Tuesday, April 14, 2009

വിഷു ആശംസകൾ



കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞതുകിൽ ചാർത്തി..
കനക കിങ്ങിണി വളകൾ മോതിരം
അണിഞ്ഞുകാണേണം ഭഗവാനേ..





Tuesday, March 17, 2009

ഒരു കൊച്ചു പീഡനം

ശ്രീക്കുട്ടന്‍ ടൈം മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു. വര്‍ഷങ്ങള്‍ പിറകിലേക്ക്..
അയാളുടെ കുട്ടിക്കാ‍ലം..

“പൂപറിക്കാന്‍ പോരുന്നോ.. പോരുന്നോ അതിരാവിലെ...
ആരെ നിങ്ങള്‍ക്കാവശ്യം... ആവശ്യം അതിരാവിലെ...“

“നീതൂനെ ഞങ്ങള്‍ക്കാവശ്യം.. ആവശ്യം അതിരാവിലെ...
നീതൂനെ ഞങ്ങള്‍ക്കാവശ്യം.. ആവശ്യം അതിരാവിലെ...“


കൊച്ചുവെളുപ്പാന്‍കാലത്ത് നീതുവിനെ പൂപറിക്കാന്‍ പോവാൻ വിളിക്കുന്നതൊന്നുമല്ല.. പാവം നീതുവിനെ അതിക്രൂരമായി പീഡിപ്പിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ നടത്താറുള്ള ആക്രോശമാണ് മുകളില്‍ എഴുതിയിരിക്കുന്നത്.. തീരെ ചെറുപ്പത്തിൽ, ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിച്ച് തുടങ്ങുന്നതിനും മുന്‍പ്.. ആണ്‍കുട്ടികളും പെൺകുട്ടികളും ഒന്നിച്ച് കളിച്ചു രസിച്ചു പഠിച്ചു നടക്കുന്ന പ്രായത്തിൽ.. അന്നത്തെ ടോപ്പ് ഹിറ്റ് വിനോദ ഐറ്റമായിരുന്നു, മേല്പറഞ്ഞ പരിപാടി.. അതിങ്ങനെ..

ക്ലാസില്‍ ആകെയുള്ള 30 കുട്ടികള്‍ (16 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും..16+14=30? കറക്ടല്ലേ?? ) ഇവരെ ‘അക്കായിക്കാവെക്കമ്പൊക്കോ‘ എന്നു തുടങ്ങുന്ന ഒരു പിരിക്കൽ മന്ത്രമുപയോഗിച്ച് രണ്ട് ടീമായി തിരിക്കും. ആണ്‍കുട്ടികള്‍ 8, പെണ്‍കുട്ടികള്‍ 7 വീതം ഒരു ടീമില്.. വടം വലിക്കാരെപ്പോലെ ഈ രണ്ടു ടീമും ഇരുവശങ്ങളില്‍ നില്‍ക്കും.. ഓരോ ടീമിനും അള്‍ട്ടര്‍നേറ്റായിട്ട് എതിര്‍ഗ്രൂപ്പിലെ ഓരോ അംഗത്തെ ആവശ്യപ്പെടാം, ആവശ്യപ്പെടുന്ന ആളേ വിട്ടുകൊടുക്കാന്‍ മറ്റേ ടീം തയാറല്ലെങ്കില്‍ പിന്നെ അയാള്‍ക്കുവേണ്ടിയുള്ള വടംവലിയാണ്. അയാ‍ളെ മധ്യത്തില്‍ നിര്‍ത്തി ഇരുകയ്യുകളിലും പിടിച്ച് ടീമുകള്‍ ഇരുവശത്തേക്കും ഒരേസമയം വലിക്കും.. വടം പോലെ ഇരുവശത്തേക്കും വലിയും നടുക്കുനില്‍ക്കുന്നയാള്.. ഏതു ടീമാണോ അയാളെ വലിച്ചെടുക്കുന്നത്, ആ‍ ടീമിന് ഒരു പോയിന്റ്.. അങ്ങിനെയങ്ങിനെ മത്സരം മുന്നേറും..

