Showing posts with label ഹാസ്യം. Show all posts
Showing posts with label ഹാസ്യം. Show all posts

Saturday, August 29, 2009

എക്സ്ട്രാ ഇന്‍കം

ഴിഞ്ഞ മാര്‍ച്ചു മാസത്തിലാണ് പ്രഫഷണലി പണ്ടെന്റെ ശത്രുവും അങ്ങിനെ പേഴ്സണലി പരിചയക്കാരനുമായി മാറിയ ഒരു മൊതലിനെ രണ്ടുമൂന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാണുന്നത്. മൂന്നു കൊല്ലം സ്കൂളിലേക്കും അവിടന്ന് തിരിച്ചുമുള്ള യാത്രകളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്നു ടിയാന്‍. എന്നുവച്ചാല്‍ ഇയാളാരുന്നു സ്ഥിരം ഞാന്‍ കേറുന്ന ബസിലെ കണ്ടക്ടര്‍.

അങ്ങിനെ സ്കൂളിപ്പൊക്കോണ്ടിരുന്ന ഞാന്‍ പിന്നീട് കോളേജില്‍ പോണ ഞാനായി വല്ലപ്പോഴുമൊക്കെ ടി ബസില്‍ കയറുമ്പോള്‍ ‘ദേ ഈ ലവനല്ലേ മറ്റേ ലവന്‍’ എന്ന രീതിയില്‍ രൂക്ഷമായി ഒരു നോട്ടവും ശനിയാഴ്ചകളില്‍ ഫുള്‍റ്റിക്കറ്റെടുത്ത് യാത്രചെയ്യുമ്പോള്‍ ചെറു പുഞ്ചിരി തരുന്നതും ജോലികിട്ടിക്കഴിഞ്ഞശേഷം പ്രൈവറ്റ് ബസില്‍ കയറാതെ കെ.എസ്.ആര്‍.ടി.സി ബസു നോക്കി നിക്കുമ്പോ ഏതാണ്ടു വല്ലാത്തൊരു ഭാവത്തോടെ മനസില്‍ തെറി പറഞ്ഞതും മേല്പടിയാന്‍..

ടിയാനെ കുറേനാളായി കാണാറില്ലായിരുന്നു, അതോ ഞാന്‍ ശ്രദ്ധിക്കാറില്ലായിരുന്നോ? ആവോ.. എന്തായാലും കഴിഞ്ഞ മാര്‍ച്ചില്‍ ഞങ്ങള്‍ വീണ്ടും കണ്ടു. പാലാ ബസ്റ്റാന്‍ഡില്‍ വച്ച്. എന്നേപ്പോലെ ആളാകെ മാറിയിരുന്നു. കാക്കി പാന്റല്ല, ഷര്‍ട് ഇന്‍ ചെയ്തിരിക്കുന്നു, പിന്നെ ഷൂവൊക്കെയിട്ട്... ഇനി ഞാന്‍ വിചാരിച്ചമാതിരി ഇയ്യാളു ബസുമേടിച്ചോ? [ സ്കൂളില്‍ പഠിക്കുമ്പൊ നാല്പതു പൈസാ എസ്റ്റിക്കാശിന് അമ്പതു പൈസാ കൊടുത്ത് ബാക്കി പത്തു പൈസാ തിരിച്ചുതരാത്തെപ്പൊ ‘ഈ കാശൊക്കെ മൊതലാളി അറിയാതെ പറ്റിച്ച് പറ്റിച്ച് അവസാനം ഇയാളൊരു വണ്ടിമേടിക്കും‘ എന്നു വിചാരിച്ചിരുന്നു. ]
ആലോചിച്ച് നോക്കുമ്പോഴുണ്ട്.. എന്റെനേരേ ചിരിച്ചോണ്ട് നടന്നു വരുന്നു...
- എവിടെപ്പോയി?
- ഞാനിവിടെ വരെ വന്നതാ ചേട്ടാ..
- ഇപ്പൊ എവിടെയാ ജോലി ചെയ്യുന്നെ?
- എറണാകുളത്താ..
- പേരെന്താരുന്നൂ...?
- ശ്രീക്കുട്ടന്‍
- ങാ..ഓഓ.. എന്താ കമ്പനിയിലാണോ ജോലി?
- അതേ..ഒരു സോഫ്റ്റ്വെയര്‍ കമ്പനിയിലാ..
- എങ്ങനെയുണ്ട് സാലറിയൊക്കെ? (അങ്ങാര്‍ ഭയങ്കര ക്ഷേമാന്വേഷണം..)
- മോശമല്ലാ..
- എത്രാ.. പത്തു നാല്പതു കിട്ടുമോ? (നാല്പതേ.. ഉവ്വ്വാ)
- അത്രേമില്ല, ഇച്ചിരെ കുറവാ, പത്തു പതിനഞ്ച്!!..

നമ്മളോട് ഇത്രയും ക്ഷേമം അന്വേഷിച്ചിട്ട് തിരിച്ചൊന്നും ചോദിക്കാതിരുന്നാല്‍ മോശമല്ലേ.. അതുകൊണ്ട്.. “ചേട്ടനിപ്പൊ എന്തു ചെയ്യുന്നു??” എന്നൊരു ചോദ്യമേ ഞാന്‍ ചോദിച്ചുള്ളൂ.. പക്ഷേ അതൊരു കൈവിട്ട ചോദ്യമായിരുന്നു. ബാക്കി ഇങ്ങനെ...

- “ങാ.. ഞാനിപ്പൊ ഒരു ബിസിനസ് ചെയ്യുകയാണ്. ബിസിനസെന്നു വച്ചാല്‍ അങ്ങിനെയല്ലാ. നമ്മുടെ എക്സ്ട്രാ ടൈം വെറുതേ കളയാതെ കുറച്ച് എക്സ്ട്രാ ഇന്‍കം ഉണ്ടാക്കുന്ന ഒരു ബിസിനസ്. കുറച്ചുനാളായി ഞാന്‍ പൂര്‍ണ്ണമായും ഈ ബിസിനസിലാണ്. നമ്മളീ ബാറിലോ ക്ലബിലോ ഒക്കെ പോയി ചുമ്മാ സമയം കളയാതെ മറ്റുള്ളവരോട് ഈ ബിസിനസിനേക്കുറിച്ച് ഒന്നു സംസാരിച്ചാല്‍ത്തന്നെ മാസം ലക്ഷങ്ങള്‍ ഉണ്ടാക്കാം. ഇപ്പൊത്തെന്നെ ഡോക്ടര്‍മാര്, എഞ്ചിനീയര്‍മാര്, വക്കീലമ്മാര്, എത്രയായിരംപേരാ ഈ ബിസിനസ് ചെയ്യുന്നേന്ന് അറിയാമോ?. മാന്ദ്യം ഒക്കെ വന്നപ്പഴത്തേനുമേ എല്ലാരും ഈ ബിസിനസിലേക്ക് എറങ്ങുവാ. ഇവിടത്തന്നെ അമ്പതുലക്ഷം സോഫ്റ്റ്വെയറുകാരടെ പണിപോകുമെന്നാ കേക്കുന്നെ.. ഇനി നാളെ ചെല്ലുമ്പൊ അറിയാം ശ്രീക്കുട്ടനുതെന്നെ ജോലി കാണുമോ എന്ന്.. അല്ലേ.. (പോടോ പന്നേ..!!). പറഞ്ഞപോലെ ശ്രീക്കുട്ടന്റെ നമ്പരെത്രയാ.. ഞാന്‍ ഡീറ്റെയില്‍സ് പറയാം“ പുള്ളി എന്റടുത്തൊരു നമ്പരിട്ടു!!

- “നമ്പര്.. ഞാനീ ബി.എസ്.എന്‍.എല്ലീന്ന് മാറി എയര്‍ടെല്‍ കണക്ഷനെടുത്താരുന്നേ.. പിന്നെ എം.റ്റി.എസ് എടുക്കാമെന്നോര്‍ത്തിട്ട് ഡൊകോമോ എടുക്കാമെന്നാലോചിക്കുവായതുകൊണ്ട്.. നമ്പര്.. ഉടനെ മാറും” തിരിച്ചു ഞാനുമൊരു നമ്പരിട്ടു!!

- എറണാകുളത്ത് ജോലിചെയ്യുമ്പൊ അവിടെ താമസമാരിക്കുമല്ലൊ അല്ലേ? എവിടെയാ താമസം? ഇടയ്ക്ക് ഞാനവിടെ മീറ്റിംഗിനു വരുമ്പോ വിളിക്കാം..

- താമസിക്കുവല്ലാ.. ഞാനിപ്പൊ ട്രെയിനിലു വന്നുപോവുകയാ..

- ങാ ട്രെയിനാകുമ്പൊ പരിചയക്കാരോടൊക്കെ വര്‍ത്തമാനം പറഞ്ഞിങ്ങ് പോരാമല്ലോ അല്ലേ.. നമ്മളവരോടൊക്കെ വെറുതേ സംസാരിച്ചാല്‍ മാത്രം മതി നമ്മുടെ ബിസിനസ് വളര്‍ത്തി..

- ഞാന്‍ ട്രെയിനേല്‍ കേറിയാല്‍ അന്നേരം ഉറങ്ങും. പിന്നെ സ്റ്റേഷനിലെത്തിയിട്ടേ ഉണരൂ. അതോണ്ട് ആരേം അറിയേല.

- ശ്രീക്കുട്ടാ, നമ്മുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാവണം. എങ്കിലേ അതിലേക്കുള്ള വഴി കണ്ടുപിടിച്ച് മുന്‍പോട്ട് പോകാനാവൂ. നമ്മുടെ പഴയ പ്രസിഡന്റ് മന്മോഹ..അല്ല.. മറ്റേ മുടിനീട്ടിയ.. കലാം.. കലാം പറഞ്ഞതു കേട്ടിട്ടില്ലേ.. ഭാവി സ്വപ്നം കണ്ടു വളരണം എന്ന്? ഞാന്‍ പറഞ്ഞുവന്നത് നമ്മള്‍ പത്തു കൊല്ലം കഴിഞ്ഞ് എങ്ങിനെയാവണം എന്നു ചിന്തിച്ചുകൊണ്ട് ഇപ്പോള്‍ ഒരല്പം വര്‍ക്ക് ചെയ്താല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല.

ഭാവിയിലേക്ക് ചിന്തിച്ചുകൊണ്ട് തന്നാ.. ചിഞ്ചൂന്റേം നിമിഷേടേം അഞ്ജലീടെം ക്രിസ്ത്യാനിയാണേലും വേണ്ടില്ല, അപ്പന്‍ ഡോക്ടറായകൊണ്ട് നീതൂന്റേം ഒക്കെ പിറകേ കൊറേ വര്‍ക്ക് ചെയ്തത്. ങാ.. എന്നാ പറയാനാ ചേട്ടാ.. അതൊരു കാലം. ഇനീപ്പൊ പുതിയ വല്ലോം നോക്കണം.. സ്വപ്നങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ.. അന്ന് എന്തൊക്കെ പറഞ്ഞാണ് ടിയാന്റെ മുന്‍പില്‍ നിന്ന് രക്ഷപെട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. പിന്നീട് ഇങ്ങേരേ കാണുമ്പോഴെല്ലാം അടുത്ത് കിട്ടുന്ന വാഹനത്തില്‍ - അതിപ്പൊ ഓട്ടൊയോ, ബസോ ഇനി സൂപ്പര്‍ഫാസ്റ്റ് ആയാലും - കയറി സ്ഥലം കാലിയാക്കാനും തുടങ്ങി. പറഞ്ഞു മുഷിയുന്നതിനേക്കള്‍ നല്ലതല്ലേ പത്തുരൂപാ പോകുന്നത്..

അങ്ങിനെ.. അങ്ങിനെ..

സ്വപ്നങ്ങള്‍ കണ്ടുകഴിഞ്ഞിട്ടാണോ ഭാവി സുരക്ഷിതമാക്കിയതുകൊണ്ടാണൊ വര്‍ത്തമാനം പറഞ്ഞുമടുത്തിട്ടാണോ എന്നറിയില്ല കഴിഞ്ഞാഴ്ച ബസില്‍ ടിക്കറ്റ് തന്നത് അങ്ങേരായിരുന്നു..
------------------------------------
എനിക്ക് ജോലികിട്ടിയ സമയത്താണ് പാലായില്‍ മുത്തൂറ്റിന്റെ പുതിയ ശാഖ തുടങ്ങുന്നത്. അന്ന് ഇനാഗുറേഷന് എന്നെ വിളിച്ചപ്പോ, - സംഗതി അഡ്വെര്‍ടൈസ്മെന്റ് ആണേലും - കുറച്ച് ഇന്വെസ്റ്റ് ചെയ്യുന്നോ എന്നു ചോദിച്ചപ്പോ തോന്നിയപോലെ, കോളേജില്‍ വച്ച് ആദ്യമായൊരു പെണ്‍കുട്ടി എന്നെ ‘ചേട്ടാ‘ന്നു വിളിച്ചപ്പോള്‍ തോന്നിയപോലെ, അല്പത്തരം കൊണ്ടാണെങ്കിലും ആയിരം ആഡ്സെന്‍സ് ക്ലിക്കുകള്‍ കിട്ടിയ ഒരു ബ്ലോഗറേപ്പോലെ മേല്പടി സംഭവം ഈ ചെറിയ മനസില്‍ വലിയ സന്തോഷം ഉണ്ടാക്കി, അയാളെന്നെ ഒഴിവാക്കിയില്ലല്ലോ.. ഇനിയിപ്പൊ അമ്പതുപൈസാ ബാക്കി തന്നില്ലേലും ഞാനങ്ങ് ക്ഷമിക്കും.

Tuesday, March 17, 2009

ഒരു കൊച്ചു പീഡനം

ശ്രീക്കുട്ടന്‍ ടൈം മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു. വര്‍ഷങ്ങള്‍ പിറകിലേക്ക്..
അയാളുടെ കുട്ടിക്കാ‍ലം..

“പൂപറിക്കാന്‍ പോരുന്നോ.. പോരുന്നോ അതിരാവിലെ...
ആരെ നിങ്ങള്‍ക്കാവശ്യം... ആവശ്യം അതിരാവിലെ...“

“നീതൂനെ ഞങ്ങള്‍ക്കാവശ്യം.. ആവശ്യം അതിരാവിലെ...
നീതൂനെ ഞങ്ങള്‍ക്കാവശ്യം.. ആവശ്യം അതിരാവിലെ...“


കൊച്ചുവെളുപ്പാന്‍കാലത്ത് നീതുവിനെ പൂപറിക്കാന്‍ പോവാൻ വിളിക്കുന്നതൊന്നുമല്ല.. പാവം നീതുവിനെ അതിക്രൂരമായി പീഡിപ്പിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ നടത്താറുള്ള ആക്രോശമാണ് മുകളില്‍ എഴുതിയിരിക്കുന്നത്.. തീരെ ചെറുപ്പത്തിൽ, ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിച്ച് തുടങ്ങുന്നതിനും മുന്‍പ്.. ആണ്‍കുട്ടികളും പെൺകുട്ടികളും ഒന്നിച്ച് കളിച്ചു രസിച്ചു പഠിച്ചു നടക്കുന്ന പ്രായത്തിൽ.. അന്നത്തെ ടോപ്പ് ഹിറ്റ് വിനോദ ഐറ്റമായിരുന്നു, മേല്പറഞ്ഞ പരിപാടി.. അതിങ്ങനെ..

ക്ലാസില്‍ ആകെയുള്ള 30 കുട്ടികള്‍ (16 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും..16+14=30? കറക്ടല്ലേ?? ) ഇവരെ ‘അക്കായിക്കാവെക്കമ്പൊക്കോ‘ എന്നു തുടങ്ങുന്ന ഒരു പിരിക്കൽ മന്ത്രമുപയോഗിച്ച് രണ്ട് ടീമായി തിരിക്കും. ആണ്‍കുട്ടികള്‍ 8, പെണ്‍കുട്ടികള്‍ 7 വീതം ഒരു ടീമില്.. വടം വലിക്കാരെപ്പോലെ ഈ രണ്ടു ടീമും ഇരുവശങ്ങളില്‍ നില്‍ക്കും.. ഓരോ ടീമിനും അള്‍ട്ടര്‍നേറ്റായിട്ട് എതിര്‍ഗ്രൂപ്പിലെ ഓരോ അംഗത്തെ ആവശ്യപ്പെടാം, ആവശ്യപ്പെടുന്ന ആളേ വിട്ടുകൊടുക്കാന്‍ മറ്റേ ടീം തയാറല്ലെങ്കില്‍ പിന്നെ അയാള്‍ക്കുവേണ്ടിയുള്ള വടംവലിയാണ്. അയാ‍ളെ മധ്യത്തില്‍ നിര്‍ത്തി ഇരുകയ്യുകളിലും പിടിച്ച് ടീമുകള്‍ ഇരുവശത്തേക്കും ഒരേസമയം വലിക്കും.. വടം പോലെ ഇരുവശത്തേക്കും വലിയും നടുക്കുനില്‍ക്കുന്നയാള്.. ഏതു ടീമാണോ അയാളെ വലിച്ചെടുക്കുന്നത്, ആ‍ ടീമിന് ഒരു പോയിന്റ്.. അങ്ങിനെയങ്ങിനെ മത്സരം മുന്നേറും..

ഏതു ടീമില്‍ വന്നാലും ഏറ്റവും ആദ്യം വിളിക്കുന്ന പേരായിരുന്നു, നീതുവിന്റേത്. ഞങ്ങളുടെ സ്ഥിരം പി.റ്റി.എ. പ്രസിഡന്റിന്റെ മോള്, ക്ലാസിലെ രണ്ടാം സ്ഥാനം (ഒന്ന് ആര്‍ക്കാണെന്ന് പറയണ്ട കാര്യമില്ലല്ലോ!!!), വെളുത്ത് മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി. അവളെ കിട്ടാന്‍ ഏതു ടീമാണ് ആഗ്രഹിക്കാത്തത്? അവളെ വിട്ടുകൊടുക്കാന്‍ ആര്‍ക്കു തോന്നും? ഞാനും അവളെ ആഗ്രഹിച്ചിരുന്നു, ഐ മീന്‍.. ഞങ്ങളുടെ ടീമും എന്ന്.. സോറി, എന്നേക്കാള്‍ അവളുടെമേല്‍ നോട്ടമുണ്ടായിരുന്നത് പ്രശാന്തിനായിരുന്നു. (പണ്ടുതൊട്ടേ എന്റെ ശത്രു.. എല്ലായ്പോഴും ‘ശ്രീക്കുട്ടന്റെ ടീമിൽ തന്നെ കിട്ടണേ!!’ എന്നു പ്രാർഥിച്ചിരുന്ന പെൺകുട്ടികൾ പോലും സിനിമാപ്പേരു കളിയില്‍ അവന്റെ ഒപ്പം ആയിരുന്നു, ആര്‍ക്കും അവനെ തോല്പിക്കാനാവില്ല. അതിന്റെ പേരിൽ ചെറിയ അഹങ്കാരവും അവനുണ്ടായിരുന്നു.. അവനാണ് കമലഹാസന്റെ സിനിമാ ‘മൈക്കിൾ മദൻ നടനരാജൻ’ എന്നു പറഞ്ഞ് ഞങ്ങളെ പറ്റിച്ചത്).

