Friday, March 6, 2009

3 ഇന്‍ 1 ഭിക്ഷാടനം

രാവിലെ

കുറച്ച് വൈകിയാണ് എണീറ്റത്. എല്ലാ അവധിദിവസവും പോലെതന്നെ.. ഒരു പത്തുമണിയായിക്കാണും.. വീടിനു മുന്‍പില്‍ നിന്നും നീട്ടിയുള്ള ഒരു വിളി കേട്ടു..
’അമ്മാ... സാറേ....‘
വിളിക്കുന്ന ടോണ്‍ കേട്ടാലേ അറിയാം ഭിക്ഷക്കാരനാണെന്ന്.. കിട്ടിയ ഒരു രണ്ടുരൂപാ തുട്ടുമെടുത്ത് വാതില്‍ തുറന്നു. ഒരു നീല കൈലിയും പച്ച ഷര്‍ട്ടുമിട്ട് പത്തെഴുപത് വയസ് തോന്നിക്കുന്ന ഒരു മനുഷ്യന്‍.
‘എന്തെങ്കിലും സഹായം ചെയ്യണേ....‘ എന്റെ നേരെ ദയനീയമായി നോക്കി കൈകൂപ്പി.
കൈയ്യിലിരുന്ന രണ്ടു രൂപാ നാണയം ആ മനുഷ്യനു കൊടുത്തു. നന്ദിപൂര്‍വ്വം അയാളതു വാങ്ങി താണുതൊഴുത് വടിയും കുത്തി മെല്ലെ മെല്ലെ ഗേറ്റ് കടന്നു പോയി. രണ്ടുരൂപകൊണ്ട് എന്താവാന്, കുറച്ചു കൂടി പൈസ കൊടുക്കാമായിരുന്നു ആ പാവത്തിന്.. ഞാനോര്‍ത്തു.

ഒരുമണിക്കൂര്‍ കഴിഞ്ഞു...

‘ചേച്ചീ.... ചേച്ചീ...‘ മുറ്റത്തുനിന്നും ഒരു സ്ത്രീശബ്ദം.. ‘ചേച്ചിയില്ലേ ഇവിടെ?’ പത്തുനാല്പതു വയസു പ്രായം തോന്നിക്കുന്ന ഒരു ചേച്ചി.. അവര്‍ക്ക് എന്നെ നല്ല പരിചയം പോലെ.. പക്ഷേ എനിക്ക് തീരെ പരിചയം തോന്നിയില്ല, ഞാനമ്മയെ വിളിച്ചു. അമ്മയ്ക്കും പക്ഷേ പരിചയമില്ലെന്ന് തോന്നുന്നു..

‘ഇടമറ്റത്താണ് വീട് (ഭരണങ്ങാനത്തിനടുത്ത്..). കാഞ്ഞിരപ്പള്ളിയിലുള്ള ഒരു ഫാമില്‍ ജോലി ചെയ്യുന്നു.‘ ആ സ്ത്രീ പരിചയപ്പെടുത്തി.. അവര്‍ക്ക് രണ്ടു പെണ്മക്കളാണത്രേ.. രണ്ടിനേയും കെട്ടിച്ചുവിടാന്‍ പ്രായമായി. ഭര്‍ത്താവ് മൂന്ന് വര്‍ഷം മുന്‍പ് ഉപേക്ഷിച്ച് പോയതുകൊണ്ട് ഇപ്പൊ ഒറ്റയ്ക്കാണ്. പെണ്മക്കളെ കെട്ടിച്ചുവിടാന്‍ ഒരു നിവ്രുത്തിയുമില്ല, അതിന് എന്തെങ്കിലും സഹായം തേടി ഇറങ്ങിയതാണ്.. ഇടയ്ക്കിടെ കരഞ്ഞുകൊണ്ട് അവര് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..

പലേ തട്ടിപ്പുകളും ഞാന്‍ കണ്ടിട്ടുണ്ട്.. ഇതും അങ്ങിനെതന്നെ ആവാന്‍ സാധ്യതയുണ്ട്. മാന്യമായ വേഷം ധരിച്ച് ആളെ പറ്റിക്കുന്ന ഒരുപാടു പേരുണ്ടീ നാട്ടില്‍..
{എന്റെ സുഹ്രുത്ത് ജെറിമോന്‍ പറഞ്ഞ ഒരു സംഭവം ഞാനോര്‍ത്തു.. ഈ അടുത്ത കാലത്ത് സംഭവിച്ചത്.. എറണാകുളം സൌത്ത് റെയില്വേസ്റ്റേഷനില്‍ വച്ച് സിനിമ സംവിധായകനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ 200രൂപാ ചോദിച്ചത്രേ.. പടം പൊളിഞ്ഞപ്പോള്‍ കാശില്ലാതായെന്ന്!!..}
(വിശദമായി പിന്നീടെഴുതാം..)

