Showing posts with label ബ്ലോഗില്‍. Show all posts
Showing posts with label ബ്ലോഗില്‍. Show all posts

Friday, February 6, 2009

ഹാക്ക് ചെയ്തതിന്റെ ബാക്കി..

ഹാക്കിങ്ങ് പഠിച്ചവര്‍...

ആരും ഇത് പരീക്ഷിക്കില്ല എന്നു വിശ്വസിക്കുന്നു..
കഴിഞ്ഞ പോസ്റ്റിന്റെ അവസാനം ഞാന്‍ കൊടുത്തതാണിത്...

“എനിക്ക് ഫോര്‍വേര്‍ഡായി കിട്ടിയ ഒരു മെയില്‍ ആണിത്.. മലയാളം ആക്കി എന്നു മാത്രം..“
ഇതു ഞാന്‍ രണ്ടാമത് എഴുതിയിട്ടത്..

ചുമ്മാ വേണമെങ്കില്‍ അതൊന്നു വായിച്ചോളൂ... ഇവിടെ..

ഇനി കഥ പറയാം...

ഫോര്‍വേര്‍ഡ് ആയി കിട്ടിയെന്നതു ശരിതന്നെ..
അന്നാല്‍ അത് ഒരു ഐ.റ്റി മാഗസീനില്‍ വന്ന ഒരു ലേഖനത്തിലെ ഒരു ഭാഗം കൂടി ആയിരുന്നു.. ഇന്റര്‍നെറ്റിലെ സുരക്ഷയേക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ “ A FORWARD YOU SHOULD IGNORE ” എന്ന പേരില്‍ വന്ന ഒരു പരീക്ഷണമായിരുന്നു അത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ സുരക്ഷാകാര്യങ്ങളില്‍ എത്രമാത്രം ശ്രദ്ധിക്കുന്നു എന്നറിയാനുള്ള പരീക്ഷണം.. മാത്രമല്ല അവരുടെ ലേഖനം എത്ര ശ്രദ്ധയോടെ വായിക്കുന്നു എന്നു മനസിലാക്കാനും..

ഇനി അവരുടെ റിപ്പോര്‍ട്ട്...

ഒന്ന്:
ഇതുവരെ ആയിരത്തിലധികം+ ആളുകള്‍ മറ്റുള്ളവരുടെ അക്കൌണ്ട് കണ്ടുപിടിക്കാന്‍ വേണ്ടി സ്വന്തം പാസ്വേര്‍ഡ് അയച്ചു കൊടുത്തു..

രണ്ട്:
അയച്ച ഭൂരിഭാഗവും ആണുങ്ങള്‍... അറിയേണ്ടത്.. പെണ്‍സുഹ്രുത്തുക്കളുടെ അക്കൌണ്ട് പാസ്വേര്‍ഡ്...! തിരിച്ചുള്ളവ കുറവ്....

മൂന്ന്:
മറ്റുള്ളവരുടെ അക്കൌണ്ട് ഹാക്ക് ചെയ്യുന്നത് നിയമവിരുദ്ധമെന്ന് ആര്‍ക്കും അറിയില്ല..

നാല്:
കുറച്ച് പാസ്വേര്‍ഡുകള്‍..
12345678
qwerty
abcdefg
password
iamaloser
Syncmaster
Aamirkhan
JohnAbraham


അഞ്ച്:
മറ്റുചിലര്‍ വലിയക്ഷരവും ചെറിയക്ഷരവും നമ്പരുകളും #$%^&*() ഇതെല്ലാം മിക്സ് ചെയ്തും നല്ല സെറ്റപ്പ് പാസ്വേര്‍ഡ് ഉണ്ടാക്കിയിരിക്കുന്നു.. കൊള്ളാം.. എന്നിട്ട് അത് അയച്ചും കൊടുത്തിരിക്കുന്നു..!!!

മൊബൈല്‍ നമ്പറാണ് 15% ആളുകളുടേയും പാസ്വേര്‍ഡ്..

10% ആളുകള്‍ സ്വന്തം അക്കൌണ്ട് ഹാക്ക് ചെയ്യാന്‍ പറ്റുന്നതാണോ എന്നു ടെസ്റ്റ് ചെയ്തു നോക്കി..!!!

-------------------------------------
അതെല്ലാം പോട്ടെ..
ഈ തട്ടിപ്പ് മെയില്‍ എനിക്ക് കിട്ടിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു..!!
-------------------------------------

ഇനി പറയൂ ആരാണ് മണ്ടന്മാര്‍???
ഞാനിട്ട പോസ്റ്റ് മുഴുവന്‍ ശ്രദ്ധിക്കാതെ സ്വന്തം പാസ്വേര്‍ഡ് മെയില്‍ ചെയ്ത ചേട്ടന്മാര്‍ എന്തു പറയുന്നു??
പാസ്വേര്‍ഡ് മാറ്റിക്കാണും അല്ലേ..

നന്ദി..
ജയ് ഗൂഗിള്‍..

Sunday, February 1, 2009

സമയമുണ്ടെങ്കില്‍.. ഒന്നു സഹായിക്കാമോ സുഹ്രുത്തേ..?

ക്ഷമിക്കണം..ഇതൊരു പോസ്റ്റാക്കാന്മാത്രം ഒന്നും അല്ല..
എനിക്ക് മൂന്നാലു സംശയങ്ങള്‍ ഉണ്ടായിരുന്നു..ബ്ലോഗുമായി ബന്ധപ്പെട്ടിട്ട്.
സുഹ്രുത്തുക്കള്‍ ആരെങ്കിലും അതൊന്ന് പറഞ്ഞുതന്നിരുന്നെങ്കില്‍ അവരോട്..
അവരോട് മാത്രം.. ഈ ബ്ലോഗ് ഉള്ളകാലം വരെയും നന്ദിയുള്ളവനായിരിക്കും..