പതിവുപോലെ അന്നും ഞങ്ങള്‍ കളി തുടങ്ങി, ഞാനും നീതുവും ഒരു ടീമിലാണ്. പ്രശാന്ത് എതിര്‍ ടീമിലും. പ്രതീക്ഷിച്ചതുപോലെ അവര് ആദ്യം വിളിച്ചത് നീതുവിനെ.. അപ്പുറത്ത് നല്ല ഘടാഘടിയന്മാര് ജിന്റൊയും രാജീവും സുനീഷും, ഉപ്പുമാങ്ങാ ഭരണി പോലുള്ള സരിതയും മറ്റും. അതിലും വലുതാണല്ലോ നീതു കൂടെയുണ്ട് എന്ന ആത്മവിശ്വാസം.. വലി തുടങ്ങി... കട്ടക്കട്ടയ്ക്ക് ഇരുടീമും.. ആവേശം കൂടി..


അവളു കൈവിട്ടുപോകുമോ എന്ന് തോന്നിയ നിമിഷം, ഞാൻ പിടുത്തം കയ്യിൽ നിന്നും മാറ്റി അവളുടെ ഉടുപ്പിലേക്കാക്കി. അതു കണ്ടിട്ടാണോ അല്ലയോ എന്നറിയില്ല, പ്രശാന്ത് പിടുത്തം പാവാടയിലാക്കിയത്.!!
ഫലം? അതെന്താവുമെന്നു ചിന്തിക്കാനുള്ള ശേഷി അന്നില്ലല്ലോ..
ഗ്ര്വാ‍ാ‍ാ‍ാ‍ാ എന്നൊരലർച്ചയോടെ സർവ്വശക്തിയും ഉപയോഗിച്ച് വലിച്ച് ഞാനും ഞങ്ങളുടെ ടീമും ലക്ഷ്യം നേടി..., പ്രശാന്തിന്റെ കയ്യിൽ അവളുടെ പാവാടമാത്രം.!!

നീതുവാണ് ടാർജറ്റ്, പാവാടയല്ല.. സോ.. ഞങ്ങൾ തന്നെ വിജയികൾ, മുകളിൽ വീണു കെട്ടിപ്പിടിച്ചു കിടക്കുന്ന നീതുവിനെ ഒരു വശത്തേക്ക് മാറ്റിക്കിടത്തി ഞാൻ ആവശപൂർവ്വം ചാടി എണീറ്റു. യേ....

‘അയ്യേ..’

നിലവിളിച്ചുകൊണ്ട് പെൺകുട്ടികളെല്ലാം കൂടി ഓടി വന്ന് നീതുവിനു ചുറ്റും വട്ടത്തിൽ നിന്നു. പ്രശാന്ത് പാവാടയും പിടിച്ച് മിഴുങ്ങസ്യാ എന്ന് നിൽക്കുന്നു. ആരൊക്കെയോ ചേർന്ന് നീതുവിനെ എണീൽ‌പ്പിക്കുന്നു, പ്രശാന്തിന്റെ കയ്യിൽ നിന്നും പാവാട വാങ്ങിക്കുന്നു, തുണി ഉടുപ്പിക്കുന്നു, നീതു അലറിക്കരയുന്നു, ആകെ ബഹളം!!!!. എനിക്കും പ്രശാന്തിനും നാണം വന്നു.. ഹെഡ്മാസ്റ്ററുടെ മുറിയിൽ ചെന്നപ്പൊ പേടിയും..

[പക്ഷേ.. ഇപ്പോൾ രസകരമായി തോന്നുന്നുവെങ്കിലും അന്ന് അങ്ങിനെയായിരുന്നില്ല, നിസാരമായി ഞങ്ങൾ കണക്കാക്കിയ ഈ സംഭവം പാവം നീതുവിന്റെ വീട്ടിൽ ഒരു പൊട്ടിത്തെറിയായിരുന്നു.. ഈ സംഭവത്തിനു ശേഷമാണ് ആൺ-പെൺ വേർതിരിവ് ക്ലാസിലുണ്ടാവുന്നതും, മേലിൽ ആൺകുട്ടികളുമായുള്ള ഒരു പരിപാടിക്കുമില്ലെന്ന് പെൺകുട്ടികൾ തീരുമാനമെടുക്കുന്നതും, അതും ഞങ്ങളേറെ ഇഷ്ടപ്പെടുന്ന വിലാസിനി ടീച്ചറിന്റെ മകൾ നിമിഷയുടെ നേത്രുത്വത്തിൽ... ഞാൻ കണ്ട/ഞങ്ങൾ കണ്ട ആദ്യത്തെ സ്ത്രീപക്ഷവാദി!!.]


ശ്രീക്കുട്ടൻ വീണ്ടും ടൈം മെഷീൻ പ്രവർത്തിപ്പിച്ചു. വർഷങ്ങൾ മുൻപോട്ട്..

ആശുപത്രിക്കിടക്കയിലിരുന്ന് അയാൾ Injection എടുക്കാൻ വന്ന നഴ്സിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.

‘ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു... നീ....തു..????‘

‘അതേ.. ‘

‘എന്നെ അറിയുമോ??’

അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി വിടർന്ന കണ്ണുകളോടെ അവൾ ചോദിച്ചു.. ‘ശ്രീ...ക്കു...ട്ട...ൻ..!!!?’

അവൾക്ക് ആഹ്ലാദം...അയാൾക്കും...




------------------------
വീട്ടിൽ വന്ന് അയാൾ കമ്പ്യൂട്ടറിന്റെ മുൻപിലിരുന്നു. ബ്ലോഗറിൽ ലോഗിൻ ചെയ്തു. ഓർമ്മയിൽവന്നതെല്ലാം എടുത്ത് പെരുമാറി. പക്ഷേ നഴ്സ് Injection എടുത്തത് ‘എവിടെ‘ എന്നുമാത്രം എഴുതിയില്ല.. ;-)


-: ശുഭം (ആകുമോന്ന് കണ്ടറിയാം..) :-

Friday, March 6, 2009

3 ഇന്‍ 1 ഭിക്ഷാടനം

രാവിലെ

കുറച്ച് വൈകിയാണ് എണീറ്റത്. എല്ലാ അവധിദിവസവും പോലെതന്നെ.. ഒരു പത്തുമണിയായിക്കാണും.. വീടിനു മുന്‍പില്‍ നിന്നും നീട്ടിയുള്ള ഒരു വിളി കേട്ടു..
’അമ്മാ... സാറേ....‘
വിളിക്കുന്ന ടോണ്‍ കേട്ടാലേ അറിയാം ഭിക്ഷക്കാരനാണെന്ന്.. കിട്ടിയ ഒരു രണ്ടുരൂപാ തുട്ടുമെടുത്ത് വാതില്‍ തുറന്നു. ഒരു നീല കൈലിയും പച്ച ഷര്‍ട്ടുമിട്ട് പത്തെഴുപത് വയസ് തോന്നിക്കുന്ന ഒരു മനുഷ്യന്‍.
‘എന്തെങ്കിലും സഹായം ചെയ്യണേ....‘ എന്റെ നേരെ ദയനീയമായി നോക്കി കൈകൂപ്പി.
കൈയ്യിലിരുന്ന രണ്ടു രൂപാ നാണയം ആ മനുഷ്യനു കൊടുത്തു. നന്ദിപൂര്‍വ്വം അയാളതു വാങ്ങി താണുതൊഴുത് വടിയും കുത്തി മെല്ലെ മെല്ലെ ഗേറ്റ് കടന്നു പോയി. രണ്ടുരൂപകൊണ്ട് എന്താവാന്, കുറച്ചു കൂടി പൈസ കൊടുക്കാമായിരുന്നു ആ പാവത്തിന്.. ഞാനോര്‍ത്തു.

ഒരുമണിക്കൂര്‍ കഴിഞ്ഞു...

‘ചേച്ചീ.... ചേച്ചീ...‘ മുറ്റത്തുനിന്നും ഒരു സ്ത്രീശബ്ദം.. ‘ചേച്ചിയില്ലേ ഇവിടെ?’ പത്തുനാല്പതു വയസു പ്രായം തോന്നിക്കുന്ന ഒരു ചേച്ചി.. അവര്‍ക്ക് എന്നെ നല്ല പരിചയം പോലെ.. പക്ഷേ എനിക്ക് തീരെ പരിചയം തോന്നിയില്ല, ഞാനമ്മയെ വിളിച്ചു. അമ്മയ്ക്കും പക്ഷേ പരിചയമില്ലെന്ന് തോന്നുന്നു..

‘ഇടമറ്റത്താണ് വീട് (ഭരണങ്ങാനത്തിനടുത്ത്..). കാഞ്ഞിരപ്പള്ളിയിലുള്ള ഒരു ഫാമില്‍ ജോലി ചെയ്യുന്നു.‘ ആ സ്ത്രീ പരിചയപ്പെടുത്തി.. അവര്‍ക്ക് രണ്ടു പെണ്മക്കളാണത്രേ.. രണ്ടിനേയും കെട്ടിച്ചുവിടാന്‍ പ്രായമായി. ഭര്‍ത്താവ് മൂന്ന് വര്‍ഷം മുന്‍പ് ഉപേക്ഷിച്ച് പോയതുകൊണ്ട് ഇപ്പൊ ഒറ്റയ്ക്കാണ്. പെണ്മക്കളെ കെട്ടിച്ചുവിടാന്‍ ഒരു നിവ്രുത്തിയുമില്ല, അതിന് എന്തെങ്കിലും സഹായം തേടി ഇറങ്ങിയതാണ്.. ഇടയ്ക്കിടെ കരഞ്ഞുകൊണ്ട് അവര് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..

പലേ തട്ടിപ്പുകളും ഞാന്‍ കണ്ടിട്ടുണ്ട്.. ഇതും അങ്ങിനെതന്നെ ആവാന്‍ സാധ്യതയുണ്ട്. മാന്യമായ വേഷം ധരിച്ച് ആളെ പറ്റിക്കുന്ന ഒരുപാടു പേരുണ്ടീ നാട്ടില്‍..
{എന്റെ സുഹ്രുത്ത് ജെറിമോന്‍ പറഞ്ഞ ഒരു സംഭവം ഞാനോര്‍ത്തു.. ഈ അടുത്ത കാലത്ത് സംഭവിച്ചത്.. എറണാകുളം സൌത്ത് റെയില്വേസ്റ്റേഷനില്‍ വച്ച് സിനിമ സംവിധായകനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ 200രൂപാ ചോദിച്ചത്രേ.. പടം പൊളിഞ്ഞപ്പോള്‍ കാശില്ലാതായെന്ന്!!..}
(വിശദമായി പിന്നീടെഴുതാം..)

അല്പസമയം കഴിഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ അമ്മ ബാഗില്‍ നിന്ന് നോട്ടെണ്ണുന്നു.!!. കയ്യില്‍ അന്‍പതു രൂപാ!! ഇവറ്റൊക്കെ തട്ടിപ്പുകാരാണെന്ന് ഞാന്‍ വാദിച്ചു.. അമ്മയ്ക്കും അങ്ങിനെ സംശയം തോന്നിയതു കൊണ്ടൊ എന്തോ (സാധാരണ അതു പതിവില്ല..) എടുത്ത പൈസാ ബാഗിലിട്ട് രണ്ടു പത്തുരൂപാ നോട്ടുമായി അമ്മ പോയി..

‘ഇതുകൊണ്ട് എന്താവാനാ ചേച്ചീ.. രണ്ടു പെണ്മക്കളെ ഞാനെന്തു ചെയ്യും..’ ആ സ്ത്രീ വിടാന്‍ ഭാവമില്ല. പെണ്മക്കളുള്ള അമ്മയുടെ വിഷമത്തേക്കുറിച്ച് അവര്...

‘ഇവിടിപ്പൊ പൈസ ഇരിപ്പില്ല.. ഇനി ഒരു ദിവസം വരൂ’ ഒരു വിധം അമ്മ അവരെ പറഞ്ഞുവിട്ടു..

‘എടാ.. അവരെ കുറ്റം പറയുകയല്ല വേണ്ടത്.. നിവ്രുത്തിയില്ലാതെ വരുന്നവരെ ആവുന്ന രീതിയില്‍ സഹായിക്കണം’ അമ്മ എന്നെ ഉപദേശിച്ചു തുടങ്ങി..

‘ഇവരൊക്ക പറ്റിക്കുന്നതാണെന്നേ.. നമ്മളെന്താ അവര്‍ക്ക് സ്വര്‍ണ്ണം മേടിച്ച് കൊടുക്കണോ?’ സംഭവം മുഴുവന്‍ കണ്ടുകൊണ്ടിരുന്ന ശ്രീക്കുട്ടിയും ഈ പ്രശ്നത്തില്‍ ഇടപെട്ടു..

‘കള്ളം പറയുന്നവരെ കണ്ടാല്‍ എനിക്ക് മനസിലാകും.. ഇവന്റെ കുറെ കള്ളത്തരങ്ങള്‍ കണ്ടുപിടിച്ചിട്ടുള്ളതല്ലേ ഞാന്..’ അമ്മ അഡ്വാന്‍സായി എന്നെ ഒതുക്കാന്‍ നോക്കുന്നു..

‘ആ സ്ത്രീക്ക് മക്കളെ 101പവനും കൊറോള കാറും കൊടുത്ത് കെട്ടിച്ചുവിടണമെന്നായിരിക്കും ആഗ്രഹം.. അതിനിപ്പൊ നമ്മളെന്താ ചെയ്യുക.. അരയേക്കറ് സ്ഥലം എഴുതിക്കൊടുക്കാന്‍ മേലാരുന്നോ?’ മുന്‍പു തര്‍ക്കശാസ്ത്രം കുറേ പഠിച്ചത് രക്ഷയായി.. പിടിച്ചു നിന്നു...

ഉച്ചകഴിഞ്ഞു..

കോളിംഗ് ബെല്ലടിക്കുന്നു... ഉച്ചത്തില്‍ ആരോ സംസാരിക്കുന്നു.. വാതില്‍ തുറന്നു നോക്കി..

‘ രണ്ടുമൂന്നു കോടി മുടക്കി വീടുണ്ടാക്കി വെക്കാം.. ചോദിച്ചാല്‍ തരുന്നത് പത്ത് ഉലുവാ.. ഭൂ‍ൂ‍ൂ.. ചെറ്റ.. ’ സര്‍വ്വാംഗം കലിപ്പിച്ച് പത്തുനാല്പതു വയസു തോന്നിക്കുന്ന ഒരു ചേട്ടന്‍ നില്‍ക്കുന്നു‍..

‘എന്താ ചേട്ടാ? എന്താ വേണ്ടത്?’ ഞാന്‍ അന്വേഷിച്ചു.

‘രണ്ടുമൂന്നു കോടി മുടക്കി ഇവനൊക്കെ വീടുണ്ടാക്കി വെക്കാം.. പാവപ്പെട്ടവന്‍ വല്ല സഹായോം ചോദിച്ചാല്‍ തരുന്നത് പത്ത് ഉലുവാ.. ഇവനൊക്കെ ആളാകുന്നതെങ്ങനാണെന്ന് എനിക്കറിയാം..’
അയല്വക്കത്തെ ജോണിച്ചേട്ടന്റെ വീട്ടിലേക്ക് തലകൊണ്ട് ഒന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അയാള്‍ വിശദീകരിച്ചു.. ‘ഇവന്റെയൊക്കെ അടുത്ത് എരക്കേണ്ട കാര്യമുണ്ടോ നമ്മക്ക്...? ’

‘അതേയതേ!!’ പത്തുരൂപയെങ്കിലും ഉറപ്പാക്കിയ അയാളുടെ ബുദ്ധിയോര്‍ത്ത് ഞാന്‍ ചിരിച്ചു..

‘എന്തെങ്കിലും സഹായം..’

‘ഒന്നും വേണ്ട ചേട്ടാ’ ഞാന്‍ മറുപടി കൊടുത്തു.

എന്റെ കോമഡി കേട്ട് അയാള്‍ ചിരിച്ചു..

ഞാനും ചിരിച്ചു.. കുറേനേരം.. കുറേയേറെ നേരം.... വെറുതേ ചിരിച്ചുകൊണ്ടിരുന്നു..

എന്റെ ചിരികണ്ട് കണ്ട് അങ്ങേര് വെറുത്തു കാണും.. കലിപ്പിച്ച് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി!!!

വൈകിട്ട്..

ഏറ്റുമാനൂര്‍ക്ക് പോയി.. ഉത്സവത്തിന്.. രാത്രി ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലില്‍ ചെന്നിരുന്നപ്പോഴുണ്ട്... പെണ്മക്കളെ കെട്ടിച്ചുവിടാന്‍ സഹായം ചോദിച്ചുവന്ന ചേച്ചിയും, പത്തുരൂപാ കൊടുത്ത കോടീശ്വരനെ തെറിവിളിച്ച ചേട്ടനും ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് വെട്ടിവിഴുങ്ങുന്നു...!! പെണ്മക്കള് രണ്ടെണ്ണം അപ്പുറത്തിരുന്ന് പൊറോട്ടാ വലിച്ചുപറിക്കുന്നു!!! ഈ എട്ടും പത്തും വയസ്സുള്ള കൊച്ചുങ്ങളെ കെട്ടിച്ചുവിടാനാണോ ചേച്ചി ആ കാശുചോദിച്ചത്..? ബാല്യവിവാഹം നിരോധിച്ചിരിക്കുകയാ ചേച്ചീ... ഇനി ചിലപ്പൊ കെട്ടുപ്രായം ആകുന്നതുവരെ ബാങ്കിലിടാനാരിക്കും.. ആ പിള്ളാര് അതുകൊണ്ട് രക്ഷപെടട്ടെ.. ഞാന്‍ സമാധാനിച്ചു...

അതും വളരെ കുറച്ചു സമയത്തേക്കേ ഉണ്ടായുള്ളൂ.. അതായത്.. ഭക്ഷണം കഴിഞ്ഞ് കൈകഴുകാന്‍ പോയ ആ ചേച്ചിയുടെ/ചേട്ടന്റെ അച്ഛന്‍ അതായത് ആ പിള്ളേരുടെ മുത്തച്ഛന്‍ (വല്യച്ഛന്‍) വരുന്നതുവരെ മാത്രം....

അതെ.. ആദ്യം വീട്ടില്‍ വന്ന...


നീല കൈലി... പച്ച ഷര്‍ട്ട്... എഴുപതുവയസ് പ്രായം ...!!!!



ഞാന്‍ തകര്‍ന്നു പോയി..
--------------------------------------------
ഉത്സവത്തിന് അമ്മ വരാതിരുന്നത് ഭാഗ്യമായി!!!

