Saturday, January 24, 2009

ക്ഷേത്രങ്ങളില്‍ നിന്നും ഇനി പി.എച്ച്.ഡി. എടുക്കാം..

ദ്രസകളില്‍ നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്‍ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷയങ്ങളില്‍ നാലാംക്ലാസ് യോഗ്യത മുതല്‍ PhD വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഉന്നയിച്ച് വര്‍ഗീയശക്തികള്‍ മുതലെടുപ്പ് നടത്താതിരിക്കാനാണ് ഈ നീക്കം എന്നറിയുന്നു.

രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം, തിരുപ്പതി, മൂകാംബിക, പുരി ജഗന്നാഥക്ഷേത്രം എന്നിവയാണ് ഐ.ഐ.റ്റി പദവിയുള്ള ക്ഷേത്രങ്ങള്‍. ഓരോ ക്ഷേത്രങ്ങളിലേയും കോഴ്സുകളും പ്രവേശനരീതിയും തീരുമാനിക്കാനുള്ള അധികാരം ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

കേരളത്തിന് ഐ.ഐ.റ്റികളോ ഐ.ഐ.എമ്മുകളോ ഇല്ല.
എന്നാല്‍ അമ്രുതാനന്ദമയി മഠം സ്വയംഭരണാവകാശമുള്ള സര്‍വകലാശാലയാക്കി നിലനിര്‍ത്തും.
സാമ്പത്തിക ക്രമക്കേടുകളുടെ സര്‍വ്വകലാശാലകളായിട്ടും ശബരിമലയ്ക്കും ഗുരുവായൂരിനും ഐ.ഐ.എം പദവി ലഭിക്കാത്തത് കേരളീയരെ നിരാശയിലാഴ്ത്തി. ത്രുശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തിന് അഞ്ഞൂറേക്കര്‍ സ്ഥലം കൂടി ഏറ്റെടുത്ത് നല്‍കിയാല്‍ അവിടെ ഐ.ഐ.റ്റി അനുവദിക്കുന്ന കാര്യം പരിഗണിക്കും. ഇപ്പോള്‍ ഐ.ഐ.ഇ.എസ് പദവിയാണ് ലഭിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം കേരള രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സ്രുഷ്ടിച്ചേക്കും.
രാഷ്രീയക്കാരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭ്യമായിട്ടുള്ളത്.

കേരളത്തോട് മാത്രം കേന്ദ്രം തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിരാതവും ബീഭത്സവും ആയ നടപടി എന്നു വിശേഷിപ്പിച്ച അദ്ദേഹം പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറണമെന്നും ആവശ്യപ്പെട്ടു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ അടുത്തമാസം 7ന് ഹര്‍ത്താലാചരിക്കും.

“ജയ് ഗുരുവായൂരപ്പ.. ഇതല്പം നേരത്തേ തുടങ്ങിയിരുന്നെങ്കില്‍ എന്റെ മകന് ഈ അവസ്ഥ വരില്ലായിരുന്നു.. നല്ല വിദ്യാഭ്യാസം നല്‍കാമായിരുന്നു.“ ലീഡര്‍ അഭിപ്രായപ്പെട്ടു.

പള്ളികള്‍ക്ക് അനുവദിച്ചു കൊടുക്കാത്ത ഒന്നും തങ്ങള്‍ക്കും വേണ്ട എന്ന നിലപാടാണ് എന്‍.എസ്.എസ് എടുത്തിരിക്കുന്നത്. “ചങ്ങനാശേരി അതിരൂപതയുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും.“ സെക്രട്ടറി പറഞ്ഞു.

“ഹിന്ദുക്കള്‍ ചിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്കെന്തു കിട്ടി” എന്ന പരാതിയുമായി കെ. എം. മാണി ഡെല്‍ഹിക്ക് വണ്ടികയറിയിട്ടുണ്ട്. ഭരണങ്ങാനം പള്ളിയും പാലാ കുരിശുപള്ളിയും കടപ്പാട്ടൂര്‍ അമ്പലവും ഐ.ഐ.റ്റി ആക്കുക എന്നതാണ് പ്രാഥമിക ആവശ്യം. ജോസുമോന് എം.പി പദവി ലഭിച്ചാല്‍ അദ്ദേഹം പരാതി പിന്‍വലിക്കുമന്നറിയുന്നു.

