Friday, March 6, 2009

3 ഇന്‍ 1 ഭിക്ഷാടനം

രാവിലെ

കുറച്ച് വൈകിയാണ് എണീറ്റത്. എല്ലാ അവധിദിവസവും പോലെതന്നെ.. ഒരു പത്തുമണിയായിക്കാണും.. വീടിനു മുന്‍പില്‍ നിന്നും നീട്ടിയുള്ള ഒരു വിളി കേട്ടു..
’അമ്മാ... സാറേ....‘
വിളിക്കുന്ന ടോണ്‍ കേട്ടാലേ അറിയാം ഭിക്ഷക്കാരനാണെന്ന്.. കിട്ടിയ ഒരു രണ്ടുരൂപാ തുട്ടുമെടുത്ത് വാതില്‍ തുറന്നു. ഒരു നീല കൈലിയും പച്ച ഷര്‍ട്ടുമിട്ട് പത്തെഴുപത് വയസ് തോന്നിക്കുന്ന ഒരു മനുഷ്യന്‍.
‘എന്തെങ്കിലും സഹായം ചെയ്യണേ....‘ എന്റെ നേരെ ദയനീയമായി നോക്കി കൈകൂപ്പി.
കൈയ്യിലിരുന്ന രണ്ടു രൂപാ നാണയം ആ മനുഷ്യനു കൊടുത്തു. നന്ദിപൂര്‍വ്വം അയാളതു വാങ്ങി താണുതൊഴുത് വടിയും കുത്തി മെല്ലെ മെല്ലെ ഗേറ്റ് കടന്നു പോയി. രണ്ടുരൂപകൊണ്ട് എന്താവാന്, കുറച്ചു കൂടി പൈസ കൊടുക്കാമായിരുന്നു ആ പാവത്തിന്.. ഞാനോര്‍ത്തു.

ഒരുമണിക്കൂര്‍ കഴിഞ്ഞു...

‘ചേച്ചീ.... ചേച്ചീ...‘ മുറ്റത്തുനിന്നും ഒരു സ്ത്രീശബ്ദം.. ‘ചേച്ചിയില്ലേ ഇവിടെ?’ പത്തുനാല്പതു വയസു പ്രായം തോന്നിക്കുന്ന ഒരു ചേച്ചി.. അവര്‍ക്ക് എന്നെ നല്ല പരിചയം പോലെ.. പക്ഷേ എനിക്ക് തീരെ പരിചയം തോന്നിയില്ല, ഞാനമ്മയെ വിളിച്ചു. അമ്മയ്ക്കും പക്ഷേ പരിചയമില്ലെന്ന് തോന്നുന്നു..

‘ഇടമറ്റത്താണ് വീട് (ഭരണങ്ങാനത്തിനടുത്ത്..). കാഞ്ഞിരപ്പള്ളിയിലുള്ള ഒരു ഫാമില്‍ ജോലി ചെയ്യുന്നു.‘ ആ സ്ത്രീ പരിചയപ്പെടുത്തി.. അവര്‍ക്ക് രണ്ടു പെണ്മക്കളാണത്രേ.. രണ്ടിനേയും കെട്ടിച്ചുവിടാന്‍ പ്രായമായി. ഭര്‍ത്താവ് മൂന്ന് വര്‍ഷം മുന്‍പ് ഉപേക്ഷിച്ച് പോയതുകൊണ്ട് ഇപ്പൊ ഒറ്റയ്ക്കാണ്. പെണ്മക്കളെ കെട്ടിച്ചുവിടാന്‍ ഒരു നിവ്രുത്തിയുമില്ല, അതിന് എന്തെങ്കിലും സഹായം തേടി ഇറങ്ങിയതാണ്.. ഇടയ്ക്കിടെ കരഞ്ഞുകൊണ്ട് അവര് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..

പലേ തട്ടിപ്പുകളും ഞാന്‍ കണ്ടിട്ടുണ്ട്.. ഇതും അങ്ങിനെതന്നെ ആവാന്‍ സാധ്യതയുണ്ട്. മാന്യമായ വേഷം ധരിച്ച് ആളെ പറ്റിക്കുന്ന ഒരുപാടു പേരുണ്ടീ നാട്ടില്‍..
{എന്റെ സുഹ്രുത്ത് ജെറിമോന്‍ പറഞ്ഞ ഒരു സംഭവം ഞാനോര്‍ത്തു.. ഈ അടുത്ത കാലത്ത് സംഭവിച്ചത്.. എറണാകുളം സൌത്ത് റെയില്വേസ്റ്റേഷനില്‍ വച്ച് സിനിമ സംവിധായകനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ 200രൂപാ ചോദിച്ചത്രേ.. പടം പൊളിഞ്ഞപ്പോള്‍ കാശില്ലാതായെന്ന്!!..}
(വിശദമായി പിന്നീടെഴുതാം..)

