Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Saturday, February 6, 2010

മൊബൈല്‍ ടെക്നോളജി : പഴയൊരു പരാജയ കഥ.

മൂന്നുകൊല്ലം പോളിടെക്നിക്കില്‍ പഠിച്ചതിന്റെ ക്ഷീണം മാറ്റാന്‍ പിന്നൊരു മൂന്നുമാസം വീട്ടില്‍ ഫുഡ്, ഉറക്കം, ടിവി ഒക്കെയായി സുഖചികിത്സ നടത്തിവരുമ്പോഴാണ് സഹപാഠിയും സഖാവുമായ പ്രിയസുഹ്രുത്ത് സാജന്‍, ‘മൊബൈല്‍ ടെക്നോളജി’ എന്നൊരു പുതിയ കോഴ്സിനേപ്പറ്റി പറയുന്നത്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കേരളത്തിലങ്ങോളമിങ്ങോളം വേരുകളുള്ള മൊബൈല്‍ സെയിത്സ്, സര്‍വ്വീസിങ്ങ് രംഗത്തെ അതികായരായ കിലോബൈറ്റ് & മെഗാബൈറ്റ് (അഥവാ കെബി & എംബി) കമ്പനിയാണ് കോഴ്സ് നടത്തുന്നത്. കോട്ടയത്ത് സെന്ററുണ്ട്, രണ്ടുമാസം അവിടെ പോയി പഠിക്കുക, അതിനു ശേഷം രണ്ടാഴ്ച ആലുവയില്‍ ഓണ്‍ ജോബ് ട്രെയിനിങ്ങ്, അതും ‘വിജയകരമായി’ പൂര്‍ത്തിയാക്കിയാല്‍ ജോലി, കമ്പനിതന്നെ നിയമനം നല്‍കുന്നു. ഇനിയെന്തുവേണം?, സാജന്‍ വളരെ ആവേശത്തിലാണ്. പക്ഷേ എനിക്ക് ഒട്ടും ആവേശം തോന്നിയില്ല. ഒന്നാമതേ പണിയെടുത്ത് ജീവിക്കുന്നത് അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. രണ്ട്, ഇമ്മാതിരി ചീളു പണിക്ക് പോകാനുള്ള വിഷമം. ഞാന്‍ തീരെ താല്പര്യം കാട്ടിയില്ല(ISROയില്‍ ശാസ്ത്രജ്ഞനാവാനായിരുന്നു അന്നു താല്പര്യം). പക്ഷേ പിന്നീട് ഞങ്ങളുടെ മ്യൂച്വല്‍ ഫ്രണ്ടായ അരുണുമായി ആലോചിച്ചപ്പോഴാണ് (അരുണ്‍ ആളൊരു കെ.എസ്.യൂക്കാരനാണ്.. അതിന്റേതായ ബുദ്ധി അവനുണ്ടുതാനും) മറ്റു ചില ഐഡിയാസ് കിട്ടിയത്. അയ്യായിരം രൂപാ കോഴ്സ് ഫീ കൊടുക്കാന്‍ വീട്ടീന്ന് ഒരു പതിനായിരം അങ്ങ് വാങ്ങിച്ചാലോ? ഇനി കോഴ്സിന്റെ പേരില്‍ വീട്ടുകാരെങ്ങാന്‍ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിച്ച് തന്നാലോ? ട്രെയിനിങ്ങിന് ആലുവയില്‍ പോയി അറ്മാദിക്കാന്‍ പറ്റിയാലോ? എന്നും രാവിലെ ബിസിയെമ്മിലേയും ബസേലിയസിലേയും സിയെമ്മസിലേയും യൂണിവേഴ്സിറ്റിയിലേം- വൈകിട്ട് ആല്‍ഫോന്‍സേലേം പെമ്പിള്ളാരെ വായിനോക്കാന്‍ ചാന്‍സായാലോ? അങ്ങിനെ മൂന്നാം ദിവസം ഞാനും സാജനും അരുണും കോഴ്സിനു ചേര്‍ന്നു. (അര്‍ക്കാഡിയയില്‍ പോയി ഡെയിലി ബാര്‍ലിവെള്ളം കുടിക്കാനുള്ള സെറ്റപ്പൊന്നും അന്ന് ഇല്ലാരുന്നു, ഇന്നും.)

