Sunday, December 21, 2008

ഇന്ന് : ഞായറാഴ്ച്ച


സ്വാമിയേയ്.... ശരണമയ്യപ്പാ...

കലിയുഗ വരദനേയ്..... ശരണമയ്യപ്പാ...

സ്വാമിയേ...അയ്യപ്പോ....
അയ്യപ്പോ...സ്വാമിയേ....

ഇതാരപ്പാ...ഈ കൊച്ചുവെളുപ്പാന്‍കാലത്ത് ശബരിമലയ്ക്ക് പോകാന്‍.. ഞായറാഴ്ച അയല്വക്കത്തേ അയ്യപ്പന്‍ ചേട്ടനും സംഘവും മലയ്ക്കുപോകുമെന്നു പറഞ്ഞിരുന്നു... പക്ഷേ..അതിരാവിലെ..
മൊബൈലെടുത്ത് സമയം നോക്കി..ങേ....

21-Dec-08
11:17am

ഓഹോ..അപ്പൊ അതാണ് കാര്യം..ഉച്ചയായി...മുറിതുറന്ന് പുറത്ത് കടന്നപ്പൊ അസാധാരണ ഭാവത്തോടെ പിതാശ്രീ ഒരു നോട്ടം. ടിവിയില്‍ ക്രിക്കറ്റ്.. പീറ്റേഴ്സണും കുക്കും ഓടിക്കളിക്കുന്നു.. എത്രയായി??.. നാല്പ്ത്തി... ആ.. രണ്ടുവിക്കറ്റ് പോയി...

“ദേ....അദ്ദേഹം തലപൊക്കി..വല്ലോം കൊട്...” സോഫായില്‍നിന്ന് തലചെരിച്ച് അടുക്കള ലക്ഷ്യമാക്കി പിതാശ്രീയുടെ ഡയലോഗ്.. അടുക്കളയില്‍ നിന്നും മറുപടി വരും മുന്‍പ് ഞാന്‍ പോയി ബാത്രൂമില്‍ കയറി..
അടുക്കളയില്‍ ചെന്നപ്പൊ പപ്പടം കാച്ചുന്ന സ്മെല്ല്... കലിപ്പ് തന്നെ.. ”നേരം വെളുത്ത് ഉച്ചയായി.. ഒന്നു വിളിക്കാന്‍ തോന്നിയില്ലല്ലൊ.. ഇവിടെയാര്‍ക്കും. ഒരിറ്റ് വെള്ളം കുടിച്ചിട്ട് പത്തു പതിനഞ്ച് മണിക്കൂറായെന്ന് അറിയാമോ..“

“ആരു പറഞ്ഞു വിളിച്ചില്ലെന്ന്..“ അമ്മ ചൂടായി.“ഉരുട്ടിയിട്ട്വിളിച്ചു.. ങേഹേ.. അനക്കമില്ല.. പിന്നെങ്ങനെയാ.. പാതിരാത്രി വരെ ഇരിക്കാതെ നേരത്തേ കിടന്നുറങ്ങണം“ അടുക്കളയില്‍ കയറിയാല്‍ത്തന്നെ അമ്മ സ്വല്‍പ്പം ചൂടാണ്. അത് കൂടി കൂടി വരുന്നു..

“അതുപോട്ടെ..രാവിലെ നീ എന്തോ പറയുന്നതു കേട്ടല്ലോ.. ആരെയോ കമന്റടിച്ചെന്നോ.. പോസ്റ്റില്‍ കേറിയെന്നോ ഒക്കെ.. പഴയപോലെ ഏതെങ്കിലും ഏടാകൂടം ഒപ്പിച്ചോ..??“

ങേ..ശ്ശേയ്..

ഒരെത്തും പിടിയും കിട്ടുന്നില്ല. അതൊക്കെ പണ്ടേ നിര്‍ത്തിയതാണല്ലൊ.. ഒരിക്കല്‍ എന്നെയും സനീഷിനേയും വിളിച്ച് സുചിത്ര പേടിപ്പിച്ചതില്‍ പിന്നെ ഞാന്‍ ഭയങ്കര ഡീസന്റാ..അവനും. പിന്നെ അമ്മ എന്താണീ പറയുന്നത്..???

“എന്താടാ..ഈ ബ്ലോങ്ക്”

എന്ത്??

“ങാ...ബ്ലോങ്കോ..കമന്റോ..പോസ്റ്റോ..എന്നതാണോ..ഉറക്കത്തില്‍ കിടന്ന് പറയുന്നത്.. ”

മഹാദേവാ.......... ഞാന്‍ മുങ്ങി.

* * * * * * * * * * * * * * * * *
സ്വാമിയേ...അയ്യപ്പോ....

അയ്യപ്പോ...സ്വാമിയേ....

ചായകുടിക്കുമ്പോള്‍ വീണ്ടും കേട്ടു.. കെട്ട് നിറയ്ക്കുകയാണ്.
ശരണം വിളിക്കുന്ന ആശാന്റെ ശബ്ദം അള്‍ട്ടര്‍നേറ്റായി കേള്‍ക്കാം. പാവം... നാട്ടുകാരു കുഞ്ഞാരായണാ...കുഞ്ഞാണൂ..ആശാനേ എന്നൊക്കെ വിളിക്കുകയും വട്ടന്‍,ഭ്രാന്തന്‍,പൊട്ടന്‍,മന്ദബുദ്ധി എന്നിങ്ങനെ ചില വാക്കുകളുടെ എക്സാമ്പിളായി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന ആശാന്‍.
നാലാം ക്ലാസില്‍ വരെ പോയിട്ടുള്ള ആശാനെ ചെറുപ്പത്തില്‍ ആശാന്റെ അച്ഛന്‍ ഉപദ്രവിച്ചാണ് ഇങ്ങിനെ ആയതന്നു പറഞ്ഞു കേള്‍ക്കുന്നു. തെങ്ങിനു തടമെടുക്കാനും വിറകു വെട്ടാനും ചാണകം കോരാനും വൈകിട്ട് അമ്പലത്തില്‍ ശരണം വിളിക്കാനും എല്ലാം എല്ലാര്‍ക്കും ആശാനെ വേണം. കാരണം അഞ്ചു പത്തു രൂപാ നോട്ടുകളാണ് ആശാന്റെ കൂലി**. കളറും ഗാന്ധിജിയുടെ ചിത്രവും കണ്ടാണ് പത്തുരൂപ തിരിച്ചറിയുന്നത്.അഞ്ചു വരെ എണ്ണവും അറിയാം. ഇതിനു പകരം അമ്പതൊ നൂറോ അഞ്ഞൂറോ കൊടുത്താലും വേണ്ട. അഞ്ചു പത്തുരൂപാകള്‍ വൈകിട്ട് ഒരു കുപ്പി കള്ളിനും കൂടെയുള്ള കപ്പയ്ക്കും പിന്നെ ഒരു മുറുക്കിനും വേണ്ടിയുള്ളതാണ്. ഇതില്‍ക്കൂടുതല്‍ ആര്‍ക്കുവേണ്ടി..എവിടെ സൂക്ഷിക്കാന്‍..