സംശയം ഒന്ന്:
കമന്റ് എഴുതുന്നവരുടെ പേരിനൊപ്പം പ്രൊഫൈലില്‍ ഉള്ള ഫോട്ടൊകൂടി കാണിക്കാന്‍ എന്താ ഒരു വഴി? ഞാന്‍ ബ്ലോഗറില്‍ മുഴുവന്‍ തപ്പി. ഒരു വഴിയും കാണുന്നില്ല..

സംശയം രണ്ട്:
നല്ല അടിപൊളി ബ്ലോഗ് ടെമ്പ്ലേറ്റുകള്‍ എവിടെനിന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും? മുള്ളൂക്കാരന്‍ ചേട്ടന്റെ കയ്യില്‍ നിന്നും കുറേ ടെമ്പ്ലേറ്റ് കിട്ടിയിട്ടുണ്ട്. മറ്റ് ടെമ്പ്ലേറ്റുകള്‍ ആരേലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒന്നു പറഞ്ഞാല്‍ നന്നായിരുന്നു.

സംശയം മൂന്ന്:
മലയാള അക്കങ്ങള്‍(1,2,3..നു പകരം) എഴുതാന്‍ എന്താണ് ചെയ്യേണ്ടത്?

സംശയം നാല്:
പരസ്യങ്ങള്‍ (ആഡ്സെന്‍സ്) ഒക്കെ ഇവിടെ ഉപയോഗിക്കുന്നതില്‍ മടികാണിക്കേണ്ട കാര്യമുണ്ടോ?
(“ഡാ..ഡാ.. ഇരുന്നിട്ട് കാലുനീട്ട്..കേട്ടാ..“ എന്നാരാ ഇപ്പൊ പറഞ്ഞേ..?)

ഗൂഗിളിന്റെ അല്ലാതെയുള്ള പരസ്യങ്ങള്‍ ഇവിടെ കൊടുക്കുന്നതില്‍ പ്രശ്നങ്ങള്‍ ഇല്ലല്ലോ..
എങ്ങിനെയാണിതിന്റെ പരിപാടി? ഞാന്‍ തന്നെ ക്ലിക്കിയാല്‍ കാശുവരുമോ? അതോ ഇനി ഓസ്ട്രിയായില്‍ പഠിക്കാന്‍ പോയിരിക്കുന്ന എന്റെ പ്രിയ കാമുകി ചിത്രയെ വിളിച്ച് രാവിലെയും വൈകിട്ടും ഇവിടെ വന്നു ക്ലിക്കാന്‍ പറയേണ്ടി വരുമോ?

അതൊക്കെ പോട്ടെ.. പരസ്യങ്ങള്‍ ഇവിടെ പ്രയോഗിച്ചാല്‍ ആരേലും എന്നോട് പിണങ്ങുമോ?

സംശയം അഞ്ച്:
‘ചിന്ത’ യില്‍ ചില പോസ്റ്റുകള്‍ കാണിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ്? ഇത് എങ്ങിനെയെങ്കിലും പരിഹരിക്കാന്‍ പറ്റുമോ?



*********************
അഭിപ്രായം പ്രതീക്ഷിക്കുന്നു..

Saturday, January 24, 2009

ക്ഷേത്രങ്ങളില്‍ നിന്നും ഇനി പി.എച്ച്.ഡി. എടുക്കാം..

ദ്രസകളില്‍ നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്‍ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷയങ്ങളില്‍ നാലാംക്ലാസ് യോഗ്യത മുതല്‍ PhD വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഉന്നയിച്ച് വര്‍ഗീയശക്തികള്‍ മുതലെടുപ്പ് നടത്താതിരിക്കാനാണ് ഈ നീക്കം എന്നറിയുന്നു.

രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം, തിരുപ്പതി, മൂകാംബിക, പുരി ജഗന്നാഥക്ഷേത്രം എന്നിവയാണ് ഐ.ഐ.റ്റി പദവിയുള്ള ക്ഷേത്രങ്ങള്‍. ഓരോ ക്ഷേത്രങ്ങളിലേയും കോഴ്സുകളും പ്രവേശനരീതിയും തീരുമാനിക്കാനുള്ള അധികാരം ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

കേരളത്തിന് ഐ.ഐ.റ്റികളോ ഐ.ഐ.എമ്മുകളോ ഇല്ല.
എന്നാല്‍ അമ്രുതാനന്ദമയി മഠം സ്വയംഭരണാവകാശമുള്ള സര്‍വകലാശാലയാക്കി നിലനിര്‍ത്തും.
സാമ്പത്തിക ക്രമക്കേടുകളുടെ സര്‍വ്വകലാശാലകളായിട്ടും ശബരിമലയ്ക്കും ഗുരുവായൂരിനും ഐ.ഐ.എം പദവി ലഭിക്കാത്തത് കേരളീയരെ നിരാശയിലാഴ്ത്തി. ത്രുശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തിന് അഞ്ഞൂറേക്കര്‍ സ്ഥലം കൂടി ഏറ്റെടുത്ത് നല്‍കിയാല്‍ അവിടെ ഐ.ഐ.റ്റി അനുവദിക്കുന്ന കാര്യം പരിഗണിക്കും. ഇപ്പോള്‍ ഐ.ഐ.ഇ.എസ് പദവിയാണ് ലഭിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം കേരള രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സ്രുഷ്ടിച്ചേക്കും.
രാഷ്രീയക്കാരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭ്യമായിട്ടുള്ളത്.