പ്രശാന്തസുന്ദരമായ ക്യാമ്പസ് അഥവാ ഒരു വലിയ ഇരുനില ബില്‍ഡിംഗിന്റെ നടുവിലെ ഒറ്റമുറി ഷട്ടറുകട. കടയുടെ വലതു വശത്ത് ഒരു ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ്, മറുവശത്ത് തയ്യല്‍കട. അവിടുന്നുള്ള കട കട ശബ്ദവും വര്‍ക്ക്ഷോപ്പിലെ ഇരമ്പലുമല്ലാതെ മറ്റു ശബ്ദശല്യങ്ങളൊന്നുമില്ല! വളരെ ശാന്തമായ അന്തരീക്ഷം. രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ക്ലാസ്. ഈ കോഴ്സിനു പറ്റിയ പേരുതന്നെയാണ് പഠിപ്പിക്കുന്ന സാറിനും - ‘സിം‘ഖാന്‍‍. 
ക്ലാസിനേക്കുറിച്ച് പറയുകയാ‍ണെങ്കില്‍, FILO അഥവാ ഫസ്റ്റ് ഇന്‍ - ലാസ്റ്റ് ഔട്ട് രീതിയിലായിരുന്നു ക്ലാസിന്റെ പോക്ക്, കാരണം അവിടത്തെ ഒരേയൊരു കമ്പ്യൂട്ടര്‍. രാവിലേ ഒമ്പതിനുതന്ന ഹാജര്‍ വയ്ക്കുന്നവര്‍ക്ക് കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കാം. പിന്നെ പ്രിന്‍സ്, മാരിയോ, റോഡ്റഷ്, മോര്‍ട്ടല്‍ കോംബാറ്റ്, അല്ലെങ്കില്‍ Winampല്‍ പാട്ട്, സമയം പോകുന്നതറിയില്ല. ആദ്യം ക്ലാസിലെത്താന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ചെന്നിട്ടും വലിയ കാര്യമൊന്നുമില്ല. ഇതൊക്കെ കണ്ടോണ്ട് ഇരിക്കേണ്ടി വരും. കമ്പ്യൂട്ടറിന്റെ മുന്നീന്ന് ഒരുത്തനും എണീറ്റ് മാറില്ല. ബാക്കിയുള്ളവര്‍ പിന്നെ രാഷ്ട്രീയം പറഞ്ഞും, ഇടയ്ക്ക് പുറത്തുപോയി ഓരോ സിഗരറ്റ് വലിച്ചും സിനിമയ്ക്കു പോയുമൊക്കെ സമയം തള്ളിനീക്കും. ഇതിനിടയില്‍ ക്ലാസും നടക്കാറുണ്ട്, മിക്കവാറും 12 മുതല്‍ 12.15 വരെ. ഞാനും സാജനും, രാമപുരത്തുനിന്നുള്ള റോയിയും ഒക്കെ ദിവസം പത്തന്‍പതു രൂപാ മുടക്കി ക്ലാസില്‍ വരുന്നതുകൊണ്ട് ഒരു വി.ഐ.പി പരിഗണന മറ്റുള്ളവര്‍ നല്‍കിയിരുന്നു.. എന്നാല്‍ ആഴ്ചയില്‍ രണ്ടുദിവസം ക്ലാസില്‍ വരുന്ന ഹരിപ്പാടുകാരന്‍ അരുണായിരുന്നു ഇന്‍സ്റ്റിട്യൂട്ടിന്റെ യഥാര്‍ഥ താരം. ട്രെയിനില്‍ ഹരിപ്പാട് - കായംകുളം, അവിടന്ന് കായംകുളം -  കോട്ടയം. ഞങ്ങളുടെ ഒരാഴ്ചത്തെ ചെലവ് അവനൊരുമാസത്തേക്കുണ്ട്. എന്നാലതിന്റെ യാതൊരു അഹങ്കാരവുമില്ല, ട്രെയിനിലും ടിക്കറ്റെടുക്കില്ല.

രണ്ടുമാസം ജീവിതം സുഖമായി നീങ്ങി. രാവിലെ കോട്ടയത്തുള്ള മുഴുവന്‍ സ്കൂള്‍-കോളേജ് കുട്ടികളേയും യാത്രയാക്കി ക്ലാസില്‍ ചെല്ലുന്നൂ, കമ്പ്യൂട്ടറിന്റെ അവൈലബിലിറ്റി അനുസരിച്ചു ക്ലാസില്‍ കയറുകയോ സിനിമയ്ക്ക് കയറുകയോ ചെയ്യുന്നു. 'ഠ' വട്ടത്തിലും  കോട്ടയത്ത് തിയേറ്ററുകള്ക്ക് പഞ്ഞമില്ലല്ലോ.. രണ്ടുമാസം  കൊണ്ട് കണ്ടുതള്ളിയ സിനിമകളെത്ര, കളിച്ചുതീര്‍ത്ത ഗെയിമുകളെത്ര, പണിപഠിച്ച മൊബൈലുകളെത്ര! അവസാനത്തേതിന് ഉത്തരമുണ്ട് : ഒന്ന് , ഒരേയൊരു നോക്കിയാ 3310. ബാക്കി മൊബൈലുകളെല്ലാം ചില്ലിട്ട പെട്ടിയിലിരിക്കുന്നത് കാണാനുള്ള യോഗമേ ഞങ്ങള്‍ക്കുണ്ടായുള്ളൂ. പാവം 3310, പാഞ്ചാലിയുടെ വിധിയായിപ്പോയി അതിന്.