[ **ദൈവം ഇങ്ങിനെ ഒരു ബുദ്ധി കൊടുത്തിട്ടുള്ളതിനാല്‍ ഒരിക്കലും പട്ടിണി കിടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല. പണ്ടൊരാള്‍ക്ക് പത്തു പൈസയും ഇരുപതു പൈസയും കൊടുത്ത് ഇഷ്ടമുള്ളത് എടുത്തോളാന്‍ പറഞ്ഞാല്‍ പത്തു പൈസ മാത്രം എടുക്കുമായിരുന്നത്രേ..അതുകൊണ്ടുതന്നെ ആളുകള്‍ ഇതു കാണാനായി വീണ്ടും വീണ്ടും പൈസ കൊടുക്കും.എന്തൊരു ബുദ്ധി.. ]


നിലാവത്തും തിളങ്ങുന്ന മൊട്ടത്തലയില്‍ തടവി വെറ്റിലക്കറയുള്ള പല്ലുകള്‍ കാണിച്ച് ആശാന്‍ ചിരിക്കുന്നു. ഞായറാഴ്ച്ച വേറെ പണിക്കൊന്നും പോയില്ലത്രേ...

* * * * * * * * * * * * * * * * * *

ഇന്ന്.. രാവിലത്തെ ചായയും ഉച്ചക്കത്തെ ഊണും ഒരുമിച്ച്.

Friday, December 19, 2008

പുതിയ സുഹ്രുത്തുക്കള്‍

തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ അഞ്ചുമണിക്ക് എഴുനേല്‍ക്കുന്നതു മുതല്‍ ട്രെയിനിലോ ബസിലോ കയറിപ്പറ്റി 9.25നു ഓഫീസില്‍ എത്തുന്നതുവരെ ഒരു മാരത്തണ്‍ ഓട്ടമാണ് നടത്തുന്നത്. രാവിലെ കുളിച്ചു മിനുങ്ങി റെഡിയായി അമ്മയുടെ സ്പെഷല്‍ ചായ* കുടിച്ച് ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോളായിരിക്കും 6.25ന്റെ തിര്യൊന്തോരം ഫാസ്റ്റ് റ്റാറ്റാ പറഞ്ഞു പോകുന്നത്.പിന്നെ അടുത്ത സൂപ്പര്‍ ഫാസ്റ്റ് തടഞ്ഞു നിര്‍ത്തി കയറി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ കറക്ട് 7.05. രാവിലെ ചായ റെയില്‍വേ സ്റ്റേഷനില്‍നിന്നാക്കിയാല്‍ ഫാസ്റ്റും സൂപ്പറും തമ്മിലുള്ള ഏഴുരൂപ ഡിഫറന്‍സ് ഇല്ലാതാക്കാം. പക്ഷേ വീട്ടില്‍നിന്നും ആ ചായ കുടിച്ചില്ലെങ്കില്‍ എന്തൊ..അന്നു മുഴുവന്‍ തലവേദനയാണ്. അല്ലെങ്കിലും ആ ചായയുടെ വാലില്‍ കെട്ടാന്‍ കൊള്ളാമോ റെയില്‍വേ സ്റ്റേഷനില്‍ കിട്ടുന്ന ചായ!!.??

[ ഞങ്ങടെ തൊടുപുഴ മുത്തപ്പന്റെ വാലേല്‍ കെട്ടാന്‍ കൊള്ളാമോ നിങ്ങടെ അരുവിത്തുറ വല്ല്യച്ചന്‍ എന്ന് ഒരു തൊടുപുഴക്കാരന്‍ ഈരാറ്റുപേട്ടക്കാരനോട് ചോദിച്ച കഥ ഞാനിപ്പൊ ഓര്‍ത്തു. ]

6.50ന്റെ ട്രെയിന്‍ ഒരു ദിവസം പോലും ലേറ്റാവാതെ കറക്ടായിട്ട് 7.30നു വരുന്നതുകൊണ്ട് സ്റ്റേഷനില്‍ ചെന്നിട്ട് ഇഷ്ടം പോലെ സമയമുണ്ട്. ഈ സമയത്താണ് എന്റെ ഫ്രണ്ട്സ് ലിസ്റ്റിലേക്ക് ചേര്‍ക്കാന്‍ പറ്റിയ മൂന്നാലു സംഭവങ്ങളെ പരിചയപ്പെട്ടത്. ഇവരെ പരിചയപ്പെടുത്തിയത് എന്റെ കോളേജ് മേറ്റ് ജീവ്..
എബി,ഷെബി,സോമണ്ണന്‍,സതീഷ് ചേട്ടന്.
അവരെപ്പറ്റി..
തമാശകളുടെ കാര്യത്തില്‍ മുന്‍പിലാണ് സോഫ്ട്വയര്‍ എഞ്ചിനീയറായ എബി.ഒപ്പം സതീഷ് ചേട്ടനും.സതീഷ് ചേട്ടന്‍ ഒഴികെ എല്ലാരും ബാച്ചിലറാണ്..
മിക്ക തമാശകള്‍ക്കും ഇരയാകുക എന്നതാണ് ഷെബിക്കും ഞങ്ങളുടെ ആര്‍ട്ടിസ്റ്റ് സോമണ്ണനും ചെയ്യാനുള്ളു. സോമണ്ണന്‍ നല്ല ഒരു കലാകാരനാണ്,ഡിസൈനറാണ്. എന്നെ അത്ഭുത്പ്പെടുത്തുന്ന അദ്ദേഹത്തിന്റെ കഴിവ് ഇതൊന്നുമല്ല... നിന്നും ഇരുന്നും വളഞ്ഞുനിന്നും ഒക്കെ ഉറങ്ങാനുള്ള കഴിവാണ്. അഞ്ചു സെക്കന്റ് ആരും സംസാരിക്കാതിരുന്നാല്‍ അപ്പൊ പുള്ളി ഉറങ്ങാന്‍തുടങ്ങും. ട്രെയിനിന്റെ വാതിലിനരികില്‍ നിന്നുള്ള ഉറക്കം ഞങ്ങളെ കുറേ പേടിപ്പിച്ചിട്ടുണ്ട്. ഉറക്കത്തേക്കുറിച്ച് പലതും പറഞ്ഞ് കുറെ കളിയാക്കിയിട്ടുണ്ട് കേട്ടൊ..

എല്ലാ കാര്യങ്ങളേക്കുറിച്ചും ജീവിനും സോമണ്ണനും വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ ഉണ്ടെങ്കിലും വലിയ പരിക്കുപറ്റാതെ അതൊക്കെ പറഞ്ഞു ഫലിപ്പിക്കാന്‍ ജീവിനു മാത്രമേ കഴിയാറുള്ളൂ...

സ്വഭാവത്തിന്റെ കാര്യത്തില്‍ നേരേ വിപരീതമാണ് ജീവും ഷെബിയും. വേണമെങ്കില്‍ ജോലി ചെയ്യാതിരിക്കാം പക്ഷേ ശമ്പളം കിട്ടണം എന്ന ആറ്റിറ്റ്യൂഡാണ് ഒരാള്‍ക്കെങ്കില്‍ ശമ്പളം തന്നില്ലേലും ജോലി ചെയ്യാം ഇതൊക്കെ ഒരു എക്സ്പീരിയന്‍സല്ലെ.. എന്നാണ് മറ്റേയാള്‍.