ഇവിടെ എന്തു ചെറ്റത്തരവും കാണിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടന്ന് ദേവസ്വം മന്ത്രി അറിയിച്ചിട്ടുണ്ട്. കോടതി ഇടപെട്ടാലും ഞങ്ങള്‍ക്ക് പുല്ലാണ്.
“വിശ്വാസികളായ ഒരു തെണ്ടിക്കും അഡ്മിഷന്‍ അനുവദിക്കില്ല. എന്‍.എസ്.എസ്സിന്റെ ക്ഷേത്രങ്ങളില്‍ 99ശതമാനം പിന്നോക്കസംവരണം ഏര്‍പ്പെടുത്തും” മന്ത്രി പറഞ്ഞു.

പ്ലസ്ടൂ വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മോഡറേഷന്‍ നല്‍കി വിജയിപ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഒരാഴ്ച്ചയ്ക്കകം ശാന്തിക്കാരുടെ മുന്നിലെത്തിക്കും. മാസത്തില്‍ ഒരിക്കലെങ്കിലും പുഷ്പാഞ്ജലിയോ ഗണപതിഹോമമോ നിര്‍ബ്ബന്ധമാക്കും.

ബി.ജെ.പിയുടെ കേരളത്തിലെ 150 ഗ്രൂപ്പുകളും ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് എന്ന് പ്രതികരിച്ചു.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളും കോഴ്സുകളും ചുവടെ:
(ലഭ്യമായവ മാത്രം)

ശബരിമല :
സ്വയംഭരണാവകാശം അനുവദിച്ചിട്ടുള്ള കേരളത്തിലെ മൂന്നു സര്‍വ്വകലാശാലകളില്‍ ഒന്നാണ് ശബരിമല. പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്ന ഇതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇതര മതവിഭാഗങ്ങളില്‍പെട്ടവരോ അവിശ്വാസികളോ ആയിരിക്കണം എന്നു നിഷ്കര്‍ശിച്ചിട്ടുണ്ട്. തുടക്കത്തില്‍ പതിനാലു ഡിഗ്രി കോഴ്സുകളും ഏഴു പിജി കോഴ്സുകളുമാണ് ആരംഭിക്കുക.

ഗുരുവായൂര്‍ ‍:
പതിനൊന്നു ഡിഗ്രി കോഴ്സുകളും ഏഴു പിജി കോഴ്സുകളും തുടങ്ങാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാല്‍ ശുദ്ധിപരിഹാര ക്രിയകള്‍ക്കാവശ്യമായ ജലത്തിന്റെ ലഭ്യത അനുസരിച്ച് ഇക്കാര്യം ഭേദപ്പെടുത്താന്‍ ബോര്‍ഡിന് അധികാരമുണ്ട്. ഗവേഷണത്തിന് പ്രത്യേക വിഭാഗമുള്ള ദക്ഷിനേന്ത്യയിലെ ഏക ക്ഷേത്രമാണിത്.

ഏറ്റുമാനൂര്‍, വൈക്കം, ത്രുപ്പൂണിത്തുറ, തളിപ്പറമ്പ് എന്നീ ക്ഷേത്രങ്ങളില്‍ അഞ്ചു ഡിഗ്രി കോഴ്സുകള്‍ക്കും രണ്ട് പി.ജി കോഴ്സിനും മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ.. ബാക്കി ക്ഷേത്രങ്ങളുടെ ലിസ്റ്റ് ഇപ്പോള്‍ ലഭ്യമല്ല.

സാദാ ലോക്കല്‍ അമ്പലങ്ങളില്‍ പ്ലസ്ടൂ വരെയുള്ള പ്രവേശനത്തിന് മാത്രമേ അനുമതിയുള്ളൂ.

സര്‍പ്പക്കാവുകളിലും ദരിദ്രയില്ലങ്ങളോട് ചേര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ തുടങ്ങും. നാലാംക്ലാസ് മുതല്‍ പത്താം തരം വരെയുള്ള തുല്യതാ കോഴ്സുകള്‍ക്കാണ് അനുമതി.

നിലമ്പൊത്താറായി കിടക്കുന്ന ക്ഷേത്രങ്ങളില്‍ അംഗന്‍വാടികളാണ് ആരംഭിക്കുക.



**************************
ശേഷം ചിന്ത്യം ശുഭം...

കവിത ഉണ്ടാക്കുന്ന വിധം

കവിത ഉണ്ടാക്കുന്ന വിധം


കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും തെറികേള്‍ക്കാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ. ഇതുപരീക്ഷിച്ചു നോക്കുന്നതുമൂലം ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല..
സ്വന്തം ഉത്തരവാദിത്വത്തില്‍ മതി.

(1)അന്തരാത്മാവിനെ തൊട്ടുണര്‍ത്തുന്ന, മനസില്‍ ഒരു നീറലായി അവശേഷിക്കുന്നതരം കവിത നിര്‍മ്മിക്കുന്ന വിധമണിത്. ഇതുണ്ടാക്കാന്‍ ഏതാണ്ട് പത്തുമിനിറ്റ് മതിയാകും.

