുമാറ്റിയ യാഹൂ കമ്പനിയുടമകളെ നഗ്നരാക്കി തലമൊട്ടയടിച്ച് കണ്ണില്‍ മുളക് തേച്ച് NH47ല്‍ കൂടി കഴുതപ്പുറത്തിരുത്തി നടത്തിച്ചതറിഞ്ഞ് പേടിച്ച് ഈ ബ്ലോഗ് ഡിലീറ്റി...സോറി, ലിങ്ക് തരാന്‍ നിര്‍വ്വാഹമില്ല..)


2007
ഇടപ്പള്ളിമാമാങ്കം മെയിലില്‍ വന്നു, ആദ്യം വായിച്ച മലയാളം ബ്ലോഗ് ക്രുതി. ബി.ടെക്ക് ഫൈനലിയറിലുള്ള ഓരോരുത്തരും ഇത് സ്വന്തം പേരിലാക്കി ഫോര്‍വേര്‍ഡിക്കൊണ്ടിരുന്നു.. ഇതിനിടയ്ക്കെപ്പൊഴോ ബ്ലോഗ്സ്പോട്ട്, ബ്ലോഗറായി, അതും ഗൂഗിളിന്റെ കയ്യിലായി.. 39kbps ഡയലപ്പ് Airtel GPRSന് വഴിമാറി.. ബി.ടെക്ക് passout ആയി**.. ലൈഫ് ഏതാണ്ട് ഇതുപോലെ.. അന്നും ഒരു മലയാളം ബ്ലോഗ് കണ്ടിട്ടുണ്ടായിരുന്നില്ല.



2008
ഇടപ്പള്ളിമാമാങ്കം വീണ്ടും വന്നു, ചുവട്ടില്‍ മൊത്തംചില്ലറയിലേക്കുള്ള ലിങ്ക് സഹിതം. അവിടന്ന് കൊടകരയിലേക്കും ഭരണങ്ങാനത്തേക്കും ബെര്‍ളിത്തരങ്ങളിലേക്കും ബ്രിജ് വിഹാരത്തിലേക്കും മറ്റും.. അവിടന്ന് യുണീക്കോഡിന്റെ ബാലപാഠങ്ങള്‍ പഠിച്ച് ഒടുവില്‍..

ഡിസംബര്‍ 3 ബുധനാഴ്ച*** മുതല്‍ http://njansreekuttan.blogspot.com എന്ന ബ്ലോഗില്‍ ബെര്‍ളിത്തരങ്ങളുടെ സൈഡിലെ ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുത്ത അഞ്ജലി ഓള്‍ഡ് ലിപിയും കീമാനും വച്ച് ചകപുകാ പോസ്റ്റിട്ടുതുടങ്ങി. ദിവസം ഒന്നുവീതം ഒന്നര മാസം.. വെടി തീര്‍ന്നു.. ( ഇനി പോസ്റ്റാന്‍ മിച്ചമുള്ളത് ഒബാമയുടെ വിദേശനയങ്ങളേക്കുറിച്ചും ഗൂഗിളിന്റെ പുതിയ പ്രോഗ്രാമിങ്ങ് ലാംഗ്വേജിനേക്കുറിച്ചും**** ഉള്ള ഏതാനും ലേഖനങ്ങളും രാഹുല്‍ ഗാന്ധിയ്ക്കുള്ള ഒരു കത്തും മാത്രം..)


2009
നോക്കണേ, ഒരാവേശത്തിനു ബ്ലോഗ് തുടങ്ങാന്‍ പറ്റും, പക്ഷേ വേറേ ഒന്‍പത് ആവേശംകൊണ്ട് പോസ്റ്റിടാന്‍ പറ്റുമോ? പറ്റില്ല, അതാണല്ലോ അതിന്റെയൊരിത്. ആശയദാരിദ്ര്യത്തിനൊപ്പം കുഴിമടിയും ചേര്‍ന്നപ്പോഴാണ് പതിവുപോലെ വാലും തലയുമില്ലാതെ “ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം വാര്‍ഷികമാണേ.. എന്നെ ആശംസിക്കൂ, പ്ലീസ്” എന്ന് ഈ പോസ്റ്റിടേണ്ടി വന്നത്. ഞാന്‍ ദൈവങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന എന്റെ 7 ഫോളോവേഴ്സിനും ഇതുവഴി വന്നവര്‍ക്കും 9791***** നന്ദി.. ആദ്യമായി കമന്റിട്ട തിന്റുവിനേയും പ്രാണവായുപോലെ കമന്റു പ്രോത്സാഹനം നല്‍കിയ ശ്രീയേയും നേരില്‍ കണ്ടിട്ടില്ലാത്ത അനേകം സുഹ്രുത്തുക്കളേയുമൊക്കെ നമുക്ക് അങ്ങിനെ മറക്കാന്‍ പറ്റുമോ?