Saturday, February 21, 2009

പിരിവുത്സവാശംസകള്‍..

ക്തജനങ്ങളെ,

ശ്രിതവത്സലനായ ശ്രീവിജയന്‍ സാറിന്റെയും അഭീഷ്ടവരദായകനായ ശ്രീഅച്ചുമാമന്റെയും ചൈതന്യത്താല്‍ ഭക്തരുടെ ആശ്രയകേന്ദ്രമായി വിളങ്ങുന്ന മലയാളനാട്ടിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് മഹോത്സവം പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം ഏവരേയും അറിയിച്ചുകൊള്ളട്ടെ. പവിത്രമായ ആചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഉത്സവപരിപാടികള്‍ ആകര്‍ഷകവും ഭക്തിനിര്‍ഭരവുമായി നടത്തുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പീബീ നാമത്തില്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
എന്ന്
സെക്രട്ടറി

ആലപ്പുഴ
01-02-09



-: പ്രധാന കലാ പരിപാടികള്‍ :-


ഒന്നാം ഉത്സവം

വൈകിട്ട് 6.00ന് : കൊടിയേറ്റ്

രണ്ടാം ഉത്സവം

7.00 മുതല്‍ : സംഗീതാര്‍ച്ചന
വോക്കല്‍ : സര്‍വ്വശ്രീ കൊടികീറി ഗോപാലക്രുഷണന്‍
മ്രുദംഗം : ഷൊര്‍ണൂര്‍ മുരളി
വയലില്‍ : സേവ്യര്‍ മനോഹരന്‍ മാത്യു
കടം : കേന്ദ്രം

മൂന്നാം ഉത്സവം

7.30ന് : പൂരപ്പാട്ട്
(സുധാകര ഭക്തജന കളരി സംഘം, അമ്പലപ്പുഴ)

നാലാം ഉത്സവം

8.00ന് : സാംസ്കാരികനാടകം : “ഒന്നുകില്‍ പീബീടെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്“
അവതരണം : ലൌലിന്‍ കമ്യൂണിക്കേഷന്‍സ്, തായ്‌വാന്‍

അഞ്ചാം ഉത്സവം
ചെന്നിവേട്ട

8.00 മുതല്‍ : മിമിക്സ് ഗാനമേള
(ടീകോം ഓര്‍ക്കസ്ട്രാ, ദുബായ്)

ആറാം ഉത്സവം
ആറാട്ട്

10ന് : മേജര്‍സെറ്റ് കഥകളി:- അച്ച്യുതവധം മൂന്നാം ദിവസം
രംഗത്ത് : കലാമണ്ഡലം വിജയന്‍, കലാമണ്ഡലം അച്ചുതന്‍, മേജര്‍ രവി



-*-*-*-*-*-*-*-*-*-
N.B;
കൊടികളും തോരണങ്ങളും പാര്‍ട്ടി ആപ്പീസില്‍ നിന്നും ലഭിക്കുന്നതാണ്. അര്‍ച്ചനയ്ക്കുള്ള ചെരിപ്പുകള്‍ അവരവര്‍ തന്നെ കൊണ്ടുവരണം. പരിപാടിയില്‍ തോന്നുന്നപോലെ മാറ്റങ്ങള്‍ വരുത്തുവാന്‍ പിബിക്ക് അധികാരമുണ്ടായിരിക്കും.
ശബ്ദവും വെളിച്ചവും : അഹൂജ ആന്‍ഡ് എസെന്‍സി.

എഴുന്നള്ളിപ്പ് ആനകള്‍ ‍:
ഗജരാജന്‍ സുധാകര്‍ അമ്പലപ്പുഴ, പാമ്പാടി രാജന്‍, വൈക്കം ശശി.
-----------------------------------------------------
വിശദമായ നോട്ടീസ് ശിവകാശിയില്‍ അച്ചടിക്കുന്നതേ ഉള്ളൂ, പിന്നീട് കൊണ്ടുവരും. ആദ്യം സംഭാവന കൊട്..


ഹാപ്പി മഹാശിവരാത്രി എവരിവണ്‍..!!

Tuesday, February 17, 2009

അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്‍ ഉള്ള ഫാമിലി!!


കൊച്ച്, കൊച്ചിന്റെ അച്ഛന്‍, അതിന്റെ അച്ഛന്‍, അതിന്റെ അച്ഛന്‍, അതിന്റെ..അതിന്റെ..




ദേ കെടക്കുന്ന കിടപ്പുകണ്ടോ.. നോക്കുന്ന നോട്ടം കണ്ടോ..
നീയാണെടാ.. താരം.. വെറും പതിമൂന്ന് വയസ്.. എന്നുവച്ചാല് ഞാനൊക്കെ ഏഴാം ക്ലാസില്‍ പഠിക്കുമ്പൊ നാനായിലേം സിനിമാമംഗളത്തിലേം സെന്റര്‍പേജ് കണ്ട് ഞെട്ടിയ പ്രായം.. ഒണക്കമടലുവെട്ടി ക്രിക്കറ്റ് കളിച്ചു നടന്ന പ്രായം.. ഇവന്‍ ഈ പ്രായത്തില്.. ഹോ.. സ്മാര്‍ട്ട് ബോയ്..
അച്ഛനും മകള്‍ക്കും ഇനി ഒരു സ്കൂളില് പഠിക്കാമല്ലോ.
ഈ പോക്ക് മകളും പോയാല്.. 26‍ാമത്തെ വയസില്‍ മുത്തച്ഛന്‍.. 39‍ാമത്തെ വയസില്‍ മുതുമുത്തച്ഛന്‍..50,60.. പത്തെഴുപത് വയസാകുമ്പോഴേക്ക് ഒരു പഞ്ചായത്താ‍ക്കാന്മാത്രം ആളുകള് വീട്ടില്.. !!
ബെസ്റ്റ് ഫാമിലി..

ഇവിടെ ഞങ്ങള്.. വയസ് ഇരുപത്തഞ്ചായി.. ഇതുവരെ ഒരു കല്യാണ ബ്രോക്കറുപോലും പറയുന്നില്ല പ്രായമായെന്ന്..
എന്തു ചെയ്യാന്‍.. ജനിക്കുവാണേല്‍ ബ്രിട്ടനില്‍ ജനിക്കണം.. ഇവിടെ ഓരോ കൊല്ലം കഴിയുമ്പോഴും പെന്‍ഷന്‍ പ്രായം.. സോറി.. കല്യാണപ്രായം ഉയര്‍ത്തണം എന്നല്ലേ പറയുന്നത്. ഇവിടെ കുറെ സദാചാര സേന ഉള്ളതുകാരണം ഡിങ്കോള്‍ഫി ചെലപ്പൊ പൊല്ലാപ്പാവേം ചെയ്യും. ന്നാലും.. ആ സംസ്കാരത്തിന്റ്റെ മഹത്വം.. അതിവിടെ വരുമോ..

ആക്ച്വലി.. എങ്ങനെ ഒപ്പി.. അല്ലെങ്കില്‍ വേണ്ട.. ഞാന്‍ ചോദിക്കുന്നില്ല.. പിന്നെ അയലോക്കത്തെ ചേട്ടന്മാര് ചിലര് അവകാശം പറഞ്ഞ് എത്തിയിട്ടുണ്ടല്ലേ.. D.N.A എങ്കില്‍ D.N.A.. അഭിമാനം വിട്ടുകൊടുക്കരുത്.. ഇനി എത്രപേര് വരാനിരിക്കുന്നോ.. ആര്‍ക്കറിയാം..

ഏതായാലും ആല്‍ഫിക്കും ഷാന്റിലിനും പിന്നെ മെയ്സിക്കും ആശംസകള്‍..

---
ബ്രിട്ടണിലായതു കൊണ്ട് കേസൊന്നും ഇല്ല എന്നു തോന്നുന്നു.. ഇവിടെ ഉള്ള ഏതെങ്കിലും പയ്യനാരുന്നെങ്കിലോ? കുറെ സദാചാര സേന രംഗത്തിറങ്ങും.. അവരെ വിമര്‍ശിച്ച് ബാക്കി ഉള്ളവരും..
സംഗതി കൂടുതല്‍ ജനകീയമാകും.. എല്ലാരും കണ്ടുപഠിക്ക്..

Friday, February 13, 2009

ഞങ്ങളുടെ വിവാഹം നടത്തി തരണേ.. ഹരേ രാമ..

സ്നേഹമുള്ള മുത്ത് അണ്ണന്,

താങ്കളേക്കുറിച്ച് ഈയിടെയായി ഞങ്ങള്‍ ഒരുപാട് കേള്‍ക്കുന്നുണ്ട്. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ പ്രതിരൂപമാണെന്നൊക്കെ. അങ്ങയേപ്പോലൊരാള്‍ ഈ അടുത്തെങ്ങും.. ഒരുപക്ഷേ അഫ്ഗാനിലും സൌദിയിലും ഒക്കെ കണ്ടേക്കാം, പക്ഷേ ഇന്ത്യയില്‍ അങ്ങൊരു അത്യപൂര്‍വ്വ ഒരു പ്രതിഭാസമാണ് . അങ്ങയേപ്പറ്റി ഇവിടെ (സോറി, ഇത് ബൂലോകം.. ബ്രഹ്മാവിനേക്കാളും വല്യ സ്രുഷ്ടികര്‍ത്താക്കളാണ് ഇവിടം മുഴുവന്‍..) ചില അല്പബുദ്ധികള്‍ പലതും പറഞ്ഞ് കേട്ടിരുന്നു. പക്ഷേ അങ്ങ് അതിലും എത്രയോ ഉയരത്താണ്. വാനര സൈന്യത്തോടൊപ്പം അങ്ങ് നടത്തിവരുന്ന യുദ്ധം അതിന്റെ പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്തട്ടെ എന്ന് ആശംസിക്കുന്നു. (അല്ലെങ്കില്‍ തന്നെ ഇപ്പൊ ഭാര്യയെ പേടിച്ച് ഭര്‍ത്താവിന് ഒളിച്ചിരിക്കാന്‍ പറ്റുന്ന ഒരേ ഒരു സ്ഥലമാണ് ബാറ്. ഇനി അവിടേം ഇവളുമാര് കേറിവന്നാല്‍ എന്ത് ചെയ്യുമെന്ന് പറ!!)

ഇനി ഞങ്ങളുടെ പ്രശ്നം പറയാം..
വാലന്റൈന്‍ ആരാണെന്നും വാലന്റൈന്‍സ് ഡേ എന്നാണെന്നും അറിയുന്നതിനു മുമ്പേ പ്രണയിച്ചുതുടങ്ങിയവരാണ് ഞങ്ങള്‍.. ഞങ്ങളിങ്ങനെ മറ്റാരേയും അറിയിക്കതെ പ്രണയം ഉള്ളിലൊതുക്കി നടക്കാന്‍ തുടങ്ങിയിട്ട് കൊല്ലം കുറേ ആയി, പക്ഷേ വീട്ടുകാര് ഞങ്ങളെ ഒന്നിക്കാന്‍ അങ്ങ് സമ്മതിക്കുന്നില്ല . ഞങ്ങളുടെ കല്യാണം നടത്തിത്തരാന്‍ സമ്മതിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞുകഴിഞ്ഞിരിക്കുന്നു.. ഞങ്ങളുടെ നാടിന്റെ പ്രത്യേക മതേതര സ്വഭാവം കാരണം കെട്ടിയാല്‍ പിന്നെ ജീവനോടെ ഉണ്ടാവുമോ എന്ന് ഭയവുമുണ്ട്. ഇനി അങ്ങു മാത്രമാണ് ഞങ്ങളുടെ ഏക ആശ്രയം.. കൈവിടരുത്..

ഒരുഗതിയും പരഗതിയുമില്ലാതെ വിഷമിക്കുന്ന, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ ചുണ്ടുകള്‍ പരസ്പരം കടിച്ചുപറിച്ച് തിന്നുന്ന, ഉടുതുണിക്ക് മറുതുണി!! ഇല്ലാത്ത, പാര്‍ക്കിലും ബീച്ചിലും താമസിക്കുന്ന പാവം കമിതാക്കളെ അങ്ങ് വിവാഹം കഴിപ്പിച്ച് ഒരു കുടുംബമാക്കുന്നു എന്നറിഞ്ഞു.

ദയവായി ഞങ്ങളുടെ കല്യാണം കൂടി ഒന്ന് നടത്തിത്തരണം..പ്ലീസ്..

കഴിഞ്ഞ തവണ താക്കറെ ചേട്ടനോട് പറഞ്ഞതാ.. പക്ഷേ സമ്മതിച്ചില്ല. അങ്ങേക്കെങ്കിലും കനിവുണ്ടാകണം..
എങ്ങിനെ എവിടെ വന്ന് നിക്കണം എന്ന് പറഞ്ഞാല്‍ അവിടെ എത്തിക്കോളാം. മംഗലാപുരത്തോ? അതോ ബാംഗ്ലൂരോ? എങ്ങിനെയാണ് കല്യാണത്തിന്റെ ചിട്ടവട്ടങ്ങള്‍? താലിയും മറ്റും ഞങ്ങള്‍ തന്നെ കൊണ്ടുവരണോ അതോ താങ്കളുടെ ആളുകള്‍ കൊണ്ടുവരുമോ? അതുപോലെ വീഡിയോക്കാരും ബാക്കി സംഭവങ്ങളും. കല്യാണത്തിന്റെ വീഡിയോ ഡീവീഡിയിലും സീഡിയിലും വേണം, കാസറ്റിന്റെ പരിപാടി ഇപ്പൊ ഇല്ലല്ലൊ.. (മുമ്പ് ചേച്ചീടെ കല്യാണത്തിന്റെ കാസറ്റാരുന്നേ.. അത് മുഴുവന്‍ ചുമ്മാ ഇരുന്ന് പൂപ്പല്‍ പിടിച്ചു.. )

പിന്നെ ഫസ്റ്റ്നൈറ്റ്, അതേപ്പറ്റിയൊന്നും ഇപ്പൊ ചോദിക്കുന്നില്ല. അതൊക്കെ എല്ലാം അറിഞ്ഞ് വേണ്ടപോലെ ഏതെങ്കിലും ഹോട്ടലില്‍ അറേഞ്ച് ചെയ്താല്‍ മതി.

പിന്നെ നേരത്തേ ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയി,
‘ജെട്ടിക്കു പകരം സാരി‘ എന്നൊരോഫര്‍ ഉണ്ടെന്നറിഞ്ഞു. സാരി ഞങ്ങള്‍ക്കും വേണം. കാഞ്ചീപുരം, ബനാറസ് പട്ടുസാരികള്‍ ആണെങ്കില്‍ സന്തോഷം. പകരം ജെട്ടികള്‍ എത്രവേണമെങ്കിലും തരാന്‍ തയ്യാറാണ്.. പഴയ V.I.P ജെട്ടികള്‍ മുഴുവന്‍ തന്നേക്കാം . പക്ഷേ സാരി പുതിയതു തന്നെ വേണം..
(മുംബെയില്‍ വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ നാഗമ്പടം മൈതാനിയില്‍ കൊണ്ടു വില്‍ക്കുന്ന 39രൂഭാ ടൈപ്പാണെങ്കില്‍ വേണ്ട..)

ഒത്തിരി പ്രതീക്ഷയോടെ...

ക്രിഷ് & സിലു
(ക്രുഷ്ണന്‍കുട്ടി & സിസിലിക്കുട്ടി)

[ ബൂലോകരേ.. ഭാഗ്യമുണ്ടെങ്കില്‍ ഞങ്ങളെ എക്സ്ലൂസീവ് ന്യൂസായി ടിവിയില്‍ കാണാം.. ]

----------------------------------------------------------

ഈ വാലന്റൈന്‍സ് ഡേ നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നത് വി.ഐ.പി. ഫ്രഞ്ചി.

ഇറോസ് ദേവന്‍ നിങ്ങളെ രക്ഷിക്കട്ടെ..

വാലന്റൈന്‍ ദിനം കഴിഞ്ഞ് പത്തു മാസം തികയുന്നതിനു മുന്‍പ് ഇവിടെ ശിശുദിനം ആഘോഷിക്കുന്നു..

“ഒന്നുകില്‍ വാലന്റൈന്‍സ് ദിനം ഒരു മാസം പിന്നോട്ടാക്കുക..
അല്ലെങ്കില്‍ ശിശുദിനം ഒരു മാസം മുന്നോട്ട്..”
: രാവണസേന

Wednesday, February 11, 2009

പ്രവര്‍ത്തകരെ ആവശ്യമുണ്ട്

ശ്രീമതി സോണിയാജിയുടെ നേത്രുത്വത്തില്‍ ന്യൂഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ.ഐ.സി.സി, അനുബന്ധ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിവിധ പോസുകളിലെ താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇലക്ഷന്‍ കഴിയുന്നതുവരെയാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാ‍ന തീയതി മാര്‍ച്ച് 10.

01s/09. ജനാധിപത്യം,മതേതരത്വം തുടങ്ങി ഇല്ലാത്ത സംഗതികളുടെ പേരില്‍ കഴുതകളെ ജനങ്ങളാക്കിക്കൊണ്ട് വോട്ടു ചെയ്യിച്ച് വിജയിക്കാന്‍ കഴിവുള്ള യുവജനങ്ങള്‍ക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. നിലവില്‍ 500 ഒഴിവുകളാണുള്ളത്. പ്രായപരിധി 50നും 95നും മധ്യേ. ഹിന്ദി എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എ.ഐ.സി.സി ആസ്ഥാനത്ത് ചായകൊണ്ടു കൊടുത്തും തൂപ്പുവേല ചെയ്തും പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

02s/09. പ്രസ്താവനകള്‍ ഇറക്കുന്നതിലേക്കായി നാക്കിന് നീളക്കുടുതലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നു. സംസ്ഥാന തലത്തില്‍ പ്രസംഗ പ്രസ്താവന മത്സരങ്ങളില്‍ വിജയം നേടിയവരാകണം.