എങ്ങിനെയും ഗള്‍ഫില്‍ ഒരു ജോലി മേടിക്കുക എന്നതാണ് ഷെബിയുടെ സ്വപ്നം.ഇന്റെര്‍വ്യുവിനു തലേദിവസം വരെ ഭയങ്കര ആത്മവിശ്വാസത്തോടെ നടന്നു അവസാനം അത് വേണ്ടന്നു വെക്കുന്ന
എന്റെ സുഹ്രുത്ത് ജെറിയുടെ ടൈപ്പാണ് പുള്ളിയും.( ജെറിയേപ്പറ്റി ഞാന്‍ ഒരു നോവലെഴുതുന്നുണ്ട്.. ). ബി.ടെക് ഉണ്ടായിട്ടും എന്താണോ ഷെബി ഡിപ്ലോമ വച്ച് ഒരു ജോലി മതി എന്നു പറയുന്നത്..പിന്നെ..
വളരെ ഹാര്‍ഡ് വര്‍ക്കിങ്ങാണ് എന്ന് തോന്നുന്നു..ഷെബിയുടെ നിഷ്ക്കളങ്കമായ ചിരി കണ്ടാല്‍ മതി നമ്മുടെ എല്ലാ ടെന്‍ഷനും മറക്കാന്‍...

നാലഞ്ചു വര്‍ഷമായി ഉള്ള സുഹ്രുത്ത് എന്ന നിലയില്‍ ജീവിനെപ്പറ്റി അധികം ഒന്നും എഴുതുന്നില്ല.പിന്നെ എഴുതാനുണ്ട് ഒരു കഥ.ഗള്‍ഫില്‍ ഉണ്ടായിരുന്ന ജോലി വെറുതേ വേണ്ടന്നുവച്ച് ഇപ്പൊ കേരളത്തില്‍
സേവനം നടത്തുന്നു എന്നു മാത്രം പറയാം.

വൈകിട്ടുള്ള ട്രെയിനില്‍ മാത്രം കയറുന്ന ജോണിനെപ്പറ്റിയും പറയാതെ വയ്യ.ജോണും ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. രാവിലെ ഞാന്‍ എണീക്കുന്നതിനു മുന്‍പുതന്നെ അദ്ദേഹം ട്രെയിനില്‍ കയറുന്നതിനാല്‍ കാണാന്‍ പറ്റാറില്ല എന്നുമാത്രം. വളരെ കൂള്‍ ആണ് പുള്ളി. ദിവസവും ഒരു തമാശ മാത്രമേ പറയൂ..


ഹോ.. നിങ്ങളൊക്കെ ഇല്ലായിരുന്നെങ്കില്‍ എന്റെ ഒന്നര + രണ്ട് = മൂന്നര മണിക്കൂര്‍ ട്രെയിന്‍ യാത്ര എത്ര വിരസമായേനെ..
(അതേയ്.. തിരിച്ചു വരുമ്പൊ അര മണിക്കൂര്‍ വൈകും.)
( ഒരു ദിവസത്തെ ആകെ യാത്ര വെറും 154 കി.മി)



**********************************************************
* അര ലിറ്റര്‍ പാലില്‍ ബാക്കി ഐറ്റംസും ചേര്‍ത്ത് 100ഡിഗ്രിയില്‍ തിളച്ചുകൊണ്ടിരിക്കുന്ന ചായ.

Wednesday, December 17, 2008

കമന്റുകള്‍ .. പിന്നൊരു കവിത

മലയാള ബ്ലോഗ് സാഹിത്യത്തിലെ ചില വന്‍മരങ്ങളുടെ ബ്ലോഗ് മുഴുവന്‍ അരിച്ചുപെറുക്കിയതില്‍ നിന്നും മനസിലാക്കിയ വളരെ ശ്രദ്ധേയമായ ഒരു കാര്യം പോസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തി വലുതാക്കാനും വിമര്‍ശിച്ച് വിമര്‍ശിച്ച് ഓടിക്കാനും കമന്റുകള്‍ക്കുള്ള കഴിവാണ്.
ഞാന്‍ കഴിഞ്ഞ കൊല്ലം വരെ വിചാരിച്ചിരുന്നത് മലയാളത്തില്‍ ബ്ലോഗുന്നതു മുഴുവന്‍ അമേരിക്കയിലും ഗള്‍ഫിലും ഒക്കെ ഉള്ള കുറച്ചു ചേട്ടന്മാരാണെന്നാ..‍.എല്ലാ പോസ്റ്റും വായിച്ചുനോക്കി കമന്റുന്നതിനു അവര്‍ക്ക് സമയം തികയുന്നുണ്ടോ എന്നും ഞാന്‍ ആശ്ചര്യപ്പെട്ടിരുന്നു. പിന്നെ പിന്നെയല്ലേ മനസിലായത് കേരളത്തിലെ ഓരോ പഞ്ചായത്തിലും പതിനായിരം ബ്ലോഗര്‍മാരുണ്ടെന്നും ഇവരു തമ്മില്‍ വലിയ സ്നേഹമാണെന്നും. കാക്കത്തൊള്ളായിരം ബ്ലോഗര്‍മാരുള്ള ഇക്കാലത്ത് എല്ലാ പോസ്റ്റുകളും വായിക്കാന്‍ പറ്റുമോ? വായിച്ചാല്‍തന്നെ ഇതിനു മുഴുവന്‍ കമന്റിടാന്‍ ആര്‍ക്കാ നേരം?.ഇതു മാത്രമല്ലല്ലൊ പണി.

ബ്ലോഗില്‍ പിച്ചവച്ചു പോസ്റ്റിത്തുടങ്ങുന്ന ഏതു പിഞ്ചു കുഞ്ഞിന്റെയും സ്വപ്നമാണ് വിശാലമനസ്കന്‍ എന്ന ബ്ലോഗറും അദേഹത്തിന്റെ കൊടകര പുരാണവും .
ഇനി മഹാമനസ്കന്‍ എന്നു പേരിട്ടു അതിലും വല്യ കോട്ടയം പുരാണം തുടങ്ങിയാല്‍ രക്ഷപെടുമോ?? കമന്റു വരുമോ??
കാരണം വായിക്കാന്‍ കൊള്ളാവുന്ന ഒരു നല്ല പോസ്റ്റിടാന്‍ ഈ ജന്മത്ത് കഴിയുമെന്ന വിശ്വാസം എനിക്കില്ല.ഒരിക്കല്‍ ഇതു കണ്ടവര്‍ പിന്നെ മേലില്‍ ഈവഴി വരില്ല എന്നല്ല..ഉള്ള ബ്ലോഗും ഗൂഗിള്‍ അക്കൌണ്ടും ഒക്കെ ഡിലീറ്റ് ചെയ്യാനും മതി.

എന്നോര്‍ത്ത് നമുക്കു ചുമ്മാ നോക്കി ഇരിക്കാന്‍ പറ്റുവൊ..കമന്റു വരുന്നുണ്ടോ.. വരുന്നുണ്ടോ.. എന്നു നോക്കി...?

ഇല്ല.

പുലികളുടെ ബ്ലോഗില്‍ ഒക്കെ ചുമ്മാ പോയി കമന്റിയാലോ എന്ന് ഓര്‍ത്തതാ.. [ അണ്ണാ മുറ്റ് എഴുത്ത് തന്നെ...... അതിഗംഭീരം ആയിരിക്കുന്നു.. അതു കലക്കി ട്ടോ... ഇതൊക്കെ അല്ലേ എഴുത്ത്....ഇതു വായിക്കാനായത് മുജ്ജന്മപുണ്യം.. വിനയപൂര്‍വ്വം ( എനിക്കാണെങ്കി വിനയം വന്നാപ്പിന്നെ പിടിച്ചാ കിട്ടൂല്ലാ.. ) ]
പിന്നെ ലിങ്കുകണ്ട് ഇവനാരടാ എന്നു വിചാരിച്ച് ഇങ്ങോട്ടു വന്നാല്‍ ഒരു നൂറു നൂറ്റമ്പതു പോസ്റ്റ് എങ്കിലും ഇല്ലെങ്കില്‍ മോശമല്ലേ..(മോനേ കുട്ടാ എന്നൊക്കെ വിളിക്കും‌..)അതുവരെ എന്ത് ചെയ്യും..