അല്പസമയം കഴിഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ അമ്മ ബാഗില്‍ നിന്ന് നോട്ടെണ്ണുന്നു.!!. കയ്യില്‍ അന്‍പതു രൂപാ!! ഇവറ്റൊക്കെ തട്ടിപ്പുകാരാണെന്ന് ഞാന്‍ വാദിച്ചു.. അമ്മയ്ക്കും അങ്ങിനെ സംശയം തോന്നിയതു കൊണ്ടൊ എന്തോ (സാധാരണ അതു പതിവില്ല..) എടുത്ത പൈസാ ബാഗിലിട്ട് രണ്ടു പത്തുരൂപാ നോട്ടുമായി അമ്മ പോയി..

‘ഇതുകൊണ്ട് എന്താവാനാ ചേച്ചീ.. രണ്ടു പെണ്മക്കളെ ഞാനെന്തു ചെയ്യും..’ ആ സ്ത്രീ വിടാന്‍ ഭാവമില്ല. പെണ്മക്കളുള്ള അമ്മയുടെ വിഷമത്തേക്കുറിച്ച് അവര്...

‘ഇവിടിപ്പൊ പൈസ ഇരിപ്പില്ല.. ഇനി ഒരു ദിവസം വരൂ’ ഒരു വിധം അമ്മ അവരെ പറഞ്ഞുവിട്ടു..

‘എടാ.. അവരെ കുറ്റം പറയുകയല്ല വേണ്ടത്.. നിവ്രുത്തിയില്ലാതെ വരുന്നവരെ ആവുന്ന രീതിയില്‍ സഹായിക്കണം’ അമ്മ എന്നെ ഉപദേശിച്ചു തുടങ്ങി..

‘ഇവരൊക്ക പറ്റിക്കുന്നതാണെന്നേ.. നമ്മളെന്താ അവര്‍ക്ക് സ്വര്‍ണ്ണം മേടിച്ച് കൊടുക്കണോ?’ സംഭവം മുഴുവന്‍ കണ്ടുകൊണ്ടിരുന്ന ശ്രീക്കുട്ടിയും ഈ പ്രശ്നത്തില്‍ ഇടപെട്ടു..

‘കള്ളം പറയുന്നവരെ കണ്ടാല്‍ എനിക്ക് മനസിലാകും.. ഇവന്റെ കുറെ കള്ളത്തരങ്ങള്‍ കണ്ടുപിടിച്ചിട്ടുള്ളതല്ലേ ഞാന്..’ അമ്മ അഡ്വാന്‍സായി എന്നെ ഒതുക്കാന്‍ നോക്കുന്നു..

‘ആ സ്ത്രീക്ക് മക്കളെ 101പവനും കൊറോള കാറും കൊടുത്ത് കെട്ടിച്ചുവിടണമെന്നായിരിക്കും ആഗ്രഹം.. അതിനിപ്പൊ നമ്മളെന്താ ചെയ്യുക.. അരയേക്കറ് സ്ഥലം എഴുതിക്കൊടുക്കാന്‍ മേലാരുന്നോ?’ മുന്‍പു തര്‍ക്കശാസ്ത്രം കുറേ പഠിച്ചത് രക്ഷയായി.. പിടിച്ചു നിന്നു...

ഉച്ചകഴിഞ്ഞു..

കോളിംഗ് ബെല്ലടിക്കുന്നു... ഉച്ചത്തില്‍ ആരോ സംസാരിക്കുന്നു.. വാതില്‍ തുറന്നു നോക്കി..

‘ രണ്ടുമൂന്നു കോടി മുടക്കി വീടുണ്ടാക്കി വെക്കാം.. ചോദിച്ചാല്‍ തരുന്നത് പത്ത് ഉലുവാ.. ഭൂ‍ൂ‍ൂ.. ചെറ്റ.. ’ സര്‍വ്വാംഗം കലിപ്പിച്ച് പത്തുനാല്പതു വയസു തോന്നിക്കുന്ന ഒരു ചേട്ടന്‍ നില്‍ക്കുന്നു‍..

