Sunday, December 21, 2008

ഇന്ന് : ഞായറാഴ്ച്ച


സ്വാമിയേയ്.... ശരണമയ്യപ്പാ...

കലിയുഗ വരദനേയ്..... ശരണമയ്യപ്പാ...

സ്വാമിയേ...അയ്യപ്പോ....
അയ്യപ്പോ...സ്വാമിയേ....

ഇതാരപ്പാ...ഈ കൊച്ചുവെളുപ്പാന്‍കാലത്ത് ശബരിമലയ്ക്ക് പോകാന്‍.. ഞായറാഴ്ച അയല്വക്കത്തേ അയ്യപ്പന്‍ ചേട്ടനും സംഘവും മലയ്ക്കുപോകുമെന്നു പറഞ്ഞിരുന്നു... പക്ഷേ..അതിരാവിലെ..
മൊബൈലെടുത്ത് സമയം നോക്കി..ങേ....

21-Dec-08
11:17am

ഓഹോ..അപ്പൊ അതാണ് കാര്യം..ഉച്ചയായി...മുറിതുറന്ന് പുറത്ത് കടന്നപ്പൊ അസാധാരണ ഭാവത്തോടെ പിതാശ്രീ ഒരു നോട്ടം. ടിവിയില്‍ ക്രിക്കറ്റ്.. പീറ്റേഴ്സണും കുക്കും ഓടിക്കളിക്കുന്നു.. എത്രയായി??.. നാല്പ്ത്തി... ആ.. രണ്ടുവിക്കറ്റ് പോയി...

“ദേ....അദ്ദേഹം തലപൊക്കി..വല്ലോം കൊട്...” സോഫായില്‍നിന്ന് തലചെരിച്ച് അടുക്കള ലക്ഷ്യമാക്കി പിതാശ്രീയുടെ ഡയലോഗ്.. അടുക്കളയില്‍ നിന്നും മറുപടി വരും മുന്‍പ് ഞാന്‍ പോയി ബാത്രൂമില്‍ കയറി..
അടുക്കളയില്‍ ചെന്നപ്പൊ പപ്പടം കാച്ചുന്ന സ്മെല്ല്... കലിപ്പ് തന്നെ.. ”നേരം വെളുത്ത് ഉച്ചയായി.. ഒന്നു വിളിക്കാന്‍ തോന്നിയില്ലല്ലൊ.. ഇവിടെയാര്‍ക്കും. ഒരിറ്റ് വെള്ളം കുടിച്ചിട്ട് പത്തു പതിനഞ്ച് മണിക്കൂറായെന്ന് അറിയാമോ..“

“ആരു പറഞ്ഞു വിളിച്ചില്ലെന്ന്..“ അമ്മ ചൂടായി.“ഉരുട്ടിയിട്ട്വിളിച്ചു.. ങേഹേ.. അനക്കമില്ല.. പിന്നെങ്ങനെയാ.. പാതിരാത്രി വരെ ഇരിക്കാതെ നേരത്തേ കിടന്നുറങ്ങണം“ അടുക്കളയില്‍ കയറിയാല്‍ത്തന്നെ അമ്മ സ്വല്‍പ്പം ചൂടാണ്. അത് കൂടി കൂടി വരുന്നു..

“അതുപോട്ടെ..രാവിലെ നീ എന്തോ പറയുന്നതു കേട്ടല്ലോ.. ആരെയോ കമന്റടിച്ചെന്നോ.. പോസ്റ്റില്‍ കേറിയെന്നോ ഒക്കെ.. പഴയപോലെ ഏതെങ്കിലും ഏടാകൂടം ഒപ്പിച്ചോ..??“

ങേ..ശ്ശേയ്..

ഒരെത്തും പിടിയും കിട്ടുന്നില്ല. അതൊക്കെ പണ്ടേ നിര്‍ത്തിയതാണല്ലൊ.. ഒരിക്കല്‍ എന്നെയും സനീഷിനേയും വിളിച്ച് സുചിത്ര പേടിപ്പിച്ചതില്‍ പിന്നെ ഞാന്‍ ഭയങ്കര ഡീസന്റാ..അവനും. പിന്നെ അമ്മ എന്താണീ പറയുന്നത്..???

“എന്താടാ..ഈ ബ്ലോങ്ക്”

എന്ത്??

“ങാ...ബ്ലോങ്കോ..കമന്റോ..പോസ്റ്റോ..എന്നതാണോ..ഉറക്കത്തില്‍ കിടന്ന് പറയുന്നത്.. ”

മഹാദേവാ.......... ഞാന്‍ മുങ്ങി.

* * * * * * * * * * * * * * * * *
സ്വാമിയേ...അയ്യപ്പോ....