ഏതു ടീമില്‍ വന്നാലും ഏറ്റവും ആദ്യം വിളിക്കുന്ന പേരായിരുന്നു, നീതുവിന്റേത്. ഞങ്ങളുടെ സ്ഥിരം പി.റ്റി.എ. പ്രസിഡന്റിന്റെ മോള്, ക്ലാസിലെ രണ്ടാം സ്ഥാനം (ഒന്ന് ആര്‍ക്കാണെന്ന് പറയണ്ട കാര്യമില്ലല്ലോ!!!), വെളുത്ത് മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി. അവളെ കിട്ടാന്‍ ഏതു ടീമാണ് ആഗ്രഹിക്കാത്തത്? അവളെ വിട്ടുകൊടുക്കാന്‍ ആര്‍ക്കു തോന്നും? ഞാനും അവളെ ആഗ്രഹിച്ചിരുന്നു, ഐ മീന്‍.. ഞങ്ങളുടെ ടീമും എന്ന്.. സോറി, എന്നേക്കാള്‍ അവളുടെമേല്‍ നോട്ടമുണ്ടായിരുന്നത് പ്രശാന്തിനായിരുന്നു. (പണ്ടുതൊട്ടേ എന്റെ ശത്രു.. എല്ലായ്പോഴും ‘ശ്രീക്കുട്ടന്റെ ടീമിൽ തന്നെ കിട്ടണേ!!’ എന്നു പ്രാർഥിച്ചിരുന്ന പെൺകുട്ടികൾ പോലും സിനിമാപ്പേരു കളിയില്‍ അവന്റെ ഒപ്പം ആയിരുന്നു, ആര്‍ക്കും അവനെ തോല്പിക്കാനാവില്ല. അതിന്റെ പേരിൽ ചെറിയ അഹങ്കാരവും അവനുണ്ടായിരുന്നു.. അവനാണ് കമലഹാസന്റെ സിനിമാ ‘മൈക്കിൾ മദൻ നടനരാജൻ’ എന്നു പറഞ്ഞ് ഞങ്ങളെ പറ്റിച്ചത്).

പതിവുപോലെ അന്നും ഞങ്ങള്‍ കളി തുടങ്ങി, ഞാനും നീതുവും ഒരു ടീമിലാണ്. പ്രശാന്ത് എതിര്‍ ടീമിലും. പ്രതീക്ഷിച്ചതുപോലെ അവര് ആദ്യം വിളിച്ചത് നീതുവിനെ.. അപ്പുറത്ത് നല്ല ഘടാഘടിയന്മാര് ജിന്റൊയും രാജീവും സുനീഷും, ഉപ്പുമാങ്ങാ ഭരണി പോലുള്ള സരിതയും മറ്റും. അതിലും വലുതാണല്ലോ നീതു കൂടെയുണ്ട് എന്ന ആത്മവിശ്വാസം.. വലി തുടങ്ങി... കട്ടക്കട്ടയ്ക്ക് ഇരുടീമും.. ആവേശം കൂടി..


അവളു കൈവിട്ടുപോകുമോ എന്ന് തോന്നിയ നിമിഷം, ഞാൻ പിടുത്തം കയ്യിൽ നിന്നും മാറ്റി അവളുടെ ഉടുപ്പിലേക്കാക്കി. അതു കണ്ടിട്ടാണോ അല്ലയോ എന്നറിയില്ല, പ്രശാന്ത് പിടുത്തം പാവാടയിലാക്കിയത്.!!
ഫലം? അതെന്താവുമെന്നു ചിന്തിക്കാനുള്ള ശേഷി അന്നില്ലല്ലോ..
ഗ്ര്വാ‍ാ‍ാ‍ാ‍ാ എന്നൊരലർച്ചയോടെ സർവ്വശക്തിയും ഉപയോഗിച്ച് വലിച്ച് ഞാനും ഞങ്ങളുടെ ടീമും ലക്ഷ്യം നേടി..., പ്രശാന്തിന്റെ കയ്യിൽ അവളുടെ പാവാടമാത്രം.!!