കേരളത്തോട് മാത്രം കേന്ദ്രം തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിരാതവും ബീഭത്സവും ആയ നടപടി എന്നു വിശേഷിപ്പിച്ച അദ്ദേഹം പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറണമെന്നും ആവശ്യപ്പെട്ടു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ അടുത്തമാസം 7ന് ഹര്‍ത്താലാചരിക്കും.

“ജയ് ഗുരുവായൂരപ്പ.. ഇതല്പം നേരത്തേ തുടങ്ങിയിരുന്നെങ്കില്‍ എന്റെ മകന് ഈ അവസ്ഥ വരില്ലായിരുന്നു.. നല്ല വിദ്യാഭ്യാസം നല്‍കാമായിരുന്നു.“ ലീഡര്‍ അഭിപ്രായപ്പെട്ടു.

പള്ളികള്‍ക്ക് അനുവദിച്ചു കൊടുക്കാത്ത ഒന്നും തങ്ങള്‍ക്കും വേണ്ട എന്ന നിലപാടാണ് എന്‍.എസ്.എസ് എടുത്തിരിക്കുന്നത്. “ചങ്ങനാശേരി അതിരൂപതയുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും.“ സെക്രട്ടറി പറഞ്ഞു.

“ഹിന്ദുക്കള്‍ ചിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്കെന്തു കിട്ടി” എന്ന പരാതിയുമായി കെ. എം. മാണി ഡെല്‍ഹിക്ക് വണ്ടികയറിയിട്ടുണ്ട്. ഭരണങ്ങാനം പള്ളിയും പാലാ കുരിശുപള്ളിയും കടപ്പാട്ടൂര്‍ അമ്പലവും ഐ.ഐ.റ്റി ആക്കുക എന്നതാണ് പ്രാഥമിക ആവശ്യം. ജോസുമോന് എം.പി പദവി ലഭിച്ചാല്‍ അദ്ദേഹം പരാതി പിന്‍വലിക്കുമന്നറിയുന്നു.

ഇവിടെ എന്തു ചെറ്റത്തരവും കാണിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടന്ന് ദേവസ്വം മന്ത്രി അറിയിച്ചിട്ടുണ്ട്. കോടതി ഇടപെട്ടാലും ഞങ്ങള്‍ക്ക് പുല്ലാണ്.
“വിശ്വാസികളായ ഒരു തെണ്ടിക്കും അഡ്മിഷന്‍ അനുവദിക്കില്ല. എന്‍.എസ്.എസ്സിന്റെ ക്ഷേത്രങ്ങളില്‍ 99ശതമാനം പിന്നോക്കസംവരണം ഏര്‍പ്പെടുത്തും” മന്ത്രി പറഞ്ഞു.

പ്ലസ്ടൂ വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മോഡറേഷന്‍ നല്‍കി വിജയിപ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഒരാഴ്ച്ചയ്ക്കകം ശാന്തിക്കാരുടെ മുന്നിലെത്തിക്കും. മാസത്തില്‍ ഒരിക്കലെങ്കിലും പുഷ്പാഞ്ജലിയോ ഗണപതിഹോമമോ നിര്‍ബ്ബന്ധമാക്കും.

ബി.ജെ.പിയുടെ കേരളത്തിലെ 150 ഗ്രൂപ്പുകളും ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് എന്ന് പ്രതികരിച്ചു.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളും കോഴ്സുകളും ചുവടെ:
(ലഭ്യമായവ മാത്രം)

ശബരിമല :
സ്വയംഭരണാവകാശം അനുവദിച്ചിട്ടുള്ള കേരളത്തിലെ മൂന്നു സര്‍വ്വകലാശാലകളില്‍ ഒന്നാണ് ശബരിമല. പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്ന ഇതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇതര മതവിഭാഗങ്ങളില്‍പെട്ടവരോ അവിശ്വാസികളോ ആയിരിക്കണം എന്നു നിഷ്കര്‍ശിച്ചിട്ടുണ്ട്. തുടക്കത്തില്‍ പതിനാലു ഡിഗ്രി കോഴ്സുകളും ഏഴു പിജി കോഴ്സുകളുമാണ് ആരംഭിക്കുക.

ഗുരുവായൂര്‍ ‍:
പതിനൊന്നു ഡിഗ്രി കോഴ്സുകളും ഏഴു പിജി കോഴ്സുകളും തുടങ്ങാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാല്‍ ശുദ്ധിപരിഹാര ക്രിയകള്‍ക്കാവശ്യമായ ജലത്തിന്റെ ലഭ്യത അനുസരിച്ച് ഇക്കാര്യം ഭേദപ്പെടുത്താന്‍ ബോര്‍ഡിന് അധികാരമുണ്ട്. ഗവേഷണത്തിന് പ്രത്യേക വിഭാഗമുള്ള ദക്ഷിനേന്ത്യയിലെ ഏക ക്ഷേത്രമാണിത്.

ഏറ്റുമാനൂര്‍, വൈക്കം, ത്രുപ്പൂണിത്തുറ, തളിപ്പറമ്പ് എന്നീ ക്ഷേത്രങ്ങളില്‍ അഞ്ചു ഡിഗ്രി കോഴ്സുകള്‍ക്കും രണ്ട് പി.ജി കോഴ്സിനും മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ.. ബാക്കി ക്ഷേത്രങ്ങളുടെ ലിസ്റ്റ് ഇപ്പോള്‍ ലഭ്യമല്ല.

