Tuesday, December 23, 2008

നര്‍മ്മപൂര്‍വ്വമൊരു പ്രണയമൊഴി.. ഭാഗം ഒന്ന്

നര്‍മ്മപൂര്‍വ്വമൊരു പ്രണയമൊഴി...

വായനക്കാരുടെ ക്ഷമയെ പരീക്ഷിച്ചുകൊണ്ട് ഇത്തവണ ഞാന്‍ അവതരിപ്പിക്കുന്നത് ഒരു കഥ - കം - ബാലെ ആണ്. ഇതു വായിക്കുന്തോറും ഇതേ ടൈപ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു നിങ്ങളില്‍ ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. തികച്ചും സ്വാഭാവികം മാത്രമാണത്...
കാരണം ഇത് ഞാന്‍ അടിച്ചുമാറ്റി കുറച്ചു മോഡിഫിക്കേഷന്‍ ഒക്കെ വരുത്തി മാക്സിമം അലമ്പാക്കി മാറ്റിയ ഒരു കഥയാണ്. ( ഇതിന്റെ പഴയ രൂപം 2002ല്‍ എഴുതിയ എന്റെ സുഹ്രുത്തിനു (രജീഷ്) നന്ദി. )

ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്ന പലരുമായും പല ബന്ധങ്ങളും ഉണ്ട്. അഥവാ ബന്ധമില്ലെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ എന്തായിരുന്നു ആ ബന്ധം എന്നോട് ചോദിക്കരുത്. ഞാന്‍ പറയില്ല..

രംഗം ഒന്ന് : എയര്‍പോര്‍ട്ട്.

ദൈവത്തിന്റെയും ഇപ്പൊ വിശുദ്ധരുടേയും സ്വന്തം നാട്ടിലെ പ്രശസ്തമായൊരു പുഴയുടെ തീരത്തുള്ള ഒരു ബസ്റ്റോപ്പ്.
സമയം 8.25am.
നൂറ്റന്‍പതു മീറ്റര്‍ നീളമുള്ള നാലുവരിപ്പാതയിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നു. സമൂഹം ബുദ്ധിജീവികള്‍ എന്നു വിളിക്കുന്ന ഒരുകൂട്ടം ഹതഭാഗ്യര്‍ എന്തോ പ്രതീക്ഷിച്ചു നില്‍ക്കുന്നു. അവര്‍ക്ക് പോകാനുള്ള വാഹനം എത്തിയിട്ടില്ല. അതിനിടയില്‍ നില്‍ക്കുന്നു..ഒത്ത ഉയരവും കട്ടിമീശയുമുള്ള ഒരു യുവകോമാളി..അല്ല യുവകോമളന്‍.
പേര്... ജെറിമോന്‍ കുടക്കാപുരം.
( എന്തൊരു പേര് അല്ലേ..!!. ജെറിമോന്‍ കേകോ(മ) എന്ന തീവ്രവാദി സംഘടനയുടെ ഒരു മെമ്പറാണ്. അവര്‍ക്ക് പേരിനൊപ്പം നാടിന്റെ പേരും ചേര്‍ക്കുന്നത് ഒരു സ്റ്റയിലാണ്. )
മണ്ഡേലയുടെ നിറമെങ്കിലും മാടപ്രാവിന്റെ മനസ്. യൂണിഫോമണിഞ്ഞ ജെറിമോന്‍ അടുത്ത് മുപ്പതു ഡിഗ്രി ചെരിഞ്ഞുനില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിനപ്പുറത്തെക്കൊന്നു പാളി നോക്കി. അവിടെയുള്ള മരച്ചുവടാണ് സ്ത്രീജനങ്ങളുടെ വാസസ്ഥലം. നോട്ടം ലക്ഷ്യത്തില്‍ തന്നെ പതിച്ചു..
ആഴ്ച്ചകളായി തന്റെ ഉറക്കം കെടുത്തുന്ന സ്വപ്നകന്യക..
ദര്‍ശന സൌഭാഗ്യം ദിനവും ഉണ്ടെങ്കിലും പേര് അജ്ഞാതം...
കണ്മുന്നില്‍ ഇങ്ങിനെ മായയായി മറയുന്ന അവളെ മായ എന്നു വിളിച്ചാലോ...
വേണ്ട..
ആ പേരുതന്നെ എനിക്ക് വെറുപ്പാണ്. സ്നേഹിക്കുന്നു എന്നു പറഞ്ഞ് പിറകേ നടന്ന് ഒടുവിലെന്നെ വഞ്ചിച്ച ആ മഹാരാഷ്ട്രക്കാരിയുടെ പേരും അതാണല്ലോ.. എന്റെ വിലപ്പെട്ടതെല്ലാം** കവര്‍ന്നെടുത്ത അവള്‍ ഇപ്പൊ ജാക്സന്റെ പിറകേ പോയിരിക്കുന്നു...