നീതുവാണ് ടാർജറ്റ്, പാവാടയല്ല.. സോ.. ഞങ്ങൾ തന്നെ വിജയികൾ, മുകളിൽ വീണു കെട്ടിപ്പിടിച്ചു കിടക്കുന്ന നീതുവിനെ ഒരു വശത്തേക്ക് മാറ്റിക്കിടത്തി ഞാൻ ആവശപൂർവ്വം ചാടി എണീറ്റു. യേ....

‘അയ്യേ..’

നിലവിളിച്ചുകൊണ്ട് പെൺകുട്ടികളെല്ലാം കൂടി ഓടി വന്ന് നീതുവിനു ചുറ്റും വട്ടത്തിൽ നിന്നു. പ്രശാന്ത് പാവാടയും പിടിച്ച് മിഴുങ്ങസ്യാ എന്ന് നിൽക്കുന്നു. ആരൊക്കെയോ ചേർന്ന് നീതുവിനെ എണീൽ‌പ്പിക്കുന്നു, പ്രശാന്തിന്റെ കയ്യിൽ നിന്നും പാവാട വാങ്ങിക്കുന്നു, തുണി ഉടുപ്പിക്കുന്നു, നീതു അലറിക്കരയുന്നു, ആകെ ബഹളം!!!!. എനിക്കും പ്രശാന്തിനും നാണം വന്നു.. ഹെഡ്മാസ്റ്ററുടെ മുറിയിൽ ചെന്നപ്പൊ പേടിയും..

[പക്ഷേ.. ഇപ്പോൾ രസകരമായി തോന്നുന്നുവെങ്കിലും അന്ന് അങ്ങിനെയായിരുന്നില്ല, നിസാരമായി ഞങ്ങൾ കണക്കാക്കിയ ഈ സംഭവം പാവം നീതുവിന്റെ വീട്ടിൽ ഒരു പൊട്ടിത്തെറിയായിരുന്നു.. ഈ സംഭവത്തിനു ശേഷമാണ് ആൺ-പെൺ വേർതിരിവ് ക്ലാസിലുണ്ടാവുന്നതും, മേലിൽ ആൺകുട്ടികളുമായുള്ള ഒരു പരിപാടിക്കുമില്ലെന്ന് പെൺകുട്ടികൾ തീരുമാനമെടുക്കുന്നതും, അതും ഞങ്ങളേറെ ഇഷ്ടപ്പെടുന്ന വിലാസിനി ടീച്ചറിന്റെ മകൾ നിമിഷയുടെ നേത്രുത്വത്തിൽ... ഞാൻ കണ്ട/ഞങ്ങൾ കണ്ട ആദ്യത്തെ സ്ത്രീപക്ഷവാദി!!.]


ശ്രീക്കുട്ടൻ വീണ്ടും ടൈം മെഷീൻ പ്രവർത്തിപ്പിച്ചു. വർഷങ്ങൾ മുൻപോട്ട്..

ആശുപത്രിക്കിടക്കയിലിരുന്ന് അയാൾ Injection എടുക്കാൻ വന്ന നഴ്സിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.

‘ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു... നീ....തു..????‘

‘അതേ.. ‘

‘എന്നെ അറിയുമോ??’

അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി വിടർന്ന കണ്ണുകളോടെ അവൾ ചോദിച്ചു.. ‘ശ്രീ...ക്കു...ട്ട...ൻ..!!!?’

അവൾക്ക് ആഹ്ലാദം...അയാൾക്കും...




------------------------
വീട്ടിൽ വന്ന് അയാൾ കമ്പ്യൂട്ടറിന്റെ മുൻപിലിരുന്നു. ബ്ലോഗറിൽ ലോഗിൻ ചെയ്തു. ഓർമ്മയിൽവന്നതെല്ലാം എടുത്ത് പെരുമാറി. പക്ഷേ നഴ്സ് Injection എടുത്തത് ‘എവിടെ‘ എന്നുമാത്രം എഴുതിയില്ല.. ;-)


-: ശുഭം (ആകുമോന്ന് കണ്ടറിയാം..) :-