‘എന്താ ചേട്ടാ? എന്താ വേണ്ടത്?’ ഞാന്‍ അന്വേഷിച്ചു.

‘രണ്ടുമൂന്നു കോടി മുടക്കി ഇവനൊക്കെ വീടുണ്ടാക്കി വെക്കാം.. പാവപ്പെട്ടവന്‍ വല്ല സഹായോം ചോദിച്ചാല്‍ തരുന്നത് പത്ത് ഉലുവാ.. ഇവനൊക്കെ ആളാകുന്നതെങ്ങനാണെന്ന് എനിക്കറിയാം..’
അയല്വക്കത്തെ ജോണിച്ചേട്ടന്റെ വീട്ടിലേക്ക് തലകൊണ്ട് ഒന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അയാള്‍ വിശദീകരിച്ചു.. ‘ഇവന്റെയൊക്കെ അടുത്ത് എരക്കേണ്ട കാര്യമുണ്ടോ നമ്മക്ക്...? ’

‘അതേയതേ!!’ പത്തുരൂപയെങ്കിലും ഉറപ്പാക്കിയ അയാളുടെ ബുദ്ധിയോര്‍ത്ത് ഞാന്‍ ചിരിച്ചു..

‘എന്തെങ്കിലും സഹായം..’

‘ഒന്നും വേണ്ട ചേട്ടാ’ ഞാന്‍ മറുപടി കൊടുത്തു.

എന്റെ കോമഡി കേട്ട് അയാള്‍ ചിരിച്ചു..

ഞാനും ചിരിച്ചു.. കുറേനേരം.. കുറേയേറെ നേരം.... വെറുതേ ചിരിച്ചുകൊണ്ടിരുന്നു..

എന്റെ ചിരികണ്ട് കണ്ട് അങ്ങേര് വെറുത്തു കാണും.. കലിപ്പിച്ച് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി!!!

വൈകിട്ട്..

ഏറ്റുമാനൂര്‍ക്ക് പോയി.. ഉത്സവത്തിന്.. രാത്രി ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലില്‍ ചെന്നിരുന്നപ്പോഴുണ്ട്... പെണ്മക്കളെ കെട്ടിച്ചുവിടാന്‍ സഹായം ചോദിച്ചുവന്ന ചേച്ചിയും, പത്തുരൂപാ കൊടുത്ത കോടീശ്വരനെ തെറിവിളിച്ച ചേട്ടനും ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് വെട്ടിവിഴുങ്ങുന്നു...!! പെണ്മക്കള് രണ്ടെണ്ണം അപ്പുറത്തിരുന്ന് പൊറോട്ടാ വലിച്ചുപറിക്കുന്നു!!! ഈ എട്ടും പത്തും വയസ്സുള്ള കൊച്ചുങ്ങളെ കെട്ടിച്ചുവിടാനാണോ ചേച്ചി ആ കാശുചോദിച്ചത്..? ബാല്യവിവാഹം നിരോധിച്ചിരിക്കുകയാ ചേച്ചീ... ഇനി ചിലപ്പൊ കെട്ടുപ്രായം ആകുന്നതുവരെ ബാങ്കിലിടാനാരിക്കും.. ആ പിള്ളാര് അതുകൊണ്ട് രക്ഷപെടട്ടെ.. ഞാന്‍ സമാധാനിച്ചു...

അതും വളരെ കുറച്ചു സമയത്തേക്കേ ഉണ്ടായുള്ളൂ.. അതായത്.. ഭക്ഷണം കഴിഞ്ഞ് കൈകഴുകാന്‍ പോയ ആ ചേച്ചിയുടെ/ചേട്ടന്റെ അച്ഛന്‍ അതായത് ആ പിള്ളേരുടെ മുത്തച്ഛന്‍ (വല്യച്ഛന്‍) വരുന്നതുവരെ മാത്രം....

അതെ.. ആദ്യം വീട്ടില്‍ വന്ന...


നീല കൈലി... പച്ച ഷര്‍ട്ട്... എഴുപതുവയസ് പ്രായം ...!!!!



ഞാന്‍ തകര്‍ന്നു പോയി..
--------------------------------------------
ഉത്സവത്തിന് അമ്മ വരാതിരുന്നത് ഭാഗ്യമായി!!!

12 comments:

  1. വല്ല്യ വല്ല്യ ആളുകള്‍ക്ക് വല്ല്യ തട്ടിപ്പ്. ഇവര്‍ക്കിങ്ങനെ ചെറുതും. രണ്ടും കൊള്ളാം

    രസകരമായി എഴുതി :)

    ReplyDelete
  2. തട്ടിപ്പ് പല തരത്തില്‍ ഉണ്ട്..ചെന്നൈ നഗരത്തില്‍ വച്ചു എന്റെ ഒരു സുഹൃത്തിനു പറ്റിയ പറ്റു..അടയാര്‍ മലര്‍ ഹോസ്പിറ്റലിന്റെ അടുത്ത് HSBC ATMല്‍ നിന്നു കാശ് എടുത്തു തിരിഞ്ഞപ്പോള്‍ ഒരു സ്ത്രീ കൈനെടിക്ക് ഹോണ്ട നിര്‍ത്തി ഒരൊറ്റ കരച്ചില്‍ ...എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ അമ്മ ആശുപത്രിയില്‍ കിടക്കുവാ..അത്യാവശ്യമായി 500 രൂപയുടെ മരുന്ന് വേണം..കൌണ്ടറില്‍ നിന്നപ്പോള്‍ പേഴ്സ് ആരോ അടിച്ചോണ്ട് പോയി. ഇനി കാശ് വേണമെങ്കില്‍ അവരുടെ വീട് ദൂരെ ആണ്. ഇത്തിരി പൈസ തന്നു സഹായിക്കാമോ...ചോദിക്കാന്‍ നാണമാവുന്നു..ഇതു വരെ ആരോടും ചോദിച്ചിട്ടില്ല... അത് കൊണ്ടാ.. മൊബൈല് നമ്പര്‍ തന്നാല്‍ നാളെ വിളിച്ചിട്ട് പൈസ തരാം..ഇങ്ങനെ പോയി...അവരുടെ മൊബൈല് നമ്പര്‍ ആണെന്ന് പറഞ്ഞു ഒരു നമ്പര്‍ തന്നു അതും അവരുടെ മൊബൈലില്‍ നിന്നു മിസ് കാള്‍ ഇട്ടു....500 രൂപ കൊടുത്ത സുഹൃത്ത് പിറ്റേ ദിവസം മുതല്‍ വിളി തുടങ്ങി..എവിടെ. ഒരു മാസം കഴിഞ്ഞു അതേ ഹോസ്പിറ്റലിന്റെ മുന്നില്‍ വച്ചു അവര്‍ സുഹൃത്തിന്റെ ബോസ്സിനെയും പറ്റിക്കാന്‍ ശ്രമിച്ചു. 500 രൂപ.....ഇനി പോലീസ് കേസ്..സുഹൃത്ത് എല്ലാം മറന്നു..ഞങ്ങള്‍ക്ക് ഒരു പാഠവും ആയി.


    സഹായം ചോദിക്കുന്നവരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് തിരിച്ചു ചോദിക്കാന്‍ പറ്റുമോ?

    അനുഭവം നന്നായി എഴുതി ഇരിക്കുന്നു...

    ReplyDelete
  3. kollaam ketto sree.. oru picha family thanne. kuttikal evide ayirunno entho?

    ReplyDelete
  4. ഒന്നും പറയാനില്ല മാഷെ..ഇതൊക്കെത്തന്നെ ജീവിതം. ഇത്തരം സംഭവങ്ങള്‍ കാരണം സഹായം കിട്ടേണ്ടവര്‍ക്ക് സഹായം കിട്ടാതെ വരുന്നു അത്രതന്നെ

    ReplyDelete
  5. സഹായത്തിനര്‍ഹരായിട്ടുള്ളവര്‍ പലപ്പോഴും അവരുടെ പ്രയാസങ്ങള്‍ കടിച്ചു പിടിക്കാറാണ് പതിവ്. അങ്ങിനെ ഉള്ളവരെ കണ്ടുപിടിച്ച് സഹായിക്കണം. അതാണ് ഇസ്‌ലാമിലെ സക്കാത്തിന്‍റെ രീതി. അല്ലാതെ അലയാന്‍ വിടുകയല്ല.നോമ്പു കാലമായാല്‍ ഇതൊരു വ്യാപാരമാക്കുന്നവരും ധാരാളം ഉണ്ട്.

    ReplyDelete
  6. ഒരാളെ സഹായിക്കാമെന്ന് വിചാരിച്ചാലും പറ്റില്ല ഇപ്പോൾ. ബാങ്ക് സ്റ്റേറ്റ്മെന്റ് വേണ്ടിവരും.

    ReplyDelete
  7. ശ്രീക്കുട്ടന്‍ നന്നായെഴുതി കേട്ടോ..

    ReplyDelete
  8. മനോഹരമായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  9. ഞാന്‍ കണ്ട ഒരു സംഭവം പറയട്ടെ.

    അന്ന് ഞാന്‍ പണിയെടുത്തിരുന്ന കന്പനിയുടെ ഓഫീസിനു മുന്‍വശത്ത് ഒരു ബാര്‍ (വൈന്‍ ഷോപ്പ്) ഉണ്ടായിരുന്നു, ന്യായമായും അതിനുമുന്നില്‍ ഒരു പെട്ടിക്കടയും ഉണ്ടായിരുന്നു. ഞങ്ങളുടെ സ്ഥിരം പുകവലി സെന്റര്‍ ആയിരുന്നു അത്.

    ഒരിക്കല്‍ ഞാനും എന്റെ സഹപ്രവര്‍ത്തകനും കൂടി അവിടെ പുക ആസ്വദിച്ചു നില്‍ക്കുകയായിരുന്നു. ഒരു അന്‍പതു-അറുപതു വയസു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്നു ഭിക്ഷ ചോദിച്ചു. എന്റെ സുഹൃത്ത്‌ കയ്യില്‍ ഉണ്ടായിരുന്ന ചില്ലറ എടുത്തു കൊടുത്തു, പാവം ഒരു സമയത്തെ ഭക്ഷണമെങ്കിലും ഒത്തോട്ടെ എന്ന് കരുതി.

    ആ 'പാവം' സ്ത്രീ നേരെ കയറിയത് വൈന്‍ ഷോപ്പിലെക്കായിരുന്നു. ആ ചില്ലറയോടുകൂടി അവര്‍ക്ക് ഒരു ക്വാര്‍ട്ടറിനുള്ള വക ഒത്തു, അത് വാങ്ങി, വെള്ളം ചേര്‍ത്ത് ഒറ്റ മോന്ത്. സംഗതി ശുഭം.

    സംഗതി നട്ടുച്ച ആയിരുന്നു എന്നതും കഥാപാത്രം ഒരു സ്ത്രീ ആയിരുന്നു എന്നതും ആവശ്യം എന്തായിരുന്നു എന്നതും ഒക്കെ ആലോചിച്ചു എന്റെ പാവം സുഹൃത്ത്‌ ഇളിഭ്യനായി നിന്നു.

    ReplyDelete
  10. പാലാ ടൌണില്‍ ഗ്വാ ഗ്വാ എന്നു ശബ്ദമുണ്ടാക്കി നടക്കുന്ന ഒരു പയ്യനെ കണ്ടിട്ടുണ്ടോ? കണ്ടാല്‍ സംസാരിക്കാന്‍ വയ്യെന്ന് തോന്നും.. പക്ഷേ രണ്ടു രൂപാ കിട്ടിയാല്‍ അപ്പൊ തന്നെ അവന്‍ സിഗരറ്റ് വാങ്ങിക്കാന്‍ പോവും.
    ഇവര്‍ക്കൊക്കെ പണം കൊടുക്കുന്നതു തന്നെയാണ് പ്രചോദനം എന്നാണ് തോന്നുന്നത്.

    -ജിന്റൊ

    ReplyDelete
  11. എന്തെങ്കിലും സഹായം?
    ഒന്നും വേണ്ടാ...
    ഹി..ഹി..ഹി
    ചിരിപ്പിച്ചു

    ReplyDelete
  12. പെണ്‍‌മക്കളെ കെട്ടിക്കാന്‍ പൈസ വേണമെന്ന് പറഞ്ഞ് വരുന്നത് പണ്ടേയുള്ള തരികിടയാണ്. ഒരു ഭേദപ്പെട്ട വീട് കണ്ടാല്‍ ഇവരുടെ ആഗ്രഹങ്ങളും കൂടും.
    ഇങ്ങനെ കുടുംബസമേതം തെണ്ടുന്നത് സിനിമയിലേ കണ്ടിട്ടുള്ളൂ. ചിലപ്പോള്‍ സിനിമ കണ്ട് ഐഡിയ കിട്ടിയതാവും. :-)

    ReplyDelete

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?