സാദാ ലോക്കല്‍ അമ്പലങ്ങളില്‍ പ്ലസ്ടൂ വരെയുള്ള പ്രവേശനത്തിന് മാത്രമേ അനുമതിയുള്ളൂ.

സര്‍പ്പക്കാവുകളിലും ദരിദ്രയില്ലങ്ങളോട് ചേര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ തുടങ്ങും. നാലാംക്ലാസ് മുതല്‍ പത്താം തരം വരെയുള്ള തുല്യതാ കോഴ്സുകള്‍ക്കാണ് അനുമതി.

നിലമ്പൊത്താറായി കിടക്കുന്ന ക്ഷേത്രങ്ങളില്‍ അംഗന്‍വാടികളാണ് ആരംഭിക്കുക.



**************************
ശേഷം ചിന്ത്യം ശുഭം...

കവിത ഉണ്ടാക്കുന്ന വിധം

കവിത ഉണ്ടാക്കുന്ന വിധം


കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും തെറികേള്‍ക്കാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ. ഇതുപരീക്ഷിച്ചു നോക്കുന്നതുമൂലം ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല..
സ്വന്തം ഉത്തരവാദിത്വത്തില്‍ മതി.

(1)അന്തരാത്മാവിനെ തൊട്ടുണര്‍ത്തുന്ന, മനസില്‍ ഒരു നീറലായി അവശേഷിക്കുന്നതരം കവിത നിര്‍മ്മിക്കുന്ന വിധമണിത്. ഇതുണ്ടാക്കാന്‍ ഏതാണ്ട് പത്തുമിനിറ്റ് മതിയാകും.

ആവശ്യമായ സാധനങ്ങള്‍:
1.ആര്‍ദ്രത : മൂന്നെണ്ണം
മീവല്‍ പക്ഷി: രണ്ട് (തൂവലോടു കൂടി)
വെണ്ണിലാവ്, ഓര്‍മ്മ, സൂര്യന്‍, ആത്മാവ് : ഒന്ന്
2.ദുഖം: മൂന്നു വലിയ സ്പൂണ്‍
സുഖം: മൂന്നു ചെറിയ കഷണം.
രാപ്പാടി: കൂവുന്ന ഇനം ഒന്ന്.
3.വിങ്ങല്‍: അത്യാവശ്യത്തിന്
4.ഇടനെഞ്ച്: മുറിച്ച് കഷണങ്ങളാക്കിയത്, ഒരു കപ്പ്
കത്തി: ഇടനെഞ്ചു മുറിക്കാന്‍ പാകത്തിലുള്ളത്
വികാരം: ജാതി,മത,ദേശവികാരങ്ങള്, ചൂട്,തണുപ്പ്,ദാഹവികാരങ്ങള്‍ ഓരോ ടേബിള്‍ സ്പൂണ്‍.
അശ്ലീലം: ആവശ്യത്തിന്.
*ഇനങ്ങളില്‍ ചിലത് ഒഴിവാക്കുന്നതുകൊണ്ടോ പുതിയവ ചേര്‍ക്കുന്നതുകൊണ്ടോ പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ല!!..

തയ്യാറാക്കുന്ന വിധം:

ഒന്നാമത്തെ ചേരുവകളെല്ലാം കൂടി ചുവടുകട്ടിയായ ഒരു പാത്രത്തിലിട്ട് നന്നായി വേവിക്കുക. വെന്ത് ഏതാണ്ട് ഒരു കൂഴച്ചക്ക പരിവമാകുമ്പോള്‍ അടുപ്പില്‍ ഇന്നും വാങ്ങിവച്ച് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് കട്ടപിടിക്കാതെ ഇളക്കി യോജിപ്പിക്കുക ‘വെണ്ണിലാവിന്റെ വിതുമ്പുന്ന സ്വപ്നമോ മീവല്‍ പക്ഷിയുടെ രോദനമോ‘ കേള്‍ക്കുന്ന സമയം മുറിച്ചുവച്ചിരിക്കുന്ന ഇടനെഞ്ചും വിങ്ങലും ചേര്‍ത്ത് നേരത്തേ തയാറാക്കി വച്ചിരിക്കുന്ന വികാരങ്ങളോടൊപ്പം അശ്ലീലത്തില്‍ പൊതിഞ്ഞ് പോസ്റ്റ് റോസ്റ്റ് ചെയ്യുക. അശ്ലീലത്തിന്റെ രുചിയാവണം മുമ്പില്‍ നില്‍ക്കേണ്ടത്. ചൂട് നഷ്ടപ്പെടരുത്..
തണുത്തുകഴിഞ്ഞാല്‍ പിന്നെ ഒരു വകയ്ക്കും കൊള്ളില്ല.
ഒരു സാമ്പിള്...

ആത്മാവില്‍ നീറുന്നൊരോര്‍മ്മയായ് നീ എന്റെ-
വിങ്ങുന്ന മനസിന്റെ ദാഹം ശമിപ്പിക്കാന്‍
ഈ മിഴിപ്പൊയ്കകളില്‍ ഒരുതുള്ളി വിങ്ങുമ്പോള്‍
ശരത്കാല സന്ധ്യയുടെ കാറ്റിനും മൂകത..

നീറും കിനാക്കളില്‍ ചന്ദനം ചാലിച്ച്
മഞ്ഞിന്‍ കിനാവുകള്‍ക്കപ്പുറം മോഹിച്ച്..
നീയേകുമാശ്വാസമെന്‍ ഹ്രുദയതന്ത്രികളില്‍
മറക്കില്ലൊരിക്കലും നിന്‍ രൂപലാവണ്യം..