മനോരമ പേപ്പറിലെ ചരമകോളത്തില്‍ നിന്നും വെട്ടിയൊട്ടിച്ച ഫോട്ടോകളും അങ്ങനെ ഉണ്ടാക്കിയ വ്യാജ ഐഡിയും വച്ച് റിലയന്‍സിന്റെ 501 രൂപാ ഫോണ്‍+പോസ്റ്റ്പെയ്ഡ് കണക്ഷന്‍ വാങ്ങി ഒരുമാസം എല്ലാവരും അര്‍മ്മാദിച്ചു. പരലോകത്തേക്ക് ബില്ല് പോകാതാ‍യപ്പോള്‍ കണക്ഷനും പോയി. അങ്ങിനെ രണ്ടുമാസം കഴിഞ്ഞു, ട്രെയിനിങ്ങായി. ഞങ്ങളുടെ ബാച്ചില്‍ നിന്നും  അരുണ്‍ ഒഴികെ മറ്റെല്ലാവരും  ആലുവയ്ക്ക് വണ്ടികയറി. അരുണിനു വീട്ടില്‍ ചില അത്യാവശ്യങ്ങളുണ്ടെന്ന് അറിയിച്ചു. ആലുവയില്- കമ്പനിയുടെ ആസ്ഥാനത്ത്- ബില്‍ഡിങ്ങിന്റെ മൂന്നാമത്തെ നിലയിലെ ഏതോ ഒരു ശീതീകരിച്ച മുറിയിലിരുന്ന് ഞങ്ങള്‍ ഫ്ലാഷ് ചെയ്യാന്‍ പഠിച്ചു, IMEI നമ്പര്‍ മാറ്റുന്നത് പഠിച്ചു. സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പഠിച്ചു, ഇന്റെര്‍നെറ്റിന്റെയും സേര്‍ച്ച് എഞ്ചിനുകളുടേയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയ സോഫ്റ്റ്വെയറുകള്‍ കണ്ടുപിടിക്കുന്നത് പഠിച്ചു. അല്‍ക്കാടെല്‍, സീമെന്സ്, മോട്ടൊറോള, നോക്കിയ ഫോണുകളുടെ സോഫ്റ്റ്വെയര്‍ മാറ്റി മാറ്റിക്കളിച്ചു. ഇതിനിടെ റിസപ്ഷനിലിരിക്കുന്ന പെണ്ണിനെ നോക്കി വെള്ളമെറക്കി. ആരും  കാണാതെ കാവ്യാമാധവന്റേം മീരാ ജാസ്മിന്റേം  മറ്റും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു ഫ്ലോപ്പിയിലാക്കി, ഫ്ലോപ്പി വാങ്ങി മടുത്തപ്പോള്‍ സിഡി വാങ്ങിച്ചു റൈറ്റ് ചെയ്തു. ബാക്കിസമയത്ത് സീനത്തില്‍ പോയി പാണ്ടിപ്പടങ്ങള്‍ കണ്ടു, കൊച്ചി മറൈന്‍ഡ്രൈവില്‍ പോയി കാഴ്ചകള്‍ കണ്ടു. രണ്ടാഴ്ച കൊണ്ട്  ഞങ്ങള്‍ പലതും പഠിച്ചു, പഠിപ്പിച്ചു.

