Tuesday, February 17, 2009

അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്‍ ഉള്ള ഫാമിലി!!


കൊച്ച്, കൊച്ചിന്റെ അച്ഛന്‍, അതിന്റെ അച്ഛന്‍, അതിന്റെ അച്ഛന്‍, അതിന്റെ..അതിന്റെ..




ദേ കെടക്കുന്ന കിടപ്പുകണ്ടോ.. നോക്കുന്ന നോട്ടം കണ്ടോ..
നീയാണെടാ.. താരം.. വെറും പതിമൂന്ന് വയസ്.. എന്നുവച്ചാല് ഞാനൊക്കെ ഏഴാം ക്ലാസില്‍ പഠിക്കുമ്പൊ നാനായിലേം സിനിമാമംഗളത്തിലേം സെന്റര്‍പേജ് കണ്ട് ഞെട്ടിയ പ്രായം.. ഒണക്കമടലുവെട്ടി ക്രിക്കറ്റ് കളിച്ചു നടന്ന പ്രായം.. ഇവന്‍ ഈ പ്രായത്തില്.. ഹോ.. സ്മാര്‍ട്ട് ബോയ്..
അച്ഛനും മകള്‍ക്കും ഇനി ഒരു സ്കൂളില് പഠിക്കാമല്ലോ.
ഈ പോക്ക് മകളും പോയാല്.. 26‍ാമത്തെ വയസില്‍ മുത്തച്ഛന്‍.. 39‍ാമത്തെ വയസില്‍ മുതുമുത്തച്ഛന്‍..50,60.. പത്തെഴുപത് വയസാകുമ്പോഴേക്ക് ഒരു പഞ്ചായത്താ‍ക്കാന്മാത്രം ആളുകള് വീട്ടില്.. !!
ബെസ്റ്റ് ഫാമിലി..

ഇവിടെ ഞങ്ങള്.. വയസ് ഇരുപത്തഞ്ചായി.. ഇതുവരെ ഒരു കല്യാണ ബ്രോക്കറുപോലും പറയുന്നില്ല പ്രായമായെന്ന്..
എന്തു ചെയ്യാന്‍.. ജനിക്കുവാണേല്‍ ബ്രിട്ടനില്‍ ജനിക്കണം.. ഇവിടെ ഓരോ കൊല്ലം കഴിയുമ്പോഴും പെന്‍ഷന്‍ പ്രായം.. സോറി.. കല്യാണപ്രായം ഉയര്‍ത്തണം എന്നല്ലേ പറയുന്നത്. ഇവിടെ കുറെ സദാചാര സേന ഉള്ളതുകാരണം ഡിങ്കോള്‍ഫി ചെലപ്പൊ പൊല്ലാപ്പാവേം ചെയ്യും. ന്നാലും.. ആ സംസ്കാരത്തിന്റ്റെ മഹത്വം.. അതിവിടെ വരുമോ..

ആക്ച്വലി.. എങ്ങനെ ഒപ്പി.. അല്ലെങ്കില്‍ വേണ്ട.. ഞാന്‍ ചോദിക്കുന്നില്ല.. പിന്നെ അയലോക്കത്തെ ചേട്ടന്മാര് ചിലര് അവകാശം പറഞ്ഞ് എത്തിയിട്ടുണ്ടല്ലേ.. D.N.A എങ്കില്‍ D.N.A.. അഭിമാനം വിട്ടുകൊടുക്കരുത്.. ഇനി എത്രപേര് വരാനിരിക്കുന്നോ.. ആര്‍ക്കറിയാം..

ഏതായാലും ആല്‍ഫിക്കും ഷാന്റിലിനും പിന്നെ മെയ്സിക്കും ആശംസകള്‍..

---
ബ്രിട്ടണിലായതു കൊണ്ട് കേസൊന്നും ഇല്ല എന്നു തോന്നുന്നു.. ഇവിടെ ഉള്ള ഏതെങ്കിലും പയ്യനാരുന്നെങ്കിലോ? കുറെ സദാചാര സേന രംഗത്തിറങ്ങും.. അവരെ വിമര്‍ശിച്ച് ബാക്കി ഉള്ളവരും..
സംഗതി കൂടുതല്‍ ജനകീയമാകും.. എല്ലാരും കണ്ടുപഠിക്ക്..