അല്പസമയം കഴിഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ അമ്മ ബാഗില്‍ നിന്ന് നോട്ടെണ്ണുന്നു.!!. കയ്യില്‍ അന്‍പതു രൂപാ!! ഇവറ്റൊക്കെ തട്ടിപ്പുകാരാണെന്ന് ഞാന്‍ വാദിച്ചു.. അമ്മയ്ക്കും അങ്ങിനെ സംശയം തോന്നിയതു കൊണ്ടൊ എന്തോ (സാധാരണ അതു പതിവില്ല..) എടുത്ത പൈസാ ബാഗിലിട്ട് രണ്ടു പത്തുരൂപാ നോട്ടുമായി അമ്മ പോയി..

‘ഇതുകൊണ്ട് എന്താവാനാ ചേച്ചീ.. രണ്ടു പെണ്മക്കളെ ഞാനെന്തു ചെയ്യും..’ ആ സ്ത്രീ വിടാന്‍ ഭാവമില്ല. പെണ്മക്കളുള്ള അമ്മയുടെ വിഷമത്തേക്കുറിച്ച് അവര്...

‘ഇവിടിപ്പൊ പൈസ ഇരിപ്പില്ല.. ഇനി ഒരു ദിവസം വരൂ’ ഒരു വിധം അമ്മ അവരെ പറഞ്ഞുവിട്ടു..

‘എടാ.. അവരെ കുറ്റം പറയുകയല്ല വേണ്ടത്.. നിവ്രുത്തിയില്ലാതെ വരുന്നവരെ ആവുന്ന രീതിയില്‍ സഹായിക്കണം’ അമ്മ എന്നെ ഉപദേശിച്ചു തുടങ്ങി..

‘ഇവരൊക്ക പറ്റിക്കുന്നതാണെന്നേ.. നമ്മളെന്താ അവര്‍ക്ക് സ്വര്‍ണ്ണം മേടിച്ച് കൊടുക്കണോ?’ സംഭവം മുഴുവന്‍ കണ്ടുകൊണ്ടിരുന്ന ശ്രീക്കുട്ടിയും ഈ പ്രശ്നത്തില്‍ ഇടപെട്ടു..

‘കള്ളം പറയുന്നവരെ കണ്ടാല്‍ എനിക്ക് മനസിലാകും.. ഇവന്റെ കുറെ കള്ളത്തരങ്ങള്‍ കണ്ടുപിടിച്ചിട്ടുള്ളതല്ലേ ഞാന്..’ അമ്മ അഡ്വാന്‍സായി എന്നെ ഒതുക്കാന്‍ നോക്കുന്നു..

‘ആ സ്ത്രീക്ക് മക്കളെ 101പവനും കൊറോള കാറും കൊടുത്ത് കെട്ടിച്ചുവിടണമെന്നായിരിക്കും ആഗ്രഹം.. അതിനിപ്പൊ നമ്മളെന്താ ചെയ്യുക.. അരയേക്കറ് സ്ഥലം എഴുതിക്കൊടുക്കാന്‍ മേലാരുന്നോ?’ മുന്‍പു തര്‍ക്കശാസ്ത്രം കുറേ പഠിച്ചത് രക്ഷയായി.. പിടിച്ചു നിന്നു...

ഉച്ചകഴിഞ്ഞു..

കോളിംഗ് ബെല്ലടിക്കുന്നു... ഉച്ചത്തില്‍ ആരോ സംസാരിക്കുന്നു.. വാതില്‍ തുറന്നു നോക്കി..

‘ രണ്ടുമൂന്നു കോടി മുടക്കി വീടുണ്ടാക്കി വെക്കാം.. ചോദിച്ചാല്‍ തരുന്നത് പത്ത് ഉലുവാ.. ഭൂ‍ൂ‍ൂ.. ചെറ്റ.. ’ സര്‍വ്വാംഗം കലിപ്പിച്ച് പത്തുനാല്പതു വയസു തോന്നിക്കുന്ന ഒരു ചേട്ടന്‍ നില്‍ക്കുന്നു‍..

‘എന്താ ചേട്ടാ? എന്താ വേണ്ടത്?’ ഞാന്‍ അന്വേഷിച്ചു.

‘രണ്ടുമൂന്നു കോടി മുടക്കി ഇവനൊക്കെ വീടുണ്ടാക്കി വെക്കാം.. പാവപ്പെട്ടവന്‍ വല്ല സഹായോം ചോദിച്ചാല്‍ തരുന്നത് പത്ത് ഉലുവാ.. ഇവനൊക്കെ ആളാകുന്നതെങ്ങനാണെന്ന് എനിക്കറിയാം..’
അയല്വക്കത്തെ ജോണിച്ചേട്ടന്റെ വീട്ടിലേക്ക് തലകൊണ്ട് ഒന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അയാള്‍ വിശദീകരിച്ചു.. ‘ഇവന്റെയൊക്കെ അടുത്ത് എരക്കേണ്ട കാര്യമുണ്ടോ നമ്മക്ക്...? ’

‘അതേയതേ!!’ പത്തുരൂപയെങ്കിലും ഉറപ്പാക്കിയ അയാളുടെ ബുദ്ധിയോര്‍ത്ത് ഞാന്‍ ചിരിച്ചു..