മൂന്നുമാസത്തെ പോക്കുകൊണ്ട് ഞങ്ങളുടെ ബാച്ചിലെ ആര്‍ക്കെങ്കിലും പിന്നീട് പ്രയോജനമുണ്ടായോ എന്ന് എനിക്കറിയില്ല, എന്നാലും ട്രെയിനിങ്ങ് പൂര്ത്തിയാക്കി സര്ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ വീണ്ടും കോട്ടയത്തിനു പോകുന്നതുവരെയും ചിലരുടെയെങ്കിലും ഉള്ളില്‍ ജോലി - കമ്പനി തന്നെ നല്കുന്ന നിയമനം - എന്നിങ്ങനെ  ആഗ്രഹം കിടപ്പുണ്ടായിരുന്നു. പക്ഷേ.. പകുതി ദിവസവും ക്ലാസില്‍ വരാത്ത, വന്നാലും കയറാത്ത, ട്രെയിനിങ്ങിനു പോകാതെ മുങ്ങിനടന്ന അരുണ്‍, അവിടത്തെ പുതിയ അധ്യാപകനായി CDMA ഫോണുകളേക്കുറിച്ച് പുതിയ ബാച്ചിനു ക്ലാസെടുക്കുന്നതു കണ്ടതോടെ അക്കാര്യത്തിനും ഒരു തീരുമാനമായി. 

ഫലം? മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഞാന്‍ വീട്ടില്‍ വിശ്രമം തുടങ്ങി. എഗൈന്‍ ശങ്കര്‍ ഓണ്‍ ദ് കോക്കനട്ട് ട്രീ.

( ഇതിന്റെ ബാക്കി റിലീസ് ചെയ്യാനും സാധ്യതയുണ്ട്..)

Friday, October 16, 2009

“പഴശ്ശി,ശെ,ശ്ശോ രാജ”

ഒന്നാമന്‍: ഇതാണോ ക്ലാസിക്കാണ് കൊപ്പാണ് എന്നൊക്കെ പറഞ്ഞ് ഇറക്കിയ പടം..മൈ..

രണ്ടാമന്‍: പിന്നേ.. അത്ര പൊളിയൊന്നുമല്ല, കണ്ടിരിക്കാം..

മൂന്നാമന്‍: അതേയതേ, ഇത്ര എഫര്‍ട്ട് എടുത്ത് ഇറക്കിയതല്ലേടാ, അതു നമ്മള്‍ മനസിലാക്കണം. എന്നാലും അത്രപോര..

ഒന്നാ‍: വടക്കന്‍ വീരഗാഥയുമായി നോക്കുമ്പോള്‍ ഇത് ഒന്നുമല്ല, ഒന്നും

രണ്ടാ‍: ഡാ വടക്കന്‍ വീരഗാഥ ഒരു കഥയല്ലേ, ഇതൊരു ചരിത്രസംഭവവും, ആ വത്യാസം ഉണ്ടാവും.

ഒന്നാ: ഉമ്ം, നല്ല ഒരു ഡയലോഗ് പോലുമില്ല, മമ്മൂട്ടിയേക്കളും ശരത്കുമാര്‍ കൊള്ളാം..

മൂന്നാ‍: ങാ ശരിയാ, മമ്മൂട്ടിക്ക് പകരം ശരത്കുമാറായിരുന്നേല്‍ പടം സൂപ്പറ്ഹിറ്റായേനേം.. പിന്നെ പത്മപ്രിയേം കൊള്ളാട്ടോ!!

രണ്ടാ: മമ്മൂട്ടി ഇപ്പൊ ശരത്കുമാറിനെ പ്രാകുന്നുണ്ടാവും, ഹ ഹ ഹ..

നാലാമന്‍: ഈ കനിഹയെ ഈ സിനിമയില്‍ അഭിനയിപ്പിച്ചത് എന്നാ കണ്ടിട്ടാണോ?

ഒന്നാ: ഡേയ് നീ കണ്ടില്ലേഡേയ് അവളുടെ തോഴിയായിട്ട് അഭിനയിച്ചവളാ സൂപ്പറ്, അവളാരുന്നു ആ പാട്ടിനാത്തെങ്കില് തകര്‍ത്തേനേ.. സൂപ്പറ് പീസ്.

അഞ്ചാമന്‍: ഒലക്ക, പാട്ടിന്റെടേല് മമ്മൂട്ടീടെ എന്തൊരു ഭാവാഭിനയം, ഒരു ഒപ്പനേം കലാഭവന്‍ മണീടെ ഒരു നാടന്‍പാട്ടും കൂടെ സിനിമേടെടേല് തിരുകി കേറ്റാരുന്നു.

ആറാമന്‍ (മുടിഞ്ഞ മമ്മൂട്ടി ഫാന്‍)‍: സിനിമയ്ക്കിടേല് പാന്റിട്ട ആളിനേക്കണ്ടൂ, കാലേല്‍ പാരഗണ്‍ ചെരിപ്പുകണ്ടൂന്നൊക്കെ മെയിലു ഫോര്‍വേര്‍ഡിക്കൊണ്ടിരുന്ന മൈ.. മൈ.. മൈഗുണാണ്ടന്മാരൊക്കെ ഇപ്പൊ ആരായി?