ഞാന്‍ നോക്കീട്ട് ഒരു വഴിയേ ഒള്ളൂ.. നാട്ടുകാരേയും കൂട്ടുകാരെയും എല്ലാം പിടിച്ചു ഒന്നോ രണ്ടോ ബ്ലോഗ് വീതം എഴുതിപ്പിക്കുക.പുതിയ ചവറുകള്‍ എഴുതുമ്പോളെല്ലാം വിളിച്ച് കമന്റിടാന്‍ പറയുക.എന്നിട്ട് കമന്റുകളുടെ എണ്ണം നോക്കി സ്വയം അങ്ങ് ആശ്വസിക്കുക.പിന്നെ ഒരു കുഴപ്പം അവരെങ്ങാനും വല്ലോം എഴുതി വച്ചാല്‍ പോയി കമന്റണം എന്നതാണ്.(ഒരു മഹാപ്രസ്ഥാനം ആകുന്നതുവരെ ഒരു മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്റിങ്ങില്‍ അങ്ങു പോകാം അല്ലെ..).
ഇന്നുതന്നെ ജെറിനെയും സൂരജിനേയും ജയ് ജോണിനേയും അജാസിനേം ഒക്കെ വിളിച്ച് പറയണം.

ഇടയ്ക്കിടയ്ക്ക് കവിതകള്‍ എഴുതണം എന്നതാണ് മറക്കാന്‍ പാടില്ലാത്ത മറ്റൊരു കാര്യം.
അതിന്റെ തുടക്കം എന്നോണം കഴിഞ്ഞ ദിവസം അതായത് ഇന്നലെ രാവിലെ പന്ത്രണ്ടു പേജുള്ള ഒരു കവിത എഴുതിയിരുന്നു..
ആ കവിതയെപ്പറ്റി ഇന്നു രാവിലെ ഞാന്‍ എഴുതിയ കവിത ഇന്നാ...


ഞാനിന്നലെയൊരു കവിതയെഴുതി...
പന്ത്രണ്ടുപേജുള്ള കവിത....
ഞാനിന്നലെയൊരു കവിതയെഴുതി...
പന്ത്രണ്ടുപേജുള്ള കവിത....
വെളുത്ത കടലാസില്‍ എഴുതിയ കവിത..
നീലമഷികൊണ്ടെഴുതിയ കവിത..
വെളുത്ത കടലാസില്‍ എഴുതിയ കവിത..
നീലമഷികൊണ്ടെഴുതിയ കവിത.. (ഞാനിന്നലെ...)
കവിത വായിച്ചു കവിത ചോദിച്ചു...
ഇതെന്തു കവിത..ഇതെന്തു കവിത..
കവിതയെഴുതിയ ഞാന്‍ പറഞ്ഞു..
ഇതുമൊരു കവിത...
കവിതയെഴുതിയ ഞാന്‍ പറഞ്ഞു..
ഇതുമൊരു കവിത...ബ്ലോഗിലെ കവിത.... (ഞാനിന്നലെ...)

(പിന്നെ പന്ത്രണ്ട് പേജുള്ള മറ്റേ കവിത.. ജില്ലാ കലോത്സവത്തിനു എല്ലാ കുട്ടികളും അതു തന്നെയാ പാടിയതെന്നു കേട്ടു....ശ്ശോ.... )


(ശ്രീക്കുട്ടന്‍ ബ്ലോഗു തുടങ്ങി എന്നറിഞ്ഞ് എന്റെ അയല്വക്കത്തെ ശ്രീക്കുട്ടി ബ്ലോഗു തുടങ്ങാന്‍ പോകുവാ എന്നു പറയുന്നു.കമന്റുകള്‍ വായിച്ചു വായിച്ച് അവളു മടുക്കും..അല്ലേ.. )



[ഈ പോസ്റ്റിനു കാരണം ഇവിടെ ആരൊക്കെയോ വരുന്നുണ്ട് പക്ഷേ അഭിപ്രായങ്ങള്‍ അധികം ഒന്നും ഇല്ലല്ലോ എന്ന തോന്നല്‍ മാത്രമാണ്.. ]

Monday, December 8, 2008

ഒരു സെമിഫൈനല്‍

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം എത്തിയിരിക്കുന്നു..ബി ജെ പി ക്ക് മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഭരണം നിലനിര്‍ത്താനായി.ഡല്‍ഹിയിലും മിസോറമിലും പ്രതീക്ഷിച്ചതുപോലെ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്റ്റസിന്റെ വിജയം വസുന്ധര രാജെക്കുള്ള കനത്ത തിരിച്ചടിയായി.
ഈ അഞ്ചു വിജയങ്ങളും ദേശീയ പാര്‍ട്ടികള്‍ക്കാണെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.ജനങ്ങളുടെ മനസ്സറിഞ്ഞു ഭരണം നടത്തിയാല്‍ തിരഞ്ഞെടുപ്പൊന്നും അത്ര വലിയ സംഭവങ്ങളല്ലെന്നു മുന്‍പു ശ്രീ.നരേന്ദ്ര മോഡി തെളിയിച്ചതാണ്. ദാ ഇപ്പൊ ശ്രീമതി.ഷീലാ ദീക്ഷിത്തും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി ജെ പി മുഖ്യമന്ത്രിമാരും തെളിയിക്കുന്നു..

പത്തു വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണം ഉള്ളി വില കൂടിയത് ബി ജെ പി യുടെ ഭരണ പരാജയം ആണെന്നു പറഞ്ഞായിരുന്നു.ഇനി പഴയതിന്റെ മൂന്നിരട്ടി വില ഉള്ളിക്ക് ആയാലും ജനം അവരെ വിജയിപ്പിക്കും.ഇത്രയും മികച്ച ഒരു ഭരണത്തിലേക്കു നയിക്കാന്‍ അവരുടെ കയ്യില്‍ എന്തു മാജിക്കാണ്..

അതുപോലെ മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും.ഛത്തീസ്ഗഡില്‍ രമണ്‍ സിങ് ഏതാണ്ട് അതേപോലെ തന്നെ.എനിക്കു തോന്നുന്നത് കോണ്‍ഗ്രസിനേക്കാള്‍ ഇതു ബി ജെ പി ക്കാണ് നേട്ടമായത് എന്നാണ്.രണ്ടു സംസ്ഥാനങ്ങളില്‍ സ്ഥിരമായ ഭരണം ഉറപ്പാക്കാന്‍ അവര്‍ക്കായി.ഇത് ഉമാ ഭാരതിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ
അവസാനമാകുമോ എന്നാണിനി കാണാനുള്ളത്.പാര്‍ട്ടി വിട്ടു പോയവരും പുറത്താക്കിയവരും പിന്നെ ഒന്നുമല്ല എന്നു സി പി എമ്മിനെപ്പോലെ തെളിയിക്കാന്‍ ബി ജെ പി ക്കും ആയി.ഇല്ലെങ്കില്‍ കേരളത്തിലേതുപോലെ..തമിഴ്നാട്,മഹാരാഷ്ടാ,ഉത്തര്‍പ്രദേശ് പോലെ എനിക്കും എന്റെ പാര്‍ട്ടിക്കും എന്നു വിലപേശാന്‍ ഒരാള്‍ കൂടി അവിടെ വളര്‍ന്നേനെ.