കണ്ടോ.. മേല്‍ കാണിച്ചിരക്കുന്ന വാക്കുകള്‍ കൊണ്ടുതന്നെ നൂറുകണക്കിന് കവിതകള്‍ നമുക്ക് ഉണ്ടാക്കാനാവും. ശ്രമിച്ചു നോക്കുമല്ലോ..

(2)
മേല്പറഞ്ഞ രീതിയിലുള്ള കവിതകള്‍ വേവാതെ വരികയോ കരിഞ്ഞുപോവുകയോ ചെയ്താല്‍ പിന്നെ ആധുനിക കവിതകള്‍ എഴുതാവുന്നതാണ്.
അതിനു ചെയ്യേണ്ടത് ഇത്രമാത്രം...
ഒരാഴ്ചത്തെ മലയാളം പത്രങ്ങള്‍ എടുത്ത് വയ്ക്കുക. എല്ലാ പത്രത്തിലേയും പ്രധാന വാര്‍ത്തകള്‍ ചോദ്യോത്തര രൂപത്തില്‍ ഓരോ വരിയാക്കി എഴുതുക.
ഒരു ഉദാഹരണം ഞാനിവിടെ കാണിക്കാം..

ഹഡ്സണ്‍ നദിയിലും വിമാനമിറങ്ങുന്നോ..
ലഷ്കറിന്റെ തന്ത്രം മാറുന്നോ... പ്രഭാകരന്‍ കടലു കടക്കുന്നു..
പിബി പിണറായിക്കൊപ്പമാണോ.. അതോ..
അബ്ദുല്ലക്കുട്ടിക്കു സസ്പെന്‍ഷനോ..
ഒബാമയ്ക്ക് സമാധാനം... ഒബാമയ്ക്ക് സമാധാനം...
ലാവ്ലിന്‍ പിണറായി പ്രതിയാണോ...
ഇറാക്ക് ഇറാക്കിനോ അഫ്ഗാന്‍ അഫ്ഗാനികള്‍ക്കോ..
ബാലാനന്ദന്‍ വിടചൊല്ലി..
ലാവ്ലിന്‍ പ്രതികള്‍ക്കു ജാമ്യമില്ല..ജാമ്യമില്ല..

****************
ശ്രദ്ധിക്കുക: ഇത് പോസ്റ്റ് ചെയ്താല്‍ പിന്നെ രണ്ടാഴ്ചത്തേക്ക് സ്ഥിരമായി ദിവസം രണ്ടുനേരം നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയും ‘ഇതെന്തോന്ന്?’, ‘ഒന്നും മനസിലായില്ല’, ‘വേറെ പണിയൊന്നും ഇല്ലേ?’
എന്ന രീതിയില്‍ വരുന്ന കമന്റുകളെ ഡിലീറ്റ് ചെയ്യുകയും വേണം..
ആശംസകള്‍ ‍...



Monday, January 19, 2009

ചില ബ്ലോഗ് ചിന്തകള്‍

ചില ബ്ലോഗ് ചിന്തകള്‍

ഇന്നലെ | ::::::::::

നാടുമുഴുവന്‍ ഉറങ്ങുമ്പോഴും അയാള്‍ക്ക് ഉറക്കം വന്നില്ല..
മാസങ്ങള്‍ക്ക് മുന്‍പ് താന്‍ കാണിച്ച ഒരെടുത്തുചാട്ടം.. ബ്ലോഗിങ്ങ്..
വായനക്കാരില്ലാത്ത തന്റെ ബ്ലോഗിനേക്കുറിച്ചോര്‍ത്ത് അയാള്‍ നെടുവീര്‍പ്പിട്ടു, എവിടെയാണ് തന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നത്. വരമൊഴിയും കീമാനും മാറിമാറി ഉപയോഗിച്ചിട്ടും വായനക്കാരെ പൂര്‍ണ്ണമായും തന്നിലേക്ക് ആകര്‍ഷിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല. ആറു പോസ്റ്റ് ഇട്ടിട്ടും പേജ് ഹിറ്റുകള്‍ വെറും മുപ്പത്തിയഞ്ച്. അവന്‍ ആശങ്കാകുലനായി..

സ്റ്റീഫന്‍ ലീക്കോസിന്റെയും ജോസഫ് ബര്‍ഗ്മാന്റെയും ഗബ്രിയേല്‍ മാര്‍ക്വേസിന്റെയും ശൈലികളെ അതിവിഗദ്ധമായി സംയോജിപ്പിച്ച അതിനൂതനമായ തന്റെ ഭാഷ വായനക്കാര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതാണോ കാരണം?
കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാള്‍ ആലോചിച്ചു..

[ സര്‍ഗാത്മകത, ആശയങ്ങളുടെ അവതരണ ശൈലി എന്നിവയേക്കുറിച്ച് അജ്ഞനാണയാള്‍.. ]

ഇന്ന് |::::::::::

ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങിച്ച് അയാള്‍ പ്രശ്നം കൂളായി പരിഹരിച്ചു..
ആട്, പൂച്ച, പട്ടി, പല്ലി തുടങ്ങി അത്യപൂര്‍വ ജനുസുകളില്‍ പെട്ട മ്രുഗങ്ങളുടെയും വംശനാശഭീഷണി നേരിടുന്ന കാക്ക, മരംകൊത്തി, കുരുവി, ( കോഴി പക്ഷി വര്‍ഗത്തില്‍ ആണോ.. അല്ലേ??) തുടങ്ങിയ പക്ഷികളുടെയും ചാഞ്ഞും ചെരിഞ്ഞുമുള്ള ചിത്രങ്ങള്‍ പകര്‍ത്തി അത് പോസ്റ്റു ചെയ്തു..

