Friday, December 19, 2008

പുതിയ സുഹ്രുത്തുക്കള്‍

തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ അഞ്ചുമണിക്ക് എഴുനേല്‍ക്കുന്നതു മുതല്‍ ട്രെയിനിലോ ബസിലോ കയറിപ്പറ്റി 9.25നു ഓഫീസില്‍ എത്തുന്നതുവരെ ഒരു മാരത്തണ്‍ ഓട്ടമാണ് നടത്തുന്നത്. രാവിലെ കുളിച്ചു മിനുങ്ങി റെഡിയായി അമ്മയുടെ സ്പെഷല്‍ ചായ* കുടിച്ച് ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോളായിരിക്കും 6.25ന്റെ തിര്യൊന്തോരം ഫാസ്റ്റ് റ്റാറ്റാ പറഞ്ഞു പോകുന്നത്.പിന്നെ അടുത്ത സൂപ്പര്‍ ഫാസ്റ്റ് തടഞ്ഞു നിര്‍ത്തി കയറി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ കറക്ട് 7.05. രാവിലെ ചായ റെയില്‍വേ സ്റ്റേഷനില്‍നിന്നാക്കിയാല്‍ ഫാസ്റ്റും സൂപ്പറും തമ്മിലുള്ള ഏഴുരൂപ ഡിഫറന്‍സ് ഇല്ലാതാക്കാം. പക്ഷേ വീട്ടില്‍നിന്നും ആ ചായ കുടിച്ചില്ലെങ്കില്‍ എന്തൊ..അന്നു മുഴുവന്‍ തലവേദനയാണ്. അല്ലെങ്കിലും ആ ചായയുടെ വാലില്‍ കെട്ടാന്‍ കൊള്ളാമോ റെയില്‍വേ സ്റ്റേഷനില്‍ കിട്ടുന്ന ചായ!!.??

[ ഞങ്ങടെ തൊടുപുഴ മുത്തപ്പന്റെ വാലേല്‍ കെട്ടാന്‍ കൊള്ളാമോ നിങ്ങടെ അരുവിത്തുറ വല്ല്യച്ചന്‍ എന്ന് ഒരു തൊടുപുഴക്കാരന്‍ ഈരാറ്റുപേട്ടക്കാരനോട് ചോദിച്ച കഥ ഞാനിപ്പൊ ഓര്‍ത്തു. ]

6.50ന്റെ ട്രെയിന്‍ ഒരു ദിവസം പോലും ലേറ്റാവാതെ കറക്ടായിട്ട് 7.30നു വരുന്നതുകൊണ്ട് സ്റ്റേഷനില്‍ ചെന്നിട്ട് ഇഷ്ടം പോലെ സമയമുണ്ട്. ഈ സമയത്താണ് എന്റെ ഫ്രണ്ട്സ് ലിസ്റ്റിലേക്ക് ചേര്‍ക്കാന്‍ പറ്റിയ മൂന്നാലു സംഭവങ്ങളെ പരിചയപ്പെട്ടത്. ഇവരെ പരിചയപ്പെടുത്തിയത് എന്റെ കോളേജ് മേറ്റ് ജീവ്..
എബി,ഷെബി,സോമണ്ണന്‍,സതീഷ് ചേട്ടന്.
അവരെപ്പറ്റി..
തമാശകളുടെ കാര്യത്തില്‍ മുന്‍പിലാണ് സോഫ്ട്വയര്‍ എഞ്ചിനീയറായ എബി.ഒപ്പം സതീഷ് ചേട്ടനും.സതീഷ് ചേട്ടന്‍ ഒഴികെ എല്ലാരും ബാച്ചിലറാണ്..
മിക്ക തമാശകള്‍ക്കും ഇരയാകുക എന്നതാണ് ഷെബിക്കും ഞങ്ങളുടെ ആര്‍ട്ടിസ്റ്റ് സോമണ്ണനും ചെയ്യാനുള്ളു. സോമണ്ണന്‍ നല്ല ഒരു കലാകാരനാണ്,ഡിസൈനറാണ്. എന്നെ അത്ഭുത്പ്പെടുത്തുന്ന അദ്ദേഹത്തിന്റെ കഴിവ് ഇതൊന്നുമല്ല... നിന്നും ഇരുന്നും വളഞ്ഞുനിന്നും ഒക്കെ ഉറങ്ങാനുള്ള കഴിവാണ്. അഞ്ചു സെക്കന്റ് ആരും സംസാരിക്കാതിരുന്നാല്‍ അപ്പൊ പുള്ളി ഉറങ്ങാന്‍തുടങ്ങും. ട്രെയിനിന്റെ വാതിലിനരികില്‍ നിന്നുള്ള ഉറക്കം ഞങ്ങളെ കുറേ പേടിപ്പിച്ചിട്ടുണ്ട്. ഉറക്കത്തേക്കുറിച്ച് പലതും പറഞ്ഞ് കുറെ കളിയാക്കിയിട്ടുണ്ട് കേട്ടൊ..

എല്ലാ കാര്യങ്ങളേക്കുറിച്ചും ജീവിനും സോമണ്ണനും വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ ഉണ്ടെങ്കിലും വലിയ പരിക്കുപറ്റാതെ അതൊക്കെ പറഞ്ഞു ഫലിപ്പിക്കാന്‍ ജീവിനു മാത്രമേ കഴിയാറുള്ളൂ...