*
*

07s/09. പഞ്ചായത്തുകള്‍ തോറും നടന്ന് കവലപ്രസംഗങ്ങള്‍ നടത്തേണ്ടവരെയും കയ്യടിക്കേണ്ടവരുടെയും എണ്ണം അതതു ജില്ലാ നേതാക്കന്മാര്‍ക്ക് കിട്ടിയ കാശിനനുസരിച്ച് തീരുമാനിക്കും. ഇനി മറ്റവന്മാരുടെ തല്ലെങ്ങാനും വന്നാല്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെ മുറുകെപ്പിടിച്ച് ഓടാന്‍ തയ്യാറുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

(മിച്ചമുള്ള അപേക്ഷകരെ ഒഴിവു വരുന്നതനുസരിച്ച് നേരിട്ട് രാജസഭയിലേക്ക് പറഞ്ഞുവിടുന്നതായിരിക്കും.. )

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡ്ഡ്ഗ്ഗദ്ദപ്പ്ങ്ങഞ്ര്ര്വ്വ്യ്യ്ദ്ദ്രീ എന്ന സൈറ്റ് സന്ദര്‍ശിക്കുക. (ഇതു മനോരമ പത്രത്തില്‍ നിന്നാ...!! )

അപേക്ഷകള്‍ അയക്കേണ്ട വിലാസം:
ആര്‍ ഗാന്ധി
C/o മിസ്സിസ് ഗാന്ധി
10 ജന്‍പഥ്
ന്യൂഡല്‍ഹി

----------------------------------

കേരള രക്ഷ, ‘ഞങ്ങടെ‘ രക്ഷ

കേരളത്തെ രക്ഷിക്കണമെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ ദേ കാസര്‍ഗോഡ് നിന്നും പുറപ്പെട്ടിരിക്കുന്ന കേരള രക്ഷാമാര്‍ച്ച് നിങ്ങള്‍ ഒരു വന്‍ വിജയമാക്കി മാറ്റണം..
കേരളം മാത്രം അല്ല.. രാജ്യത്തിന്റെ മൊത്തം മതേതര സ്വഭാവം കാത്തുസൂക്ഷിക്കാന്‍ ഇപ്പൊ ഞങ്ങള്‍ക്ക് മാത്രമേ കഴിയൂ..

സോണിയാജിയുടെ കരങ്ങള്‍ക്ക് ശക്തി പകരുക എന്നതാണ് നമ്മുടെ പണി.
അത് ഇന്ന രീതിയില്‍ വേണമെന്നൊന്നുമില്ല, കോണിക്കാരും, റബറിലക്കാരും ഒക്കെ തന്നാല്‍ കഴിയുന്ന രീതിയില്‍ ഒന്നു സഹായിക്കുക..
ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക.. രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സോണിയാജിക്കും രാഹുലിനും മാത്രമേ കഴിയൂ.. സ്വപ്നത്തില്‍ കണ്ടകാര്യം ഭാര്യയോടും മകനോടും അല്ലാതെ മറ്റാരോടും പുള്ളി പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ...

----------------------------------

പ്രസംഗം

കാറളത്തിളെ മാണ്യറയ കാംഗ്രസ് പ്രവ്ര്‍ത്തകറ്ക്ക് എണ്ടെ നംഷ്കാറം
(കയ്യടി..)
കാറളം എണിക്ക് എണ്ടെ ഷ്വണ്ടം വീഡ് പോളെയണ്.
(വീണ്ടും കയ്യടി..)
ഐ ആം മോര്‍ കംഫര്‍ട്ടബിള്‍ വിത് ഇംഗ്ലീഷ്..സോ..

ഇനി ഇതുപോലുള്ള എത്ര പ്രസംഗങ്ങള്‍ നമ്മള്‍ കേള്‍ക്കണം.. ഹോ..

നാളെ: മറ്റോന്മാര്

Tuesday, February 3, 2009

ശത്രുക്കളുടെ ഗൂഗിള്‍ അക്കൌണ്ട് ഹാക്ക് ചെയ്യൂ..

ഹാക്കിംഗ് പഠിക്കാം.. ഈസിയായി..
ഗൂഗിള്‍ അക്കൌണ്ട് ഹാക്ക് ചെയ്യുന്നതിനുള്ള ഒരു വഴി ഇവിടെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ പാസ്വേര്‍ഡ് മറന്നുപോകുമ്പോള്‍ ഗൂഗിള്‍ സാധാരണ ചെയ്യാറുള്ള ഒരു പരിപാടിയാണിത്. ഗൂഗിള്‍ ഇത് കണ്ടുപിടിക്കും മുന്‍പ് ചെയ്ത് നോക്കിക്കൊള്ളുക.. നിങ്ങളുടെ ശത്രുക്കളുടെ ബ്ലോഗും ജിമെയില്‍ അക്കൌണ്ടും നശിപ്പിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമാണിത്...
ഒന്ന്:
നിങ്ങളുടെ സ്വന്തം ജി.മെയില്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക.
ശ്രദ്ധിക്കുക: നിങ്ങളുടെ അക്കൌണ്ട് ഒരാഴ്ചയെങ്കിലും ഉപയോഗിച്ചിട്ടുള്ളതാവണം. അല്ലെങ്കില്‍ ഇതു സ്പാം ആണെന്നു കരുതി ഗൂഗിള്‍ മൈന്‍ഡ് ചെയ്യില്ല.
രണ്ട്:
അക്കൌണ്ടില്‍ കയറിക്കഴിഞ്ഞാല്‍, “ x*******x@gmail.com “ എന്ന ഗൂഗിള്‍ സെര്‍വറിലേക്ക് ഒരു മെയില്‍ അയക്കുകയാണ് വേണ്ടത്. പാസ്വേര്‍ഡ് മറന്നുപോയവര്‍ക്ക് വേണ്ടിയുള്ള ഒരു ഓട്ടോമേറ്റഡ് സെര്‍വറാണിത്. ഇവിടെ നിങ്ങള്‍ ചെയ്യുന്നത് എന്തെന്നാല്‍ -
നിങ്ങളുടെ പാസ്വേര്‍ഡ് മറന്നുപോയി എന്നു സെര്‍വറിനെ തെറ്റിധരിപ്പിച്ച് സെര്‍വറിനേക്കൊണ്ട് അത് വീണ്ടും അയക്കുകയാണ്. ഇനി ശ്രദ്ധിക്കുക...
മൂന്ന്:
സബ്ജക്ട് ലൈനില്‍ : “ userpassword retrieve “ എന്ന് ടൈപ്പ് ചെയ്യുക..
(കെയ്സ് സെന്‍സിറ്റീവാണ്.. )
നാല്:
ഇനി മെസേജിന്റെ ഒന്നാമത്തെ ലൈനില്‍ നിങ്ങള്‍ക്ക് ആരുടെ ഇ-മെയില്‍ അഡ്രസ് ആണോ ഹാക്ക് ചെയ്യേണ്ടത് അത് ടൈപ്പ് ചെയ്യുക.
അഞ്ച്:
രണ്ടാമത്തെ ലൈനില്‍ നിങ്ങളുടെ ഇ-മെയില്‍ അഡ്രസ് ടൈപ്പ് ചെയ്യുക (ഈ അഡ്രസിലേക്കാണ് പാസ്വേര്‍ഡ് അയച്ചുതരുന്നത്.)
ആറ്:
മൂന്നാമത്തെ ലൈനില്‍ നിങ്ങളുടെ പാസ്വേര്‍ഡ് ടൈപ്പ് ചെയ്യുക.
ഇത് ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍വറിന് നിങ്ങള്‍ ഒരു സ്പാം ആണോ എന്ന് ഉറപ്പുവരുത്തുന്നതിനു മാത്രമാണ്. നിങ്ങള്‍ അയക്കുന്ന മെയില്‍ ഒരു മെഷീനിലേക്കാണ് ചെല്ലുന്നത്. ബാക്കി കാര്യങ്ങള്‍ അഡ്മിനിസ്റ്റ്റേഷന്‍ സെര്‍വര്‍ നോക്കിക്കൊള്ളും. മെയില്‍ അയച്ചു കഴിഞ്ഞ് ലോഗൌട്ട് ചെയ്യാന്‍ മറക്കരുത്.
ഏഴ്:
അവസാനമായി നിങ്ങള്‍ മെയില്‍ അയക്കുന്നതിനു മുന്‍പായി നാലാമത്തെ ലൈനില്‍ താഴെക്കാണുന്ന വിധം ടൈപ്പ് ചെയ്യുക
[9236xrc-code1/password-recovery]-gmail.retrieve=staff/relative=immediate[നിങ്ങളുടെ ഇ-മെയില്‍ അഡ്രസ്*].xprc.send=user.auth.mailteam//++3546pwrd24892mail8480+[/9236xrd]
(*നിങ്ങളുടെ ഇ-മെയില്‍ അഡ്രസ് സ്ക്വയര്‍ ബ്രാക്കറ്റിനുള്ളില്‍ നല്‍കുക)
എട്ട്:
ഇനി നിങ്ങള്‍ക്ക് മെയില്‍ അയക്കാം.. അതിനു ശേഷം ലോഗൌട്ട് ചെയ്യുക
കുറച്ചു മിനിറ്റുകള്‍ക്കകം പാസ്വേര്‍ഡ് മെയിലില്‍ വന്നിട്ടുണ്ടാകും..
ഹാപ്പി ഹാക്കിങ്ങ്.... ആശംസകള്‍


************
ഇത് എന്താണെന്ന് എല്ലാവര്‍ക്കും മനസിലായിട്ടുണ്ടാവും എന്നു കരുതുന്നു...
മനസിലായില്ലെങ്കില്‍ മേല്പറഞ്ഞ സംഗതി ഒന്നു ചെയ്തു നോക്കുക.. അപ്പൊ കുഴപ്പം മനസിലാവും..!!
ആരും ഇത് പരീക്ഷിക്കില്ല എന്നു വിശ്വസിക്കുന്നു..

update @ 3.00pm..
എനിക്ക് ഫോര്‍വേര്‍ഡായി കിട്ടിയ ഒരു മെയില്‍ ആണിത്.. മലയാളം ആക്കി എന്നു മാത്രം..
ഇവിടെ നിങ്ങള്‍ അയക്കുന്ന മെയില്‍ ഗൂഗിള്‍ സെര്‍വറുമല്ല, ഒരു കോപ്പുമല്ല.. ഏതോ ഒരു ഫ്രാഡിന്റെ മെയിലാണ്‍. നിങ്ങളുടെ പാസ്വേര്‍ഡ് അയാള്‍ക്ക് അയച്ചുകൊടുക്കാനുള്ള ഒരു തന്ത്രമാണത്... ആരെങ്കിലും ഇതു വായിക്കും മുന്‍പ് മെയില്‍ അയച്ചിട്ടുണ്ടെങ്കില്‍ എത്രയും പെട്ടന്ന് പാസ്വേര്‍ഡ് മാറ്റുക..


Saturday, January 24, 2009

ക്ഷേത്രങ്ങളില്‍ നിന്നും ഇനി പി.എച്ച്.ഡി. എടുക്കാം..

ദ്രസകളില്‍ നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്‍ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷയങ്ങളില്‍ നാലാംക്ലാസ് യോഗ്യത മുതല്‍ PhD വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഉന്നയിച്ച് വര്‍ഗീയശക്തികള്‍ മുതലെടുപ്പ് നടത്താതിരിക്കാനാണ് ഈ നീക്കം എന്നറിയുന്നു.

രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം, തിരുപ്പതി, മൂകാംബിക, പുരി ജഗന്നാഥക്ഷേത്രം എന്നിവയാണ് ഐ.ഐ.റ്റി പദവിയുള്ള ക്ഷേത്രങ്ങള്‍. ഓരോ ക്ഷേത്രങ്ങളിലേയും കോഴ്സുകളും പ്രവേശനരീതിയും തീരുമാനിക്കാനുള്ള അധികാരം ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

കേരളത്തിന് ഐ.ഐ.റ്റികളോ ഐ.ഐ.എമ്മുകളോ ഇല്ല.
എന്നാല്‍ അമ്രുതാനന്ദമയി മഠം സ്വയംഭരണാവകാശമുള്ള സര്‍വകലാശാലയാക്കി നിലനിര്‍ത്തും.
സാമ്പത്തിക ക്രമക്കേടുകളുടെ സര്‍വ്വകലാശാലകളായിട്ടും ശബരിമലയ്ക്കും ഗുരുവായൂരിനും ഐ.ഐ.എം പദവി ലഭിക്കാത്തത് കേരളീയരെ നിരാശയിലാഴ്ത്തി. ത്രുശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തിന് അഞ്ഞൂറേക്കര്‍ സ്ഥലം കൂടി ഏറ്റെടുത്ത് നല്‍കിയാല്‍ അവിടെ ഐ.ഐ.റ്റി അനുവദിക്കുന്ന കാര്യം പരിഗണിക്കും. ഇപ്പോള്‍ ഐ.ഐ.ഇ.എസ് പദവിയാണ് ലഭിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം കേരള രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സ്രുഷ്ടിച്ചേക്കും.
രാഷ്രീയക്കാരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭ്യമായിട്ടുള്ളത്.

കേരളത്തോട് മാത്രം കേന്ദ്രം തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിരാതവും ബീഭത്സവും ആയ നടപടി എന്നു വിശേഷിപ്പിച്ച അദ്ദേഹം പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറണമെന്നും ആവശ്യപ്പെട്ടു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ അടുത്തമാസം 7ന് ഹര്‍ത്താലാചരിക്കും.

“ജയ് ഗുരുവായൂരപ്പ.. ഇതല്പം നേരത്തേ തുടങ്ങിയിരുന്നെങ്കില്‍ എന്റെ മകന് ഈ അവസ്ഥ വരില്ലായിരുന്നു.. നല്ല വിദ്യാഭ്യാസം നല്‍കാമായിരുന്നു.“ ലീഡര്‍ അഭിപ്രായപ്പെട്ടു.

പള്ളികള്‍ക്ക് അനുവദിച്ചു കൊടുക്കാത്ത ഒന്നും തങ്ങള്‍ക്കും വേണ്ട എന്ന നിലപാടാണ് എന്‍.എസ്.എസ് എടുത്തിരിക്കുന്നത്. “ചങ്ങനാശേരി അതിരൂപതയുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും.“ സെക്രട്ടറി പറഞ്ഞു.

“ഹിന്ദുക്കള്‍ ചിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്കെന്തു കിട്ടി” എന്ന പരാതിയുമായി കെ. എം. മാണി ഡെല്‍ഹിക്ക് വണ്ടികയറിയിട്ടുണ്ട്. ഭരണങ്ങാനം പള്ളിയും പാലാ കുരിശുപള്ളിയും കടപ്പാട്ടൂര്‍ അമ്പലവും ഐ.ഐ.റ്റി ആക്കുക എന്നതാണ് പ്രാഥമിക ആവശ്യം. ജോസുമോന് എം.പി പദവി ലഭിച്ചാല്‍ അദ്ദേഹം പരാതി പിന്‍വലിക്കുമന്നറിയുന്നു.

ഇവിടെ എന്തു ചെറ്റത്തരവും കാണിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടന്ന് ദേവസ്വം മന്ത്രി അറിയിച്ചിട്ടുണ്ട്. കോടതി ഇടപെട്ടാലും ഞങ്ങള്‍ക്ക് പുല്ലാണ്.
“വിശ്വാസികളായ ഒരു തെണ്ടിക്കും അഡ്മിഷന്‍ അനുവദിക്കില്ല. എന്‍.എസ്.എസ്സിന്റെ ക്ഷേത്രങ്ങളില്‍ 99ശതമാനം പിന്നോക്കസംവരണം ഏര്‍പ്പെടുത്തും” മന്ത്രി പറഞ്ഞു.

പ്ലസ്ടൂ വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മോഡറേഷന്‍ നല്‍കി വിജയിപ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഒരാഴ്ച്ചയ്ക്കകം ശാന്തിക്കാരുടെ മുന്നിലെത്തിക്കും. മാസത്തില്‍ ഒരിക്കലെങ്കിലും പുഷ്പാഞ്ജലിയോ ഗണപതിഹോമമോ നിര്‍ബ്ബന്ധമാക്കും.

ബി.ജെ.പിയുടെ കേരളത്തിലെ 150 ഗ്രൂപ്പുകളും ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് എന്ന് പ്രതികരിച്ചു.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളും കോഴ്സുകളും ചുവടെ:
(ലഭ്യമായവ മാത്രം)

ശബരിമല :
സ്വയംഭരണാവകാശം അനുവദിച്ചിട്ടുള്ള കേരളത്തിലെ മൂന്നു സര്‍വ്വകലാശാലകളില്‍ ഒന്നാണ് ശബരിമല. പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്ന ഇതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇതര മതവിഭാഗങ്ങളില്‍പെട്ടവരോ അവിശ്വാസികളോ ആയിരിക്കണം എന്നു നിഷ്കര്‍ശിച്ചിട്ടുണ്ട്. തുടക്കത്തില്‍ പതിനാലു ഡിഗ്രി കോഴ്സുകളും ഏഴു പിജി കോഴ്സുകളുമാണ് ആരംഭിക്കുക.

ഗുരുവായൂര്‍ ‍:
പതിനൊന്നു ഡിഗ്രി കോഴ്സുകളും ഏഴു പിജി കോഴ്സുകളും തുടങ്ങാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാല്‍ ശുദ്ധിപരിഹാര ക്രിയകള്‍ക്കാവശ്യമായ ജലത്തിന്റെ ലഭ്യത അനുസരിച്ച് ഇക്കാര്യം ഭേദപ്പെടുത്താന്‍ ബോര്‍ഡിന് അധികാരമുണ്ട്. ഗവേഷണത്തിന് പ്രത്യേക വിഭാഗമുള്ള ദക്ഷിനേന്ത്യയിലെ ഏക ക്ഷേത്രമാണിത്.

ഏറ്റുമാനൂര്‍, വൈക്കം, ത്രുപ്പൂണിത്തുറ, തളിപ്പറമ്പ് എന്നീ ക്ഷേത്രങ്ങളില്‍ അഞ്ചു ഡിഗ്രി കോഴ്സുകള്‍ക്കും രണ്ട് പി.ജി കോഴ്സിനും മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ.. ബാക്കി ക്ഷേത്രങ്ങളുടെ ലിസ്റ്റ് ഇപ്പോള്‍ ലഭ്യമല്ല.

സാദാ ലോക്കല്‍ അമ്പലങ്ങളില്‍ പ്ലസ്ടൂ വരെയുള്ള പ്രവേശനത്തിന് മാത്രമേ അനുമതിയുള്ളൂ.

സര്‍പ്പക്കാവുകളിലും ദരിദ്രയില്ലങ്ങളോട് ചേര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ തുടങ്ങും. നാലാംക്ലാസ് മുതല്‍ പത്താം തരം വരെയുള്ള തുല്യതാ കോഴ്സുകള്‍ക്കാണ് അനുമതി.

നിലമ്പൊത്താറായി കിടക്കുന്ന ക്ഷേത്രങ്ങളില്‍ അംഗന്‍വാടികളാണ് ആരംഭിക്കുക.



**************************
ശേഷം ചിന്ത്യം ശുഭം...

കവിത ഉണ്ടാക്കുന്ന വിധം

കവിത ഉണ്ടാക്കുന്ന വിധം


കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും തെറികേള്‍ക്കാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ. ഇതുപരീക്ഷിച്ചു നോക്കുന്നതുമൂലം ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല..
സ്വന്തം ഉത്തരവാദിത്വത്തില്‍ മതി.

(1)അന്തരാത്മാവിനെ തൊട്ടുണര്‍ത്തുന്ന, മനസില്‍ ഒരു നീറലായി അവശേഷിക്കുന്നതരം കവിത നിര്‍മ്മിക്കുന്ന വിധമണിത്. ഇതുണ്ടാക്കാന്‍ ഏതാണ്ട് പത്തുമിനിറ്റ് മതിയാകും.