***********

ചിത്രങ്ങളും ഒപ്പമുള്ള ലേഖനങ്ങളും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു...
ആട് പ്ലാവില ചവയ്ക്കുന്നത് എങ്ങിനെ?
പല്ലി കോട്ടുവാ ഇടാറുണ്ടോ?
ഒട്ടകപ്പക്ഷി കുളിക്കാറുണ്ടോ?
തുടങ്ങി ഒരു ബ്ലോഗര്‍ അവശ്യം അറിഞ്ഞിരിക്കേണ്ടുന്നതായ കാര്യങ്ങളേക്കുറിച്ച് ആധികാരികമായ കുറിപ്പ്‍.. ഒപ്പം ഒരു കവിതയും...

ആനവായില്‍ അമ്പഴങ്ങ....
അമ്പഴങ്ങ കടിച്ച് പല്ലൊന്ന് പോയി...
പല്ലു പോയപ്പോള്‍ ചോര...
അഹോ കഷ്ടം.. പ്രാണ സങ്കടം..
ചുവപ്പു നിറമുള്ള ചോര...
ചോര..ചോര...ചോര...


..പോസ്റ്റ്.. മെഗാഹിറ്റ്!!

[ ഇവിടെയാണ് കാര്യം.. കളികള്‍ പഠിച്ചു വരുന്നു.. ]

നാളെ | ::::::::::

അയാളുടെ പുതിയ ലേഖനം പബ്ലിഷ് ചെയ്തിരിക്കുന്നു.....
“ഇസ്രായേലും നീര്‍ക്കോലിയുടെ തവളപിടുത്തവും“ .
ഇതേക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പൊ ബ്ലോഗിലെങ്ങും...
നീര്‍ക്കോലിയുടെ ഏകപക്ഷീയവും കിരാതവുമായ നയങ്ങള്‍ക്കെതിരെ ഒരു വിഭാഗം. തവളയുടെ പ്രകോപനപരമായ
ചാട്ടങ്ങളെ എതിര്‍ത്തുകൊണ്ട് മറ്റൊരു വിഭാഗവും...
കറുത്ത തവള അവര്‍ണ്ണനും നീര്‍ക്കോലി സവര്‍ണ്ണനുമാണത്രേ.. വേറെ ചിലര്..
എല്ലാം ബിംബങ്ങള്..‍!!

[അസൂയ മൂത്ത മറ്റു ബ്ലോഗന്മാര്‍ ഈ പോസ്റ്റിട്ടതിന് അയാളെ വിമര്‍ശിച്ചു തുടങ്ങി. രക്ഷപെട്ടു...ഭാഗ്യവാന്‍... ]

Wednesday, December 31, 2008

-: പുതുവത്സരാശംസകള്‍ :-

പുതുവത്സരാശംസകള്‍ ..

പ്രണയം കലക്കിത്തന്ന 2008ന്..
ജോലി വാങ്ങിത്തന്ന 2008ന്...
പിന്നെ അതു കളഞ്ഞതിന്..
വീണ്ടും അത് വാങ്ങി തന്നതിന്..

തിര്വന്തോരം സൂപ്പര്‍ ഫാസ്റ്റിന്..
കൊല്ലം-എറണാകുളം പാസഞ്ചറിന്..
കൊച്ചിയിലെ സിറ്റി ബസ് സര്‍വ്വീസുകള്‍ക്ക്..
എന്നും കാണുന്ന യാത്രക്കാര്‍ക്ക്..

ഇവിടെയെത്തിച്ച ഡിസംബറിന്..

ഗൂഗിളിനും ബ്ലോഗര്‍ ഡോട് കോമിനും..
കീമാനും വരമൊഴിക്കും..
ചിന്തയ്ക്കും പല പല മൊഴികള്‍ക്കും...
പുതുവത്സരാശംസകള്‍ ...

ബ്ലോഗു പുലികള്‍ക്ക്...
ശ്രീക്കും വല്യമ്മായിക്കും ടിന്റുവിനും ...
നൊമാദിനും അജാസിനും കാപ്പിലാന്‍ ചേട്ടനും...
കുട്ടേട്ടനും കാന്താരിച്ചേച്ചിക്കും റോസിനും...
പാറുക്കുട്ടിക്കും പകല്‍ക്കിനാവനും നവരുചിയനും...
കുഞ്ഞിക്കിളിക്കും ലക്ഷ്മിക്കും പിന്നെ
ജിന്റോയ്ക്കും മോനൂസിനും ജയ്മോനും ...
ബാജിക്കും ശിവയ്ക്കും നിരക്ഷരനും അരുണിനും..
എന്റെ പുതുവത്സരാശംസകള്‍..


പേജ് ഹിറ്റുകളില്‍ ചലനങ്ങളുണ്ടാക്കിയ ഒരോരുത്തര്‍ക്കും...
ഞാന്‍ ആശംസ നേരാത്തവര്‍ക്കും..
എന്റെ ഹ്രുദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ....
|

|

|

|

|

|

|


ഇനി ആരേലും ഉണ്ടോ??..
കരയണ്ടാ..
ഇന്നാ പിടിച്ചോ...