[** സര്‍ക്യൂട്സ് ലാബില്‍ വച്ച് ഇപ്പോള്‍ തന്നെ തരാം എന്നു പറഞ്ഞു മേടിച്ചുകൊണ്ടുപോയ സെല്ലോ ഗ്രിപ്പര്‍ പേന, സ്കെയില്‍, നടരാജ് പെന്‍സില്‍, റബര്.. എല്ലാം അവള് കൊണ്ടുപോയി...‍]

ഒരു നിമിഷം അവന്‍ ചിന്തയില്‍നിന്നും ഉണര്‍ന്നു.

സുന്ദരിയായ അജ്ഞാതയെ അവന്‍ വീണ്ടും നോക്കി...അവള്‍ അവന്റെ നേര്‍ക്ക് കടക്കണ്ണെറിഞ്ഞു...
പ്രഭാപൂരിതമായ ആ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ദൈവമേ..
ഇത് സത്യമോ മിഥ്യയോ....????
അവന് വിശ്വസിക്കാനായില്ല...കൊച്ചുകള്ളി....വീണു...
ആത്മാവിനെ കോരിത്തരിപ്പിച്ച ആ പുഞ്ചിരി അവന്റെ മനസില്‍ വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ സ്രുഷ്ടിച്ചു.
ഭൂമി തന്റെ കയ്‌വിരലില്‍ കിടന്നു കറങ്ങുന്നതുപോലെ തോന്നി....
നവഗ്രഹങ്ങളെടുത്ത് അമ്മാനമാടണം...
നക്ഷത്രങ്ങളെ പിച്ചിച്ചീന്തണം....
പ്രപഞ്ചത്തെ ചവിട്ടി മെതിക്കണം...
മെതിക്കാന്‍ പോയിട്ട് കൊയ്യാന്‍ പോലും തുടങ്ങും മുന്‍പ് അവര്‍ക്കു പോകാനുള്ള വാഹനമെത്തി.

രംഗം രണ്ട് : ബോയിംഗ് ബോയിംഗ്

നിമിഷനേരങ്ങള്‍ക്കുള്ളില്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍ വാഹനത്തില്‍ നിറഞ്ഞു. ജെറിമോന്‍ ആകെയൊന്നു നോക്കി. പതിവുപോലെ എല്ലാവരുമുണ്ട്. ജോര്‍ജി ജോയി, കുട്ടന്‍, ലാവണ്യ, എല്ലാവരും എന്തോ തമാശകള്‍ പറഞ്ഞു ചിരിക്കുകയാണ്. തന്നേപ്പറ്റിയാവുമോ?..
ആ കുട്ടന്‍ പറഞ്ഞതാണെങ്കില്‍ തീര്‍ച്ചയായും ആവും.. ആ പന്ന $@!$%&*$ %&^#*$ന് എന്നേപ്പറ്റി കഥയുണ്ടാക്കി പറയാനേ നേരമുള്ളൂ..#%^$@%.... അവനിട്ടൊരു പണികൊടുക്കാനൊട്ടു പറ്റുന്നുമില്ലല്ലോ..കര്‍ത്താവേ..
അജ്ഞാത സുന്ദരി കൂട്ടുകാരികള്‍ക്കൊപ്പം മുന്‍പിലിരിപ്പുണ്ട്. കാണാനാവുന്നില്ല.