ആവശ്യമായ സാധനങ്ങള്‍:
1.ആര്‍ദ്രത : മൂന്നെണ്ണം
മീവല്‍ പക്ഷി: രണ്ട് (തൂവലോടു കൂടി)
വെണ്ണിലാവ്, ഓര്‍മ്മ, സൂര്യന്‍, ആത്മാവ് : ഒന്ന്
2.ദുഖം: മൂന്നു വലിയ സ്പൂണ്‍
സുഖം: മൂന്നു ചെറിയ കഷണം.
രാപ്പാടി: കൂവുന്ന ഇനം ഒന്ന്.
3.വിങ്ങല്‍: അത്യാവശ്യത്തിന്
4.ഇടനെഞ്ച്: മുറിച്ച് കഷണങ്ങളാക്കിയത്, ഒരു കപ്പ്
കത്തി: ഇടനെഞ്ചു മുറിക്കാന്‍ പാകത്തിലുള്ളത്
വികാരം: ജാതി,മത,ദേശവികാരങ്ങള്, ചൂട്,തണുപ്പ്,ദാഹവികാരങ്ങള്‍ ഓരോ ടേബിള്‍ സ്പൂണ്‍.
അശ്ലീലം: ആവശ്യത്തിന്.
*ഇനങ്ങളില്‍ ചിലത് ഒഴിവാക്കുന്നതുകൊണ്ടോ പുതിയവ ചേര്‍ക്കുന്നതുകൊണ്ടോ പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ല!!..

തയ്യാറാക്കുന്ന വിധം:

ഒന്നാമത്തെ ചേരുവകളെല്ലാം കൂടി ചുവടുകട്ടിയായ ഒരു പാത്രത്തിലിട്ട് നന്നായി വേവിക്കുക. വെന്ത് ഏതാണ്ട് ഒരു കൂഴച്ചക്ക പരിവമാകുമ്പോള്‍ അടുപ്പില്‍ ഇന്നും വാങ്ങിവച്ച് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് കട്ടപിടിക്കാതെ ഇളക്കി യോജിപ്പിക്കുക ‘വെണ്ണിലാവിന്റെ വിതുമ്പുന്ന സ്വപ്നമോ മീവല്‍ പക്ഷിയുടെ രോദനമോ‘ കേള്‍ക്കുന്ന സമയം മുറിച്ചുവച്ചിരിക്കുന്ന ഇടനെഞ്ചും വിങ്ങലും ചേര്‍ത്ത് നേരത്തേ തയാറാക്കി വച്ചിരിക്കുന്ന വികാരങ്ങളോടൊപ്പം അശ്ലീലത്തില്‍ പൊതിഞ്ഞ് പോസ്റ്റ് റോസ്റ്റ് ചെയ്യുക. അശ്ലീലത്തിന്റെ രുചിയാവണം മുമ്പില്‍ നില്‍ക്കേണ്ടത്. ചൂട് നഷ്ടപ്പെടരുത്..
തണുത്തുകഴിഞ്ഞാല്‍ പിന്നെ ഒരു വകയ്ക്കും കൊള്ളില്ല.
ഒരു സാമ്പിള്...

ആത്മാവില്‍ നീറുന്നൊരോര്‍മ്മയായ് നീ എന്റെ-
വിങ്ങുന്ന മനസിന്റെ ദാഹം ശമിപ്പിക്കാന്‍
ഈ മിഴിപ്പൊയ്കകളില്‍ ഒരുതുള്ളി വിങ്ങുമ്പോള്‍
ശരത്കാല സന്ധ്യയുടെ കാറ്റിനും മൂകത..

നീറും കിനാക്കളില്‍ ചന്ദനം ചാലിച്ച്
മഞ്ഞിന്‍ കിനാവുകള്‍ക്കപ്പുറം മോഹിച്ച്..
നീയേകുമാശ്വാസമെന്‍ ഹ്രുദയതന്ത്രികളില്‍
മറക്കില്ലൊരിക്കലും നിന്‍ രൂപലാവണ്യം..


കണ്ടോ.. മേല്‍ കാണിച്ചിരക്കുന്ന വാക്കുകള്‍ കൊണ്ടുതന്നെ നൂറുകണക്കിന് കവിതകള്‍ നമുക്ക് ഉണ്ടാക്കാനാവും. ശ്രമിച്ചു നോക്കുമല്ലോ..

(2)
മേല്പറഞ്ഞ രീതിയിലുള്ള കവിതകള്‍ വേവാതെ വരികയോ കരിഞ്ഞുപോവുകയോ ചെയ്താല്‍ പിന്നെ ആധുനിക കവിതകള്‍ എഴുതാവുന്നതാണ്.
അതിനു ചെയ്യേണ്ടത് ഇത്രമാത്രം...
ഒരാഴ്ചത്തെ മലയാളം പത്രങ്ങള്‍ എടുത്ത് വയ്ക്കുക. എല്ലാ പത്രത്തിലേയും പ്രധാന വാര്‍ത്തകള്‍ ചോദ്യോത്തര രൂപത്തില്‍ ഓരോ വരിയാക്കി എഴുതുക.
ഒരു ഉദാഹരണം ഞാനിവിടെ കാണിക്കാം..

ഹഡ്സണ്‍ നദിയിലും വിമാനമിറങ്ങുന്നോ..
ലഷ്കറിന്റെ തന്ത്രം മാറുന്നോ... പ്രഭാകരന്‍ കടലു കടക്കുന്നു..
പിബി പിണറായിക്കൊപ്പമാണോ.. അതോ..
അബ്ദുല്ലക്കുട്ടിക്കു സസ്പെന്‍ഷനോ..
ഒബാമയ്ക്ക് സമാധാനം... ഒബാമയ്ക്ക് സമാധാനം...
ലാവ്ലിന്‍ പിണറായി പ്രതിയാണോ...
ഇറാക്ക് ഇറാക്കിനോ അഫ്ഗാന്‍ അഫ്ഗാനികള്‍ക്കോ..
ബാലാനന്ദന്‍ വിടചൊല്ലി..
ലാവ്ലിന്‍ പ്രതികള്‍ക്കു ജാമ്യമില്ല..ജാമ്യമില്ല..

****************
ശ്രദ്ധിക്കുക: ഇത് പോസ്റ്റ് ചെയ്താല്‍ പിന്നെ രണ്ടാഴ്ചത്തേക്ക് സ്ഥിരമായി ദിവസം രണ്ടുനേരം നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയും ‘ഇതെന്തോന്ന്?’, ‘ഒന്നും മനസിലായില്ല’, ‘വേറെ പണിയൊന്നും ഇല്ലേ?’
എന്ന രീതിയില്‍ വരുന്ന കമന്റുകളെ ഡിലീറ്റ് ചെയ്യുകയും വേണം..
ആശംസകള്‍ ‍...



Monday, January 19, 2009

ചില ബ്ലോഗ് ചിന്തകള്‍

ചില ബ്ലോഗ് ചിന്തകള്‍

ഇന്നലെ | ::::::::::

നാടുമുഴുവന്‍ ഉറങ്ങുമ്പോഴും അയാള്‍ക്ക് ഉറക്കം വന്നില്ല..
മാസങ്ങള്‍ക്ക് മുന്‍പ് താന്‍ കാണിച്ച ഒരെടുത്തുചാട്ടം.. ബ്ലോഗിങ്ങ്..
വായനക്കാരില്ലാത്ത തന്റെ ബ്ലോഗിനേക്കുറിച്ചോര്‍ത്ത് അയാള്‍ നെടുവീര്‍പ്പിട്ടു, എവിടെയാണ് തന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നത്. വരമൊഴിയും കീമാനും മാറിമാറി ഉപയോഗിച്ചിട്ടും വായനക്കാരെ പൂര്‍ണ്ണമായും തന്നിലേക്ക് ആകര്‍ഷിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല. ആറു പോസ്റ്റ് ഇട്ടിട്ടും പേജ് ഹിറ്റുകള്‍ വെറും മുപ്പത്തിയഞ്ച്. അവന്‍ ആശങ്കാകുലനായി..

സ്റ്റീഫന്‍ ലീക്കോസിന്റെയും ജോസഫ് ബര്‍ഗ്മാന്റെയും ഗബ്രിയേല്‍ മാര്‍ക്വേസിന്റെയും ശൈലികളെ അതിവിഗദ്ധമായി സംയോജിപ്പിച്ച അതിനൂതനമായ തന്റെ ഭാഷ വായനക്കാര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതാണോ കാരണം?
കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാള്‍ ആലോചിച്ചു..

[ സര്‍ഗാത്മകത, ആശയങ്ങളുടെ അവതരണ ശൈലി എന്നിവയേക്കുറിച്ച് അജ്ഞനാണയാള്‍.. ]

ഇന്ന് |::::::::::

ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങിച്ച് അയാള്‍ പ്രശ്നം കൂളായി പരിഹരിച്ചു..
ആട്, പൂച്ച, പട്ടി, പല്ലി തുടങ്ങി അത്യപൂര്‍വ ജനുസുകളില്‍ പെട്ട മ്രുഗങ്ങളുടെയും വംശനാശഭീഷണി നേരിടുന്ന കാക്ക, മരംകൊത്തി, കുരുവി, ( കോഴി പക്ഷി വര്‍ഗത്തില്‍ ആണോ.. അല്ലേ??) തുടങ്ങിയ പക്ഷികളുടെയും ചാഞ്ഞും ചെരിഞ്ഞുമുള്ള ചിത്രങ്ങള്‍ പകര്‍ത്തി അത് പോസ്റ്റു ചെയ്തു..

***********

ചിത്രങ്ങളും ഒപ്പമുള്ള ലേഖനങ്ങളും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു...
ആട് പ്ലാവില ചവയ്ക്കുന്നത് എങ്ങിനെ?
പല്ലി കോട്ടുവാ ഇടാറുണ്ടോ?
ഒട്ടകപ്പക്ഷി കുളിക്കാറുണ്ടോ?
തുടങ്ങി ഒരു ബ്ലോഗര്‍ അവശ്യം അറിഞ്ഞിരിക്കേണ്ടുന്നതായ കാര്യങ്ങളേക്കുറിച്ച് ആധികാരികമായ കുറിപ്പ്‍.. ഒപ്പം ഒരു കവിതയും...

ആനവായില്‍ അമ്പഴങ്ങ....
അമ്പഴങ്ങ കടിച്ച് പല്ലൊന്ന് പോയി...
പല്ലു പോയപ്പോള്‍ ചോര...
അഹോ കഷ്ടം.. പ്രാണ സങ്കടം..
ചുവപ്പു നിറമുള്ള ചോര...
ചോര..ചോര...ചോര...


..പോസ്റ്റ്.. മെഗാഹിറ്റ്!!

[ ഇവിടെയാണ് കാര്യം.. കളികള്‍ പഠിച്ചു വരുന്നു.. ]

നാളെ | ::::::::::

അയാളുടെ പുതിയ ലേഖനം പബ്ലിഷ് ചെയ്തിരിക്കുന്നു.....
“ഇസ്രായേലും നീര്‍ക്കോലിയുടെ തവളപിടുത്തവും“ .
ഇതേക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പൊ ബ്ലോഗിലെങ്ങും...
നീര്‍ക്കോലിയുടെ ഏകപക്ഷീയവും കിരാതവുമായ നയങ്ങള്‍ക്കെതിരെ ഒരു വിഭാഗം. തവളയുടെ പ്രകോപനപരമായ
ചാട്ടങ്ങളെ എതിര്‍ത്തുകൊണ്ട് മറ്റൊരു വിഭാഗവും...
കറുത്ത തവള അവര്‍ണ്ണനും നീര്‍ക്കോലി സവര്‍ണ്ണനുമാണത്രേ.. വേറെ ചിലര്..
എല്ലാം ബിംബങ്ങള്..‍!!

[അസൂയ മൂത്ത മറ്റു ബ്ലോഗന്മാര്‍ ഈ പോസ്റ്റിട്ടതിന് അയാളെ വിമര്‍ശിച്ചു തുടങ്ങി. രക്ഷപെട്ടു...ഭാഗ്യവാന്‍... ]

Tuesday, January 13, 2009

ഒരു ഫ്ലക്സി റീചാര്‍ജിന്റെ ഓര്‍മ്മയ്ക്ക്

ഒരു ഫ്ലക്സി റീചാര്‍ജിന്റെ ഓര്‍മ്മയ്ക്ക്....

മ്മുടെ ലോകം എത്ര പെട്ടന്നാണ് മാറിക്കൊണ്ടിരിക്കുന്നത്...
വിവര സാങ്കേതിക വിദ്യ വളരുകയാണ്..
നാം ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍..
പത്തു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ടെക്നോളജിയില്‍നിന്നും ഇന്നിലേക്കുള്ള മാറ്റം എത്ര വലുതാണ്.
ഈ മാറ്റത്തെ ഉള്‍ക്കൊണ്ട് അതിനൊപ്പം സഞ്ചരിച്ചെങ്കിലേ ഇന്ന് പിടിച്ചുനില്‍ക്കാനാവൂ.

ഇപ്പോള്‍ സ്കൂള്‍ തലം മുതല്‍ തന്നെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ട്. നല്ലതു തന്നെ.. മുന്‍പൊക്കെ
പത്താം ക്ലാസിന്റെയും പ്ലസ് ടൂ, എന്‍ട്രന്‍സ് ഒക്കെ ഫലം അറിഞ്ഞിരുന്നത് പത്രം നോക്കിയിട്ടായിരുന്നു.. ഇന്ന് അതിനു വഴിയില്ല. എല്ലാം ഇന്റര്‍നെറ്റിലാണ്. പ്ലസ്ടൂവിന് വെബ് സൈറ്റില്‍ നിന്നും കിട്ടിയ മാര്‍ക്ക് ഷീറ്റ് എഡിറ്റ് ചെയ്ത് സ്വയം വിജയിയായി പ്രഖ്യാപിച്ച് നടന്ന ഒരു വിരുതന്‍ എന്റെ നാട്ടിലുണ്ട്. അച്ഛനമ്മമാരുടെ അജ്ഞതയെ വളരെ നന്നായി ചൂഷണം ചെയ്തു...
(സാഹിത്യം എനിക്ക് പറ്റിയ പണിയല്ല എന്നു നിങ്ങള്‍ ഇപ്പൊ തിരിച്ചറിഞ്ഞല്ലോ അല്ലേ.. ഇനി എത്ര കാണാന്‍ കിടക്കുന്നു..!!)
എടുത്തു പറയേണ്ട കാര്യം ഒരു നാല്പത് അന്‍പത് വയസിന് മുകളിലുള്ളവരേപ്പറ്റിയാണ്.
ഉദാഹരണത്തിന്‍‍..
എന്നെ ഫോട്ടോ എടുക്കാന്‍ പഠിപ്പിച്ചത് എന്റെ ഒരു വല്യമ്മാവനാണ്(uncle).. പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്... (അന്ന് അമ്മാവനു 45 വയസുണ്ട്.) ക്യാമറയ്ക്കുള്ളില്‍ ബാറ്ററി ഇടുന്നത്, ഫിലിം ഇട്ട് അതിന്റെ ഒരു അറ്റം ക്യാമറയ്ക്കുള്ളില്‍ കൊളുത്തി വയ്ക്കുന്നത്, ലെന്‍സിന്റെ അടപ്പ് മാറ്റി ക്യാമറ ഓണാക്കുന്നത് , 36 ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ പിന്നെ ഫിലിം ഊരി എടുക്കുന്നത്, അതു ഡവലപ് ചെയ്യുവാന്‍ കൊടുക്കുന്നത്, നെഗറ്റീവ് സൂക്ഷിച്ചുവയ്ക്കുന്നത്... എല്ലാം ഞാന്‍ എത്ര എളുപ്പത്തില്‍ മനസിലാക്കി..
...പറഞ്ഞുവന്നത് എന്താണെന്നു വച്ചാല്‍....
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞ് ഞാനൊരു ഒരു ഡിജിറ്റല്‍ ക്യാമറയുമായി ചെന്ന് 7megapixel , memory card 1GB ഒള്ളൂ ,USB വഴി connect ചെയ്യാമല്ലോ, Card Reader ഉണ്ട്, 8X Zoom ആണ് എന്നൊക്കെ പഠിപ്പിക്കാന്‍ ശ്രമിച്ച് അതു പരാജയപ്പെട്ടു. അമ്മാവന് ഒന്നും മനസിലായില്ല!!.
****************
കഴിഞ്ഞ പത്തു വര്‍ഷത്തിനെടെ ഏറ്റവും അധികം ജനങ്ങളില്‍ എത്തിയ ഉപകരണം മൊബൈല്‍ ഫോണാണ്. ഫോണെന്നാല്‍ അങ്ങോട്ടും വിളിക്കാനുള്ള ഉപകരണം എന്നതില്‍ നിന്ന് ക്യാമറ, മ്യൂസിക് പ്ലെയര്‍, ഇന്റര്‍നെറ്റ് ഡിവൈസ്, മറ്റുപലതും ഒക്കെ ആയി മാറിയ സെല്‍ഫോണ്‍...
ഇതാ ഒരു മൊബൈല്‍ കഥ... വെറുമൊരു കഥയല്ല.. ഒരു സംഭവ കഥ..

ഞങ്ങള്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലം..
അന്നു ഞങ്ങളില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ മൊബൈല്‍ ഫോണ്‍ ഉള്ളൂ.. അതും എറിക്സന്റ്റെ ചുടുകട്ടയും നോക്കിയ 3310ഉം ഒക്കെ... കോളേജില്‍ റേഞ്ച് കമ്മിയും...

അന്നെന്റെ (ഇന്നും) ഏറ്റവും അടുത്ത സുഹ്രുത്തുക്കളില്‍ ഒരാളായിരുന്നു ജെറിമോന്‍ (പഴയ ജെറിമോന്‍ തന്നെ..).
ഒത്ത പൊക്കവും (വണ്ണമില്ല..!!) കട്ടിമീശയുമായി ആളൊരു ചുള്ളനാണ്.. ആകെ ഒരു കുഴപ്പം പെണ്‍കുട്ടികളോട് കുറച്ച് ആക്രാന്തം ഉള്ളതു മാത്രം.. വല്ലപ്പോഴും ഒരു കടാക്ഷം, ചിരി.. ഒക്കെ കിട്ടിയാല്‍ പിന്നെ ആളു ഹാപ്പി..
ബാക്കി ആളൊരു സാധു.. നിഷ്കളങ്കന്‍..
ജെറിമോനേപ്പറ്റി ചുമ്മാ ഗോസിപ്പുകള്‍ ഉണ്ടാക്കി വിടുക ക്ലാസിലെ മറ്റെല്ലാവരുടെയും ഹോബി ആയിരുന്നു...
അതെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു താനും..