നൂറു നൂറ് പുതുവത്സരാശംസകള്‍


Wednesday, December 17, 2008

കമന്റുകള്‍ .. പിന്നൊരു കവിത

മലയാള ബ്ലോഗ് സാഹിത്യത്തിലെ ചില വന്‍മരങ്ങളുടെ ബ്ലോഗ് മുഴുവന്‍ അരിച്ചുപെറുക്കിയതില്‍ നിന്നും മനസിലാക്കിയ വളരെ ശ്രദ്ധേയമായ ഒരു കാര്യം പോസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തി വലുതാക്കാനും വിമര്‍ശിച്ച് വിമര്‍ശിച്ച് ഓടിക്കാനും കമന്റുകള്‍ക്കുള്ള കഴിവാണ്.
ഞാന്‍ കഴിഞ്ഞ കൊല്ലം വരെ വിചാരിച്ചിരുന്നത് മലയാളത്തില്‍ ബ്ലോഗുന്നതു മുഴുവന്‍ അമേരിക്കയിലും ഗള്‍ഫിലും ഒക്കെ ഉള്ള കുറച്ചു ചേട്ടന്മാരാണെന്നാ..‍.എല്ലാ പോസ്റ്റും വായിച്ചുനോക്കി കമന്റുന്നതിനു അവര്‍ക്ക് സമയം തികയുന്നുണ്ടോ എന്നും ഞാന്‍ ആശ്ചര്യപ്പെട്ടിരുന്നു. പിന്നെ പിന്നെയല്ലേ മനസിലായത് കേരളത്തിലെ ഓരോ പഞ്ചായത്തിലും പതിനായിരം ബ്ലോഗര്‍മാരുണ്ടെന്നും ഇവരു തമ്മില്‍ വലിയ സ്നേഹമാണെന്നും. കാക്കത്തൊള്ളായിരം ബ്ലോഗര്‍മാരുള്ള ഇക്കാലത്ത് എല്ലാ പോസ്റ്റുകളും വായിക്കാന്‍ പറ്റുമോ? വായിച്ചാല്‍തന്നെ ഇതിനു മുഴുവന്‍ കമന്റിടാന്‍ ആര്‍ക്കാ നേരം?.ഇതു മാത്രമല്ലല്ലൊ പണി.

ബ്ലോഗില്‍ പിച്ചവച്ചു പോസ്റ്റിത്തുടങ്ങുന്ന ഏതു പിഞ്ചു കുഞ്ഞിന്റെയും സ്വപ്നമാണ് വിശാലമനസ്കന്‍ എന്ന ബ്ലോഗറും അദേഹത്തിന്റെ കൊടകര പുരാണവും .
ഇനി മഹാമനസ്കന്‍ എന്നു പേരിട്ടു അതിലും വല്യ കോട്ടയം പുരാണം തുടങ്ങിയാല്‍ രക്ഷപെടുമോ?? കമന്റു വരുമോ??
കാരണം വായിക്കാന്‍ കൊള്ളാവുന്ന ഒരു നല്ല പോസ്റ്റിടാന്‍ ഈ ജന്മത്ത് കഴിയുമെന്ന വിശ്വാസം എനിക്കില്ല.ഒരിക്കല്‍ ഇതു കണ്ടവര്‍ പിന്നെ മേലില്‍ ഈവഴി വരില്ല എന്നല്ല..ഉള്ള ബ്ലോഗും ഗൂഗിള്‍ അക്കൌണ്ടും ഒക്കെ ഡിലീറ്റ് ചെയ്യാനും മതി.

എന്നോര്‍ത്ത് നമുക്കു ചുമ്മാ നോക്കി ഇരിക്കാന്‍ പറ്റുവൊ..കമന്റു വരുന്നുണ്ടോ.. വരുന്നുണ്ടോ.. എന്നു നോക്കി...?

ഇല്ല.

പുലികളുടെ ബ്ലോഗില്‍ ഒക്കെ ചുമ്മാ പോയി കമന്റിയാലോ എന്ന് ഓര്‍ത്തതാ.. [ അണ്ണാ മുറ്റ് എഴുത്ത് തന്നെ...... അതിഗംഭീരം ആയിരിക്കുന്നു.. അതു കലക്കി ട്ടോ... ഇതൊക്കെ അല്ലേ എഴുത്ത്....ഇതു വായിക്കാനായത് മുജ്ജന്മപുണ്യം.. വിനയപൂര്‍വ്വം ( എനിക്കാണെങ്കി വിനയം വന്നാപ്പിന്നെ പിടിച്ചാ കിട്ടൂല്ലാ.. ) ]
പിന്നെ ലിങ്കുകണ്ട് ഇവനാരടാ എന്നു വിചാരിച്ച് ഇങ്ങോട്ടു വന്നാല്‍ ഒരു നൂറു നൂറ്റമ്പതു പോസ്റ്റ് എങ്കിലും ഇല്ലെങ്കില്‍ മോശമല്ലേ..(മോനേ കുട്ടാ എന്നൊക്കെ വിളിക്കും‌..)അതുവരെ എന്ത് ചെയ്യും..

ഞാന്‍ നോക്കീട്ട് ഒരു വഴിയേ ഒള്ളൂ.. നാട്ടുകാരേയും കൂട്ടുകാരെയും എല്ലാം പിടിച്ചു ഒന്നോ രണ്ടോ ബ്ലോഗ് വീതം എഴുതിപ്പിക്കുക.പുതിയ ചവറുകള്‍ എഴുതുമ്പോളെല്ലാം വിളിച്ച് കമന്റിടാന്‍ പറയുക.എന്നിട്ട് കമന്റുകളുടെ എണ്ണം നോക്കി സ്വയം അങ്ങ് ആശ്വസിക്കുക.പിന്നെ ഒരു കുഴപ്പം അവരെങ്ങാനും വല്ലോം എഴുതി വച്ചാല്‍ പോയി കമന്റണം എന്നതാണ്.(ഒരു മഹാപ്രസ്ഥാനം ആകുന്നതുവരെ ഒരു മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്റിങ്ങില്‍ അങ്ങു പോകാം അല്ലെ..).
ഇന്നുതന്നെ ജെറിനെയും സൂരജിനേയും ജയ് ജോണിനേയും അജാസിനേം ഒക്കെ വിളിച്ച് പറയണം.