ആവശ്യമായ സാധനങ്ങള്‍:
1.ആര്‍ദ്രത : മൂന്നെണ്ണം
മീവല്‍ പക്ഷി: രണ്ട് (തൂവലോടു കൂടി)
വെണ്ണിലാവ്, ഓര്‍മ്മ, സൂര്യന്‍, ആത്മാവ് : ഒന്ന്
2.ദുഖം: മൂന്നു വലിയ സ്പൂണ്‍
സുഖം: മൂന്നു ചെറിയ കഷണം.
രാപ്പാടി: കൂവുന്ന ഇനം ഒന്ന്.
3.വിങ്ങല്‍: അത്യാവശ്യത്തിന്
4.ഇടനെഞ്ച്: മുറിച്ച് കഷണങ്ങളാക്കിയത്, ഒരു കപ്പ്
കത്തി: ഇടനെഞ്ചു മുറിക്കാന്‍ പാകത്തിലുള്ളത്
വികാരം: ജാതി,മത,ദേശവികാരങ്ങള്, ചൂട്,തണുപ്പ്,ദാഹവികാരങ്ങള്‍ ഓരോ ടേബിള്‍ സ്പൂണ്‍.
അശ്ലീലം: ആവശ്യത്തിന്.
*ഇനങ്ങളില്‍ ചിലത് ഒഴിവാക്കുന്നതുകൊണ്ടോ പുതിയവ ചേര്‍ക്കുന്നതുകൊണ്ടോ പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ല!!..

തയ്യാറാക്കുന്ന വിധം:

ഒന്നാമത്തെ ചേരുവകളെല്ലാം കൂടി ചുവടുകട്ടിയായ ഒരു പാത്രത്തിലിട്ട് നന്നായി വേവിക്കുക. വെന്ത് ഏതാണ്ട് ഒരു കൂഴച്ചക്ക പരിവമാകുമ്പോള്‍ അടുപ്പില്‍ ഇന്നും വാങ്ങിവച്ച് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് കട്ടപിടിക്കാതെ ഇളക്കി യോജിപ്പിക്കുക ‘വെണ്ണിലാവിന്റെ വിതുമ്പുന്ന സ്വപ്നമോ മീവല്‍ പക്ഷിയുടെ രോദനമോ‘ കേള്‍ക്കുന്ന സമയം മുറിച്ചുവച്ചിരിക്കുന്ന ഇടനെഞ്ചും വിങ്ങലും ചേര്‍ത്ത് നേരത്തേ തയാറാക്കി വച്ചിരിക്കുന്ന വികാരങ്ങളോടൊപ്പം അശ്ലീലത്തില്‍ പൊതിഞ്ഞ് പോസ്റ്റ് റോസ്റ്റ് ചെയ്യുക. അശ്ലീലത്തിന്റെ രുചിയാവണം മുമ്പില്‍ നില്‍ക്കേണ്ടത്. ചൂട് നഷ്ടപ്പെടരുത്..
തണുത്തുകഴിഞ്ഞാല്‍ പിന്നെ ഒരു വകയ്ക്കും കൊള്ളില്ല.
ഒരു സാമ്പിള്...

ആത്മാവില്‍ നീറുന്നൊരോര്‍മ്മയായ് നീ എന്റെ-
വിങ്ങുന്ന മനസിന്റെ ദാഹം ശമിപ്പിക്കാന്‍
ഈ മിഴിപ്പൊയ്കകളില്‍ ഒരുതുള്ളി വിങ്ങുമ്പോള്‍
ശരത്കാല സന്ധ്യയുടെ കാറ്റിനും മൂകത..

നീറും കിനാക്കളില്‍ ചന്ദനം ചാലിച്ച്
മഞ്ഞിന്‍ കിനാവുകള്‍ക്കപ്പുറം മോഹിച്ച്..
നീയേകുമാശ്വാസമെന്‍ ഹ്രുദയതന്ത്രികളില്‍
മറക്കില്ലൊരിക്കലും നിന്‍ രൂപലാവണ്യം..


കണ്ടോ.. മേല്‍ കാണിച്ചിരക്കുന്ന വാക്കുകള്‍ കൊണ്ടുതന്നെ നൂറുകണക്കിന് കവിതകള്‍ നമുക്ക് ഉണ്ടാക്കാനാവും. ശ്രമിച്ചു നോക്കുമല്ലോ..