അങ്ങിനെയിരിക്കെ ഒരു ദിവസം..
ജെറിമോനെയും ഒരു ടിവി ചാനലിലെ അവതാരകയുമായി ചേര്‍ത്ത് ചില കഥകള്‍ ഒക്കെ പ്രചരിക്കുന്ന സമയമാണ്. നായിക വലിയ കുഴപ്പമില്ലാത്ത ആളായതിനാല്‍ മോന്‍ വളരെ ഹാപ്പിയാണ്. വൈകിട്ട് ക്ലാസ് ഒക്കെ കഴിഞ്ഞ് ഞങ്ങള്‍ കോളേജില്‍ നിന്നും പോകാന്‍ തുടങ്ങുമ്പോള്‍ ഒരു വിളി...

“ജെറിമോന്‍....ഒരു കാര്യം...”

ക്ലാസിലെ ഒരു പ്രധാന ‘സംഭവം‘ ആയ പ്രീതി.കെ.മേനോന്‍ ആണ്.. രണ്ടുവര്‍ഷം ഷിജുവിനൊപ്പം തകര്‍ത്തു കൊണ്ടാടിയ പ്രണയം ഒക്കെ അവസാനിപ്പിച്ച് അവള്‍ അങ്ങിനെ നില്‍ക്കുന്നു... നിലവില്‍ മേയ്ക്കാന്‍ ആരുമില്ല.. പുതിയ ഇരയേത്തേടി നടക്കുന്നു എന്നാണ് കേള്‍വി.!!

വിളിച്ചത് ജെറിമോനെ ആണല്ലോ.. അതും പ്രീതി... ഞങ്ങള്‍ അപകടം മണത്തു. സംസാരം ഞങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ പ്രീതി അവനേയും വിളിച്ച് ഒരു ഒഴിഞ്ഞ കോണിലേക്ക് മാറിനിന്നു...
സംഭാഷണം ഏതാണ്ടിങ്ങനെ..

“ജെറീ..ഒന്നു ഫ്ലക്സി ചെയ്യാമോ..”

“അയ്യേ..”

“എന്താ ജെറീ...എനിക്ക് അത്യാവശ്യമാ.. 10രൂപ മതി.. ”

ങേ.. ഈ റേറ്റിലും ഇപ്പൊ..അവന്റെ മുഖം വിവര്‍ണ്ണമാകുന്നു... ലജ്ജ...

“മുന്‍പ് എനിക്ക് ഷിജുവാണ് ചെയ്തു തന്നുകൊണ്ടിരുന്നത്.. ഇപ്പൊള്‍....അവന്‍...”

അതേ അതേ..ഞാനും കേട്ടിരുന്നു ഇതൊക്കെ.. അവന്‍ പോയപ്പൊ നിനക്ക് മറ്റതു ചെയ്തു തരാന്‍ എന്നെ മാത്രെ കിട്ടിയുള്ളൂ അല്ലേ.. എന്നാലും ഒരു പെണ്ണ് ഇങ്ങിനെ തുറന്നു ചോദിക്കുക എന്നൊക്കെ പറഞ്ഞാല്.. ശ്ശേ..

അവള്‍ ബാഗ് തുറന്ന് പേഴ്സ് എടുത്ത് പത്തു രൂപ നീട്ടി. അവനൊന്നും മനസിലായില്ല. ഇവളെന്തിനാണ് എനിക്ക് കാശുതരുന്നത്..
(റേഷന്‍ കട നടത്തുന്ന വര്‍ക്കിച്ചേട്ടന്‍ പുരുഷന്മാര്‍ കുറവായ ചില വിദേശ രാജ്യങ്ങളിലെ അവസ്ഥയേപ്പറ്റി പറഞ്ഞിരുന്നത് അവനോര്‍ത്തു. പക്ഷേ.. ഇതു കേരളമല്ലേ. ഇവിടെ ഇങ്ങിനെയൊക്കെ നടക്കുന്നുണ്ടോ...)
അസംത്രുപ്തരായ ജന വിഭാഗം..

“എന്റെ മൊബൈല്‍ നമ്പര്‍ അറിയാമല്ലോ അല്ലേ.. 94********”

ജെറിമോന്‍ വിയര്‍ക്കാന്‍ തുടങ്ങി. “ഞാന്‍.. അത്.. പിന്നെ.. എനിക്കിതൊന്നും..അത്ര പരിചയം പോര..ഞാനിതുവരെ ഫ്ലക്സി ചെയ്തിട്ടില്ല.. എനിക്ക് താല്പര്യവുമില്ല.”

“ഓഹ്.. ഞാനറിഞ്ഞില്ല.. സാരമില്ല.. ഏതെങ്കിലും മൊബൈല്‍ ഷോപ്പില്‍ എന്റെ നമ്പര് കൊടുത്താല്‍ മതി.. ”

“അതെന്തിനാ..നമ്പര്.. ”

“നമ്പര്‍ കൊടുക്കാതെ എങ്ങിനെയാ ഫ്ലക്സി ചെയ്യുന്നേ..ശ്ശോ.. ഈ ജെറിമോന്റെ ഒരു കാര്യം..” അവള്‍ ഒരു ചിരി..

അതുശരി.. ഞാനില്ലെങ്കില്‍ മറ്റാരെങ്കിലും അല്ലേ.. മൊബൈല്‍ ഷോപ്പാണ് സൌകര്യം..എന്നെ ഒരു - - ആക്കിയല്ലേ.. ജെറിമോന്‍ ദൈന്യതയോടെ ഞങ്ങളെ നോക്കി. അതു കണ്ട് അവളും.

ഒടുവില്‍ ഞങ്ങളെ വിളിച്ച് അവള്‍ കാര്യം പറഞ്ഞു. ഹോസ്റ്റലില്‍ നിന്നും അഞ്ചു കിലോമീറ്ററുണ്ട് അടുത്ത ടൌണിലേക്ക്.. ഒരു യാത്ര ഒഴിവാക്കാമല്ലോ എന്നു കരുതി. പത്തു രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മതിയല്ലോ.. അതാണ് അവള്‍ രഹസ്യമായി പാവം ജെറിമോനെത്തന്നെ ഏല്‍പ്പിക്കാമെന്നു വച്ചത്. അതിങ്ങനെയായി..

മൊബൈല്‍ ഷോപ്പില്‍ ചെന്നിട്ടും അവന്റെ ഷോക്ക് വിട്ടുമാറിയിരുന്നില്ല..

സത്യമായും പിന്നീട് ഞങ്ങള്‍ ഇതേക്കുറിച്ച് അധികമൊന്നും അവനോട് പറഞ്ഞ് കളിയാക്കിയില്ല കേട്ടോ.. ചമ്മല്‍ കാരണമാവും ഒരിക്കലും അവന്‍ ആ വാക്ക് ഉപയോഗിച്ചുകണ്ടിട്ടില്ല..





*ഒരു കാര്യം കൂടി: ഇനി എന്റെ പോസ്റ്റുകള്‍ കണ്ടില്ലെങ്കില്‍ ഉറപ്പിച്ചോ..
അവന്‍ എന്നെ തല്ലി കൊന്നുകാണും..

Saturday, January 10, 2009

ചളുവിലേക്കെത്താന്‍ ...

ചളുവിലേക്കെത്താന്‍ ...

അതിഭീകരമായ അന്വേഷണത്തിലായിരുന്നു കുറച്ചു ദിവസങ്ങളായിട്ട്..
അന്വേഷണം ലക്ഷ്യത്തിലെത്തിയില്ല എന്ന് ആദ്യമേ പറഞ്ഞേക്കാം.. നിങ്ങള്‍ക്ക് ചിലപ്പൊ എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും..

അന്വേഷിച്ചത് ഒരു വാക്കിന്റെ അര്‍ഥമാണ് : ചളു..
ചളു..ചളു...
എന്താണ് ചളു?

[ചളു എന്ന വാക്ക് ഞാന്‍ ഓര്‍ത്തത് എന്റെ സുഹ്രുത്ത് ജയ്മോന്റെ കോളു വന്നപ്പോഴാണ്. അവന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള വാക്കാണെന്നു തോന്നുന്നു ചളു. ആരെന്തു പറഞ്ഞാലും പുള്ളി അപ്പൊ തുടങ്ങും ചളു ചളു എന്നു പറഞ്ഞ്.. നഴ്സറിയില്‍ പഠിക്കുമ്പൊ ആരോ കൂടോത്രം ചെയ്തതാ.. ]

അതെന്തായാലും അവിടെ നില്‍ക്കട്ടെ..
ചളുവിന്റെ അര്‍ഥം കണ്ടുപിടിക്കുകയാണല്ലോ ലക്ഷ്യം..

പാവങ്ങളുടെ സുരേഷ്ഗോപിയാണു കലാഭവന്‍ മണി എന്നു പറഞ്ഞപോലെ...
ഈ പാവം സോഫ്റ്റ്വെയര്‍ ഡവലപ്പറുടെ കണ്‍കണ്ട ദൈവം, ആപത്ബാന്ധവന്‍, ഗൂഗിളിന്റെ സന്നിധി അഭയം..

ഇതുവരെ എഴുതിയിട്ടുള്ള എല്ലാ പ്രോഗ്രാമുകളുടെയും കോഡ് എനിക്ക് കണ്ടുപിടിച്ചുതന്ന് എന്റെ മാനം രക്ഷിക്കുന്ന അങ്ങ് ഈ അനാവശ്യ പ്രാര്‍ത്ഥനയും കൈക്കൊള്ളുമെന്ന് കരുതുന്നു..

ഡബ്ല്യു ഡബ്ല്യു ഡബ്ല്യു .ഗൂഗിള്‍.കോം

http://www.google.co.in/search?q=CHALU

ദേ വരുന്നു..

  • CHALU - Chapel Hill Autism Local Unit : ഇതാവില്ല..
  • Barley Chalu Limited :നാല്‍പ്പത്തൊന്നു വര്‍ഷമായി ചളു വിതരണം ചെയ്യുന്ന ഒരു കമ്പനിയാണത്രേ.. ബാര്‍ലി ചളു.. അതെന്തോന്ന് ചളു..
  • Chalu blogger : ചളു ബ്ലോഗര്‍, ആരാണാവോ..
  • Miss Chalu(2001) : മിസ് ചാലു.. ശ്ശേയ്.. ഇവളാവില്ല..
ചാലു അല്ല ഭഗവാനേ.... ഞാനുദ്ദേശിച്ചത് അങ്ങേക്ക് മനസിലായില്ലെന്നുണ്ടോ..
അതേയ്..
CHALU
chalu
malayalam chalu
what is chalu?
meaning of chalu
..ഒരു രക്ഷയുമില്ല..

ഗൂഗിള്‍ ഭക്തനായ എന്നെ മതം മാറ്റാന്‍ യാഹൂ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴാണ് മൊബൈല് നിലവിളിച്ചത്..
ചെമ്പുവാണ്.. ചെമ്പരത്തി.. അറിയുമോ അവളെ...
എന്റെ കോളേജ് മേറ്റ്.. ക്ലാസ്മേറ്റ്..
എന്നും ക്ലാസില്‍ ഇരുന്ന് ഉറക്കം തൂങ്ങുന്ന..
അമ്പലത്തില്‍ പോയവഴിക്ക് കിട്ടിയ ചെമ്പരത്തിപ്പൂ ചൂടി ക്ലാസില്‍ വന്ന് ചെമ്പരത്തി എന്നു പേരു വാങ്ങിയ...
ഇപ്പൊ TCSല്‍ ഇരുന്ന് ആനയുടെയും ഉറുമ്പിന്റെയും കഥ മെയില്‍ അയക്കുന്ന..
കോളെജില്‍ എനിക്കുകിട്ടിയ ഒരേയൊരു പെങ്ങള്‍..
വിശേഷങ്ങള്‍ ചോദിച്ചകൂടെ ഞാന്‍ നമ്മുടെ സബ്ജക്ട് എടുത്തിട്ടു..യേത്..ചളു..
അതിനവള്‍ തിരിച്ചൊരു ചോദ്യം..
ചോദ്യം ഇതാണ്..
ഒരു ഒട്ടകത്തെ ഫ്രിഡ്ജില്‍ കയറ്റാന്‍ എന്തു ചെയ്യണം..??

അറിയില്ല..

ഫ്രിഡ്ജ് തുറക്കുക, ഒട്ടകത്തെ ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുക, ഫ്രിഡ്ജ് അടയ്ക്കുക..!! സിമ്പിള്‍ ..

ഇനി മറ്റൊരു ചോദ്യം.. ഒരു കടുവയെ ഫ്രിഡ്ജില്‍ കയറ്റാനോ..??
ആലോചിച്ചുനോക്ക്...

ങൂം ഹും...

ഫ്രിഡ്ജ് തുറക്കുക, ഒട്ടകത്തെ ഫ്രിഡ്ജില്‍ നിന്നും എടുക്കുക, കടുവയെ അതില്‍ വയ്ക്കുക, ഫ്രിഡ്ജ് അടയ്ക്കുക!!!

ഇതൊന്നും നിനക്കറിയില്ല.. ശരി വേറൊരു ചോദ്യം ചോദിക്കാം....

കാട്ടില്‍ സിംഹത്തിന്റെ കല്യാണം.. കാടടച്ച് കല്യാണത്തിനു വിളിച്ചു.. മാന്‍, മുയല്‍, ആന, കുതിര, ഉറുമ്പ്, കാക്ക, പരുന്ത് തുടങ്ങി സകല ജീവജാലങ്ങളും കല്യാണത്തിനു ഹാജരായി.. പക്ഷേ..
ഒരാള്‍.. ഒരാള്‍ മാത്രം കല്യാണത്തിന് എത്തിയില്ല.. ആരായിരിക്കും അത്??

അറിയാമോ സുഹ്രുത്തേ.. അത് ആരാണെന്ന്???






പിന്നൊരു കാര്യം..
ആംഗലേയത്തില്‍ Bad Jokes എന്നു പറയുന്ന തല്ലിപ്പൊളി തമാശകള്‍ ആണോ ചളു, അതോ വെറുതേ വാചകമടിക്കുന്നതോ.??
ചളുവിന് ക്രുത്യമായ ഒരു നിര്‍വ്വചനം എനിക്ക് ഇപ്പൊഴും അറിയില്ല.!!!

Tuesday, December 30, 2008

നാട്ടുകാരന്‍ ചന്ദ്രേട്ടന്‍

നാട്ടുകാരന്‍ ചന്ദ്രേട്ടന്‍

ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധനായ ചന്ദ്രന്‍ എന്ന കഥാപാത്രത്തെക്കുറിച്ചാണീ കുറിപ്പ്..

ചന്തിരാ എന്നു പ്രായക്കൂടുതലുള്ളവരും ചന്ദ്രാ എന്നു സമപ്രായക്കാരും ചന്ദ്രന്‍ ചേട്ടാ, ചന്ദ്രന്‍ സാറ്, ചന്ദ്രനാശാന്‍ എങ്ങിനെ സാദാ ജനങ്ങളും വിളിക്കുന്ന വെറും C.K. ചന്ദ്രശേഖരന്‍ നായര്‍. ജോലി എന്താണെന്നു പറയാന്‍ കുറച്ചു പാടാണ്. കാരണം ഓരോ തവണ ഇദ്ദേഹത്തെ കാണുമ്പോഴും പുതിയ പുതിയ ജോലികളിലായിരിക്കും. റബര്‍ വെട്ട്, ചിട്ടി, മണി ചെയിന്‍, ട്യൂഷന്‍, ഇത്യാദികള്‍ക്കു പുറമേ അമ്പലത്തിലെ ഉത്സവം, നാട്ടില്‍ ഓണാഘോഷം തുടങ്ങിയവയുടെയെല്ലാം ഉത്സാഹക്കമ്മറ്റി പ്രസിഡന്റ് ( ഉത്സാഹ കമ്മറ്റി എന്നേ പറയാന്‍ പറ്റൂ.. ഉത്തരവാദിത്വം ങൂം ഹൂം.. ), ഒപ്പം രാഷ്ട്രീയം എന്നിങ്ങനെ വിവിധമേഖലകളില്‍...
ആണാണെങ്കില്‍ അല്പം കുടി, വലി, മുറുക്ക് ഇതെല്ലാം വേണമെന്നു പറയുന്നവര്‍ക്ക് ഇദ്ദേഹമാണ് മാത്രുക.

ഞാന്‍ ഷാപ്പില്‍ പോകൂലാ..
പോയാലും കുടിക്കൂലാ..
കുടിച്ചാലും ആടൂലാ...
ആടിയാലും വീഴൂലാ..
വീണാലും ച്ഛര്‍ദ്ദിക്കൂലാ..

എന്നു കിടന്നു ച്ഛര്‍ദ്ദിച്ചുകൊണ്ട് പറയുന്ന മഹാന്‍..

(ആരോടൊക്കെയോ നന്ദി..)
പുകവലിച്ചാല്‍ ശരീരത്തിനുള്ളിലെ അണുക്കള്‍ നശിക്കുന്നു എന്ന് ഉദാഹരണ സഹിതം പറഞ്ഞുതന്ന ശാസ്ത്രജ്ഞന്‍.

വെറ്റിലമുറുക്കുമ്പോള്‍ വെറ്റില, അടയ്ക്കാ, ചുണ്ണാമ്പ് എന്നിവയിലെ വിറ്റാമിനുകള്‍ ലഭിക്കുന്നതോടൊപ്പം പല്ലുകള്‍ക്ക് ബലവും എല്ലുകള്‍ക്ക് കരുത്തും എന്ന മുദ്രാവാക്യം പഠിപ്പിച്ച ദന്ത ഡോക്ടര്..

അറുപതു വര്‍ഷത്തെ ജീവിതത്തിനിടയില്‍ അദ്ദേഹം പ്രവര്‍ത്തിക്കാത്ത ഒരു സംഘടനയും ഒരു രാഷ്രീയ പാര്‍ട്ടിയുമില്ല. കോണ്‍ഗ്രസുകാരനായി ജനിച്ച് സി പി എം, സി പി ഐ, ബിജെപി,
കേകോ(A-Z) അനുഭാവിയായി, മായാവതിയുടെ കോട്ടയം സമ്മേളനം കഴിഞ്ഞപ്പൊ ബി എസ് പി യില്‍ എത്തി നില്‍ക്കുന്നു.