ഇടയ്ക്കിടയ്ക്ക് കവിതകള്‍ എഴുതണം എന്നതാണ് മറക്കാന്‍ പാടില്ലാത്ത മറ്റൊരു കാര്യം.
അതിന്റെ തുടക്കം എന്നോണം കഴിഞ്ഞ ദിവസം അതായത് ഇന്നലെ രാവിലെ പന്ത്രണ്ടു പേജുള്ള ഒരു കവിത എഴുതിയിരുന്നു..
ആ കവിതയെപ്പറ്റി ഇന്നു രാവിലെ ഞാന്‍ എഴുതിയ കവിത ഇന്നാ...


ഞാനിന്നലെയൊരു കവിതയെഴുതി...
പന്ത്രണ്ടുപേജുള്ള കവിത....
ഞാനിന്നലെയൊരു കവിതയെഴുതി...
പന്ത്രണ്ടുപേജുള്ള കവിത....
വെളുത്ത കടലാസില്‍ എഴുതിയ കവിത..
നീലമഷികൊണ്ടെഴുതിയ കവിത..
വെളുത്ത കടലാസില്‍ എഴുതിയ കവിത..
നീലമഷികൊണ്ടെഴുതിയ കവിത.. (ഞാനിന്നലെ...)
കവിത വായിച്ചു കവിത ചോദിച്ചു...
ഇതെന്തു കവിത..ഇതെന്തു കവിത..
കവിതയെഴുതിയ ഞാന്‍ പറഞ്ഞു..
ഇതുമൊരു കവിത...
കവിതയെഴുതിയ ഞാന്‍ പറഞ്ഞു..
ഇതുമൊരു കവിത...ബ്ലോഗിലെ കവിത.... (ഞാനിന്നലെ...)

(പിന്നെ പന്ത്രണ്ട് പേജുള്ള മറ്റേ കവിത.. ജില്ലാ കലോത്സവത്തിനു എല്ലാ കുട്ടികളും അതു തന്നെയാ പാടിയതെന്നു കേട്ടു....ശ്ശോ.... )


(ശ്രീക്കുട്ടന്‍ ബ്ലോഗു തുടങ്ങി എന്നറിഞ്ഞ് എന്റെ അയല്വക്കത്തെ ശ്രീക്കുട്ടി ബ്ലോഗു തുടങ്ങാന്‍ പോകുവാ എന്നു പറയുന്നു.കമന്റുകള്‍ വായിച്ചു വായിച്ച് അവളു മടുക്കും..അല്ലേ.. )



[ഈ പോസ്റ്റിനു കാരണം ഇവിടെ ആരൊക്കെയോ വരുന്നുണ്ട് പക്ഷേ അഭിപ്രായങ്ങള്‍ അധികം ഒന്നും ഇല്ലല്ലോ എന്ന തോന്നല്‍ മാത്രമാണ്.. ]

Thursday, December 4, 2008

ചുമ്മാ..ഒരു പോസ്റ്റ്

ഹോ..അങ്ങനെ ഒരു മലയാളം ബ്ലൊഗ് ഉണ്ടാക്കി..കുറെ നാളായി വിചാരിക്കുന്നതാ ഒരു മലയാളം ബ്ലൊഗ് തുടങ്ങണം തുടങ്ങണം എന്നു.കാര്യം ഇവിടെ രണ്ടു കൊല്ലം ആയെങ്കിലും ഇംഗ്ഗ്ലീഷില്‍ നല്ല ഒരു വാക്യം പൊലും ടൈപ്പു ചെയ്യ്യാന്‍ കിട്ടുന്നില്ല.ഇംഗ്ഗ്ലീഷ് വല്യ പിടി ഇല്ല എന്നുവച്ച് ഞാന്‍ ഇവിടെ മലയാളം കവിതയൊ സാഹിത്യമൊ എഴുതും എ്ന്നുമല്ല.കയ്യില്‍ വരുന്നത് എന്തും എഴുതും.ആരു വായിക്കാനാ..

  • ആദ്യത്തെ ദിവസം:
ഇന്നലെ തന്നെ എന്റെ നാലഞ്ച്ച് മണിക്കൂര്‍ ഇവിടെ തന്നെ ആരുന്നു.എനിക്ക് ഇഷ്ടമുള്ള പേരുകളെല്ലാം (എന്തിനു കട്ട തെറി പോലും) ശരിക്കും..നേരത്തെ ആംമ്പിള്ളേരു കൊണ്ടുപോയി എന്നു പറഞതുകൊണ്ട് പേരിടാന്‍ കുറെ സമയം എടുത്തു . ഒരു വിധം പേജു ശരിയാക്കിയപ്പൊ വൈകി.എന്നാ പിന്നെ നാളെ ആവട്ടെ എന്നു വച്ചു.മൊഴി കീമാപ്പ് വച്ചിട്ടാ ടൈപ്പു ചെയ്യുന്നത്.വേറെ വല്ല വഴിയുമുണ്ടൊ ആവൊ.ദിവസവും ഒരു മണിക്കൂറെങ്കിലും മാറ്റിവച്ചാലേ ഇതു നടക്കു..അതുകൊണ്ടു തന്നെ എന്നും പോസ്റ്റ് ചെയ്യാന്‍ പാടാ..ശ്രമിച്ചു നോക്കാം.