(2)
മേല്പറഞ്ഞ രീതിയിലുള്ള കവിതകള്‍ വേവാതെ വരികയോ കരിഞ്ഞുപോവുകയോ ചെയ്താല്‍ പിന്നെ ആധുനിക കവിതകള്‍ എഴുതാവുന്നതാണ്.
അതിനു ചെയ്യേണ്ടത് ഇത്രമാത്രം...
ഒരാഴ്ചത്തെ മലയാളം പത്രങ്ങള്‍ എടുത്ത് വയ്ക്കുക. എല്ലാ പത്രത്തിലേയും പ്രധാന വാര്‍ത്തകള്‍ ചോദ്യോത്തര രൂപത്തില്‍ ഓരോ വരിയാക്കി എഴുതുക.
ഒരു ഉദാഹരണം ഞാനിവിടെ കാണിക്കാം..

ഹഡ്സണ്‍ നദിയിലും വിമാനമിറങ്ങുന്നോ..
ലഷ്കറിന്റെ തന്ത്രം മാറുന്നോ... പ്രഭാകരന്‍ കടലു കടക്കുന്നു..
പിബി പിണറായിക്കൊപ്പമാണോ.. അതോ..
അബ്ദുല്ലക്കുട്ടിക്കു സസ്പെന്‍ഷനോ..
ഒബാമയ്ക്ക് സമാധാനം... ഒബാമയ്ക്ക് സമാധാനം...
ലാവ്ലിന്‍ പിണറായി പ്രതിയാണോ...
ഇറാക്ക് ഇറാക്കിനോ അഫ്ഗാന്‍ അഫ്ഗാനികള്‍ക്കോ..
ബാലാനന്ദന്‍ വിടചൊല്ലി..
ലാവ്ലിന്‍ പ്രതികള്‍ക്കു ജാമ്യമില്ല..ജാമ്യമില്ല..

****************
ശ്രദ്ധിക്കുക: ഇത് പോസ്റ്റ് ചെയ്താല്‍ പിന്നെ രണ്ടാഴ്ചത്തേക്ക് സ്ഥിരമായി ദിവസം രണ്ടുനേരം നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയും ‘ഇതെന്തോന്ന്?’, ‘ഒന്നും മനസിലായില്ല’, ‘വേറെ പണിയൊന്നും ഇല്ലേ?’
എന്ന രീതിയില്‍ വരുന്ന കമന്റുകളെ ഡിലീറ്റ് ചെയ്യുകയും വേണം..
ആശംസകള്‍ ‍...



Monday, January 19, 2009

ചില ബ്ലോഗ് ചിന്തകള്‍

ചില ബ്ലോഗ് ചിന്തകള്‍

ഇന്നലെ | ::::::::::

നാടുമുഴുവന്‍ ഉറങ്ങുമ്പോഴും അയാള്‍ക്ക് ഉറക്കം വന്നില്ല..
മാസങ്ങള്‍ക്ക് മുന്‍പ് താന്‍ കാണിച്ച ഒരെടുത്തുചാട്ടം.. ബ്ലോഗിങ്ങ്..
വായനക്കാരില്ലാത്ത തന്റെ ബ്ലോഗിനേക്കുറിച്ചോര്‍ത്ത് അയാള്‍ നെടുവീര്‍പ്പിട്ടു, എവിടെയാണ് തന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നത്. വരമൊഴിയും കീമാനും മാറിമാറി ഉപയോഗിച്ചിട്ടും വായനക്കാരെ പൂര്‍ണ്ണമായും തന്നിലേക്ക് ആകര്‍ഷിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല. ആറു പോസ്റ്റ് ഇട്ടിട്ടും പേജ് ഹിറ്റുകള്‍ വെറും മുപ്പത്തിയഞ്ച്. അവന്‍ ആശങ്കാകുലനായി..

സ്റ്റീഫന്‍ ലീക്കോസിന്റെയും ജോസഫ് ബര്‍ഗ്മാന്റെയും ഗബ്രിയേല്‍ മാര്‍ക്വേസിന്റെയും ശൈലികളെ അതിവിഗദ്ധമായി സംയോജിപ്പിച്ച അതിനൂതനമായ തന്റെ ഭാഷ വായനക്കാര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതാണോ കാരണം?
കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാള്‍ ആലോചിച്ചു..