ഭരണത്തിന്റെ നാലര വര്‍ഷവും ഒന്നിച്ചു നിന്നു ഗുണഫലം അനുഭവിച്ചശേഷം ശേഷം പെട്ടന്നു പ്രതിപക്ഷത്തിനൊപ്പം പോകുന്നതു നാം പലതവണ കണ്ടതാണ്.(കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ ബി ജെ പി ക്കു പറ്റിയതു പോലെ..)വിശ്വസ്തരല്ലാത്തവരെ ഉപദേഷ്ടാക്കളാക്കി ഇപ്പൊ വസുന്ധരയ്ക്കും അതുതന്നെ സംഭവിച്ചു.
രാജസ്ഥാനില്‍ ഇനിയും നാമതു കാണും..കാരണം അവരെല്ലാം ഇപ്പൊ കോണ്‍ഗ്രസില്‍ ഉണ്ടല്ലൊ..

ലോക്സഭാ ഇലക്ഷനു മുന്‍പു നടന്നതായതിനാല്‍ ഇതു സെമി ഫൈനല്‍ എന്നൊക്കെ കേട്ടിരുന്നു.3-2 നു കോണ്‍ഗ്രസ് വിജയം നേടിയെന്നൊക്കെ ഇപ്പൊ ചാനലുകളിലും കാണുന്നുണ്ട്.(കഴിഞ്ഞ തവണ ബി ജെ പി ക്കു സംഭവിച്ചത് മറക്കാതിരുന്നാല്‍ നന്ന്).കോണ്‍ഗ്രസിന്റെയൊ ബി ജെ പി യുടേയൊ വിജയം എന്നതിനേക്കാള്‍ ഇതു മുഖ്യമന്ത്രിമാരുടെ വിജയം എന്നു പറയേണ്ടിവരും.അല്ലേ...
......................................................

തിരഞ്ഞെടുപ്പു ഫലം ഒക്കെ വന്നുകൊണ്ടിരിക്കെ നാളുകള്‍ എണ്ണി കഴിയുന്ന നമ്മുടെ മുഖ്യന്‍ അച്ചു മാമനും അതുപോലെ ചെന്നിത്തലയും ഒക്കെ ചില ഡയലോഗുകള്‍ വിടുന്നുണ്ട്. ബി ജെ പി ക്കുള്ള താക്കീതാണെന്ന് പറഞ്ഞ ചെന്നിത്തലയെ നിഷ്പ്രഭനാക്കിക്കൊണ്ട് മുഖ്യന്‍ പറഞ്ഞത് എന്താണെന്നൊ..
“വര്‍ഗ്ഗീയവല്‍ക്കരണം പരാജയപ്പെട്ടു....”അതേ..മുഖ്യാ..നിങ്ങളീ പറയുന്ന തരം വര്‍ഗ്ഗീയ വാദികള്‍ ഏറ്റവും അധികം ഉള്ളത് എവിടെയാ.. ഗുജറാത്തില് അല്ലെ.. നിങ്ങള്‍ക്കോ പോട്ടെ...കോണ്‍ഗ്രസിനെങ്കിലും ഇനി എന്നാ അവിടെ ഒന്ന്...ങേ.......
അതോ മദ്ധ്യപ്രദേശും ഛത്തീസ്ഗഡും ആണോ ഉദ്ദേശിച്ചത്?? വളരെ ശരിയാ...
അഞ്ചും പത്തും ഒക്കെ കൊല്ലം ഒക്കെ ഭരിച്ചിട്ടാണ് അവരു തോറ്റത്..അങ്ങേക്ക് കാലാവധി തികയ്ക്കാന്‍ പറ്റുമോ എന്നു നോക്ക്.. വാചകമടി നടത്താന്‍ പിന്നെ അഞ്ചു കൊല്ലം ഞങ്ങള്‍ തരാം...

മായാവതിയുടേയും ജയലളിതയുടേയും ഒക്കെ പിറകേ പോയ സി പി എമ്മിന്റെ സഹയാത്രികന് ഇതൊക്കെ പറയാന്‍ എന്തവകാശം..ഹല്ല പിന്നെ..

അങ്ങേക്ക് വാചകമടി രാഷ്ടീയം മാത്രേ പറ്റുള്ളോ...

Sunday, December 7, 2008

ഓര്‍മ്മയില്‍ നിന്നും - 3

ന്റെ സ്കൂള്‍, കോളേജ് ജീവിതത്തേപ്പറ്റി എന്തെങ്കിലുമൊക്കെ എഴുതി ചുമ്മാ പോസ്റ്റണമെന്നു തോന്നിയത് കഴിഞ്ഞദിവസം പോളി സുഹ്രുത്ത് സാജനുമായി ചാറ്റിയപ്പോഴാണ് (അളിയനിപ്പൊ കുവൈറ്റിലാണ്.. ക്രിസ്മസിനു നാട്ടിലെത്തുമെന്നു പറഞ്ഞു).പഴയ പോളി കഥകള്‍ പറഞ്ഞു പറഞ്ഞു നൊസ്റ്റാള്‍ജിക് ആയിട്ട് നാട്ടിലെത്തി, ഒന്നു കൂടാന്‍ നമ്പറും മേടിച്ചിട്ടുണ്ട്.(എത്തിയില്ല എന്നു തോന്നുന്നു..വിളിച്ചില്ലല്ലോ...).
എന്റെ കുറേ ഏറെ കഥകളില്‍ മെയിന്‍ കഥാപാത്രം ആവാന്‍ പോകുന്നത് നമ്മുടെ പോളിയാണ്.
ഒരു മധ്യവര്‍ഗ്ഗ പോളി വിദ്യാര്‍ത്ഥിയായി ജീവിച്ചയാളിനെ സംബന്ധിച്ചിടത്തോളം ഒരു 20-25 കൊല്ലം
ബ്ലോഗാനുള്ളത് പുട്ടുപോലെ കിട്ടും.അമ്മാതിരി സംഭവങ്ങളല്ലേ അവിടെ ദിനവും അരങ്ങേറുന്നത്.
മധ്യവര്‍ഗം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണന്നല്ലേ..വിശദീകരിക്കാം..
ഫ്രണ്ട് ബഞ്ചിനും ബാക്ക് ബഞ്ചിനും ഇടയില്‍ ഇരുന്ന് ക്ലാസില്‍ ഉറക്കം തൂങ്ങുന്നവര്‍ എന്നു മാത്രം അല്ല..പിന്നെയൊ....

strike ആണെന്ന് അറിയുമ്പൊളെ ഐശ്വര്യ തിയേറ്ററിലെ പടം ഏതാണെന്ന് അന്വേഷിച്ച് സമരത്തിന് എല്ലാ പിന്തുണയും നല്‍കുന്നവര്‍...

കോളേജില്‍ അടിയുണ്ടായാല്‍ ഏറ്റവും മുന്നില്‍ നിന്നു തന്നെ അതു കാണണം എന്നു നിര്‍ബ്ബന്ധമുള്ളവര്‍.. (കൊള്ളരുത്, കൊടുക്കരുത്,പക്ഷെ പ്രേരിപ്പിക്കാം)

ചോര നീരാക്കി ഇലക്ഷന്‍ വര്‍ക്കു നടത്തുന്നവര്‍...

ഷാപ്പില്‍ നിന്നു നടന്നു പോകാവുന്ന കണ്ടീഷനില്‍ മാത്രം അടിക്കുന്നവര്‍...

പഞ്ചാരയടി ഏറ്റവും നന്നായി / ഒട്ടും അറിയില്ല എന്ന വിഭാഗത്തില്‍ പെടുന്നവര്‍..