അയ്യപ്പോ...സ്വാമിയേ....

ചായകുടിക്കുമ്പോള്‍ വീണ്ടും കേട്ടു.. കെട്ട് നിറയ്ക്കുകയാണ്.
ശരണം വിളിക്കുന്ന ആശാന്റെ ശബ്ദം അള്‍ട്ടര്‍നേറ്റായി കേള്‍ക്കാം. പാവം... നാട്ടുകാരു കുഞ്ഞാരായണാ...കുഞ്ഞാണൂ..ആശാനേ എന്നൊക്കെ വിളിക്കുകയും വട്ടന്‍,ഭ്രാന്തന്‍,പൊട്ടന്‍,മന്ദബുദ്ധി എന്നിങ്ങനെ ചില വാക്കുകളുടെ എക്സാമ്പിളായി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന ആശാന്‍.
നാലാം ക്ലാസില്‍ വരെ പോയിട്ടുള്ള ആശാനെ ചെറുപ്പത്തില്‍ ആശാന്റെ അച്ഛന്‍ ഉപദ്രവിച്ചാണ് ഇങ്ങിനെ ആയതന്നു പറഞ്ഞു കേള്‍ക്കുന്നു. തെങ്ങിനു തടമെടുക്കാനും വിറകു വെട്ടാനും ചാണകം കോരാനും വൈകിട്ട് അമ്പലത്തില്‍ ശരണം വിളിക്കാനും എല്ലാം എല്ലാര്‍ക്കും ആശാനെ വേണം. കാരണം അഞ്ചു പത്തു രൂപാ നോട്ടുകളാണ് ആശാന്റെ കൂലി**. കളറും ഗാന്ധിജിയുടെ ചിത്രവും കണ്ടാണ് പത്തുരൂപ തിരിച്ചറിയുന്നത്.അഞ്ചു വരെ എണ്ണവും അറിയാം. ഇതിനു പകരം അമ്പതൊ നൂറോ അഞ്ഞൂറോ കൊടുത്താലും വേണ്ട. അഞ്ചു പത്തുരൂപാകള്‍ വൈകിട്ട് ഒരു കുപ്പി കള്ളിനും കൂടെയുള്ള കപ്പയ്ക്കും പിന്നെ ഒരു മുറുക്കിനും വേണ്ടിയുള്ളതാണ്. ഇതില്‍ക്കൂടുതല്‍ ആര്‍ക്കുവേണ്ടി..എവിടെ സൂക്ഷിക്കാന്‍..

[ **ദൈവം ഇങ്ങിനെ ഒരു ബുദ്ധി കൊടുത്തിട്ടുള്ളതിനാല്‍ ഒരിക്കലും പട്ടിണി കിടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല. പണ്ടൊരാള്‍ക്ക് പത്തു പൈസയും ഇരുപതു പൈസയും കൊടുത്ത് ഇഷ്ടമുള്ളത് എടുത്തോളാന്‍ പറഞ്ഞാല്‍ പത്തു പൈസ മാത്രം എടുക്കുമായിരുന്നത്രേ..അതുകൊണ്ടുതന്നെ ആളുകള്‍ ഇതു കാണാനായി വീണ്ടും വീണ്ടും പൈസ കൊടുക്കും.എന്തൊരു ബുദ്ധി.. ]


നിലാവത്തും തിളങ്ങുന്ന മൊട്ടത്തലയില്‍ തടവി വെറ്റിലക്കറയുള്ള പല്ലുകള്‍ കാണിച്ച് ആശാന്‍ ചിരിക്കുന്നു. ഞായറാഴ്ച്ച വേറെ പണിക്കൊന്നും പോയില്ലത്രേ...

* * * * * * * * * * * * * * * * * *

ഇന്ന്.. രാവിലത്തെ ചായയും ഉച്ചക്കത്തെ ഊണും ഒരുമിച്ച്.

5 comments:

  1. അപ്പോ ചോർ + ചായ കോമ്പിനേഷൻ എപ്പടി.

    ReplyDelete
  2. അപ്പോള്‍ ബ്ലോഗും കമന്റുമൊക്കെ സ്വപ്നത്തിലും വന്നു നിറയുവാണല്ലേ...പാവം അമ്മ..:)..

    കുഞ്ഞാണുന്റെ വിശേഷവും ,ചായ -ഊണു കോമ്പിനേഷനും ഒക്കെയായി സംഭവബഹുലമായ ദിവസാണല്ലോ ..ബാക്കി വിശേഷങ്ങളും പോരട്ടെ...

    ReplyDelete
  3. കമന്റിയ എല്ലാര്‍ക്കും നന്ദി. ബാക്കി വിശേഷങ്ങള്‍ വരുന്നു..

    ReplyDelete

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?