Friday, February 13, 2009

ഞങ്ങളുടെ വിവാഹം നടത്തി തരണേ.. ഹരേ രാമ..

സ്നേഹമുള്ള മുത്ത് അണ്ണന്,

താങ്കളേക്കുറിച്ച് ഈയിടെയായി ഞങ്ങള്‍ ഒരുപാട് കേള്‍ക്കുന്നുണ്ട്. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ പ്രതിരൂപമാണെന്നൊക്കെ. അങ്ങയേപ്പോലൊരാള്‍ ഈ അടുത്തെങ്ങും.. ഒരുപക്ഷേ അഫ്ഗാനിലും സൌദിയിലും ഒക്കെ കണ്ടേക്കാം, പക്ഷേ ഇന്ത്യയില്‍ അങ്ങൊരു അത്യപൂര്‍വ്വ ഒരു പ്രതിഭാസമാണ് . അങ്ങയേപ്പറ്റി ഇവിടെ (സോറി, ഇത് ബൂലോകം.. ബ്രഹ്മാവിനേക്കാളും വല്യ സ്രുഷ്ടികര്‍ത്താക്കളാണ് ഇവിടം മുഴുവന്‍..) ചില അല്പബുദ്ധികള്‍ പലതും പറഞ്ഞ് കേട്ടിരുന്നു. പക്ഷേ അങ്ങ് അതിലും എത്രയോ ഉയരത്താണ്. വാനര സൈന്യത്തോടൊപ്പം അങ്ങ് നടത്തിവരുന്ന യുദ്ധം അതിന്റെ പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്തട്ടെ എന്ന് ആശംസിക്കുന്നു. (അല്ലെങ്കില്‍ തന്നെ ഇപ്പൊ ഭാര്യയെ പേടിച്ച് ഭര്‍ത്താവിന് ഒളിച്ചിരിക്കാന്‍ പറ്റുന്ന ഒരേ ഒരു സ്ഥലമാണ് ബാറ്. ഇനി അവിടേം ഇവളുമാര് കേറിവന്നാല്‍ എന്ത് ചെയ്യുമെന്ന് പറ!!)

ഇനി ഞങ്ങളുടെ പ്രശ്നം പറയാം..
വാലന്റൈന്‍ ആരാണെന്നും വാലന്റൈന്‍സ് ഡേ എന്നാണെന്നും അറിയുന്നതിനു മുമ്പേ പ്രണയിച്ചുതുടങ്ങിയവരാണ് ഞങ്ങള്‍.. ഞങ്ങളിങ്ങനെ മറ്റാരേയും അറിയിക്കതെ പ്രണയം ഉള്ളിലൊതുക്കി നടക്കാന്‍ തുടങ്ങിയിട്ട് കൊല്ലം കുറേ ആയി, പക്ഷേ വീട്ടുകാര് ഞങ്ങളെ ഒന്നിക്കാന്‍ അങ്ങ് സമ്മതിക്കുന്നില്ല . ഞങ്ങളുടെ കല്യാണം നടത്തിത്തരാന്‍ സമ്മതിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞുകഴിഞ്ഞിരിക്കുന്നു.. ഞങ്ങളുടെ നാടിന്റെ പ്രത്യേക മതേതര സ്വഭാവം കാരണം കെട്ടിയാല്‍ പിന്നെ ജീവനോടെ ഉണ്ടാവുമോ എന്ന് ഭയവുമുണ്ട്. ഇനി അങ്ങു മാത്രമാണ് ഞങ്ങളുടെ ഏക ആശ്രയം.. കൈവിടരുത്..

ഒരുഗതിയും പരഗതിയുമില്ലാതെ വിഷമിക്കുന്ന, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ ചുണ്ടുകള്‍ പരസ്പരം കടിച്ചുപറിച്ച് തിന്നുന്ന, ഉടുതുണിക്ക് മറുതുണി!! ഇല്ലാത്ത, പാര്‍ക്കിലും ബീച്ചിലും താമസിക്കുന്ന പാവം കമിതാക്കളെ അങ്ങ് വിവാഹം കഴിപ്പിച്ച് ഒരു കുടുംബമാക്കുന്നു എന്നറിഞ്ഞു.