ഇതെല്ലാം ഉള്ളതു കൊണ്ടുതന്നെയാണ് പോളി അവര്‍ക്ക് ഒരിക്കലും മറക്കാനാവാത്തത്..

ഒരു മുന്നോക്ക / പിന്നോക്ക വിഭാഗത്തിന് ഒരിക്കലും അത്ര നല്ല ഓര്‍മ്മകള്‍ അല്ല ഉണ്ടാവുക.
ഹോ..തല്ലിപ്പൊളികളെ കൊണ്ടുള്ള തൊല്ല കഴിഞ്ഞു കിട്ടിയല്ലൊ.. ഭഗവാനേ എന്നും അവിടെ ഏതു കോഴ്സായിരുന്നു ഉണ്ടായിരുന്നത് എന്നും ഒക്കെ ആവും അവരുടെ ചിന്ത...എന്തൊ...(എന്താ ഈ എഴുതി വച്ചേക്കുന്നേ.???)
വ്യക്തിപരമായി എനിക്ക് സാജനേക്കാള്‍ അടുപ്പം മറ്റുപലരോടും ആയിരുന്നെങ്കിലും മാനസികമായി ഞങ്ങള്‍ ഏതാണ്ട് ചിന്താഗതിക്കാരാണ്.അവിടെ വച്ച് ആദ്യമായി സിഗരറ്റ് വലിച്ചത്..ഷാപ്പില്‍ പോയത്.. ഇതെല്ലാം ഒരുമിച്ചാണ്. പിന്നെ ടൂറ്..
ഷാപ്പ്: പക്ഷെ നന്ദി പറയേണ്ടത്..ഞങ്ങളുടെ പ്രിയങ്കരനായ രഞ്ജുവിനോടാണ്.(അമ്മാവോ..).
ആളൊരു ജിമ്മന്‍ ആയിരുന്നെങ്കിലും ഒട്ടും അഹങ്കാരം ഇല്ലാത്ത ഞങ്ങളുടെ ഗുരു. ഇപ്പൊ ബി.ടെക് ഒക്കെ കഴിഞ്ഞില്ലേ..എന്തെടുക്കുവാ..സപ്പോര്‍ട്ട് ആയിട്ട് ബിജേഷ് കുമാറ്,ലിജോ പോള്‍..പിന്നെ...
ഹോ..എഴുതാന്‍ പറ്റുന്നില്ല..എല്ലാരും എന്റെ മുന്നില്‍ വന്നു നിന്ന് എന്നെപ്പറ്റി എഴുതുന്നില്ലേ.. എന്നേപ്പറ്റി എഴുതുന്നില്ലേ എന്നു ചോദിക്കുന്നതു പോലെ..
എഴുതും..ഇനിയും എഴുതും..



പലരും എന്നേപ്പറ്റി പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട് അതിലൊന്ന്..ഇന്നാ..
“നാക്കെടുത്താല്‍ വേണ്ടാത്തതേ പറയൂ..കയ്യെടുത്താല്‍ വേണ്ടാത്തതേ ചെയ്യൂ..ഇതല്ലാതെ മറ്റൊന്നും അവനേപ്പറ്റി പറയാനില്ല“

ഒരു കാര്യം: ബ്ലോഗിങ്ങ് ഒരുഗ്രന്‍ സംഭവം ആണു കെട്ടൊ..എഴുതാത്തവര്‍ ഒന്ന് എഴുതി നോക്ക്..
പിന്നേ..സത്യമായിട്ടും ഇത് ഒരു ചവറ് പോസ്റ്റ് അല്ലേ..ഞാന്‍ നന്നാക്കാന്‍ ശ്രമിക്കാം....

Saturday, December 6, 2008

ഓര്‍മ്മയില്‍ നിന്നും - 2

സാമാന്യം തെറ്റില്ലാതെ മാര്‍ക്കോടെ പഠിച്ചുകൊണ്ടിരുന്ന എന്റെ ലൈഫ് കമ്പ്ലീറ്റായി ചേഞ്ചായത് ടെക്നിക്കല്‍ സ്ക്കൂളില്‍ പോണം എന്ന എന്റെ വാശിയുടെ ഫലമായിട്ടായിരുന്നു.ബസ്സില്‍ കേറി പോകുക എന്നതും സ്വല്‍പ്പം തരികിട കാണിച്ചാലും ആരും അറിയില്ല എന്ന തോന്നലുകൊണ്ടും അവിടെ ചെന്ന എനിക്ക് യഥാര്‍ത്ഥ തരികിടകളേ അടുത്തുകാണാനും ചില അക്രമങ്ങള്‍ പഠിക്കാനും കഴിഞ്ഞു എന്നു
പറഞ്ഞാല്‍ മതിയല്ലോ..

ചിലത് സാമ്പിള് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ കൊടുത്തിരുന്നു...
ഏതാണ്ടൊരു ഒന്‍പതാം ക്ലാസ്സുവരെ പോണ വഴി പോകട്ടെ..മാക്സിമം അര്‍മ്മാദിക്കുക എന്നു ഞാന്‍ കരുതിയിരുന്ന എന്റെ ജീവിതത്തില്‍ അല്‍പ്പം മാറ്റം വന്നതും ജീവിതത്തിലെ ഏറ്റവും പ്രധാന ആവശ്യം ഒരു പോളിടെക്നിക്കില്‍ അഡ്മിഷന്‍ മേടിച്ചെടുക്കുക എന്നതായി മാറുകയും ചെയ്തതിനു കാരണം ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ ആയിരുന്നു.എന്തൊ കാര്യത്തിനു പ്രിന്‍സിപ്പാളിന്റെ മുന്‍പില്‍ ചെന്നുപെട്ട എന്നോട്, “എന്താ നിന്റെ ഉദ്ദേശം.. ഇതോടെ നിര്‍ത്താനാണൊ പോക്ക്.. ഇതു കഴിഞ്ഞെന്താവാനാ പ്ലാന്‍ ”എന്ന ചോദ്യത്തിനു ഒരു പോളിടെക്നിക്കില്‍ അഡ്മിഷന്‍ മേടിക്കുക എന്നതാണു പരമ പ്രധാനമായ ഉദ്ദേശം എന്നു തുറന്നു പറഞ്ഞ എന്നെ അദ്ദേഹം വളരെ അധികം പ്രോത്സാഹിപ്പിക്കുകയും എന്റെ അച്ഛ്നെയും അമ്മയേയും വിളിച്ച് സംസാരിക്കുകയും എനിക്ക് കുറേ ഉപദേശങ്ങള്‍ തരികയും ചെയ്തു. പറഞ്ഞതു പോലെ തന്നെ പോളിയില്‍ അഡ്മിഷന്‍ മേടിക്കാന്‍ മാത്രം ശ്രമിച്ചതിന്റെ ഫലമായി കണക്ക്, സയന്‍സ് വിഷയങ്ങള്‍ക്ക് മാത്രം നല്ല മാര്‍ക്കു മേടിച്ച ഞാന്‍ ബാക്കി എല്ലാം കഷ്ടിച്ചു പാസ്സായി എന്നു പറഞ്ഞാല്‍ മതിയല്ലോ.. !!.

എന്നാലെന്താ...കേരളത്തിലേ തന്നെ ഒന്നാം നമ്പര്‍ പോളിയില്‍ അഡ്മിഷന്‍ മേടിക്കാന്‍ എനിക്കായി.

മൂന്നു വര്‍ഷത്തെ ടെക്നിക്കല്‍ സ്ക്കൂളിലെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ചില മുഖങ്ങളുണ്ട്..... സുഹ്രുത്തുക്കളും അധ്യാപകരും...

