ഇന്നലെ | ::::::::::
നാടുമുഴുവന്‍ ഉറങ്ങുമ്പോഴും അയാള്‍ക്ക് ഉറക്കം വന്നില്ല..
മാസങ്ങള്‍ക്ക് മുന്‍പ് താന്‍ കാണിച്ച ഒരെടുത്തുചാട്ടം.. ബ്ലോഗിങ്ങ്..
വായനക്കാരില്ലാത്ത തന്റെ ബ്ലോഗിനേക്കുറിച്ചോര്‍ത്ത് അയാള്‍ നെടുവീര്‍പ്പിട്ടു, എവിടെയാണ് തന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നത്. വരമൊഴിയും കീമാനും മാറിമാറി ഉപയോഗിച്ചിട്ടും വായനക്കാരെ പൂര്‍ണ്ണമായും തന്നിലേക്ക് ആകര്‍ഷിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല. ആറു പോസ്റ്റ് ഇട്ടിട്ടും പേജ് ഹിറ്റുകള്‍ വെറും മുപ്പത്തിയഞ്ച്. അവന്‍ ആശങ്കാകുലനായി..
സ്റ്റീഫന്‍ ലീക്കോസിന്റെയും ജോസഫ് ബര്‍ഗ്മാന്റെയും ഗബ്രിയേല്‍ മാര്‍ക്വേസിന്റെയും ശൈലികളെ അതിവിഗദ്ധമായി സംയോജിപ്പിച്ച അതിനൂതനമായ തന്റെ ഭാഷ വായനക്കാര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതാണോ കാരണം?
കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാള്‍ ആലോചിച്ചു..
[ സര്‍ഗാത്മകത, ആശയങ്ങളുടെ അവതരണ ശൈലി എന്നിവയേക്കുറിച്ച് അജ്ഞനാണയാള്‍.. ]
ഇന്ന് |::::::::::
ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങിച്ച് അയാള്‍ പ്രശ്നം കൂളായി പരിഹരിച്ചു..
ആട്, പൂച്ച, പട്ടി, പല്ലി തുടങ്ങി അത്യപൂര്‍വ ജനുസുകളില്‍ പെട്ട മ്രുഗങ്ങളുടെയും വംശനാശഭീഷണി നേരിടുന്ന കാക്ക, മരംകൊത്തി, കുരുവി, ( കോഴി പക്ഷി വര്‍ഗത്തില്‍ ആണോ.. അല്ലേ??) തുടങ്ങിയ പക്ഷികളുടെയും ചാഞ്ഞും ചെരിഞ്ഞുമുള്ള ചിത്രങ്ങള്‍ പകര്‍ത്തി അത് പോസ്റ്റു ചെയ്തു..
***********
ചിത്രങ്ങളും ഒപ്പമുള്ള ലേഖനങ്ങളും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു...
ആട് പ്ലാവില ചവയ്ക്കുന്നത് എങ്ങിനെ?
പല്ലി കോട്ടുവാ ഇടാറുണ്ടോ?
ഒട്ടകപ്പക്ഷി കുളിക്കാറുണ്ടോ?
തുടങ്ങി ഒരു ബ്ലോഗര്‍ അവശ്യം അറിഞ്ഞിരിക്കേണ്ടുന്നതായ കാര്യങ്ങളേക്കുറിച്ച് ആധികാരികമായ കുറിപ്പ്‍.. ഒപ്പം ഒരു കവിതയും...
ആനവായില്‍ അമ്പഴങ്ങ....
അമ്പഴങ്ങ കടിച്ച് പല്ലൊന്ന് പോയി...
പല്ലു പോയപ്പോള്‍ ചോര...
അഹോ കഷ്ടം.. പ്രാണ സങ്കടം..
ചുവപ്പു നിറമുള്ള ചോര...
ചോര..ചോര...ചോര...
..പോസ്റ്റ്.. മെഗാഹിറ്റ്!!
[ ഇവിടെയാണ് കാര്യം.. കളികള്‍ പഠിച്ചു വരുന്നു.. ]
നാളെ | ::::::::::
അയാളുടെ പുതിയ ലേഖനം പബ്ലിഷ് ചെയ്തിരിക്കുന്നു.....
“ഇസ്രായേലും നീര്‍ക്കോലിയുടെ തവളപിടുത്തവും“ .
ഇതേക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പൊ ബ്ലോഗിലെങ്ങും...
നീര്‍ക്കോലിയുടെ ഏകപക്ഷീയവും കിരാതവുമായ നയങ്ങള്‍ക്കെതിരെ ഒരു വിഭാഗം. തവളയുടെ പ്രകോപനപരമായ
ചാട്ടങ്ങളെ എതിര്‍ത്തുകൊണ്ട് മറ്റൊരു വിഭാഗവും...
കറുത്ത തവള അവര്‍ണ്ണനും നീര്‍ക്കോലി സവര്‍ണ്ണനുമാണത്രേ.. വേറെ ചിലര്..
എല്ലാം ബിംബങ്ങള്..!!
[അസൂയ മൂത്ത മറ്റു ബ്ലോഗന്മാര്‍ ഈ പോസ്റ്റിട്ടതിന് അയാളെ വിമര്‍ശിച്ചു തുടങ്ങി. രക്ഷപെട്ടു...ഭാഗ്യവാന്‍... ]