ബാക്കി അഞ്ചുപേരും സംസാരം നിര്‍ത്തി..




പ്രതീക്ഷിച്ചത് ഒത്തിരി, കണ്ടത് ഇത്തിരി:- പാലാ യൂണിവേഴ്സലില്‍ നിന്ന് “കേരളവര്‍മ്മ പഴശ്ശിരാജ” മാറ്റിനി കണ്ടിറങ്ങുമ്പോള്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം ഇങ്ങിനെ . അതുകൊണ്ട്..

*മമ്മൂട്ടിക്ക് കയ്യടിക്കാന്‍ പോയവര്‍ക്കും വടക്കന്‍ വീരഗാഥ എന്ന സിനിമയുമായി compare ചെയ്തവര്‍ക്കും കിടുകിടുക്കന്‍ ഡയലോഗുകള്‍ പ്രതീക്ഷിച്ചവര്‍ക്കും നിരാശ ഫലം.

*മെഗാസ്റ്റാറൊക്കെ ആയിരിക്കും, പക്ഷേ മമ്മൂട്ടിക്ക് സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല, ഒളിപ്പിച്ച് നിര്‍ത്തിയിരിക്കുന്നു അഥവാ ചെയ്യുന്നതൊക്കെ മറ്റുള്ളവരാണ്.

*ഫൈറ്റ് സീനുകളില്‍ പൂക്കുട്ടിയുടെ ‘ഇന്റര്‍നാഷണല്‍‘ ശബ്ദലേഖനം നന്നായി. പക്ഷേ അതില്ലായിരുന്നെങ്കില്‍ ബാക്കി ഭാഗത്ത് ഡയലോഗ് മര്യാദയ്ക്ക് കേള്‍ക്കാമായിരുന്നു. അതുമില്ല.

*ശരത്കുമാര്‍ അവതരിപ്പിച്ച കുങ്കന്റെ ഓരോ ചലനങ്ങള്‍ക്കും, -പ്രത്യേകിച്ച് അവസാനഭാഗങ്ങളില്‍- നിറഞ്ഞ കയ്യടി, ഒപ്പം പത്മപ്രിയയ്ക്കും.

*കനിഹയ്ക്ക് പകരം നമിതയോ നയന്‍സോ ആയിരുന്നെങ്കില്‍ കൊള്ളാരുന്നു.

*ചരിത്രസംഭവങ്ങള്‍ സിനിമയാക്കുന്നവര്‍ ഇനി ഒന്നൂടെ ആലോചിക്കും!

*ഗോകുലം ഗോപാലന് നാളെമുതല്‍ കിട്ടുന്നത് മുഴുവന്‍ ലാഭമായി കാണക്കാക്കും.!

*റിലീസിങ്ങ് ദിവസംതന്നെ പടം കണ്ടിട്ട് ബ്ലോഗില്‍ എഴുതിവെക്കുന്നതൊന്നും റിവ്യൂ അല്ലെന്ന് ഇതോടെ പലരും മനസിലാക്കിത്തുടങ്ങും.

ആശംസകള്‍ ...



ഒടുവില്‍ കേട്ടത്: തോക്ക് ഉപയോഗിക്കാന്‍ മമ്മൂട്ടിക്ക് അറിയാന്‍ മേല, എന്നാലതൊട്ട് പഠിച്ചുമില്ല, ഇപ്പൊ എന്തായി??.. അതൊക്കെ ലാലേട്ടനായിരിക്കണം.. പത്തുമിനിറ്റുകൊണ്ട് ബ്രിട്ടീഷുകാരെ ഇന്ത്യേന്ന് തന്നെ പറപ്പിച്ചേനെ..

Wednesday, October 7, 2009

ചരിത്രമെഴുത്തുകാര്‍


 ഇനിയും എന്തൊക്കെ കാണേണ്ടിവരുമോ? ഞെക്കി നോക്കിയാല്‍ വലുതായി വായിക്കാം..
സുഹ്രുത്തിന്റെ ഇ മെയില്‍ കിട്ടിയത്

Saturday, August 29, 2009

എക്സ്ട്രാ ഇന്‍കം

ഴിഞ്ഞ മാര്‍ച്ചു മാസത്തിലാണ് പ്രഫഷണലി പണ്ടെന്റെ ശത്രുവും അങ്ങിനെ പേഴ്സണലി പരിചയക്കാരനുമായി മാറിയ ഒരു മൊതലിനെ രണ്ടുമൂന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാണുന്നത്. മൂന്നു കൊല്ലം സ്കൂളിലേക്കും അവിടന്ന് തിരിച്ചുമുള്ള യാത്രകളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്നു ടിയാന്‍. എന്നുവച്ചാല്‍ ഇയാളാരുന്നു സ്ഥിരം ഞാന്‍ കേറുന്ന ബസിലെ കണ്ടക്ടര്‍.

അങ്ങിനെ സ്കൂളിപ്പൊക്കോണ്ടിരുന്ന ഞാന്‍ പിന്നീട് കോളേജില്‍ പോണ ഞാനായി വല്ലപ്പോഴുമൊക്കെ ടി ബസില്‍ കയറുമ്പോള്‍ ‘ദേ ഈ ലവനല്ലേ മറ്റേ ലവന്‍’ എന്ന രീതിയില്‍ രൂക്ഷമായി ഒരു നോട്ടവും ശനിയാഴ്ചകളില്‍ ഫുള്‍റ്റിക്കറ്റെടുത്ത് യാത്രചെയ്യുമ്പോള്‍ ചെറു പുഞ്ചിരി തരുന്നതും ജോലികിട്ടിക്കഴിഞ്ഞശേഷം പ്രൈവറ്റ് ബസില്‍ കയറാതെ കെ.എസ്.ആര്‍.ടി.സി ബസു നോക്കി നിക്കുമ്പോ ഏതാണ്ടു വല്ലാത്തൊരു ഭാവത്തോടെ മനസില്‍ തെറി പറഞ്ഞതും മേല്പടിയാന്‍..

ടിയാനെ കുറേനാളായി കാണാറില്ലായിരുന്നു, അതോ ഞാന്‍ ശ്രദ്ധിക്കാറില്ലായിരുന്നോ? ആവോ.. എന്തായാലും കഴിഞ്ഞ മാര്‍ച്ചില്‍ ഞങ്ങള്‍ വീണ്ടും കണ്ടു. പാലാ ബസ്റ്റാന്‍ഡില്‍ വച്ച്. എന്നേപ്പോലെ ആളാകെ മാറിയിരുന്നു. കാക്കി പാന്റല്ല, ഷര്‍ട് ഇന്‍ ചെയ്തിരിക്കുന്നു, പിന്നെ ഷൂവൊക്കെയിട്ട്... ഇനി ഞാന്‍ വിചാരിച്ചമാതിരി ഇയ്യാളു ബസുമേടിച്ചോ? [ സ്കൂളില്‍ പഠിക്കുമ്പൊ നാല്പതു പൈസാ എസ്റ്റിക്കാശിന് അമ്പതു പൈസാ കൊടുത്ത് ബാക്കി പത്തു പൈസാ തിരിച്ചുതരാത്തെപ്പൊ ‘ഈ കാശൊക്കെ മൊതലാളി അറിയാതെ പറ്റിച്ച് പറ്റിച്ച് അവസാനം ഇയാളൊരു വണ്ടിമേടിക്കും‘ എന്നു വിചാരിച്ചിരുന്നു. ]
ആലോചിച്ച് നോക്കുമ്പോഴുണ്ട്.. എന്റെനേരേ ചിരിച്ചോണ്ട് നടന്നു വരുന്നു...
- എവിടെപ്പോയി?
- ഞാനിവിടെ വരെ വന്നതാ ചേട്ടാ..
- ഇപ്പൊ എവിടെയാ ജോലി ചെയ്യുന്നെ?
- എറണാകുളത്താ..
- പേരെന്താരുന്നൂ...?
- ശ്രീക്കുട്ടന്‍
- ങാ..ഓഓ.. എന്താ കമ്പനിയിലാണോ ജോലി?
- അതേ..ഒരു സോഫ്റ്റ്വെയര്‍ കമ്പനിയിലാ..
- എങ്ങനെയുണ്ട് സാലറിയൊക്കെ? (അങ്ങാര്‍ ഭയങ്കര ക്ഷേമാന്വേഷണം..)
- മോശമല്ലാ..
- എത്രാ.. പത്തു നാല്പതു കിട്ടുമോ? (നാല്പതേ.. ഉവ്വ്വാ)
- അത്രേമില്ല, ഇച്ചിരെ കുറവാ, പത്തു പതിനഞ്ച്!!..

നമ്മളോട് ഇത്രയും ക്ഷേമം അന്വേഷിച്ചിട്ട് തിരിച്ചൊന്നും ചോദിക്കാതിരുന്നാല്‍ മോശമല്ലേ.. അതുകൊണ്ട്.. “ചേട്ടനിപ്പൊ എന്തു ചെയ്യുന്നു??” എന്നൊരു ചോദ്യമേ ഞാന്‍ ചോദിച്ചുള്ളൂ.. പക്ഷേ അതൊരു കൈവിട്ട ചോദ്യമായിരുന്നു. ബാക്കി ഇങ്ങനെ...

- “ങാ.. ഞാനിപ്പൊ ഒരു ബിസിനസ് ചെയ്യുകയാണ്. ബിസിനസെന്നു വച്ചാല്‍ അങ്ങിനെയല്ലാ. നമ്മുടെ എക്സ്ട്രാ ടൈം വെറുതേ കളയാതെ കുറച്ച് എക്സ്ട്രാ ഇന്‍കം ഉണ്ടാക്കുന്ന ഒരു ബിസിനസ്. കുറച്ചുനാളായി ഞാന്‍ പൂര്‍ണ്ണമായും ഈ ബിസിനസിലാണ്. നമ്മളീ ബാറിലോ ക്ലബിലോ ഒക്കെ പോയി ചുമ്മാ സമയം കളയാതെ മറ്റുള്ളവരോട് ഈ ബിസിനസിനേക്കുറിച്ച് ഒന്നു സംസാരിച്ചാല്‍ത്തന്നെ മാസം ലക്ഷങ്ങള്‍ ഉണ്ടാക്കാം. ഇപ്പൊത്തെന്നെ ഡോക്ടര്‍മാര്, എഞ്ചിനീയര്‍മാര്, വക്കീലമ്മാര്, എത്രയായിരംപേരാ ഈ ബിസിനസ് ചെയ്യുന്നേന്ന് അറിയാമോ?. മാന്ദ്യം ഒക്കെ വന്നപ്പഴത്തേനുമേ എല്ലാരും ഈ ബിസിനസിലേക്ക് എറങ്ങുവാ. ഇവിടത്തന്നെ അമ്പതുലക്ഷം സോഫ്റ്റ്വെയറുകാരടെ പണിപോകുമെന്നാ കേക്കുന്നെ.. ഇനി നാളെ ചെല്ലുമ്പൊ അറിയാം ശ്രീക്കുട്ടനുതെന്നെ ജോലി കാണുമോ എന്ന്.. അല്ലേ.. (പോടോ പന്നേ..!!). പറഞ്ഞപോലെ ശ്രീക്കുട്ടന്റെ നമ്പരെത്രയാ.. ഞാന്‍ ഡീറ്റെയില്‍സ് പറയാം“ പുള്ളി എന്റടുത്തൊരു നമ്പരിട്ടു!!

- “നമ്പര്.. ഞാനീ ബി.എസ്.എന്‍.എല്ലീന്ന് മാറി എയര്‍ടെല്‍ കണക്ഷനെടുത്താരുന്നേ.. പിന്നെ എം.റ്റി.എസ് എടുക്കാമെന്നോര്‍ത്തിട്ട് ഡൊകോമോ എടുക്കാമെന്നാലോചിക്കുവായതുകൊണ്ട്.. നമ്പര്.. ഉടനെ മാറും” തിരിച്ചു ഞാനുമൊരു നമ്പരിട്ടു!!

- എറണാകുളത്ത് ജോലിചെയ്യുമ്പൊ അവിടെ താമസമാരിക്കുമല്ലൊ അല്ലേ? എവിടെയാ താമസം? ഇടയ്ക്ക് ഞാനവിടെ മീറ്റിംഗിനു വരുമ്പോ വിളിക്കാം..

- താമസിക്കുവല്ലാ.. ഞാനിപ്പൊ ട്രെയിനിലു വന്നുപോവുകയാ..

- ങാ ട്രെയിനാകുമ്പൊ പരിചയക്കാരോടൊക്കെ വര്‍ത്തമാനം പറഞ്ഞിങ്ങ് പോരാമല്ലോ അല്ലേ.. നമ്മളവരോടൊക്കെ വെറുതേ സംസാരിച്ചാല്‍ മാത്രം മതി നമ്മുടെ ബിസിനസ് വളര്‍ത്തി..

- ഞാന്‍ ട്രെയിനേല്‍ കേറിയാല്‍ അന്നേരം ഉറങ്ങും. പിന്നെ സ്റ്റേഷനിലെത്തിയിട്ടേ ഉണരൂ. അതോണ്ട് ആരേം അറിയേല.