സോമാജി(ബിബിന്‍), തോമാ, ജിജോ, തടിയന്‍ എബി, ജമ്പന്‍, തംബുരു , Ag(രാജേഷ് A G) , രാജീവ് , സാജന്‍, പ്രിന്‍സ്, മാനം നോക്കി(ജിനോ), അജോ.. ,ശ്രീജിത്ത്, ഗോപി, ബോബി, ഗോകുല്‍ ,പഞ്ചു..അങ്ങിനെ... അങ്ങിനെ..

പിന്നെ...
മാത്തമാറ്റിക്സ് പഠിപ്പിച്ച....എപ്പോഴും മകന്‍ അഭിലാഷിന്റെ കാര്യം പറയുന്ന.. ക്ലാസ്സില്‍ വച്ചു ടൈറ്റാനിക് സിനിമയുടെ കഥ പറഞ്ഞ..
പ്രകാശ് വെട്ടം സാറ്..

സോഷ്യല്‍ സ്റ്റഡീസ് പുസ്തകത്തിലെ ദയാനന്ദ സരസ്വതിയുടെ ചിത്രത്തിനു കൊമ്പന്‍ മീശ വരച്ചതിനു എനിക്ക് അടി വച്ചു തന്ന...വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ ബി ടെക്കിനു പഠിക്കുന്നു എന്നു കേട്ടപ്പൊ ബോധം കെട്ട് വീഴാന്‍ തുടങ്ങിയ....
പെണ്ണമ്മ ടീച്ചര്..

49 മാര്‍ക്കു മേടിച്ചിട്ടും ‘പഠിക്കാന്‍ കഴിവുണ്ടല്ലൊ.. എന്നിട്ടും നീ ഉഴപ്പുകയാണ് അല്ലേ.. ’ എന്നു ചോദിച്ച
ജാന്‍സി ടീച്ചര്..

മുറുക്കാന്‍ മേടിക്കാന്‍ പറഞ്ഞു വിടുന്ന...ശില്‍പങ്ങള്‍ ഉണ്ടാക്കുന്ന..എല്ലാവരും ഇഷ്ടപ്പെടുന്ന.. എല്ലാവരേയും ഇഷ്ടപ്പെടുന്ന...
അപ്പു സാറ്..

ഇംഗ്ലീഷ് മലയാളത്തിലാക്കി... കാറ്റാടിയന്ത്രം(Fan), വൈദ്യുത നിയന്ത്രിത..‌. എന്തൊ..... യന്ത്രം (Switch), എന്നൊക്കെ പഠിപ്പിച്ച..മെക്കാനിക്കലും ഇലക്ട്രിക്കലും പഠിപ്പിക്കുന്ന
മണി സാറ്..

ചിരിക്കാനറിയാത്ത വില്ലന്‍
മുരളി സാറ് , കുഞ്ഞുണ്ണി , പിന്നെ....അനിത മിസ്!!, സായു ജി സാറ്..ജയ്മോന്‍ സാറ്..

H2SO4, 2NaCl എന്നൊക്കെ കെമിസ്റ്റ്റി പഠിപ്പിച്ച
ചിന്താമണി ടീച്ചര്...

മറക്കാനാവില്ല...എനിക്ക്....
ഇലക്ട്രോണിക്സ് ലാബും അവിടുത്തെ തമാശകളും.... സ്കൂളിനു പിന്നിലുള്ള മരങ്ങളിലെ പഴങ്ങള്‍ പറിക്കാനുള്ള ഓട്ടവും...കട്ടക്കളത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയതും..സെന്റ് ജൂഡ് ബസ്സിലെ സ്ഥിരം യാത്രയും..ബിമല്‍ ബസ്സിന്റെ സ്പീഡും.. എല്ലാം..ഒരിക്കലും..

യഥാര്‍ത്ഥ അങ്കം വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ.. പോളി ജീവിതം...അതായത്..എന്റെ ഏറ്റവും പ്രിയപ്പെട്ട ആറു വര്‍ഷ കോളേജ് ജീവിതത്തിലെ ആദ്യത്തെ മൂന്ന്!!!!!

Friday, December 5, 2008

ഓര്‍മ്മയില്‍ നിന്നും

ഏതാണ്ട് പത്തിരുപത്തിനാലു കൊല്ലം മുന്‍പ് കോട്ടയം ജില്ലയിലെ പാലായില്‍ അധികം പബ്ലിസിറ്റി ഒന്നും കൊടുക്കാതെ എന്നാല്‍ അച്ഛന്റെയും അമ്മയുടെയും പൊന്നോമനയായി..(പിന്നീട് തലവേദന ആയെങ്കിലും..)ഞാന്‍ അവതരിച്ചു.

അമ്മാവന്മാരുടെ പ്രിയപ്പെട്ട മരുമോനായി,വലിയച്ഛന്റെയും വല്യമ്മയുടെയും പേടിസ്വപ്നമായി!!, നാലഞ്ചു വര്‍ഷം (ഇസ്കൂലി പൊണ ബരെ) നടന്നു. അക്കാലത്ത് എന്റെ ഏറ്റവും വലിയ വിനോദം അമ്മൂമ്മയെ കല്യാണം കഴിക്കുക എന്നതായിരുന്നു. പ്ലാസ്റ്റിക് വള്ളികൊണ്ടുള്ള താലി കെട്ടലും പിന്നെ കാപ്പി ഇലയില്‍ ഉള്ള സദ്യയും... സദ്യ എന്നു പറഞ്ഞാല്‍ നല്ല ഒന്നാന്തരം സദ്യ.., റബര്‍ക്കുരു‍, പൊട്ടിയ കുപ്പിയുടെ അടപ്പ്,പഴയ ചട്ടുകം,ഒടിഞ്ഞ സ്പൂണ്,പാട്ട ഇതെല്ലാമുണ്ടെങ്കില്‍ ഞാന്‍ ഉഗ്രന്‍ സദ്യ ഉണ്ടാക്കുമായിരുന്നു.. ഇതെല്ലാം കഴിഞ്ഞിട്ട് അവസാനം തമ്മില്‍ പിണങ്ങി ഞാന്‍ ഉണക്കമടലിനു തല്ലു കൊടുക്കുന്നതോടെ ഒരു ദിവസത്തെ വിവാഹജീവിതം അവസാനിപ്പിച്ച് അമ്മൂമ്മ ഡൈവൊഴ്സു ചെയ്തു പിരിയുകയാണു പതിവ്.ദിവസവും ആവര്‍ത്തിക്കുന്ന ഇത് ഒരിക്കലും എനിക്കോ അമ്മൂമ്മയ്ക്കൊ ഒരു മടുപ്പും ഉണ്ടാക്കിയില്ല.ഒരു മകന്‍ ഇല്ലാത്ത്തു കൊണ്ടാണോ ആവോ എന്റെ എല്ലാ മണ്ടത്തരങ്ങള്‍ക്കും സപ്പോര്‍ട്ട് ചെയ്തത്.മരണം വരെയും എന്നെ മോനേ,കുട്ടാ,ഉണ്ണീ എന്ന് മാത്രം സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന എന്റെ പാവം അമ്മൂമ്മ. ഇതിനിടയില്‍ വേറെയും ചിലരുണ്ട്.. വല്യമ്മ,വല്യച്ഛന്‍,അയല്വക്കത്തെ കുറേ അമ്മൂമ്മമാര്..ബാലന്‍ ചേട്ടന്‍,അങ്ങിനെ..ശരിക്കും എന്നെ കുറെ അമ്മൂമ്മമാരാണു വളര്‍ത്തിയത് എന്നു പറയാം.അതുകൊണ്ട് തന്നെ എനിക്ക് ഇപ്പൊഴും അമ്മൂമ്മമാരോട് ഒരു പ്രത്യേക സ്നേഹം തോന്നാറുണ്ട്.
നഴ്സറിയില്‍ പോയി തുടങ്ങിയപ്പൊ പിന്നെ ഇതെല്ലാം അവസാനിപ്പിക്കേണ്ടി വന്നു.പുതിയ കൂട്ടുകാരായി..പുതിയ ലോകം.സീസോയിലും സൈക്കിളിലും കയറാനുള്ള എന്റെ പേടിയും,
നടന്നു പോവില്ല എന്ന വാശിയും ഒക്കെ മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ ഒരു മിടുക്കനായിരുന്നു എന്നാണ് അമ്മ പറഞ്ഞു കേട്ടത്.