‘എന്തെങ്കിലും സഹായം..’

‘ഒന്നും വേണ്ട ചേട്ടാ’ ഞാന്‍ മറുപടി കൊടുത്തു.

എന്റെ കോമഡി കേട്ട് അയാള്‍ ചിരിച്ചു..

ഞാനും ചിരിച്ചു.. കുറേനേരം.. കുറേയേറെ നേരം.... വെറുതേ ചിരിച്ചുകൊണ്ടിരുന്നു..

എന്റെ ചിരികണ്ട് കണ്ട് അങ്ങേര് വെറുത്തു കാണും.. കലിപ്പിച്ച് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി!!!

വൈകിട്ട്..

ഏറ്റുമാനൂര്‍ക്ക് പോയി.. ഉത്സവത്തിന്.. രാത്രി ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലില്‍ ചെന്നിരുന്നപ്പോഴുണ്ട്... പെണ്മക്കളെ കെട്ടിച്ചുവിടാന്‍ സഹായം ചോദിച്ചുവന്ന ചേച്ചിയും, പത്തുരൂപാ കൊടുത്ത കോടീശ്വരനെ തെറിവിളിച്ച ചേട്ടനും ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് വെട്ടിവിഴുങ്ങുന്നു...!! പെണ്മക്കള് രണ്ടെണ്ണം അപ്പുറത്തിരുന്ന് പൊറോട്ടാ വലിച്ചുപറിക്കുന്നു!!! ഈ എട്ടും പത്തും വയസ്സുള്ള കൊച്ചുങ്ങളെ കെട്ടിച്ചുവിടാനാണോ ചേച്ചി ആ കാശുചോദിച്ചത്..? ബാല്യവിവാഹം നിരോധിച്ചിരിക്കുകയാ ചേച്ചീ... ഇനി ചിലപ്പൊ കെട്ടുപ്രായം ആകുന്നതുവരെ ബാങ്കിലിടാനാരിക്കും.. ആ പിള്ളാര് അതുകൊണ്ട് രക്ഷപെടട്ടെ.. ഞാന്‍ സമാധാനിച്ചു...

അതും വളരെ കുറച്ചു സമയത്തേക്കേ ഉണ്ടായുള്ളൂ.. അതായത്.. ഭക്ഷണം കഴിഞ്ഞ് കൈകഴുകാന്‍ പോയ ആ ചേച്ചിയുടെ/ചേട്ടന്റെ അച്ഛന്‍ അതായത് ആ പിള്ളേരുടെ മുത്തച്ഛന്‍ (വല്യച്ഛന്‍) വരുന്നതുവരെ മാത്രം....

അതെ.. ആദ്യം വീട്ടില്‍ വന്ന...


നീല കൈലി... പച്ച ഷര്‍ട്ട്... എഴുപതുവയസ് പ്രായം ...!!!!



ഞാന്‍ തകര്‍ന്നു പോയി..
--------------------------------------------
ഉത്സവത്തിന് അമ്മ വരാതിരുന്നത് ഭാഗ്യമായി!!!

Tuesday, February 24, 2009

ഇന്റര്‍നെറ്റ് ‘ഡൌണ്‍ലോഡ്‘ ചെയ്യാം

ന്റര്‍നെറ്റ് മുഴുവനായി ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഓഫ് ലൈനായിരിക്കുമ്പോഴും സൈറ്റുകള്‍ സന്ദര്‍ശിക്കാനും ഇ മെയില്‍ വായിക്കാനും സാധിക്കും. നിങ്ങളുടെ പിസിയില്‍/ലാപ്ടോപ്പില്‍ ആവശ്യത്തിന് സ്ഥലമുണ്ടെങ്കില്‍ മാത്രം ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യുക. ഇതൊരു പഴയ വേര്‍ഷനാണ്. പുതിയത് ലഭ്യമാകുമ്പോള്‍ അപ്ഡേറ്റ് ഇടുന്നതാണ്. ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തവര്‍ നിരാശപ്പെടേണ്ടതില്ല. ഈ സൈറ്റുകള്‍ ഒന്ന് സന്ദര്‍ശിക്കുക.. ചിലപ്പോള്‍ പ്രയോജനം ചെയ്തേക്കും.


http://www.surfoffline.com/

http://www.httrack.com/

http://webstripper.net/

http://www.surfoffline.com/

A1 Website Download

Webaroo