അതെ, എനിക്ക് എന്റെ ആശംസകള്‍..




- വിനയന്‍ ശ്രീക്കുട്ടന്‍ :)











*വിനോദയാത്ര സിനിമ കണ്ടതിനു ശേഷം ഇത് സാധാരണയായി പ്രയോഗിക്കാറുണ്ട്.
**yearout എന്നൊക്കെ ശത്രുക്കള്‍ പറയും.
***ഇത് ടാസ്ക്ബാറിലെ റ്റൈമില്‍ ക്ലിക്കി കണ്ടുപിടിച്ചതാണ്.
****GO എന്നാണിതിന്റെ പേര്. ലിങ്കില്‍ ക്ലിക്കിയാല്‍ ഡീറ്റെയിത്സ് അറിയാം.
*****ഹിറ്റ് ഹിറ്റ്.. പേജ് ഹിറ്റ്.. ഇതില്‍ 9000 ഞാന്‍ തന്നെ പേജ് റീഫ്രഷ് ചെയ്തു നേടിയതാണ് :)

Friday, October 16, 2009

“പഴശ്ശി,ശെ,ശ്ശോ രാജ”

ഒന്നാമന്‍: ഇതാണോ ക്ലാസിക്കാണ് കൊപ്പാണ് എന്നൊക്കെ പറഞ്ഞ് ഇറക്കിയ പടം..മൈ..

രണ്ടാമന്‍: പിന്നേ.. അത്ര പൊളിയൊന്നുമല്ല, കണ്ടിരിക്കാം..

മൂന്നാമന്‍: അതേയതേ, ഇത്ര എഫര്‍ട്ട് എടുത്ത് ഇറക്കിയതല്ലേടാ, അതു നമ്മള്‍ മനസിലാക്കണം. എന്നാലും അത്രപോര..

ഒന്നാ‍: വടക്കന്‍ വീരഗാഥയുമായി നോക്കുമ്പോള്‍ ഇത് ഒന്നുമല്ല, ഒന്നും

രണ്ടാ‍: ഡാ വടക്കന്‍ വീരഗാഥ ഒരു കഥയല്ലേ, ഇതൊരു ചരിത്രസംഭവവും, ആ വത്യാസം ഉണ്ടാവും.

ഒന്നാ: ഉമ്ം, നല്ല ഒരു ഡയലോഗ് പോലുമില്ല, മമ്മൂട്ടിയേക്കളും ശരത്കുമാര്‍ കൊള്ളാം..

മൂന്നാ‍: ങാ ശരിയാ, മമ്മൂട്ടിക്ക് പകരം ശരത്കുമാറായിരുന്നേല്‍ പടം സൂപ്പറ്ഹിറ്റായേനേം.. പിന്നെ പത്മപ്രിയേം കൊള്ളാട്ടോ!!

രണ്ടാ: മമ്മൂട്ടി ഇപ്പൊ ശരത്കുമാറിനെ പ്രാകുന്നുണ്ടാവും, ഹ ഹ ഹ..

നാലാമന്‍: ഈ കനിഹയെ ഈ സിനിമയില്‍ അഭിനയിപ്പിച്ചത് എന്നാ കണ്ടിട്ടാണോ?

ഒന്നാ: ഡേയ് നീ കണ്ടില്ലേഡേയ് അവളുടെ തോഴിയായിട്ട് അഭിനയിച്ചവളാ സൂപ്പറ്, അവളാരുന്നു ആ പാട്ടിനാത്തെങ്കില് തകര്‍ത്തേനേ.. സൂപ്പറ് പീസ്.

അഞ്ചാമന്‍: ഒലക്ക, പാട്ടിന്റെടേല് മമ്മൂട്ടീടെ എന്തൊരു ഭാവാഭിനയം, ഒരു ഒപ്പനേം കലാഭവന്‍ മണീടെ ഒരു നാടന്‍പാട്ടും കൂടെ സിനിമേടെടേല് തിരുകി കേറ്റാരുന്നു.