ഇത് എഴുതാന്‍ കാരണം ഇന്നലെ എന്റെ വീരസാഹസിക ക്രുത്യളേപ്പറ്റി അമ്മ പറഞ്ഞതു കേട്ടിട്ടാണ്.ചില സാമ്പിളുകള് ഇതാ..

പ്രസക്ത ഭാഗങ്ങള്‍:
  • ഒന്നാം ക്ലാസ്സില്‍ ഒന്നാമത്തെ ദിവസം തന്നെ അടി ഉണ്ടാക്കി പല്ലു രണ്ട് കളഞ്ഞു.
(പിന്നീട് പ്രതികാരം ചെയ്തു..അത് വേറെ..)
  • യൂത്ത് ഫെസ്റ്റിവെല്ലിനു കവിത ചൊല്ലാന്‍ വിളിച്ചപ്പൊ അടുത്ത വീട്ടിലെ ബഞ്ചിന്റെ അടിയില്‍ പോയി ഒളിച്ചിരുന്നു!!!!
(സാറ്റ് കളിച്ചതാ...)
  • ആറാം ക്ലാസില്‍ വച്ച് കൂട്ടുകാരന്റെ അച്ഛനായി..
( ഒരു ലീവ് ലെറ്റര്‍ എഴുതി ഒപ്പ് ഇട്ടു കൊടുത്തതാ...ലെറ്റര്‍ കൊണ്ടു കൊടുത്ത സമയത്തു ടീച്ചര്‍ നോക്കിക്കൊണ്ടിരുന്ന പകര്‍ത്തു ബുക്കിലും ലീവ് ലെറ്ററിലും ഒരേ കയ്യക്ഷരം!!!.അന്നു നമ്പൂതിരി സാറിന്റെ കയ്യില്‍ നിന്നു കിട്ടിയ അടി..അടിയുടെ വേദനയില്‍ ഷനു പറഞ്ഞ ഡയലോഗ്...(ഇതു പോലുള്ള സാറമ്മാരെ തല കീഴായി ഫാനില്‍ കെട്ടി തൂക്കി..‌‌‌ എന്തൊക്കെയോ..) )
  • ഒരു പെണ്‍കൊച്ചിനെ ലൈനടിക്കുന്നു എന്ന് ആരോപിച്ച് ഒരു പാവത്തിനെ മര്‍ദ്ദിച്ച് അവശനാക്കി.
(ഇതു പിന്നെ അവന്റെ വീട്ടുകാരു ക്ഷമിച്ചതുകൊണ്ട് വലിയ കുഴപ്പമൊന്നും ഉണ്ടായില്ല.. )
  • കൂട്ടുകാരന്റെ കൈ സൊള്‍ഡറിംഗ് അയണ്‍ വച്ച് പൊള്ളിച്ചു
(വെല്ലു വിളിച്ചിട്ടാ...ഇതിനൊക്കെ വാശി അല്‍പ്പം കൂടുതലാ..)
  • സേവനവാരം എന്നു പറഞ്ഞ് സിനിമ കാണാന്‍ പോയി.
(സത്യമായും എന്റെ കുറ്റമല്ല...)
  • സ്പെഷ്യല്‍ ക്ലാസ്സ് എന്നു പറഞ്ഞ് ശനിയാഴ്ച്ച ക്രിക്കറ്റ് കളിക്കാന്‍ പോയി.
( ഇത് ഒരു മഹാസംഭവം ആണ്.സ്പെഷ്യല്‍ ക്ലാസ്സ് എന്നു പറഞ്ഞ് എന്നെപ്പോലെ വീട്ടില്‍ നിന്നു പോന്ന നമ്മുടെ ക്ലാസ്മേറ്റ് ജെബി കളിക്കിടെ വീണു കൈ ഒടിച്ചാണു തിരിച്ചു ചെന്നത്. എന്നിട്ടോ..കാര്യം തിരക്കിയ വീട്ടുകാരോട് ബസ്സില്‍ നിന്നു തള്ളി ഇട്ടു...ബസ് ഏതാണെന്നു ഓര്‍ക്കുന്നില്ല...കണ്ടക്ടരെ ഇനി കണ്ടാല്‍ അറിയില്ല...ഇമ്മാതിരി ആരോ.. എന്തൊ.. എങ്ങിനെയൊ..എന്ന മറുപടി പറയുകയും.. കാര്യം പിടികിട്ടിയ അവന്റെ ഫാദറ്ജി പിറ്റേന്നു കലിപ്പിച്ച് സ്കൂളില്‍ എത്തുകയും ചെയ്തപ്പൊള്‍ ആണു ഞങ്ങള്‍ക്ക് സംഭവത്തിന്റെ ഗൌരവം മനസ്സിലായത് .സൂപ്രണ്ട് സാറിന്റെയും പിന്നെ കുട്ടികളുടെ പേടിസ്വപ്നമായ മുരളി സാറിന്റെയും ക്രൂരമായ ചോദ്യം ചെയ്യലില്‍ എല്ലാം തുറന്നു പറഞ്ഞ ആ മഹാപാപി..കൂട്ടുകാരുടെ പേരുകള്‍ ആല്‍ഫബെറ്റിക് ഓര്‍ഡറില്‍ പറഞ്ഞു കൊടുത്തു...പിന്നെ..എന്തായിരിക്കും..അതുതന്നെ..)
--------- ---------- ----------- --------------
പിന്നെയും കുറെ ഉണ്ട്..
എഴുതി എഴുതി കൈ വേദനിക്കുന്നു..ബാക്കി പിന്നെ എഴുതാം..

NB: കൂട്ടുകാരെ മുഴുവന്‍ ഒറ്റിയ ആ ജെബി ഉണ്ടല്ലൊ..അവന്‍ പിന്നെ എന്റെ ബെസ്റ്റ് ഫ്രെണ്ട് ആയിരുന്നു..കോളേജില്‍ രണ്ട് കൊല്ലം.ഇടയ്ക്കു നിര്‍ത്തി സെമിനാരിയില്‍ പൊയ അവന്‍ പിന്നെ ബീഹാര്‍ ‍,നാഗാലാന്റ്, വയനാട് മുതലായ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അവിടം മടുത്തിട്ടൊ... അതൊ അവര്‍ക്ക് അവനെ മടുത്തിട്ടോ.. എന്തോ..ഇപ്പൊ ബാംഗ്ലൂരില്‍ നഴ്സിങ് സ്റ്റുഡന്റാണ്..ചത്താലും മറക്കില്ലെടാ,,

------------------------------------------------------------------------------------------------
എന്തൊന്നു പോസ്റ്റ് ആണല്ലെ..ക്ഷമി..