ദയവായി ഞങ്ങളുടെ കല്യാണം കൂടി ഒന്ന് നടത്തിത്തരണം..പ്ലീസ്..

കഴിഞ്ഞ തവണ താക്കറെ ചേട്ടനോട് പറഞ്ഞതാ.. പക്ഷേ സമ്മതിച്ചില്ല. അങ്ങേക്കെങ്കിലും കനിവുണ്ടാകണം..
എങ്ങിനെ എവിടെ വന്ന് നിക്കണം എന്ന് പറഞ്ഞാല്‍ അവിടെ എത്തിക്കോളാം. മംഗലാപുരത്തോ? അതോ ബാംഗ്ലൂരോ? എങ്ങിനെയാണ് കല്യാണത്തിന്റെ ചിട്ടവട്ടങ്ങള്‍? താലിയും മറ്റും ഞങ്ങള്‍ തന്നെ കൊണ്ടുവരണോ അതോ താങ്കളുടെ ആളുകള്‍ കൊണ്ടുവരുമോ? അതുപോലെ വീഡിയോക്കാരും ബാക്കി സംഭവങ്ങളും. കല്യാണത്തിന്റെ വീഡിയോ ഡീവീഡിയിലും സീഡിയിലും വേണം, കാസറ്റിന്റെ പരിപാടി ഇപ്പൊ ഇല്ലല്ലൊ.. (മുമ്പ് ചേച്ചീടെ കല്യാണത്തിന്റെ കാസറ്റാരുന്നേ.. അത് മുഴുവന്‍ ചുമ്മാ ഇരുന്ന് പൂപ്പല്‍ പിടിച്ചു.. )

പിന്നെ ഫസ്റ്റ്നൈറ്റ്, അതേപ്പറ്റിയൊന്നും ഇപ്പൊ ചോദിക്കുന്നില്ല. അതൊക്കെ എല്ലാം അറിഞ്ഞ് വേണ്ടപോലെ ഏതെങ്കിലും ഹോട്ടലില്‍ അറേഞ്ച് ചെയ്താല്‍ മതി.

പിന്നെ നേരത്തേ ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയി,
‘ജെട്ടിക്കു പകരം സാരി‘ എന്നൊരോഫര്‍ ഉണ്ടെന്നറിഞ്ഞു. സാരി ഞങ്ങള്‍ക്കും വേണം. കാഞ്ചീപുരം, ബനാറസ് പട്ടുസാരികള്‍ ആണെങ്കില്‍ സന്തോഷം. പകരം ജെട്ടികള്‍ എത്രവേണമെങ്കിലും തരാന്‍ തയ്യാറാണ്.. പഴയ V.I.P ജെട്ടികള്‍ മുഴുവന്‍ തന്നേക്കാം . പക്ഷേ സാരി പുതിയതു തന്നെ വേണം..
(മുംബെയില്‍ വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ നാഗമ്പടം മൈതാനിയില്‍ കൊണ്ടു വില്‍ക്കുന്ന 39രൂഭാ ടൈപ്പാണെങ്കില്‍ വേണ്ട..)

ഒത്തിരി പ്രതീക്ഷയോടെ...

ക്രിഷ് & സിലു
(ക്രുഷ്ണന്‍കുട്ടി & സിസിലിക്കുട്ടി)

[ ബൂലോകരേ.. ഭാഗ്യമുണ്ടെങ്കില്‍ ഞങ്ങളെ എക്സ്ലൂസീവ് ന്യൂസായി ടിവിയില്‍ കാണാം.. ]

----------------------------------------------------------

ഈ വാലന്റൈന്‍സ് ഡേ നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നത് വി.ഐ.പി. ഫ്രഞ്ചി.

ഇറോസ് ദേവന്‍ നിങ്ങളെ രക്ഷിക്കട്ടെ..

വാലന്റൈന്‍ ദിനം കഴിഞ്ഞ് പത്തു മാസം തികയുന്നതിനു മുന്‍പ് ഇവിടെ ശിശുദിനം ആഘോഷിക്കുന്നു..

“ഒന്നുകില്‍ വാലന്റൈന്‍സ് ദിനം ഒരു മാസം പിന്നോട്ടാക്കുക..
അല്ലെങ്കില്‍ ശിശുദിനം ഒരു മാസം മുന്നോട്ട്..”
: രാവണസേന