യാത്രകള്‍ തീരെ ഇഷ്ടമല്ലാത്ത ചന്ദ്രേട്ടന് സ്ഥലങ്ങളേപ്പറ്റിയുള്ള അറിവു കമ്മി. സ്കൂളില്‍ പഠിക്കുമ്പോള്‍ നമ്മുടെ ദിക്കുകള്‍ ഏതൊക്കെ എന്ന ചോദ്യത്തിന്

കിഴക്ക്- ഭരണങ്ങാനം
പടിഞ്ഞാറ്- ഏറ്റുമാനൂര്‍
തെക്ക്- തൊമ്മിച്ചേട്ടന്റെ വീട് (മാക്കാന്‍ തൊമ്മിക്കുഞ്ഞ്. അഞ്ചിലെ ജോണീടെ അച്ചനല്ല..)
വടക്ക്- മൂലേപ്പീടിക

എന്നിങ്ങനെ തന്റെ വിജ്ഞാനം വിളമ്പി അദ്ധ്യാപകരെ ഞെട്ടിച്ച ഇദ്ദേഹം കോട്ടയം ജില്ലയ്ക്കു പുറത്ത് ആകെ കണ്ടിട്ടുള്ളത് തൊടുപുഴയും എറണാകുളവും. തൊടുപുഴയില്‍ പോയത് കാര്‍ഷികമേള കാണാനായിരുന്നെങ്കില്‍ എറണാകുളത്തിനു പോയത് റാം വിലാസ് പാസ്വാന്റെ പാര്‍ട്ടിയുടെ (ലോക് ജനശക്തി) സംസ്ഥാന സമ്മേളനത്തിന്.. വൈറ്റിലയില്‍..

അതെ..
ചന്ദ്രന്‍ ചേട്ടന്‍ ആദ്യമായി എറണാകുളത്തിനു പോകുന്നു...
അങ്ങേരുടെ വീട് ശോകമൂകമാണ്..
കണവന്‍ എങ്ങാനും തിരിച്ചു വന്നില്ലെങ്കിലോ എന്ന ഭയം കാരണം വൈഫു സരസ്വതിച്ചേച്ചി അനിയന്‍ ഗോപാലക്രിഷ്ണന്‍ എന്ന ഗോപിച്ചേട്ടനേയും കൂടെ പറഞ്ഞു വിട്ടു... ഒരു ധൈര്യത്തിന്.
പോകുന്ന അന്നു രാവിലെ ഭാര്യയും പുത്രിയും കൂടി പാലാവരെ ഒപ്പം ചെന്ന് സെന്റ് ജോണ്‍സ് ബസില്‍ കയറ്റിവിടുകയായിരുന്നു.

(സ്റ്റാന്‍ഡില്‍ നിന്നു ബസിറങ്ങി കുരിശുപള്ളി കവലയില്‍ നിന്നു തിരിഞ്ഞു പോകുന്ന വരെ നിറകണ്ണുകളോടെ തല പുറത്തേക്കിട്ട് പുള്ളി റ്റാറ്റാ പറഞ്ഞോണ്ടിരുന്നു എന്നാണു കേട്ടറിവ്.. അതെന്തോ..).

“രണ്ട് എര്‍ണാകുളം”

“എവിടെയാ..”

“എടോ എറണാകുളം..”

“അതേ.. എറണാകുളത്ത് എവിടെ പാലാരിവട്ടം? അതോ കലൂരോ?”

“ഇത് എവിടം വരെ ഉണ്ട്?”

“കലൂര് വരെ”

“എന്നാ അവിടെ വരെ..”

പത്തുമണി ആയപ്പോഴേക്കും അളിയനും അളിയനും കലൂരിലെത്തി. പിന്നെ അടുത്ത ബസില്‍ കയറി തിരിച്ചുവന്നാണ് വൈറ്റിലയില്‍ ഇറങ്ങിയത്. സമ്മേളനം നടക്കുന്ന സ്ഥലത്ത് റാം വിലാസ് പാസ്വാനെ കാണാന്‍ തടിച്ചുകൂടിയിരിക്കുന്ന ജനലക്ഷങ്ങളെക്കണ്ട് ചന്ദ്രേട്ടന്‍ ഞെട്ടിപ്പോയി. കയ്യടിക്കാന്‍ പോയിട്ട് സ്റ്റേജിലെ കസേര നിറയ്ക്കാന്‍ പോലും ആളില്ല.
പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റിയില്‍ നിന്നും അപ്പൊത്തന്നെ രാജിവച്ച് അങ്ങേര് അളിയനേയും കൂട്ടി എറണാകുളം കറങ്ങാനിറങ്ങി.


വൈറ്റില മുതല്‍ സൌത്ത് വരെ..
സൌത്തില്‍ നിന്നും നോര്‍ത്ത് വരെ...
അവിടുന്ന പിന്നേം ഹൈക്കോര്‍ട്ട്..
ഹൈക്കോര്‍ട്ട് മുതല്‍ മേനക വരെ..

മറൈന്‍ ഡ്രൈവില്‍കൂടി അലഞ്ഞുതിരിഞ്ഞ് ഉച്ചയായപ്പോഴേക്കും രണ്ടും വിശന്നു തളര്‍ന്നു. കയ്യിലുള്ള 450രൂഭായുടെ ബലത്തില്‍ ഏതെങ്കിലും മുന്തിയ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കണം എന്ന ആഗ്രഹവുമായി നടന്നു നടന്ന് സാമാന്യം തരക്കേടില്ലാത്ത ഒരു ഹോട്ടലിന്റെ മുമ്പിലെത്തി..

പക്ഷേ സെക്യൂരിറ്റി കയറ്റിവിട്ടില്ല...

“ചേട്ടന്‍ വേറെ ഒരു ഹോട്ടലില്‍ കേറിക്കോ.. ഇതു ചേട്ടനൊക്കെ പറ്റിയതല്ല“

“അതെന്നാടാ അങ്ങനെ.. ഇത് ആളുകള്‍ക്ക് കേറാനുള്ളതല്ലേ... നിനക്കൊക്കെ ഇത്ര അഹങ്കാരമോ?”

“അതല്ലാ ചേട്ടാ ഇവിടെ റേറ്റ് അല്‍പ്പം കൂടുതലാ..”

“ഓഹോ.. ഞാന്‍ ഒരു പീറയാണെന്നു വിചാരിച്ചോടാ.. കാശൊക്ക എന്റെ കയ്യിലും ഉണ്ട്.. (450 ഉലുവാ)”

“എത്ര കാണും?”

“അത് നിന്നോട് പറയണോ.. ഞാന്‍ ഊണു കഴിക്കാന്‍ വന്നതാ ”

“ചേട്ടാ.. ഞാന്‍ പറഞ്ഞന്നേ ഉള്ളൂ.. ഇവിടെ ചായക്ക് 40 രൂപയാകും. ഊണ് ചേട്ടന്‍ ഊഹിച്ചോ..”

“ങ്ങേ.. ”

രണ്ടും അവിടുന്ന് വലിഞ്ഞു. ഒരു സാദാ കടയില്‍ കയറി ഭക്ഷണം കഴിച്ച് അടുത്ത ബസില്‍ കയറി നാട്ടിലേക്ക് തിരിച്ചു...
ഇതാണോ എറണാകുളം വല്യ ആനയാണെന്നു എന്നു പറയുന്നത്..

*******************

പാലായിലെത്തി ഒരു ബാറില്‍ കയറി ബാക്കി കാശിനു മുഴുവന്‍ അടിച്ച് കോണ്തെറ്റി വീട്ടിലെത്തി അളിയന്മാര്‍ തമ്മില്‍ ഒന്നും രണ്ടും പറഞ്ഞ് കോര്‍ത്ത് അടിതുടങ്ങി..
അടി ഏറ്റുപിടിച്ച സരസ്വതിച്ചേച്ചിയുടെ നാക്കില്‍ നിന്നും ഉയര്‍ന്ന ഭക്തിഗാനം അന്ന് അമ്പലത്തിലെ കോളാമ്പി സ്പീക്കറിലും ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു....
---

എടീ....

നന്ദിച്ചില്ലേലും വിന്ദിക്കരുത്.....

അങ്ങനല്ല അളിയാ..

വിന്ദിച്ചാലും നന്ദിക്കരുത്......





---------------------------
കഥ അപൂര്‍ണ്ണമാണോ..ആവും..
എല്ലാരും ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ തന്നെ..

Tuesday, December 23, 2008

നര്‍മ്മപൂര്‍വ്വമൊരു പ്രണയമൊഴി.. ഭാഗം രണ്ട്

നര്‍മ്മപൂര്‍വ്വമൊരു പ്രണയമൊഴി...

ആദ്യഭാഗം വായിക്കാത്തവര്‍ക്ക് ഇവിടെ ഭാഗം ഒന്ന്

എന്തുവാടേയ്.. ഇവിടെ പതിവില്ലാത്ത ഒരു കറക്കം...
ആലോചിച്ചുനിന്ന ജെറിമോന്‍ ആദ്യം അതു കേട്ടില്ല. തലയില്‍ ഒരു തട്ടുകിട്ടിയപ്പോള്‍ അവന്‍ തിരിഞ്ഞുനോക്കി. “നേരം ഒന്‍പതു കഴിഞ്ഞു.. ഇവിടെ നിന്നാല്‍ മതിയോ..“ ഒരുതരം ആക്കിയ ചിരിയോടെ കുട്ടന്‍. ഞാനിവിടെയുണ്ടെന്ന് ഇവനെങ്ങനെ അറിഞ്ഞു.. ഏതായാലും സമയം കളയുന്നില്ല.. നേരേ വിട്ടു.. ഇന്ദ്രപ്രസ്ഥത്തിലേക്ക്.

രംഗം നാല് : ഇന്ദ്രപ്രസ്ഥം

ഹ്രുദയം നിറയെ പ്രണയവും മനസ് നിറയെ സ്വപ്നങ്ങളുമായി ജെറിമോന്‍ തന്റെ ഇരിപ്പിടത്തില്‍ ശയിച്ചു. എങ്ങും കാക്രി പീക്രി ശബ്ദങ്ങള്‍. കേരള നിയമസഭയേപ്പോലും നാണിപ്പിക്കുന്ന തരം കൂവലും ബഹളവും. ഈ സഭയിലെ ചില ബുദ്ധിജീവികള്‍ ചേര്‍ന്നാണ് ദേവലോകം ഭരിക്കുന്നത്. ഓഡിയോ ആന്‍ഡ് വീഡിയോ സിസ്റ്റം എഞ്ചിനീയറിങ്ങ് പഠിപ്പിക്കുന്ന മനോഹരന്‍ സാറെത്തി. വന്നപാടെ ടെലിവിഷന്‍ സര്‍ക്യൂട്ടും ഹൈ ഫൈ സിസ്റ്റവും എടുത്തിട്ട് പെരുമാറുന്നു. ഇതൊക്കെ കണ്ടുപിടിച്ചവന്റെ തലയില്‍ ഇടിത്തീവീഴണേ..
ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയ കുറച്ചു സര്‍ക്യൂട്ടുകളും സൂത്രവാക്യങ്ങളും പരീക്ഷയെ നേരിടാന്‍ വേണ്ടി മാത്രം മനപ്പാഠമാക്കാന്‍ വിധിക്കപ്പെട്ട അവനു ഇതൊക്കെ ഒരു നേരമ്പോക്ക് മാത്രമായിരുന്നു.

ചുറ്റുമിരുന്നവര്‍ നിദ്രയുടെ മാസ്മരികവലയത്തില്‍ അകപ്പെട്ടു. ഉറക്കം വരാത്തവര്‍ മൊബൈലില്‍ ഗെയിം കളിക്കുന്നു. രാജുമോനും മിനിമോളും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നു. പക്ഷേ ജെറിമോന് അന്നു ഉറങ്ങാനേ കഴിഞ്ഞില്ല. അവന്റെ ചിന്ത അപ്പോഴും ആ ഇലക്ട്രിക് പോസ്റ്റിന്റ അപ്പുറത്തുള്ള മരച്ചുവട്ടിലായിരുന്നു.

ഇനിയുള്ള അവറുകള്‍ തനിക്ക് നിദ്രാവിഹീനങ്ങളായിരിക്കും..

വൈ വീ ആര്‍ യൂസിങ്ങ് ഹിയര്‍ ആന്‍ ആര്‍ സി കപ്പിള്‍ഡ് ആംപ്ലിഫയര്‍??

മനോഹരന്‍ സാറിന്റെ അപ്രതീക്ഷിത ആക്രമണം ജെറിമോന്റെ നേര്‍ക്കായിരുന്നു.. കപ്പിള്‍ എന്നു കേട്ടതും അവന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു.

“ഇല്ല സര്‍... ഞങ്ങള്‍ തമ്മില്‍ അങ്ങിനെയൊന്നുമില്ല..” ജെറിമോന്റെ ബുദ്ധിപൂര്‍വ്വമുള്ള മറുപടികേട്ട് ചുറ്റുമിരുന്ന ഏഭ്യന്മാര്‍ കുലുങ്ങിച്ചിരിച്ചു.

പരിശുദ്ധ പ്രണയത്തെക്കുറിച്ച് യാതൊന്നുമറിയാത്ത പാപികള്‍. തന്റെ പ്രാണയിനിയേക്കുറിച്ചോര്‍ത്തു മാത്രം അവന്‍ അവരോട് ക്ഷമിച്ചു. ഉത്തരം പറയടോ.. മനോഹരന്‍ സാറു വിടാന്‍ ഭാവമില്ല. ഭാഗ്യമെന്നു പറയട്ടെ, ദൈവസ്വരം അവിടെ മണിനാദമായി മുഴങ്ങി. മോന്‍ സന്തൊഷപൂര്‍വ്വം രക്ഷാമാര്‍ഗ്ഗം തേടി.

രംഗം അഞ്ച് : താജ്മഹല്‍

സമയം 12NOON.
അവിസ്മരണീയ പ്രണയത്തിന്റെ പ്രതീകമായി സഞ്ചാരികളെ മാടിവിളിക്കുന്ന മാര്‍ബിളില്‍ പണിതുയര്‍ത്തിയ താജ്മഹല്‍ അല്ല. പതിനായിരങ്ങള്‍ക്ക് അന്ത്യചിതയൊരുക്കിയ വിശപ്പിന്റെ വിളി ഉള്‍വയറ്റില്‍ മുഴങ്ങുമ്പോള്‍ പ്രണയം മറക്കുന്ന സഞ്ചാരികളെ മാടിവിളിക്കുന്ന താജ്. താജിലെ നിത്യസന്ദര്‍ശകനായ ജെറിമോന്‍ പതിവുപോലെ ഒരു മൂലയ്ക്ക് സ്ഥാനം പിടിച്ചു. പ്രണയിക്കുന്നതിനു വേണ്ടി മാത്രം താജിലെത്തിയ ചിലര്‍ ജ്യൂസ് കുടിച്ചു പ്രണയിക്കുന്നു. ജെറിമോന് ഒരു ബിരിയാണി കഴിക്കണമെന്നു തോന്നി. പക്ഷേ പോക്കറ്റ് കാലി. ആഗോള സമ്പദ് ഘടനതന്നെ തകര്‍ന്നിരിക്കുന്നു. പിന്നെ എങ്ങനെ പോക്കറ്റ് കാലിയാവാതിരിക്കും.. ഒരു സാദാ ഉണുമാത്രം കഴിച്ച് അവന്‍ പുറത്തിറങ്ങി.

ഏതായാലും ഇന്നുതന്നെ നീനുവിനെ സന്ദര്‍ശിച്ച് താന്‍ അവളെ പ്രണയിക്കുന്നു എന്ന സത്യം വെളിപ്പെടുത്തണം. പക്ഷേ എങ്ങിനെ തുടങ്ങും...
പ്രണയാന്തര്‍ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ ഒരുപാടുപേരുണ്ടിവിടെ. ഇതുപോലെ കഠിനമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത് വിജയം വരിച്ച കുട്ടനേപ്പോലുള്ളവര്‍...
അഭിപ്രായം ചോദിച്ചാലോ.. വേണ്ട. അവരെ കൂട്ടുപിടിച്ചാല്‍ ചിലപ്പൊ താന്‍ പെരുവഴിയാകും. ഇങ്ങോട്ട് ഒരു റെസ്പോണ്‍സുള്ള സ്ഥിതിക്ക് ഇനി ആരുടേയും സഹായം വേണ്ട. ഇത് ഞാന്‍ ഒറ്റയ്ക്ക് നിര്‍വ്വഹിക്കും. കിട്ടിയാല്‍.. ഊ...ഊ....ഊട്ടി അല്ലെങ്കില്‍..... കിട്ടിയേ.. പറ്റൂ...
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലൊ... അവന്‍ സിലിക്കോണ്‍ വാലിയിലേക്ക് പോയി. സംഭവാമി യുഗേ.. യുഗേ..

രംഗം ആറ് : സിലിക്കോണ്‍ വാലി

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അടക്കിവാഴുന്ന ഈ ആധുനിക യുഗത്തിലെ ഏതൊരു ബുദ്ധിജീവിയുടേയും സ്വപ്നഭൂമി. ദേവലോകത്തിന്റെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ഒരു കൊച്ചുപട്ടണം. നാലുവശവും ഇരുമ്പഴികള്‍ കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. ജെറിമോന്‍ തന്റെ ഹ്രുദയേശ്വരിയെ ഒരുനോക്കു കാണാനായി എത്തിനോക്കി. നീനു ഏതോ സ്വപ്നലോകത്താണ്. തന്നേക്കുറിച്ചാകും അവള്‍ ആലോചിക്കുന്നത്... ചില വിദേശി ഗന്ധര്‍വ്വന്മാര്‍ ഇവിടെ സുഖവാസത്തിനായി എത്തിയിട്ടുണ്ട്. മറ്റാരും തിരിച്ചറിയാതിരിക്കാന്‍ മുടി നീട്ടിയ ഹാരി എന്ന ഗന്ധര്‍വ്വന്‍ തന്നെക്കണ്ടതും മുടി മുന്നിലേക്കിട്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ രക്ഷപെടുന്നു. ഓഹോ...
വിദേശി ഗന്ധര്‍വ്വന്മാരുടെ എഴുപത്തിരണ്ട് മോഡല്‍ ഫലിതം കേട്ട് ചിരിക്കാന്‍ പാടുപെടുന്ന ഗ്രാമീണ സുന്ദരികള്‍..അവരോടവന് ബഹുമാനം തോന്നി. സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഇവരിലാര്‍ക്കെങ്കിലും കൊടുക്കണം..

നിയന്ത്രണരേഖ ലംഘിച്ച ജെറിമോന്‍ അവളുടെ അടുത്ത് സ്ഥാനം പിടിച്ചു. അതൊന്നും ശ്രദ്ധിക്കാതെ ഇരുന്ന അവളെ അവന്‍ സ്നേഹപൂര്‍വ്വം വിളിച്ചു. “നീനുക്കുട്ടീ...“

ങേ..അവള്‍ ഞെട്ടി.. രാവിലെ കൂട്ടുകാരി രേണു ബസ്റ്റോപ്പില്‍ വച്ചു കാണിച്ചുതന്ന മാനസികരോഗി.. ഇതാ തന്റെ തൊട്ടടുത്ത്.. അവള്‍ക്കു പേടിയായി.