സ്വഭാവത്തിന്റെ കാര്യത്തില്‍ നേരേ വിപരീതമാണ് ജീവും ഷെബിയും. വേണമെങ്കില്‍ ജോലി ചെയ്യാതിരിക്കാം പക്ഷേ ശമ്പളം കിട്ടണം എന്ന ആറ്റിറ്റ്യൂഡാണ് ഒരാള്‍ക്കെങ്കില്‍ ശമ്പളം തന്നില്ലേലും ജോലി ചെയ്യാം ഇതൊക്കെ ഒരു എക്സ്പീരിയന്‍സല്ലെ.. എന്നാണ് മറ്റേയാള്‍.

എങ്ങിനെയും ഗള്‍ഫില്‍ ഒരു ജോലി മേടിക്കുക എന്നതാണ് ഷെബിയുടെ സ്വപ്നം.ഇന്റെര്‍വ്യുവിനു തലേദിവസം വരെ ഭയങ്കര ആത്മവിശ്വാസത്തോടെ നടന്നു അവസാനം അത് വേണ്ടന്നു വെക്കുന്ന
എന്റെ സുഹ്രുത്ത് ജെറിയുടെ ടൈപ്പാണ് പുള്ളിയും.( ജെറിയേപ്പറ്റി ഞാന്‍ ഒരു നോവലെഴുതുന്നുണ്ട്.. ). ബി.ടെക് ഉണ്ടായിട്ടും എന്താണോ ഷെബി ഡിപ്ലോമ വച്ച് ഒരു ജോലി മതി എന്നു പറയുന്നത്..പിന്നെ..
വളരെ ഹാര്‍ഡ് വര്‍ക്കിങ്ങാണ് എന്ന് തോന്നുന്നു..ഷെബിയുടെ നിഷ്ക്കളങ്കമായ ചിരി കണ്ടാല്‍ മതി നമ്മുടെ എല്ലാ ടെന്‍ഷനും മറക്കാന്‍...

നാലഞ്ചു വര്‍ഷമായി ഉള്ള സുഹ്രുത്ത് എന്ന നിലയില്‍ ജീവിനെപ്പറ്റി അധികം ഒന്നും എഴുതുന്നില്ല.പിന്നെ എഴുതാനുണ്ട് ഒരു കഥ.ഗള്‍ഫില്‍ ഉണ്ടായിരുന്ന ജോലി വെറുതേ വേണ്ടന്നുവച്ച് ഇപ്പൊ കേരളത്തില്‍
സേവനം നടത്തുന്നു എന്നു മാത്രം പറയാം.

വൈകിട്ടുള്ള ട്രെയിനില്‍ മാത്രം കയറുന്ന ജോണിനെപ്പറ്റിയും പറയാതെ വയ്യ.ജോണും ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. രാവിലെ ഞാന്‍ എണീക്കുന്നതിനു മുന്‍പുതന്നെ അദ്ദേഹം ട്രെയിനില്‍ കയറുന്നതിനാല്‍ കാണാന്‍ പറ്റാറില്ല എന്നുമാത്രം. വളരെ കൂള്‍ ആണ് പുള്ളി. ദിവസവും ഒരു തമാശ മാത്രമേ പറയൂ..


ഹോ.. നിങ്ങളൊക്കെ ഇല്ലായിരുന്നെങ്കില്‍ എന്റെ ഒന്നര + രണ്ട് = മൂന്നര മണിക്കൂര്‍ ട്രെയിന്‍ യാത്ര എത്ര വിരസമായേനെ..
(അതേയ്.. തിരിച്ചു വരുമ്പൊ അര മണിക്കൂര്‍ വൈകും.)
( ഒരു ദിവസത്തെ ആകെ യാത്ര വെറും 154 കി.മി)



**********************************************************
* അര ലിറ്റര്‍ പാലില്‍ ബാക്കി ഐറ്റംസും ചേര്‍ത്ത് 100ഡിഗ്രിയില്‍ തിളച്ചുകൊണ്ടിരിക്കുന്ന ചായ.

5 comments:

  1. കൂടുതല്‍ വിശേഷങ്ങള്‍ പോരട്ടേ

    ReplyDelete
  2. ചെറുതെന്കിലും ലാഘവമുള്ള കുറിപ്പ്. തുടര്‍ന്നും എഴുതുക.. സസ്നേഹം കുട്ടേട്ടന്‍

    ReplyDelete
  3. കുറിപ്പുകൾ നന്നാവുന്നുണ്ട്.എന്നാലും ആ സ്പ്ഷ്യൽ ചായക്കേ അമ്മയുടെ സ്നേഹത്തിന്റെ മധുരം ഉണ്ട്.അതു വേറെ എവിടെ നിന്നും കിട്ടില്ലാ ട്ടോ

    ReplyDelete
  4. ലളിതമെങ്കിലും ആ കൂട്ടുകാരുമായുള്ള അടുപ്പം മനസ്സിലാവുന്നുണ്ടു...ഇനിയും തുടരൂ ..:)

    ReplyDelete
  5. ശ്രീ..നന്ദി.
    കുട്ടേട്ടാ വായിച്ചതില്‍ സന്തോഷം..
    കാന്താരിച്ചേച്ചീ..സത്യം തന്നെ അത്..നന്ദി
    വായിച്ച റോസിനും..നന്ദി

    ReplyDelete

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?