[ സര്‍ഗാത്മകത, ആശയങ്ങളുടെ അവതരണ ശൈലി എന്നിവയേക്കുറിച്ച് അജ്ഞനാണയാള്‍.. ]

ഇന്ന് |::::::::::

ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങിച്ച് അയാള്‍ പ്രശ്നം കൂളായി പരിഹരിച്ചു..
ആട്, പൂച്ച, പട്ടി, പല്ലി തുടങ്ങി അത്യപൂര്‍വ ജനുസുകളില്‍ പെട്ട മ്രുഗങ്ങളുടെയും വംശനാശഭീഷണി നേരിടുന്ന കാക്ക, മരംകൊത്തി, കുരുവി, ( കോഴി പക്ഷി വര്‍ഗത്തില്‍ ആണോ.. അല്ലേ??) തുടങ്ങിയ പക്ഷികളുടെയും ചാഞ്ഞും ചെരിഞ്ഞുമുള്ള ചിത്രങ്ങള്‍ പകര്‍ത്തി അത് പോസ്റ്റു ചെയ്തു..

***********

ചിത്രങ്ങളും ഒപ്പമുള്ള ലേഖനങ്ങളും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു...
ആട് പ്ലാവില ചവയ്ക്കുന്നത് എങ്ങിനെ?
പല്ലി കോട്ടുവാ ഇടാറുണ്ടോ?
ഒട്ടകപ്പക്ഷി കുളിക്കാറുണ്ടോ?
തുടങ്ങി ഒരു ബ്ലോഗര്‍ അവശ്യം അറിഞ്ഞിരിക്കേണ്ടുന്നതായ കാര്യങ്ങളേക്കുറിച്ച് ആധികാരികമായ കുറിപ്പ്‍.. ഒപ്പം ഒരു കവിതയും...

ആനവായില്‍ അമ്പഴങ്ങ....
അമ്പഴങ്ങ കടിച്ച് പല്ലൊന്ന് പോയി...
പല്ലു പോയപ്പോള്‍ ചോര...
അഹോ കഷ്ടം.. പ്രാണ സങ്കടം..
ചുവപ്പു നിറമുള്ള ചോര...
ചോര..ചോര...ചോര...


..പോസ്റ്റ്.. മെഗാഹിറ്റ്!!

[ ഇവിടെയാണ് കാര്യം.. കളികള്‍ പഠിച്ചു വരുന്നു.. ]

നാളെ | ::::::::::

അയാളുടെ പുതിയ ലേഖനം പബ്ലിഷ് ചെയ്തിരിക്കുന്നു.....
“ഇസ്രായേലും നീര്‍ക്കോലിയുടെ തവളപിടുത്തവും“ .
ഇതേക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പൊ ബ്ലോഗിലെങ്ങും...
നീര്‍ക്കോലിയുടെ ഏകപക്ഷീയവും കിരാതവുമായ നയങ്ങള്‍ക്കെതിരെ ഒരു വിഭാഗം. തവളയുടെ പ്രകോപനപരമായ
ചാട്ടങ്ങളെ എതിര്‍ത്തുകൊണ്ട് മറ്റൊരു വിഭാഗവും...
കറുത്ത തവള അവര്‍ണ്ണനും നീര്‍ക്കോലി സവര്‍ണ്ണനുമാണത്രേ.. വേറെ ചിലര്..
എല്ലാം ബിംബങ്ങള്..‍!!

[അസൂയ മൂത്ത മറ്റു ബ്ലോഗന്മാര്‍ ഈ പോസ്റ്റിട്ടതിന് അയാളെ വിമര്‍ശിച്ചു തുടങ്ങി. രക്ഷപെട്ടു...ഭാഗ്യവാന്‍... ]

Tuesday, January 13, 2009

ഒരു ഫ്ലക്സി റീചാര്‍ജിന്റെ ഓര്‍മ്മയ്ക്ക്

ഒരു ഫ്ലക്സി റീചാര്‍ജിന്റെ ഓര്‍മ്മയ്ക്ക്....

മ്മുടെ ലോകം എത്ര പെട്ടന്നാണ് മാറിക്കൊണ്ടിരിക്കുന്നത്...
വിവര സാങ്കേതിക വിദ്യ വളരുകയാണ്..
നാം ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍..
പത്തു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ടെക്നോളജിയില്‍നിന്നും ഇന്നിലേക്കുള്ള മാറ്റം എത്ര വലുതാണ്.
ഈ മാറ്റത്തെ ഉള്‍ക്കൊണ്ട് അതിനൊപ്പം സഞ്ചരിച്ചെങ്കിലേ ഇന്ന് പിടിച്ചുനില്‍ക്കാനാവൂ.

ഇപ്പോള്‍ സ്കൂള്‍ തലം മുതല്‍ തന്നെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ട്. നല്ലതു തന്നെ.. മുന്‍പൊക്കെ
പത്താം ക്ലാസിന്റെയും പ്ലസ് ടൂ, എന്‍ട്രന്‍സ് ഒക്കെ ഫലം അറിