Showing posts with label ഓര്‍മ്മകള്‍. Show all posts
Showing posts with label ഓര്‍മ്മകള്‍. Show all posts

Tuesday, March 17, 2009

ഒരു കൊച്ചു പീഡനം

ശ്രീക്കുട്ടന്‍ ടൈം മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു. വര്‍ഷങ്ങള്‍ പിറകിലേക്ക്..
അയാളുടെ കുട്ടിക്കാ‍ലം..

“പൂപറിക്കാന്‍ പോരുന്നോ.. പോരുന്നോ അതിരാവിലെ...
ആരെ നിങ്ങള്‍ക്കാവശ്യം... ആവശ്യം അതിരാവിലെ...“

“നീതൂനെ ഞങ്ങള്‍ക്കാവശ്യം.. ആവശ്യം അതിരാവിലെ...
നീതൂനെ ഞങ്ങള്‍ക്കാവശ്യം.. ആവശ്യം അതിരാവിലെ...“


കൊച്ചുവെളുപ്പാന്‍കാലത്ത് നീതുവിനെ പൂപറിക്കാന്‍ പോവാൻ വിളിക്കുന്നതൊന്നുമല്ല.. പാവം നീതുവിനെ അതിക്രൂരമായി പീഡിപ്പിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ നടത്താറുള്ള ആക്രോശമാണ് മുകളില്‍ എഴുതിയിരിക്കുന്നത്.. തീരെ ചെറുപ്പത്തിൽ, ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിച്ച് തുടങ്ങുന്നതിനും മുന്‍പ്.. ആണ്‍കുട്ടികളും പെൺകുട്ടികളും ഒന്നിച്ച് കളിച്ചു രസിച്ചു പഠിച്ചു നടക്കുന്ന പ്രായത്തിൽ.. അന്നത്തെ ടോപ്പ് ഹിറ്റ് വിനോദ ഐറ്റമായിരുന്നു, മേല്പറഞ്ഞ പരിപാടി.. അതിങ്ങനെ..

ക്ലാസില്‍ ആകെയുള്ള 30 കുട്ടികള്‍ (16 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും..16+14=30? കറക്ടല്ലേ?? ) ഇവരെ ‘അക്കായിക്കാവെക്കമ്പൊക്കോ‘ എന്നു തുടങ്ങുന്ന ഒരു പിരിക്കൽ മന്ത്രമുപയോഗിച്ച് രണ്ട് ടീമായി തിരിക്കും. ആണ്‍കുട്ടികള്‍ 8, പെണ്‍കുട്ടികള്‍ 7 വീതം ഒരു ടീമില്.. വടം വലിക്കാരെപ്പോലെ ഈ രണ്ടു ടീമും ഇരുവശങ്ങളില്‍ നില്‍ക്കും.. ഓരോ ടീമിനും അള്‍ട്ടര്‍നേറ്റായിട്ട് എതിര്‍ഗ്രൂപ്പിലെ ഓരോ അംഗത്തെ ആവശ്യപ്പെടാം, ആവശ്യപ്പെടുന്ന ആളേ വിട്ടുകൊടുക്കാന്‍ മറ്റേ ടീം തയാറല്ലെങ്കില്‍ പിന്നെ അയാള്‍ക്കുവേണ്ടിയുള്ള വടംവലിയാണ്. അയാ‍ളെ മധ്യത്തില്‍ നിര്‍ത്തി ഇരുകയ്യുകളിലും പിടിച്ച് ടീമുകള്‍ ഇരുവശത്തേക്കും ഒരേസമയം വലിക്കും.. വടം പോലെ ഇരുവശത്തേക്കും വലിയും നടുക്കുനില്‍ക്കുന്നയാള്.. ഏതു ടീമാണോ അയാളെ വലിച്ചെടുക്കുന്നത്, ആ‍ ടീമിന് ഒരു പോയിന്റ്.. അങ്ങിനെയങ്ങിനെ മത്സരം മുന്നേറും..

ഏതു ടീമില്‍ വന്നാലും ഏറ്റവും ആദ്യം വിളിക്കുന്ന പേരായിരുന്നു, നീതുവിന്റേത്. ഞങ്ങളുടെ സ്ഥിരം പി.റ്റി.എ. പ്രസിഡന്റിന്റെ മോള്, ക്ലാസിലെ രണ്ടാം സ്ഥാനം (ഒന്ന് ആര്‍ക്കാണെന്ന് പറയണ്ട കാര്യമില്ലല്ലോ!!!), വെളുത്ത് മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി. അവളെ കിട്ടാന്‍ ഏതു ടീമാണ് ആഗ്രഹിക്കാത്തത്? അവളെ വിട്ടുകൊടുക്കാന്‍ ആര്‍ക്കു തോന്നും? ഞാനും അവളെ ആഗ്രഹിച്ചിരുന്നു, ഐ മീന്‍.. ഞങ്ങളുടെ ടീമും എന്ന്.. സോറി, എന്നേക്കാള്‍ അവളുടെമേല്‍ നോട്ടമുണ്ടായിരുന്നത് പ്രശാന്തിനായിരുന്നു. (പണ്ടുതൊട്ടേ എന്റെ ശത്രു.. എല്ലായ്പോഴും ‘ശ്രീക്കുട്ടന്റെ ടീമിൽ തന്നെ കിട്ടണേ!!’ എന്നു പ്രാർഥിച്ചിരുന്ന പെൺകുട്ടികൾ പോലും സിനിമാപ്പേരു കളിയില്‍ അവന്റെ ഒപ്പം ആയിരുന്നു, ആര്‍ക്കും അവനെ തോല്പിക്കാനാവില്ല. അതിന്റെ പേരിൽ ചെറിയ അഹങ്കാരവും അവനുണ്ടായിരുന്നു.. അവനാണ് കമലഹാസന്റെ സിനിമാ ‘മൈക്കിൾ മദൻ നടനരാജൻ’ എന്നു പറഞ്ഞ് ഞങ്ങളെ പറ്റിച്ചത്).

പതിവുപോലെ അന്നും ഞങ്ങള്‍ കളി തുടങ്ങി, ഞാനും നീതുവും ഒരു ടീമിലാണ്. പ്രശാന്ത് എതിര്‍ ടീമിലും. പ്രതീക്ഷിച്ചതുപോലെ അവര് ആദ്യം വിളിച്ചത് നീതുവിനെ.. അപ്പുറത്ത് നല്ല ഘടാഘടിയന്മാര് ജിന്റൊയും രാജീവും സുനീഷും, ഉപ്പുമാങ്ങാ ഭരണി പോലുള്ള സരിതയും മറ്റും. അതിലും വലുതാണല്ലോ നീതു കൂടെയുണ്ട് എന്ന ആത്മവിശ്വാസം.. വലി തുടങ്ങി... കട്ടക്കട്ടയ്ക്ക് ഇരുടീമും.. ആവേശം കൂടി..


അവളു കൈവിട്ടുപോകുമോ എന്ന് തോന്നിയ നിമിഷം, ഞാൻ പിടുത്തം കയ്യിൽ നിന്നും മാറ്റി അവളുടെ ഉടുപ്പിലേക്കാക്കി. അതു കണ്ടിട്ടാണോ അല്ലയോ എന്നറിയില്ല, പ്രശാന്ത് പിടുത്തം പാവാടയിലാക്കിയത്.!!
ഫലം? അതെന്താവുമെന്നു ചിന്തിക്കാനുള്ള ശേഷി അന്നില്ലല്ലോ..
ഗ്ര്വാ‍ാ‍ാ‍ാ‍ാ എന്നൊരലർച്ചയോടെ സർവ്വശക്തിയും ഉപയോഗിച്ച് വലിച്ച് ഞാനും ഞങ്ങളുടെ ടീമും ലക്ഷ്യം നേടി..., പ്രശാന്തിന്റെ കയ്യിൽ അവളുടെ പാവാടമാത്രം.!!

നീതുവാണ് ടാർജറ്റ്, പാവാടയല്ല.. സോ.. ഞങ്ങൾ തന്നെ വിജയികൾ, മുകളിൽ വീണു കെട്ടിപ്പിടിച്ചു കിടക്കുന്ന നീതുവിനെ ഒരു വശത്തേക്ക് മാറ്റിക്കിടത്തി ഞാൻ ആവശപൂർവ്വം ചാടി എണീറ്റു. യേ....

‘അയ്യേ..’

നിലവിളിച്ചുകൊണ്ട് പെൺകുട്ടികളെല്ലാം കൂടി ഓടി വന്ന് നീതുവിനു ചുറ്റും വട്ടത്തിൽ നിന്നു. പ്രശാന്ത് പാവാടയും പിടിച്ച് മിഴുങ്ങസ്യാ എന്ന് നിൽക്കുന്നു. ആരൊക്കെയോ ചേർന്ന് നീതുവിനെ എണീൽ‌പ്പിക്കുന്നു, പ്രശാന്തിന്റെ കയ്യിൽ നിന്നും പാവാട വാങ്ങിക്കുന്നു, തുണി ഉടുപ്പിക്കുന്നു, നീതു അലറിക്കരയുന്നു, ആകെ ബഹളം!!!!. എനിക്കും പ്രശാന്തിനും നാണം വന്നു.. ഹെഡ്മാസ്റ്ററുടെ മുറിയിൽ ചെന്നപ്പൊ പേടിയും..

[പക്ഷേ.. ഇപ്പോൾ രസകരമായി തോന്നുന്നുവെങ്കിലും അന്ന് അങ്ങിനെയായിരുന്നില്ല, നിസാരമായി ഞങ്ങൾ കണക്കാക്കിയ ഈ സംഭവം പാവം നീതുവിന്റെ വീട്ടിൽ ഒരു പൊട്ടിത്തെറിയായിരുന്നു.. ഈ സംഭവത്തിനു ശേഷമാണ് ആൺ-പെൺ വേർതിരിവ് ക്ലാസിലുണ്ടാവുന്നതും, മേലിൽ ആൺകുട്ടികളുമായുള്ള ഒരു പരിപാടിക്കുമില്ലെന്ന് പെൺകുട്ടികൾ തീരുമാനമെടുക്കുന്നതും, അതും ഞങ്ങളേറെ ഇഷ്ടപ്പെടുന്ന വിലാസിനി ടീച്ചറിന്റെ മകൾ നിമിഷയുടെ നേത്രുത്വത്തിൽ... ഞാൻ കണ്ട/ഞങ്ങൾ കണ്ട ആദ്യത്തെ സ്ത്രീപക്ഷവാദി!!.]


ശ്രീക്കുട്ടൻ വീണ്ടും ടൈം മെഷീൻ പ്രവർത്തിപ്പിച്ചു. വർഷങ്ങൾ മുൻപോട്ട്..

ആശുപത്രിക്കിടക്കയിലിരുന്ന് അയാൾ Injection എടുക്കാൻ വന്ന നഴ്സിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.

‘ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു... നീ....തു..????‘

‘അതേ.. ‘

‘എന്നെ അറിയുമോ??’

അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി വിടർന്ന കണ്ണുകളോടെ അവൾ ചോദിച്ചു.. ‘ശ്രീ...ക്കു...ട്ട...ൻ..!!!?’

അവൾക്ക് ആഹ്ലാദം...അയാൾക്കും...




------------------------
വീട്ടിൽ വന്ന് അയാൾ കമ്പ്യൂട്ടറിന്റെ മുൻപിലിരുന്നു. ബ്ലോഗറിൽ ലോഗിൻ ചെയ്തു. ഓർമ്മയിൽവന്നതെല്ലാം എടുത്ത് പെരുമാറി. പക്ഷേ നഴ്സ് Injection എടുത്തത് ‘എവിടെ‘ എന്നുമാത്രം എഴുതിയില്ല.. ;-)


-: ശുഭം (ആകുമോന്ന് കണ്ടറിയാം..) :-

Tuesday, January 13, 2009

ഒരു ഫ്ലക്സി റീചാര്‍ജിന്റെ ഓര്‍മ്മയ്ക്ക്

ഒരു ഫ്ലക്സി റീചാര്‍ജിന്റെ ഓര്‍മ്മയ്ക്ക്....

മ്മുടെ ലോകം എത്ര പെട്ടന്നാണ് മാറിക്കൊണ്ടിരിക്കുന്നത്...
വിവര സാങ്കേതിക വിദ്യ വളരുകയാണ്..
നാം ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍..
പത്തു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ടെക്നോളജിയില്‍നിന്നും ഇന്നിലേക്കുള്ള മാറ്റം എത്ര വലുതാണ്.
ഈ മാറ്റത്തെ ഉള്‍ക്കൊണ്ട് അതിനൊപ്പം സഞ്ചരിച്ചെങ്കിലേ ഇന്ന് പിടിച്ചുനില്‍ക്കാനാവൂ.

ഇപ്പോള്‍ സ്കൂള്‍ തലം മുതല്‍ തന്നെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ട്. നല്ലതു തന്നെ.. മുന്‍പൊക്കെ
പത്താം ക്ലാസിന്റെയും പ്ലസ് ടൂ, എന്‍ട്രന്‍സ് ഒക്കെ ഫലം അറിഞ്ഞിരുന്നത് പത്രം നോക്കിയിട്ടായിരുന്നു.. ഇന്ന് അതിനു വഴിയില്ല. എല്ലാം ഇന്റര്‍നെറ്റിലാണ്. പ്ലസ്ടൂവിന് വെബ് സൈറ്റില്‍ നിന്നും കിട്ടിയ മാര്‍ക്ക് ഷീറ്റ് എഡിറ്റ് ചെയ്ത് സ്വയം വിജയിയായി പ്രഖ്യാപിച്ച് നടന്ന ഒരു വിരുതന്‍ എന്റെ നാട്ടിലുണ്ട്. അച്ഛനമ്മമാരുടെ അജ്ഞതയെ വളരെ നന്നായി ചൂഷണം ചെയ്തു...
(സാഹിത്യം എനിക്ക് പറ്റിയ പണിയല്ല എന്നു നിങ്ങള്‍ ഇപ്പൊ തിരിച്ചറിഞ്ഞല്ലോ അല്ലേ.. ഇനി എത്ര കാണാന്‍ കിടക്കുന്നു..!!)
എടുത്തു പറയേണ്ട കാര്യം ഒരു നാല്പത് അന്‍പത് വയസിന് മുകളിലുള്ളവരേപ്പറ്റിയാണ്.
ഉദാഹരണത്തിന്‍‍..
എന്നെ ഫോട്ടോ എടുക്കാന്‍ പഠിപ്പിച്ചത് എന്റെ ഒരു വല്യമ്മാവനാണ്(uncle).. പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്... (അന്ന് അമ്മാവനു 45 വയസുണ്ട്.) ക്യാമറയ്ക്കുള്ളില്‍ ബാറ്ററി ഇടുന്നത്, ഫിലിം ഇട്ട് അതിന്റെ ഒരു അറ്റം ക്യാമറയ്ക്കുള്ളില്‍ കൊളുത്തി വയ്ക്കുന്നത്, ലെന്‍സിന്റെ അടപ്പ് മാറ്റി ക്യാമറ ഓണാക്കുന്നത് , 36 ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ പിന്നെ ഫിലിം ഊരി എടുക്കുന്നത്, അതു ഡവലപ് ചെയ്യുവാന്‍ കൊടുക്കുന്നത്, നെഗറ്റീവ് സൂക്ഷിച്ചുവയ്ക്കുന്നത്... എല്ലാം ഞാന്‍ എത്ര എളുപ്പത്തില്‍ മനസിലാക്കി..
...പറഞ്ഞുവന്നത് എന്താണെന്നു വച്ചാല്‍....
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞ് ഞാനൊരു ഒരു ഡിജിറ്റല്‍ ക്യാമറയുമായി ചെന്ന് 7megapixel , memory card 1GB ഒള്ളൂ ,USB വഴി connect ചെയ്യാമല്ലോ, Card Reader ഉണ്ട്, 8X Zoom ആണ് എന്നൊക്കെ പഠിപ്പിക്കാന്‍ ശ്രമിച്ച് അതു പരാജയപ്പെട്ടു. അമ്മാവന് ഒന്നും മനസിലായില്ല!!.
****************
കഴിഞ്ഞ പത്തു വര്‍ഷത്തിനെടെ ഏറ്റവും അധികം ജനങ്ങളില്‍ എത്തിയ ഉപകരണം മൊബൈല്‍ ഫോണാണ്. ഫോണെന്നാല്‍ അങ്ങോട്ടും വിളിക്കാനുള്ള ഉപകരണം എന്നതില്‍ നിന്ന് ക്യാമറ, മ്യൂസിക് പ്ലെയര്‍, ഇന്റര്‍നെറ്റ് ഡിവൈസ്, മറ്റുപലതും ഒക്കെ ആയി മാറിയ സെല്‍ഫോണ്‍...
ഇതാ ഒരു മൊബൈല്‍ കഥ... വെറുമൊരു കഥയല്ല.. ഒരു സംഭവ കഥ..

ഞങ്ങള്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലം..
അന്നു ഞങ്ങളില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ മൊബൈല്‍ ഫോണ്‍ ഉള്ളൂ.. അതും എറിക്സന്റ്റെ ചുടുകട്ടയും നോക്കിയ 3310ഉം ഒക്കെ... കോളേജില്‍ റേഞ്ച് കമ്മിയും...

അന്നെന്റെ (ഇന്നും) ഏറ്റവും അടുത്ത സുഹ്രുത്തുക്കളില്‍ ഒരാളായിരുന്നു ജെറിമോന്‍ (പഴയ ജെറിമോന്‍ തന്നെ..).
ഒത്ത പൊക്കവും (വണ്ണമില്ല..!!) കട്ടിമീശയുമായി ആളൊരു ചുള്ളനാണ്.. ആകെ ഒരു കുഴപ്പം പെണ്‍കുട്ടികളോട് കുറച്ച് ആക്രാന്തം ഉള്ളതു മാത്രം.. വല്ലപ്പോഴും ഒരു കടാക്ഷം, ചിരി.. ഒക്കെ കിട്ടിയാല്‍ പിന്നെ ആളു ഹാപ്പി..
ബാക്കി ആളൊരു സാധു.. നിഷ്കളങ്കന്‍..
ജെറിമോനേപ്പറ്റി ചുമ്മാ ഗോസിപ്പുകള്‍ ഉണ്ടാക്കി വിടുക ക്ലാസിലെ മറ്റെല്ലാവരുടെയും ഹോബി ആയിരുന്നു...
അതെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു താനും..

അങ്ങിനെയിരിക്കെ ഒരു ദിവസം..
ജെറിമോനെയും ഒരു ടിവി ചാനലിലെ അവതാരകയുമായി ചേര്‍ത്ത് ചില കഥകള്‍ ഒക്കെ പ്രചരിക്കുന്ന സമയമാണ്. നായിക വലിയ കുഴപ്പമില്ലാത്ത ആളായതിനാല്‍ മോന്‍ വളരെ ഹാപ്പിയാണ്. വൈകിട്ട് ക്ലാസ് ഒക്കെ കഴിഞ്ഞ് ഞങ്ങള്‍ കോളേജില്‍ നിന്നും പോകാന്‍ തുടങ്ങുമ്പോള്‍ ഒരു വിളി...

“ജെറിമോന്‍....ഒരു കാര്യം...”

ക്ലാസിലെ ഒരു പ്രധാന ‘സംഭവം‘ ആയ പ്രീതി.കെ.മേനോന്‍ ആണ്.. രണ്ടുവര്‍ഷം ഷിജുവിനൊപ്പം തകര്‍ത്തു കൊണ്ടാടിയ പ്രണയം ഒക്കെ അവസാനിപ്പിച്ച് അവള്‍ അങ്ങിനെ നില്‍ക്കുന്നു... നിലവില്‍ മേയ്ക്കാന്‍ ആരുമില്ല.. പുതിയ ഇരയേത്തേടി നടക്കുന്നു എന്നാണ് കേള്‍വി.!!

വിളിച്ചത് ജെറിമോനെ ആണല്ലോ.. അതും പ്രീതി... ഞങ്ങള്‍ അപകടം മണത്തു. സംസാരം ഞങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ പ്രീതി അവനേയും വിളിച്ച് ഒരു ഒഴിഞ്ഞ കോണിലേക്ക് മാറിനിന്നു...
സംഭാഷണം ഏതാണ്ടിങ്ങനെ..

“ജെറീ..ഒന്നു ഫ്ലക്സി ചെയ്യാമോ..”

“അയ്യേ..”

“എന്താ ജെറീ...എനിക്ക് അത്യാവശ്യമാ.. 10രൂപ മതി.. ”

ങേ.. ഈ റേറ്റിലും ഇപ്പൊ..അവന്റെ മുഖം വിവര്‍ണ്ണമാകുന്നു... ലജ്ജ...

“മുന്‍പ് എനിക്ക് ഷിജുവാണ് ചെയ്തു തന്നുകൊണ്ടിരുന്നത്.. ഇപ്പൊള്‍....അവന്‍...”

അതേ അതേ..ഞാനും കേട്ടിരുന്നു ഇതൊക്കെ.. അവന്‍ പോയപ്പൊ നിനക്ക് മറ്റതു ചെയ്തു തരാന്‍ എന്നെ മാത്രെ കിട്ടിയുള്ളൂ അല്ലേ.. എന്നാലും ഒരു പെണ്ണ് ഇങ്ങിനെ തുറന്നു ചോദിക്കുക എന്നൊക്കെ പറഞ്ഞാല്.. ശ്ശേ..

അവള്‍ ബാഗ് തുറന്ന് പേഴ്സ് എടുത്ത് പത്തു രൂപ നീട്ടി. അവനൊന്നും മനസിലായില്ല. ഇവളെന്തിനാണ് എനിക്ക് കാശുതരുന്നത്..
(റേഷന്‍ കട നടത്തുന്ന വര്‍ക്കിച്ചേട്ടന്‍ പുരുഷന്മാര്‍ കുറവായ ചില വിദേശ രാജ്യങ്ങളിലെ അവസ്ഥയേപ്പറ്റി പറഞ്ഞിരുന്നത് അവനോര്‍ത്തു. പക്ഷേ.. ഇതു കേരളമല്ലേ. ഇവിടെ ഇങ്ങിനെയൊക്കെ നടക്കുന്നുണ്ടോ...)
അസംത്രുപ്തരായ ജന വിഭാഗം..

“എന്റെ മൊബൈല്‍ നമ്പര്‍ അറിയാമല്ലോ അല്ലേ.. 94********”

ജെറിമോന്‍ വിയര്‍ക്കാന്‍ തുടങ്ങി. “ഞാന്‍.. അത്.. പിന്നെ.. എനിക്കിതൊന്നും..അത്ര പരിചയം പോര..ഞാനിതുവരെ ഫ്ലക്സി ചെയ്തിട്ടില്ല.. എനിക്ക് താല്പര്യവുമില്ല.”

“ഓഹ്.. ഞാനറിഞ്ഞില്ല.. സാരമില്ല.. ഏതെങ്കിലും മൊബൈല്‍ ഷോപ്പില്‍ എന്റെ നമ്പര് കൊടുത്താല്‍ മതി.. ”

“അതെന്തിനാ..നമ്പര്.. ”

“നമ്പര്‍ കൊടുക്കാതെ എങ്ങിനെയാ ഫ്ലക്സി ചെയ്യുന്നേ..ശ്ശോ.. ഈ ജെറിമോന്റെ ഒരു കാര്യം..” അവള്‍ ഒരു ചിരി..

അതുശരി.. ഞാനില്ലെങ്കില്‍ മറ്റാരെങ്കിലും അല്ലേ.. മൊബൈല്‍ ഷോപ്പാണ് സൌകര്യം..എന്നെ ഒരു - - ആക്കിയല്ലേ.. ജെറിമോന്‍ ദൈന്യതയോടെ ഞങ്ങളെ നോക്കി. അതു കണ്ട് അവളും.

ഒടുവില്‍ ഞങ്ങളെ വിളിച്ച് അവള്‍ കാര്യം പറഞ്ഞു. ഹോസ്റ്റലില്‍ നിന്നും അഞ്ചു കിലോമീറ്ററുണ്ട് അടുത്ത ടൌണിലേക്ക്.. ഒരു യാത്ര ഒഴിവാക്കാമല്ലോ എന്നു കരുതി. പത്തു രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മതിയല്ലോ.. അതാണ് അവള്‍ രഹസ്യമായി പാവം ജെറിമോനെത്തന്നെ ഏല്‍പ്പിക്കാമെന്നു വച്ചത്. അതിങ്ങനെയായി..

മൊബൈല്‍ ഷോപ്പില്‍ ചെന്നിട്ടും അവന്റെ ഷോക്ക് വിട്ടുമാറിയിരുന്നില്ല..

സത്യമായും പിന്നീട് ഞങ്ങള്‍ ഇതേക്കുറിച്ച് അധികമൊന്നും അവനോട് പറഞ്ഞ് കളിയാക്കിയില്ല കേട്ടോ.. ചമ്മല്‍ കാരണമാവും ഒരിക്കലും അവന്‍ ആ വാക്ക് ഉപയോഗിച്ചുകണ്ടിട്ടില്ല..





*ഒരു കാര്യം കൂടി: ഇനി എന്റെ പോസ്റ്റുകള്‍ കണ്ടില്ലെങ്കില്‍ ഉറപ്പിച്ചോ..
അവന്‍ എന്നെ തല്ലി കൊന്നുകാണും..

Sunday, December 7, 2008

ഓര്‍മ്മയില്‍ നിന്നും - 3

ന്റെ സ്കൂള്‍, കോളേജ് ജീവിതത്തേപ്പറ്റി എന്തെങ്കിലുമൊക്കെ എഴുതി ചുമ്മാ പോസ്റ്റണമെന്നു തോന്നിയത് കഴിഞ്ഞദിവസം പോളി സുഹ്രുത്ത് സാജനുമായി ചാറ്റിയപ്പോഴാണ് (അളിയനിപ്പൊ കുവൈറ്റിലാണ്.. ക്രിസ്മസിനു നാട്ടിലെത്തുമെന്നു പറഞ്ഞു).പഴയ പോളി കഥകള്‍ പറഞ്ഞു പറഞ്ഞു നൊസ്റ്റാള്‍ജിക് ആയിട്ട് നാട്ടിലെത്തി, ഒന്നു കൂടാന്‍ നമ്പറും മേടിച്ചിട്ടുണ്ട്.(എത്തിയില്ല എന്നു തോന്നുന്നു..വിളിച്ചില്ലല്ലോ...).
എന്റെ കുറേ ഏറെ കഥകളില്‍ മെയിന്‍ കഥാപാത്രം ആവാന്‍ പോകുന്നത് നമ്മുടെ പോളിയാണ്.
ഒരു മധ്യവര്‍ഗ്ഗ പോളി വിദ്യാര്‍ത്ഥിയായി ജീവിച്ചയാളിനെ സംബന്ധിച്ചിടത്തോളം ഒരു 20-25 കൊല്ലം
ബ്ലോഗാനുള്ളത് പുട്ടുപോലെ കിട്ടും.അമ്മാതിരി സംഭവങ്ങളല്ലേ അവിടെ ദിനവും അരങ്ങേറുന്നത്.
മധ്യവര്‍ഗം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണന്നല്ലേ..വിശദീകരിക്കാം..
ഫ്രണ്ട് ബഞ്ചിനും ബാക്ക് ബഞ്ചിനും ഇടയില്‍ ഇരുന്ന് ക്ലാസില്‍ ഉറക്കം തൂങ്ങുന്നവര്‍ എന്നു മാത്രം അല്ല..പിന്നെയൊ....

strike ആണെന്ന് അറിയുമ്പൊളെ ഐശ്വര്യ തിയേറ്ററിലെ പടം ഏതാണെന്ന് അന്വേഷിച്ച് സമരത്തിന് എല്ലാ പിന്തുണയും നല്‍കുന്നവര്‍...

കോളേജില്‍ അടിയുണ്ടായാല്‍ ഏറ്റവും മുന്നില്‍ നിന്നു തന്നെ അതു കാണണം എന്നു നിര്‍ബ്ബന്ധമുള്ളവര്‍.. (കൊള്ളരുത്, കൊടുക്കരുത്,പക്ഷെ പ്രേരിപ്പിക്കാം)

ചോര നീരാക്കി ഇലക്ഷന്‍ വര്‍ക്കു നടത്തുന്നവര്‍...

ഷാപ്പില്‍ നിന്നു നടന്നു പോകാവുന്ന കണ്ടീഷനില്‍ മാത്രം അടിക്കുന്നവര്‍...

പഞ്ചാരയടി ഏറ്റവും നന്നായി / ഒട്ടും അറിയില്ല എന്ന വിഭാഗത്തില്‍ പെടുന്നവര്‍..

ഇതെല്ലാം ഉള്ളതു കൊണ്ടുതന്നെയാണ് പോളി അവര്‍ക്ക് ഒരിക്കലും മറക്കാനാവാത്തത്..

ഒരു മുന്നോക്ക / പിന്നോക്ക വിഭാഗത്തിന് ഒരിക്കലും അത്ര നല്ല ഓര്‍മ്മകള്‍ അല്ല ഉണ്ടാവുക.
ഹോ..തല്ലിപ്പൊളികളെ കൊണ്ടുള്ള തൊല്ല കഴിഞ്ഞു കിട്ടിയല്ലൊ.. ഭഗവാനേ എന്നും അവിടെ ഏതു കോഴ്സായിരുന്നു ഉണ്ടായിരുന്നത് എന്നും ഒക്കെ ആവും അവരുടെ ചിന്ത...എന്തൊ...(എന്താ ഈ എഴുതി വച്ചേക്കുന്നേ.???)
വ്യക്തിപരമായി എനിക്ക് സാജനേക്കാള്‍ അടുപ്പം മറ്റുപലരോടും ആയിരുന്നെങ്കിലും മാനസികമായി ഞങ്ങള്‍ ഏതാണ്ട് ചിന്താഗതിക്കാരാണ്.അവിടെ വച്ച് ആദ്യമായി സിഗരറ്റ് വലിച്ചത്..ഷാപ്പില്‍ പോയത്.. ഇതെല്ലാം ഒരുമിച്ചാണ്. പിന്നെ ടൂറ്..
ഷാപ്പ്: പക്ഷെ നന്ദി പറയേണ്ടത്..ഞങ്ങളുടെ പ്രിയങ്കരനായ രഞ്ജുവിനോടാണ്.(അമ്മാവോ..).
ആളൊരു ജിമ്മന്‍ ആയിരുന്നെങ്കിലും ഒട്ടും അഹങ്കാരം ഇല്ലാത്ത ഞങ്ങളുടെ ഗുരു. ഇപ്പൊ ബി.ടെക് ഒക്കെ കഴിഞ്ഞില്ലേ..എന്തെടുക്കുവാ..സപ്പോര്‍ട്ട് ആയിട്ട് ബിജേഷ് കുമാറ്,ലിജോ പോള്‍..പിന്നെ...
ഹോ..എഴുതാന്‍ പറ്റുന്നില്ല..എല്ലാരും എന്റെ മുന്നില്‍ വന്നു നിന്ന് എന്നെപ്പറ്റി എഴുതുന്നില്ലേ.. എന്നേപ്പറ്റി എഴുതുന്നില്ലേ എന്നു ചോദിക്കുന്നതു പോലെ..
എഴുതും..ഇനിയും എഴുതും..



പലരും എന്നേപ്പറ്റി പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട് അതിലൊന്ന്..ഇന്നാ..
“നാക്കെടുത്താല്‍ വേണ്ടാത്തതേ പറയൂ..കയ്യെടുത്താല്‍ വേണ്ടാത്തതേ ചെയ്യൂ..ഇതല്ലാതെ മറ്റൊന്നും അവനേപ്പറ്റി പറയാനില്ല“

ഒരു കാര്യം: ബ്ലോഗിങ്ങ് ഒരുഗ്രന്‍ സംഭവം ആണു കെട്ടൊ..എഴുതാത്തവര്‍ ഒന്ന് എഴുതി നോക്ക്..
പിന്നേ..സത്യമായിട്ടും ഇത് ഒരു ചവറ് പോസ്റ്റ് അല്ലേ..ഞാന്‍ നന്നാക്കാന്‍ ശ്രമിക്കാം....

Saturday, December 6, 2008

ഓര്‍മ്മയില്‍ നിന്നും - 2

സാമാന്യം തെറ്റില്ലാതെ മാര്‍ക്കോടെ പഠിച്ചുകൊണ്ടിരുന്ന എന്റെ ലൈഫ് കമ്പ്ലീറ്റായി ചേഞ്ചായത് ടെക്നിക്കല്‍ സ്ക്കൂളില്‍ പോണം എന്ന എന്റെ വാശിയുടെ ഫലമായിട്ടായിരുന്നു.ബസ്സില്‍ കേറി പോകുക എന്നതും സ്വല്‍പ്പം തരികിട കാണിച്ചാലും ആരും അറിയില്ല എന്ന തോന്നലുകൊണ്ടും അവിടെ ചെന്ന എനിക്ക് യഥാര്‍ത്ഥ തരികിടകളേ അടുത്തുകാണാനും ചില അക്രമങ്ങള്‍ പഠിക്കാനും കഴിഞ്ഞു എന്നു
പറഞ്ഞാല്‍ മതിയല്ലോ..

ചിലത് സാമ്പിള് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ കൊടുത്തിരുന്നു...
ഏതാണ്ടൊരു ഒന്‍പതാം ക്ലാസ്സുവരെ പോണ വഴി പോകട്ടെ..മാക്സിമം അര്‍മ്മാദിക്കുക എന്നു ഞാന്‍ കരുതിയിരുന്ന എന്റെ ജീവിതത്തില്‍ അല്‍പ്പം മാറ്റം വന്നതും ജീവിതത്തിലെ ഏറ്റവും പ്രധാന ആവശ്യം ഒരു പോളിടെക്നിക്കില്‍ അഡ്മിഷന്‍ മേടിച്ചെടുക്കുക എന്നതായി മാറുകയും ചെയ്തതിനു കാരണം ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ ആയിരുന്നു.എന്തൊ കാര്യത്തിനു പ്രിന്‍സിപ്പാളിന്റെ മുന്‍പില്‍ ചെന്നുപെട്ട എന്നോട്, “എന്താ നിന്റെ ഉദ്ദേശം.. ഇതോടെ നിര്‍ത്താനാണൊ പോക്ക്.. ഇതു കഴിഞ്ഞെന്താവാനാ പ്ലാന്‍ ”എന്ന ചോദ്യത്തിനു ഒരു പോളിടെക്നിക്കില്‍ അഡ്മിഷന്‍ മേടിക്കുക എന്നതാണു പരമ പ്രധാനമായ ഉദ്ദേശം എന്നു തുറന്നു പറഞ്ഞ എന്നെ അദ്ദേഹം വളരെ അധികം പ്രോത്സാഹിപ്പിക്കുകയും എന്റെ അച്ഛ്നെയും അമ്മയേയും വിളിച്ച് സംസാരിക്കുകയും എനിക്ക് കുറേ ഉപദേശങ്ങള്‍ തരികയും ചെയ്തു. പറഞ്ഞതു പോലെ തന്നെ പോളിയില്‍ അഡ്മിഷന്‍ മേടിക്കാന്‍ മാത്രം ശ്രമിച്ചതിന്റെ ഫലമായി കണക്ക്, സയന്‍സ് വിഷയങ്ങള്‍ക്ക് മാത്രം നല്ല മാര്‍ക്കു മേടിച്ച ഞാന്‍ ബാക്കി എല്ലാം കഷ്ടിച്ചു പാസ്സായി എന്നു പറഞ്ഞാല്‍ മതിയല്ലോ.. !!.

എന്നാലെന്താ...കേരളത്തിലേ തന്നെ ഒന്നാം നമ്പര്‍ പോളിയില്‍ അഡ്മിഷന്‍ മേടിക്കാന്‍ എനിക്കായി.

മൂന്നു വര്‍ഷത്തെ ടെക്നിക്കല്‍ സ്ക്കൂളിലെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ചില മുഖങ്ങളുണ്ട്..... സുഹ്രുത്തുക്കളും അധ്യാപകരും...

സോമാജി(ബിബിന്‍), തോമാ, ജിജോ, തടിയന്‍ എബി, ജമ്പന്‍, തംബുരു , Ag(രാജേഷ് A G) , രാജീവ് , സാജന്‍, പ്രിന്‍സ്, മാനം നോക്കി(ജിനോ), അജോ.. ,ശ്രീജിത്ത്, ഗോപി, ബോബി, ഗോകുല്‍ ,പഞ്ചു..അങ്ങിനെ... അങ്ങിനെ..

പിന്നെ...
മാത്തമാറ്റിക്സ് പഠിപ്പിച്ച....എപ്പോഴും മകന്‍ അഭിലാഷിന്റെ കാര്യം പറയുന്ന.. ക്ലാസ്സില്‍ വച്ചു ടൈറ്റാനിക് സിനിമയുടെ കഥ പറഞ്ഞ..
പ്രകാശ് വെട്ടം സാറ്..

സോഷ്യല്‍ സ്റ്റഡീസ് പുസ്തകത്തിലെ ദയാനന്ദ സരസ്വതിയുടെ ചിത്രത്തിനു കൊമ്പന്‍ മീശ വരച്ചതിനു എനിക്ക് അടി വച്ചു തന്ന...വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ ബി ടെക്കിനു പഠിക്കുന്നു എന്നു കേട്ടപ്പൊ ബോധം കെട്ട് വീഴാന്‍ തുടങ്ങിയ....
പെണ്ണമ്മ ടീച്ചര്..

49 മാര്‍ക്കു മേടിച്ചിട്ടും ‘പഠിക്കാന്‍ കഴിവുണ്ടല്ലൊ.. എന്നിട്ടും നീ ഉഴപ്പുകയാണ് അല്ലേ.. ’ എന്നു ചോദിച്ച
ജാന്‍സി ടീച്ചര്..

മുറുക്കാന്‍ മേടിക്കാന്‍ പറഞ്ഞു വിടുന്ന...ശില്‍പങ്ങള്‍ ഉണ്ടാക്കുന്ന..എല്ലാവരും ഇഷ്ടപ്പെടുന്ന.. എല്ലാവരേയും ഇഷ്ടപ്പെടുന്ന...
അപ്പു സാറ്..

ഇംഗ്ലീഷ് മലയാളത്തിലാക്കി... കാറ്റാടിയന്ത്രം(Fan), വൈദ്യുത നിയന്ത്രിത..‌. എന്തൊ..... യന്ത്രം (Switch), എന്നൊക്കെ പഠിപ്പിച്ച..മെക്കാനിക്കലും ഇലക്ട്രിക്കലും പഠിപ്പിക്കുന്ന
മണി സാറ്..

ചിരിക്കാനറിയാത്ത വില്ലന്‍
മുരളി സാറ് , കുഞ്ഞുണ്ണി , പിന്നെ....അനിത മിസ്!!, സായു ജി സാറ്..ജയ്മോന്‍ സാറ്..

H2SO4, 2NaCl എന്നൊക്കെ കെമിസ്റ്റ്റി പഠിപ്പിച്ച
ചിന്താമണി ടീച്ചര്...

മറക്കാനാവില്ല...എനിക്ക്....
ഇലക്ട്രോണിക്സ് ലാബും അവിടുത്തെ തമാശകളും.... സ്കൂളിനു പിന്നിലുള്ള മരങ്ങളിലെ പഴങ്ങള്‍ പറിക്കാനുള്ള ഓട്ടവും...കട്ടക്കളത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയതും..സെന്റ് ജൂഡ് ബസ്സിലെ സ്ഥിരം യാത്രയും..ബിമല്‍ ബസ്സിന്റെ സ്പീഡും.. എല്ലാം..ഒരിക്കലും..

യഥാര്‍ത്ഥ അങ്കം വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ.. പോളി ജീവിതം...അതായത്..എന്റെ ഏറ്റവും പ്രിയപ്പെട്ട ആറു വര്‍ഷ കോളേജ് ജീവിതത്തിലെ ആദ്യത്തെ മൂന്ന്!!!!!

Friday, December 5, 2008

ഓര്‍മ്മയില്‍ നിന്നും

ഏതാണ്ട് പത്തിരുപത്തിനാലു കൊല്ലം മുന്‍പ് കോട്ടയം ജില്ലയിലെ പാലായില്‍ അധികം പബ്ലിസിറ്റി ഒന്നും കൊടുക്കാതെ എന്നാല്‍ അച്ഛന്റെയും അമ്മയുടെയും പൊന്നോമനയായി..(പിന്നീട് തലവേദന ആയെങ്കിലും..)ഞാന്‍ അവതരിച്ചു.

അമ്മാവന്മാരുടെ പ്രിയപ്പെട്ട മരുമോനായി,വലിയച്ഛന്റെയും വല്യമ്മയുടെയും പേടിസ്വപ്നമായി!!, നാലഞ്ചു വര്‍ഷം (ഇസ്കൂലി പൊണ ബരെ) നടന്നു. അക്കാലത്ത് എന്റെ ഏറ്റവും വലിയ വിനോദം അമ്മൂമ്മയെ കല്യാണം കഴിക്കുക എന്നതായിരുന്നു. പ്ലാസ്റ്റിക് വള്ളികൊണ്ടുള്ള താലി കെട്ടലും പിന്നെ കാപ്പി ഇലയില്‍ ഉള്ള സദ്യയും... സദ്യ എന്നു പറഞ്ഞാല്‍ നല്ല ഒന്നാന്തരം സദ്യ.., റബര്‍ക്കുരു‍, പൊട്ടിയ കുപ്പിയുടെ അടപ്പ്,പഴയ ചട്ടുകം,ഒടിഞ്ഞ സ്പൂണ്,പാട്ട ഇതെല്ലാമുണ്ടെങ്കില്‍ ഞാന്‍ ഉഗ്രന്‍ സദ്യ ഉണ്ടാക്കുമായിരുന്നു.. ഇതെല്ലാം കഴിഞ്ഞിട്ട് അവസാനം തമ്മില്‍ പിണങ്ങി ഞാന്‍ ഉണക്കമടലിനു തല്ലു കൊടുക്കുന്നതോടെ ഒരു ദിവസത്തെ വിവാഹജീവിതം അവസാനിപ്പിച്ച് അമ്മൂമ്മ ഡൈവൊഴ്സു ചെയ്തു പിരിയുകയാണു പതിവ്.ദിവസവും ആവര്‍ത്തിക്കുന്ന ഇത് ഒരിക്കലും എനിക്കോ അമ്മൂമ്മയ്ക്കൊ ഒരു മടുപ്പും ഉണ്ടാക്കിയില്ല.ഒരു മകന്‍ ഇല്ലാത്ത്തു കൊണ്ടാണോ ആവോ എന്റെ എല്ലാ മണ്ടത്തരങ്ങള്‍ക്കും സപ്പോര്‍ട്ട് ചെയ്തത്.മരണം വരെയും എന്നെ മോനേ,കുട്ടാ,ഉണ്ണീ എന്ന് മാത്രം സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന എന്റെ പാവം അമ്മൂമ്മ. ഇതിനിടയില്‍ വേറെയും ചിലരുണ്ട്.. വല്യമ്മ,വല്യച്ഛന്‍,അയല്വക്കത്തെ കുറേ അമ്മൂമ്മമാര്..ബാലന്‍ ചേട്ടന്‍,അങ്ങിനെ..ശരിക്കും എന്നെ കുറെ അമ്മൂമ്മമാരാണു വളര്‍ത്തിയത് എന്നു പറയാം.അതുകൊണ്ട് തന്നെ എനിക്ക് ഇപ്പൊഴും അമ്മൂമ്മമാരോട് ഒരു പ്രത്യേക സ്നേഹം തോന്നാറുണ്ട്.
നഴ്സറിയില്‍ പോയി തുടങ്ങിയപ്പൊ പിന്നെ ഇതെല്ലാം അവസാനിപ്പിക്കേണ്ടി വന്നു.പുതിയ കൂട്ടുകാരായി..പുതിയ ലോകം.സീസോയിലും സൈക്കിളിലും കയറാനുള്ള എന്റെ പേടിയും,
നടന്നു പോവില്ല എന്ന വാശിയും ഒക്കെ മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ ഒരു മിടുക്കനായിരുന്നു എന്നാണ് അമ്മ പറഞ്ഞു കേട്ടത്.

ഇത് എഴുതാന്‍ കാരണം ഇന്നലെ എന്റെ വീരസാഹസിക ക്രുത്യളേപ്പറ്റി അമ്മ പറഞ്ഞതു കേട്ടിട്ടാണ്.ചില സാമ്പിളുകള് ഇതാ..

പ്രസക്ത ഭാഗങ്ങള്‍:
  • ഒന്നാം ക്ലാസ്സില്‍ ഒന്നാമത്തെ ദിവസം തന്നെ അടി ഉണ്ടാക്കി പല്ലു രണ്ട് കളഞ്ഞു.
(പിന്നീട് പ്രതികാരം ചെയ്തു..അത് വേറെ..)
  • യൂത്ത് ഫെസ്റ്റിവെല്ലിനു കവിത ചൊല്ലാന്‍ വിളിച്ചപ്പൊ അടുത്ത വീട്ടിലെ ബഞ്ചിന്റെ അടിയില്‍ പോയി ഒളിച്ചിരുന്നു!!!!
(സാറ്റ് കളിച്ചതാ...)
  • ആറാം ക്ലാസില്‍ വച്ച് കൂട്ടുകാരന്റെ അച്ഛനായി..
( ഒരു ലീവ് ലെറ്റര്‍ എഴുതി ഒപ്പ് ഇട്ടു കൊടുത്തതാ...ലെറ്റര്‍ കൊണ്ടു കൊടുത്ത സമയത്തു ടീച്ചര്‍ നോക്കിക്കൊണ്ടിരുന്ന പകര്‍ത്തു ബുക്കിലും ലീവ് ലെറ്ററിലും ഒരേ കയ്യക്ഷരം!!!.അന്നു നമ്പൂതിരി സാറിന്റെ കയ്യില്‍ നിന്നു കിട്ടിയ അടി..അടിയുടെ വേദനയില്‍ ഷനു പറഞ്ഞ ഡയലോഗ്...(ഇതു പോലുള്ള സാറമ്മാരെ തല കീഴായി ഫാനില്‍ കെട്ടി തൂക്കി..‌‌‌ എന്തൊക്കെയോ..) )
  • ഒരു പെണ്‍കൊച്ചിനെ ലൈനടിക്കുന്നു എന്ന് ആരോപിച്ച് ഒരു പാവത്തിനെ മര്‍ദ്ദിച്ച് അവശനാക്കി.
(ഇതു പിന്നെ അവന്റെ വീട്ടുകാരു ക്ഷമിച്ചതുകൊണ്ട് വലിയ കുഴപ്പമൊന്നും ഉണ്ടായില്ല.. )
  • കൂട്ടുകാരന്റെ കൈ സൊള്‍ഡറിംഗ് അയണ്‍ വച്ച് പൊള്ളിച്ചു
(വെല്ലു വിളിച്ചിട്ടാ...ഇതിനൊക്കെ വാശി അല്‍പ്പം കൂടുതലാ..)
  • സേവനവാരം എന്നു പറഞ്ഞ് സിനിമ കാണാന്‍ പോയി.
(സത്യമായും എന്റെ കുറ്റമല്ല...)
  • സ്പെഷ്യല്‍ ക്ലാസ്സ് എന്നു പറഞ്ഞ് ശനിയാഴ്ച്ച ക്രിക്കറ്റ് കളിക്കാന്‍ പോയി.
( ഇത് ഒരു മഹാസംഭവം ആണ്.സ്പെഷ്യല്‍ ക്ലാസ്സ് എന്നു പറഞ്ഞ് എന്നെപ്പോലെ വീട്ടില്‍ നിന്നു പോന്ന നമ്മുടെ ക്ലാസ്മേറ്റ് ജെബി കളിക്കിടെ വീണു കൈ ഒടിച്ചാണു തിരിച്ചു ചെന്നത്. എന്നിട്ടോ..കാര്യം തിരക്കിയ വീട്ടുകാരോട് ബസ്സില്‍ നിന്നു തള്ളി ഇട്ടു...ബസ് ഏതാണെന്നു ഓര്‍ക്കുന്നില്ല...കണ്ടക്ടരെ ഇനി കണ്ടാല്‍ അറിയില്ല...ഇമ്മാതിരി ആരോ.. എന്തൊ.. എങ്ങിനെയൊ..എന്ന മറുപടി പറയുകയും.. കാര്യം പിടികിട്ടിയ അവന്റെ ഫാദറ്ജി പിറ്റേന്നു കലിപ്പിച്ച് സ്കൂളില്‍ എത്തുകയും ചെയ്തപ്പൊള്‍ ആണു ഞങ്ങള്‍ക്ക് സംഭവത്തിന്റെ ഗൌരവം മനസ്സിലായത് .സൂപ്രണ്ട് സാറിന്റെയും പിന്നെ കുട്ടികളുടെ പേടിസ്വപ്നമായ മുരളി സാറിന്റെയും ക്രൂരമായ ചോദ്യം ചെയ്യലില്‍ എല്ലാം തുറന്നു പറഞ്ഞ ആ മഹാപാപി..കൂട്ടുകാരുടെ പേരുകള്‍ ആല്‍ഫബെറ്റിക് ഓര്‍ഡറില്‍ പറഞ്ഞു കൊടുത്തു...പിന്നെ..എന്തായിരിക്കും..അതുതന്നെ..)
--------- ---------- ----------- --------------
പിന്നെയും കുറെ ഉണ്ട്..
എഴുതി എഴുതി കൈ വേദനിക്കുന്നു..ബാക്കി പിന്നെ എഴുതാം..

NB: കൂട്ടുകാരെ മുഴുവന്‍ ഒറ്റിയ ആ ജെബി ഉണ്ടല്ലൊ..അവന്‍ പിന്നെ എന്റെ ബെസ്റ്റ് ഫ്രെണ്ട് ആയിരുന്നു..കോളേജില്‍ രണ്ട് കൊല്ലം.ഇടയ്ക്കു നിര്‍ത്തി സെമിനാരിയില്‍ പൊയ അവന്‍ പിന്നെ ബീഹാര്‍ ‍,നാഗാലാന്റ്, വയനാട് മുതലായ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അവിടം മടുത്തിട്ടൊ... അതൊ അവര്‍ക്ക് അവനെ മടുത്തിട്ടോ.. എന്തോ..ഇപ്പൊ ബാംഗ്ലൂരില്‍ നഴ്സിങ് സ്റ്റുഡന്റാണ്..ചത്താലും മറക്കില്ലെടാ,,

------------------------------------------------------------------------------------------------
എന്തൊന്നു പോസ്റ്റ് ആണല്ലെ..ക്ഷമി..