അതു ശ്രദ്ധിക്കാതെ അവന്‍ തന്റെ മനസിലുള്ളതു മുഴുവന്‍ പറയാനാരംഭിച്ചു.
I love you...
love you...
you...
* * * * * * * * * * * * *
ഓഹോ..അപ്പൊ അതാണു കാര്യം....യൂ....
I don't like it..Don't disturb me.. സൂര്യനസ്തമിക്കാത്ത സാമ്രാജ്യ ഭാഷ കേട്ട് അവന്റെ ഹ്രുദയത്തില്‍ ഒരായിരം അണുബോംബുകള്‍ ഒന്നിച്ചു പൊട്ടി. അപ്പോള്‍ ... അപ്പോള്‍ .. ഞാന്‍ ഈ കണ്ട സ്വപ്നങ്ങളെല്ലാം വെറും മിഥ്യ. അവന്റെ കണ്ണുകളില്‍ ദേഷ്യവും സങ്കടവും ഇരച്ചുകയറി.
“എന്നെ കണ്ണും കയ്യും കാണിച്ചു വളച്ച് ഒടുവില്‍ വഞ്ചിക്കാമെന്നു വിചാരിച്ചോടീ...” അവന്റെ സ്വരം ഉയര്‍ന്നു. “ കേകോ(മ)യുടെ കുടയ്ക്കാപുരം യൂണിറ്റു സെക്രട്ടറിയാണു ഞാന്‍. എന്റടുത്താണോ നിന്റെ കളി.. നിന്നെ ഞാനെടുത്തോളാം.. ഞാനാരാണെന്ന് നിനക്കറിയില്ല ”

“പോടോ അവിടുന്ന്.. താനാരായാലും എനിക്കെന്താ....“

“എന്റെ അപ്പച്ചന്‍ തങ്കപ്പനെ നിനക്കറിയാമോ.. പിച്ചാത്തിക്ക് പിടിയിടുന്ന ഫാമിലിയില്‍പ്പെട്ടതാ.. നിന്റെ നട്ടെല്ലൂരും...“

“ബിന്‍ ലാദന്റെ കുടുംബത്തില്‍ പെട്ടതാ എന്റെ ഉമ്മ സൈനബ.. നിനക്കറിയാമോ...“

“എന്റെ ചേട്ടന്മാര് സണ്ണിച്ചനും തോമാച്ചനും ജോണിച്ചനുമാ പാലാ, പിറവം, കൂത്താട്ടുകുളം റേഞ്ചിലുള്ള മൊത്തം ഷാപ്പും പിടിച്ചേക്കുന്നെ...അവരോട് ഞാന്‍ പറയണോ...“

അവളുടെ ഭീഷണികേട്ട് കോപം കൊണ്ടു ജ്വലിച്ച അവന്‍ സുധാകരന്‍ മന്ത്രിയെ ഒരു നിമിഷം മനസില്‍ ധ്യാനിച്ച് ഒരു ഭരണിപ്പാട്ടുപാടി.. പക്ഷേ അതു മുഴുമിക്കും മുന്‍പേ അവളുടെ ചെരിപ്പിന്റെ അളവ് അവന്റെ മുഖത്തു പതിഞ്ഞു.
ദൈവമേ.. ഒരു പെണ്ണിന്റെ തല്ലിന് ഇത്ര ശക്തിയോ...
തലകറങ്ങുന്നപോലെ തോന്നുന്നു... തോന്നിയതല്ല... കറങ്ങി. ബോധം കെട്ടു വീഴുന്നതിനിടയില്‍ കുട്ടനും കൂട്ടരും ഓടിവരുന്നത് അവന്‍ അവ്യക്തമായി കണ്ടു.

രംഗം ഏഴ് : ഓടയില്‍ നിന്ന്

തലയില്‍ വെള്ളം വീഴാന്‍ തുടങ്ങിയപ്പോഴാണ് ജെറിമോന്‍ കണ്ണുതുറന്നത്. മഴയാണോ.. അല്ലല്ലോ.. സൂര്യന്‍ അസ്തമിച്ചിരിക്കുന്നു.. നിലാവെളിച്ചത്തില്‍ അവന്‍ വ്യക്തമായി കണ്ടു. ഒരു നായ..എന്തോ സാധിച്ച സന്തോഷത്തോടെ അടുത്ത മൈല്‍ക്കുറ്റി ലക്ഷ്യമാക്കി പോകുന്നു.
അവന്‍ ഓടയില്‍ നിന്നും എഴുനേറ്റിരുന്നു. എല്ലുകള്‍ നുറുങ്ങുന്ന വേദന..

കപടതയുടെ നീര്‍ക്കയങ്ങളില്‍ ചുറ്റിത്തിരയുന്ന സര്‍വ്വവും പൊയ്മുഖങ്ങള്‍. ഈ ഹ്രുദയം കാണാന്‍ ആര്‍ക്കുമാവുന്നില്ലല്ലൊ. ആരും ആരെയും സ്നേഹിക്കുന്നില്ല..എല്ലാം മിഥ്യാ ധാരണകള്‍ മാത്രം.
സ്നേഹവും സന്തോഷവും സമാധാനവും ഇതള്‍ വിരിയുന്ന ഒരു ലോകം സ്വപ്നം കണ്ടുകൊണ്ട് അവന്‍ മെല്ലെ വേച്ചു വേച്ചു നടന്നു...

മായികലോകം സ്വപ്നം കണ്ട ആ മനസ് മെല്ലെ മന്ത്രിച്ചു...

സര്‍വ്വേശ്വരാ.. എല്ലാം നിന്റെ മായ.....







* * * * * * * * * * * * * *
മുഴുവന്‍ വായിച്ച് സമയം കളഞ്ഞവര്‍ക്കായി..
ഏതായാലും ഇത്രയും സമയം പോയി..എന്നാല്‍ പിന്നെ കമന്റടിച്ച് ഇവനെ അങ്ങു കൊന്നുകൂടെ..

നര്‍മ്മപൂര്‍വ്വമൊരു പ്രണയമൊഴി.. ഭാഗം ഒന്ന്

നര്‍മ്മപൂര്‍വ്വമൊരു പ്രണയമൊഴി...

വായനക്കാരുടെ ക്ഷമയെ പരീക്ഷിച്ചുകൊണ്ട് ഇത്തവണ ഞാന്‍ അവതരിപ്പിക്കുന്നത് ഒരു കഥ - കം - ബാലെ ആണ്. ഇതു വായിക്കുന്തോറും ഇതേ ടൈപ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു നിങ്ങളില്‍ ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. തികച്ചും സ്വാഭാവികം മാത്രമാണത്...
കാരണം ഇത് ഞാന്‍ അടിച്ചുമാറ്റി കുറച്ചു മോഡിഫിക്കേഷന്‍ ഒക്കെ വരുത്തി മാക്സിമം അലമ്പാക്കി മാറ്റിയ ഒരു കഥയാണ്. ( ഇതിന്റെ പഴയ രൂപം 2002ല്‍ എഴുതിയ എന്റെ സുഹ്രുത്തിനു (രജീഷ്) നന്ദി. )

ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്ന പലരുമായും പല ബന്ധങ്ങളും ഉണ്ട്. അഥവാ ബന്ധമില്ലെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ എന്തായിരുന്നു ആ ബന്ധം എന്നോട് ചോദിക്കരുത്. ഞാന്‍ പറയില്ല..

രംഗം ഒന്ന് : എയര്‍പോര്‍ട്ട്.

ദൈവത്തിന്റെയും ഇപ്പൊ വിശുദ്ധരുടേയും സ്വന്തം നാട്ടിലെ പ്രശസ്തമായൊരു പുഴയുടെ തീരത്തുള്ള ഒരു ബസ്റ്റോപ്പ്.
സമയം 8.25am.
നൂറ്റന്‍പതു മീറ്റര്‍ നീളമുള്ള നാലുവരിപ്പാതയിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നു. സമൂഹം ബുദ്ധിജീവികള്‍ എന്നു വിളിക്കുന്ന ഒരുകൂട്ടം ഹതഭാഗ്യര്‍ എന്തോ പ്രതീക്ഷിച്ചു നില്‍ക്കുന്നു. അവര്‍ക്ക് പോകാനുള്ള വാഹനം എത്തിയിട്ടില്ല. അതിനിടയില്‍ നില്‍ക്കുന്നു..ഒത്ത ഉയരവും കട്ടിമീശയുമുള്ള ഒരു യുവകോമാളി..അല്ല യുവകോമളന്‍.
പേര്... ജെറിമോന്‍ കുടക്കാപുരം.
( എന്തൊരു പേര് അല്ലേ..!!. ജെറിമോന്‍ കേകോ(മ) എന്ന തീവ്രവാദി സംഘടനയുടെ ഒരു മെമ്പറാണ്. അവര്‍ക്ക് പേരിനൊപ്പം നാടിന്റെ പേരും ചേര്‍ക്കുന്നത് ഒരു സ്റ്റയിലാണ്. )
മണ്ഡേലയുടെ നിറമെങ്കിലും മാടപ്രാവിന്റെ മനസ്. യൂണിഫോമണിഞ്ഞ ജെറിമോന്‍ അടുത്ത് മുപ്പതു ഡിഗ്രി ചെരിഞ്ഞുനില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിനപ്പുറത്തെക്കൊന്നു പാളി നോക്കി. അവിടെയുള്ള മരച്ചുവടാണ് സ്ത്രീജനങ്ങളുടെ വാസസ്ഥലം. നോട്ടം ലക്ഷ്യത്തില്‍ തന്നെ പതിച്ചു..
ആഴ്ച്ചകളായി തന്റെ ഉറക്കം കെടുത്തുന്ന സ്വപ്നകന്യക..
ദര്‍ശന സൌഭാഗ്യം ദിനവും ഉണ്ടെങ്കിലും പേര് അജ്ഞാതം...
കണ്മുന്നില്‍ ഇങ്ങിനെ മായയായി മറയുന്ന അവളെ മായ എന്നു വിളിച്ചാലോ...
വേണ്ട..
ആ പേരുതന്നെ എനിക്ക് വെറുപ്പാണ്. സ്നേഹിക്കുന്നു എന്നു പറഞ്ഞ് പിറകേ നടന്ന് ഒടുവിലെന്നെ വഞ്ചിച്ച ആ മഹാരാഷ്ട്രക്കാരിയുടെ പേരും അതാണല്ലോ.. എന്റെ വിലപ്പെട്ടതെല്ലാം** കവര്‍ന്നെടുത്ത അവള്‍ ഇപ്പൊ ജാക്സന്റെ പിറകേ പോയിരിക്കുന്നു...

[** സര്‍ക്യൂട്സ് ലാബില്‍ വച്ച് ഇപ്പോള്‍ തന്നെ തരാം എന്നു പറഞ്ഞു മേടിച്ചുകൊണ്ടുപോയ സെല്ലോ ഗ്രിപ്പര്‍ പേന, സ്കെയില്‍, നടരാജ് പെന്‍സില്‍, റബര്.. എല്ലാം അവള് കൊണ്ടുപോയി...‍]

ഒരു നിമിഷം അവന്‍ ചിന്തയില്‍നിന്നും ഉണര്‍ന്നു.

സുന്ദരിയായ അജ്ഞാതയെ അവന്‍ വീണ്ടും നോക്കി...അവള്‍ അവന്റെ നേര്‍ക്ക് കടക്കണ്ണെറിഞ്ഞു...
പ്രഭാപൂരിതമായ ആ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ദൈവമേ..
ഇത് സത്യമോ മിഥ്യയോ....????
അവന് വിശ്വസിക്കാനായില്ല...കൊച്ചുകള്ളി....വീണു...
ആത്മാവിനെ കോരിത്തരിപ്പിച്ച ആ പുഞ്ചിരി അവന്റെ മനസില്‍ വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ സ്രുഷ്ടിച്ചു.
ഭൂമി തന്റെ കയ്‌വിരലില്‍ കിടന്നു കറങ്ങുന്നതുപോലെ തോന്നി....
നവഗ്രഹങ്ങളെടുത്ത് അമ്മാനമാടണം...
നക്ഷത്രങ്ങളെ പിച്ചിച്ചീന്തണം....
പ്രപഞ്ചത്തെ ചവിട്ടി മെതിക്കണം...
മെതിക്കാന്‍ പോയിട്ട് കൊയ്യാന്‍ പോലും തുടങ്ങും മുന്‍പ് അവര്‍ക്കു പോകാനുള്ള വാഹനമെത്തി.

രംഗം രണ്ട് : ബോയിംഗ് ബോയിംഗ്

നിമിഷനേരങ്ങള്‍ക്കുള്ളില്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍ വാഹനത്തില്‍ നിറഞ്ഞു. ജെറിമോന്‍ ആകെയൊന്നു നോക്കി. പതിവുപോലെ എല്ലാവരുമുണ്ട്. ജോര്‍ജി ജോയി, കുട്ടന്‍, ലാവണ്യ, എല്ലാവരും എന്തോ തമാശകള്‍ പറഞ്ഞു ചിരിക്കുകയാണ്. തന്നേപ്പറ്റിയാവുമോ?..
ആ കുട്ടന്‍ പറഞ്ഞതാണെങ്കില്‍ തീര്‍ച്ചയായും ആവും.. ആ പന്ന $@!$%&*$ %&^#*$ന് എന്നേപ്പറ്റി കഥയുണ്ടാക്കി പറയാനേ നേരമുള്ളൂ..#%^$@%.... അവനിട്ടൊരു പണികൊടുക്കാനൊട്ടു പറ്റുന്നുമില്ലല്ലോ..കര്‍ത്താവേ..
അജ്ഞാത സുന്ദരി കൂട്ടുകാരികള്‍ക്കൊപ്പം മുന്‍പിലിരിപ്പുണ്ട്. കാണാനാവുന്നില്ല.

ആലോചിച്ചുനിന്നപ്പോള്‍ ദാ ഒരു സീറ്റ് കിടക്കുന്നു. അപ്പുറത്ത് ഒരു കിളി ഇരിപ്പുണ്ട്. ഹായ്...ചിഞ്ചൂ...
കുട്ടന്‍ പുതിയതായി ട്യൂണ്‍ ചെയ്യുന്ന കുട്ടിയാണ്... ചിഞ്ചു.. അവനിട്ടൊരു പണികൊടുക്കാന്‍ പറ്റിയ അവസരം. അവനേക്കുറിച്ച് കുറേ കള്ളങ്ങള്‍ പറഞ്ഞാല്‍ ചിഞ്ചുവിനെ അവനില്‍നിന്നും അകറ്റിനിര്‍ത്താം. ഗുഡ് ഐഡിയ.. അവന്‍ സൈഡില്‍ ഇരുന്നു.എന്നിട്ട് കുട്ടനേപ്പറ്റി
കുറ്റം പറയാനാരംഭിച്ചു.
പറയുന്നതൊന്നും അവള്‍ കണക്കിലെടുക്കുന്നില്ലെന്ന് കുറച്ചുസമയത്തെ സംസാരത്തില്‍ നിന്നും ജെറിമോനു മനസിലായി. അവന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ചിഞ്ചു ചോദിച്ചു...“ജെറിച്ചേട്ടന്റെ മോന്‍ ഇപ്പൊ ഏതു ക്ലാസിലാ...ഭാര്യ എന്തു ചെയ്യുന്നു?...“

കര്‍ത്താവേ.........
ഇതിവിടം വരെ എത്തിയോ.......
ഒരിക്കല്‍ കുട്ടന്‍ തന്നേപ്പറ്റി അടിച്ചിറക്കിവിട്ട കഥ..ജെറിയുടെ ഭാര്യയുടെ പേര് സി** എന്നാണെന്നും ഒരു മകളുണ്ടെന്നും..
“ചിഞ്ചുവിനോടിതാരാ പറഞ്ഞേ??...ഞാന്‍ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല..അറിയാമോ..“
“സത്യമോ...“
“സത്യം...ചിഞ്ചൂ....സത്യം...“
“മോശമല്ലേ ചേട്ടാ ഇങ്ങിനെ കല്യാണം കഴിക്കാതെ ഒരാളോടൊപ്പം താമസിക്കുന്നത്... ആ ചേച്ചിയുടെ പേരെന്താ... ശ്ശോ.. മറന്നു.. ഇന്നലെ കുട്ടേട്ടന്‍ പറഞ്ഞാരുന്നല്ലോ... സി..സീമയോ.. അല്ലേ.. അവരെ എന്തിനാ ഇങ്ങിനെ വഞ്ചിക്കുന്നത്.?”

“സത്യമായും എനിക്ക് ഭാര്യയും കുട്ടിയും ഇല്ല ചിഞ്ചൂ..”

“ങും.. കുട്ടേട്ടന്‍ പറഞ്ഞു ജെറിച്ചേട്ടന്‍ ഇപ്പൊ കൂത്താട്ടുകുളത്തു നിന്നും വരുന്ന ഫസ്റ്റിയറിലെ നീനുവിന്റെ പിറകേയാണെന്ന്.. “

ഓഹോ...ചെറ്റ അതും ഇവിടെ വന്ന് പറഞ്ഞിട്ടുണ്ടോ..അല്ലാ നീനുവോ..അതായിരുന്നോ ആ അജ്ഞാത സുന്ദരിയുടെ പേര്..

നാണം കെട്ടെങ്കിലെന്താ..അജ്ഞാതയുടെ പേരു മനസിലാക്കിയില്ലേ..നീനു....നീനു....നീനു ജെറിമോന്‍. ആഹാ...എത്ര ചേര്‍ച്ച. നീനു ജെറിമോന്‍ കുടക്കാപുരം....ആഹഹ...
അവന്‍ അധികം ആലോചിക്കുന്നതിനു മുന്‍പ് വാഹനം ലക്ഷ്യത്തിലെത്തി.

രംഗം മൂന്ന് : ദേവലോകം

ദേവലോകത്തിലെത്തിയ ബുദ്ധിജീവികള്‍ അവരവരുടെ സഭകള്‍ ലക്ഷ്യമാക്കി നീങ്ങി. ഒപ്പം ജെറിമോനും. ആ ജനപ്രളയത്തിനിടയിലൂടെ ജെറിമോന്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്‍പിലുള്ള നോട്ടീസ് ബോര്‍ഡിനു മുന്നിലെത്തി. അവളുടെ ഫുള്‍നെയിം അറിയുകയായിരുന്നു ലക്ഷ്യം. കാരണം അതറിഞ്ഞിട്ടു വേണം ലവ് കാല്‍ക്കുലേറ്റര്‍ സൈറ്റില്‍ കയറി എത്ര ശതമാനം ഇഷ്ടം ഉണ്ട് എന്നറിയാന്‍..

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍നിന്നും അവനാ പേരു വായിച്ചെടുത്തു..

നീനു ജമീലാ നായര്‍

കര്‍ത്താവേ ഇതെന്തു പേര്...സാഗര്‍ ഏലിയാസ് ജാക്കിയുടെ വല്ല സ്വന്തക്കാരുമാണോ...അവന്‍ അന്തിച്ചുനിന്നു.

അവനെ ഫോളോ ചെയ്യുന്നുണ്ടായിരുന്ന ഒരാള്‍ പിന്നില്‍ വന്നു നിന്നത് അവനറിഞ്ഞില്ല...

( തുടരും...)