ആറാമന്‍ (മുടിഞ്ഞ മമ്മൂട്ടി ഫാന്‍)‍: സിനിമയ്ക്കിടേല് പാന്റിട്ട ആളിനേക്കണ്ടൂ, കാലേല്‍ പാരഗണ്‍ ചെരിപ്പുകണ്ടൂന്നൊക്കെ മെയിലു ഫോര്‍വേര്‍ഡിക്കൊണ്ടിരുന്ന മൈ.. മൈ.. മൈഗുണാണ്ടന്മാരൊക്കെ ഇപ്പൊ ആരായി?

ബാക്കി അഞ്ചുപേരും സംസാരം നിര്‍ത്തി..




പ്രതീക്ഷിച്ചത് ഒത്തിരി, കണ്ടത് ഇത്തിരി:- പാലാ യൂണിവേഴ്സലില്‍ നിന്ന് “കേരളവര്‍മ്മ പഴശ്ശിരാജ” മാറ്റിനി കണ്ടിറങ്ങുമ്പോള്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം ഇങ്ങിനെ . അതുകൊണ്ട്..

*മമ്മൂട്ടിക്ക് കയ്യടിക്കാന്‍ പോയവര്‍ക്കും വടക്കന്‍ വീരഗാഥ എന്ന സിനിമയുമായി compare ചെയ്തവര്‍ക്കും കിടുകിടുക്കന്‍ ഡയലോഗുകള്‍ പ്രതീക്ഷിച്ചവര്‍ക്കും നിരാശ ഫലം.

*മെഗാസ്റ്റാറൊക്കെ ആയിരിക്കും, പക്ഷേ മമ്മൂട്ടിക്ക് സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല, ഒളിപ്പിച്ച് നിര്‍ത്തിയിരിക്കുന്നു അഥവാ ചെയ്യുന്നതൊക്കെ മറ്റുള്ളവരാണ്.

*ഫൈറ്റ് സീനുകളില്‍ പൂക്കുട്ടിയുടെ ‘ഇന്റര്‍നാഷണല്‍‘ ശബ്ദലേഖനം നന്നായി. പക്ഷേ അതില്ലായിരുന്നെങ്കില്‍ ബാക്കി ഭാഗത്ത് ഡയലോഗ് മര്യാദയ്ക്ക് കേള്‍ക്കാമായിരുന്നു. അതുമില്ല.

*ശരത്കുമാര്‍ അവതരിപ്പിച്ച കുങ്കന്റെ ഓരോ ചലനങ്ങള്‍ക്കും, -പ്രത്യേകിച്ച് അവസാനഭാഗങ്ങളില്‍- നിറഞ്ഞ കയ്യടി, ഒപ്പം പത്മപ്രിയയ്ക്കും.

*കനിഹയ്ക്ക് പകരം നമിതയോ നയന്‍സോ ആയിരുന്നെങ്കില്‍ കൊള്ളാരുന്നു.

*ചരിത്രസംഭവങ്ങള്‍ സിനിമയാക്കുന്നവര്‍ ഇനി ഒന്നൂടെ ആലോചിക്കും!

*ഗോകുലം ഗോപാലന് നാളെമുതല്‍ കിട്ടുന്നത് മുഴുവന്‍ ലാഭമായി കാണക്കാക്കും.!

*റിലീസിങ്ങ് ദിവസംതന്നെ പടം കണ്ടിട്ട് ബ്ലോഗില്‍ എഴുതിവെക്കുന്നതൊന്നും റിവ്യൂ അല്ലെന്ന് ഇതോടെ പലരും മനസിലാക്കിത്തുടങ്ങും.

ആശംസകള്‍ ...



ഒടുവില്‍ കേട്ടത്: തോക്ക് ഉപയോഗിക്കാന്‍ മമ്മൂട്ടിക്ക് അറിയാന്‍ മേല, എന്നാലതൊട്ട് പഠിച്ചുമില്ല, ഇപ്പൊ എന്തായി??.. അതൊക്കെ ലാലേട്ടനായിരിക്കണം.. പത്തുമിനിറ്റുകൊണ്ട് ബ്രിട്ടീഷുകാരെ ഇന്ത്യേന്ന് തന്നെ പറപ്പിച്ചേനെ..

Wednesday, October 7, 2009

ചരിത്രമെഴുത്തുകാര്‍


 ഇനിയും എന്തൊക്കെ കാണേണ്ടിവരുമോ? ഞെക്കി നോക്കിയാല്‍ വലുതായി വായിക്കാം..
സുഹ്രുത്തിന്റെ ഇ മെയില്‍ കിട്ടിയത്