ആലോചിച്ചുനിന്നപ്പോള്‍ ദാ ഒരു സീറ്റ് കിടക്കുന്നു. അപ്പുറത്ത് ഒരു കിളി ഇരിപ്പുണ്ട്. ഹായ്...ചിഞ്ചൂ...
കുട്ടന്‍ പുതിയതായി ട്യൂണ്‍ ചെയ്യുന്ന കുട്ടിയാണ്... ചിഞ്ചു.. അവനിട്ടൊരു പണികൊടുക്കാന്‍ പറ്റിയ അവസരം. അവനേക്കുറിച്ച് കുറേ കള്ളങ്ങള്‍ പറഞ്ഞാല്‍ ചിഞ്ചുവിനെ അവനില്‍നിന്നും അകറ്റിനിര്‍ത്താം. ഗുഡ് ഐഡിയ.. അവന്‍ സൈഡില്‍ ഇരുന്നു.എന്നിട്ട് കുട്ടനേപ്പറ്റി
കുറ്റം പറയാനാരംഭിച്ചു.
പറയുന്നതൊന്നും അവള്‍ കണക്കിലെടുക്കുന്നില്ലെന്ന് കുറച്ചുസമയത്തെ സംസാരത്തില്‍ നിന്നും ജെറിമോനു മനസിലായി. അവന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ചിഞ്ചു ചോദിച്ചു...“ജെറിച്ചേട്ടന്റെ മോന്‍ ഇപ്പൊ ഏതു ക്ലാസിലാ...ഭാര്യ എന്തു ചെയ്യുന്നു?...“

കര്‍ത്താവേ.........
ഇതിവിടം വരെ എത്തിയോ.......
ഒരിക്കല്‍ കുട്ടന്‍ തന്നേപ്പറ്റി അടിച്ചിറക്കിവിട്ട കഥ..ജെറിയുടെ ഭാര്യയുടെ പേര് സി** എന്നാണെന്നും ഒരു മകളുണ്ടെന്നും..
“ചിഞ്ചുവിനോടിതാരാ പറഞ്ഞേ??...ഞാന്‍ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല..അറിയാമോ..“
“സത്യമോ...“
“സത്യം...ചിഞ്ചൂ....സത്യം...“
“മോശമല്ലേ ചേട്ടാ ഇങ്ങിനെ കല്യാണം കഴിക്കാതെ ഒരാളോടൊപ്പം താമസിക്കുന്നത്... ആ ചേച്ചിയുടെ പേരെന്താ... ശ്ശോ.. മറന്നു.. ഇന്നലെ കുട്ടേട്ടന്‍ പറഞ്ഞാരുന്നല്ലോ... സി..സീമയോ.. അല്ലേ.. അവരെ എന്തിനാ ഇങ്ങിനെ വഞ്ചിക്കുന്നത്.?”

“സത്യമായും എനിക്ക് ഭാര്യയും കുട്ടിയും ഇല്ല ചിഞ്ചൂ..”

“ങും.. കുട്ടേട്ടന്‍ പറഞ്ഞു ജെറിച്ചേട്ടന്‍ ഇപ്പൊ കൂത്താട്ടുകുളത്തു നിന്നും വരുന്ന ഫസ്റ്റിയറിലെ നീനുവിന്റെ പിറകേയാണെന്ന്.. “

ഓഹോ...ചെറ്റ അതും ഇവിടെ വന്ന് പറഞ്ഞിട്ടുണ്ടോ..അല്ലാ നീനുവോ..അതായിരുന്നോ ആ അജ്ഞാത സുന്ദരിയുടെ പേര്..

നാണം കെട്ടെങ്കിലെന്താ..അജ്ഞാതയുടെ പേരു മനസിലാക്കിയില്ലേ..നീനു....നീനു....നീനു ജെറിമോന്‍. ആഹാ...എത്ര ചേര്‍ച്ച. നീനു ജെറിമോന്‍ കുടക്കാപുരം....ആഹഹ...
അവന്‍ അധികം ആലോചിക്കുന്നതിനു മുന്‍പ് വാഹനം ലക്ഷ്യത്തിലെത്തി.

രംഗം മൂന്ന് : ദേവലോകം

ദേവലോകത്തിലെത്തിയ ബുദ്ധിജീവികള്‍ അവരവരുടെ സഭകള്‍ ലക്ഷ്യമാക്കി നീങ്ങി. ഒപ്പം ജെറിമോനും. ആ ജനപ്രളയത്തിനിടയിലൂടെ ജെറിമോന്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്‍പിലുള്ള നോട്ടീസ് ബോര്‍ഡിനു മുന്നിലെത്തി. അവളുടെ ഫുള്‍നെയിം അറിയുകയായിരുന്നു ലക്ഷ്യം. കാരണം അതറിഞ്ഞിട്ടു വേണം ലവ് കാല്‍ക്കുലേറ്റര്‍ സൈറ്റില്‍ കയറി എത്ര ശതമാനം ഇഷ്ടം ഉണ്ട് എന്നറിയാന്‍..

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍നിന്നും അവനാ പേരു വായിച്ചെടുത്തു..

നീനു ജമീലാ നായര്‍

കര്‍ത്താവേ ഇതെന്തു പേര്...സാഗര്‍ ഏലിയാസ് ജാക്കിയുടെ വല്ല സ്വന്തക്കാരുമാണോ...അവന്‍ അന്തിച്ചുനിന്നു.

അവനെ ഫോളോ ചെയ്യുന്നുണ്ടായിരുന്ന ഒരാള്‍ പിന്നില്‍ വന്നു നിന്നത് അവനറിഞ്ഞില്ല...

( തുടരും...)

5 comments:

  1. നീനു ജമീല നായര്‍ .. അതെനിക്കങ്ങു ഇഷ്ടപ്പെട്ടു.. ബാക്കി കൂടെ പോരട്ടേ !

    ReplyDelete
  2. ഈ ഭാഗം നന്നായി..... അതു ചിലപ്പോള്‍ സാഗര്‍ ഏലിയാസ് ജാക്കിയുടെ സിസ്റ്റര്‍ ആയിരിക്കാം....

    ബാക്കി പ്രതീക്ഷിക്കുന്നു....

    ReplyDelete
  3. ഇതു പണ്ടു പപ്പുനോട് ശ്രീനിവാസന്‍ ചോദിച്ച പോലെ ആയല്ലോ ...

    ശ്രീനി : എന്താ തന്‍റെ പേര് ?
    പപ്പു :ചെറിയാന്‍ നായര്
    ശ്രീനി : എന്താ തന്‍റെ അച്ഛന്റെ പേര് ?
    പപ്പു : കുര്യക്കോസ് മേനോന്‍
    ശ്രീനി : എന്താ തന്‍റെ അമ്മേടെ പേര് ?
    പപ്പു : മേരി തമ്പുരാട്ടി

    ReplyDelete
  4. കൊള്ളാം. അടുത്ത ഭാഗം പോരട്ടേ

    ReplyDelete
  5. വായിച്ച എല്ലാര്‍ക്കും നന്ദി.
    കുഞ്ഞിക്കിളി,ശിവ,നവരുചിയന്‍,ലക്ഷ്മി..നന്ദി.

    ReplyDelete

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?