- ശ്രീക്കുട്ടാ, നമ്മുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാവണം. എങ്കിലേ അതിലേക്കുള്ള വഴി കണ്ടുപിടിച്ച് മുന്‍പോട്ട് പോകാനാവൂ. നമ്മുടെ പഴയ പ്രസിഡന്റ് മന്മോഹ..അല്ല.. മറ്റേ മുടിനീട്ടിയ.. കലാം.. കലാം പറഞ്ഞതു കേട്ടിട്ടില്ലേ.. ഭാവി സ്വപ്നം കണ്ടു വളരണം എന്ന്? ഞാന്‍ പറഞ്ഞുവന്നത് നമ്മള്‍ പത്തു കൊല്ലം കഴിഞ്ഞ് എങ്ങിനെയാവണം എന്നു ചിന്തിച്ചുകൊണ്ട് ഇപ്പോള്‍ ഒരല്പം വര്‍ക്ക് ചെയ്താല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല.

ഭാവിയിലേക്ക് ചിന്തിച്ചുകൊണ്ട് തന്നാ.. ചിഞ്ചൂന്റേം നിമിഷേടേം അഞ്ജലീടെം ക്രിസ്ത്യാനിയാണേലും വേണ്ടില്ല, അപ്പന്‍ ഡോക്ടറായകൊണ്ട് നീതൂന്റേം ഒക്കെ പിറകേ കൊറേ വര്‍ക്ക് ചെയ്തത്. ങാ.. എന്നാ പറയാനാ ചേട്ടാ.. അതൊരു കാലം. ഇനീപ്പൊ പുതിയ വല്ലോം നോക്കണം.. സ്വപ്നങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ.. അന്ന് എന്തൊക്കെ പറഞ്ഞാണ് ടിയാന്റെ മുന്‍പില്‍ നിന്ന് രക്ഷപെട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. പിന്നീട് ഇങ്ങേരേ കാണുമ്പോഴെല്ലാം അടുത്ത് കിട്ടുന്ന വാഹനത്തില്‍ - അതിപ്പൊ ഓട്ടൊയോ, ബസോ ഇനി സൂപ്പര്‍ഫാസ്റ്റ് ആയാലും - കയറി സ്ഥലം കാലിയാക്കാനും തുടങ്ങി. പറഞ്ഞു മുഷിയുന്നതിനേക്കള്‍ നല്ലതല്ലേ പത്തുരൂപാ പോകുന്നത്..

അങ്ങിനെ.. അങ്ങിനെ..

സ്വപ്നങ്ങള്‍ കണ്ടുകഴിഞ്ഞിട്ടാണോ ഭാവി സുരക്ഷിതമാക്കിയതുകൊണ്ടാണൊ വര്‍ത്തമാനം പറഞ്ഞുമടുത്തിട്ടാണോ എന്നറിയില്ല കഴിഞ്ഞാഴ്ച ബസില്‍ ടിക്കറ്റ് തന്നത് അങ്ങേരായിരുന്നു..
------------------------------------
എനിക്ക് ജോലികിട്ടിയ സമയത്താണ് പാലായില്‍ മുത്തൂറ്റിന്റെ പുതിയ ശാഖ തുടങ്ങുന്നത്. അന്ന് ഇനാഗുറേഷന് എന്നെ വിളിച്ചപ്പോ, - സംഗതി അഡ്വെര്‍ടൈസ്മെന്റ് ആണേലും - കുറച്ച് ഇന്വെസ്റ്റ് ചെയ്യുന്നോ എന്നു ചോദിച്ചപ്പോ തോന്നിയപോലെ, കോളേജില്‍ വച്ച് ആദ്യമായൊരു പെണ്‍കുട്ടി എന്നെ ‘ചേട്ടാ‘ന്നു വിളിച്ചപ്പോള്‍ തോന്നിയപോലെ, അല്പത്തരം കൊണ്ടാണെങ്കിലും ആയിരം ആഡ്സെന്‍സ് ക്ലിക്കുകള്‍ കിട്ടിയ ഒരു ബ്ലോഗറേപ്പോലെ മേല്പടി സംഭവം ഈ ചെറിയ മനസില്‍ വലിയ സന്തോഷം ഉണ്ടാക്കി, അയാളെന്നെ ഒഴിവാക്കിയില്ലല്ലോ.. ഇനിയിപ്പൊ അമ്പതുപൈസാ ബാക്കി തന്നില്ലേലും ഞാനങ്ങ് ക്ഷമിക്കും.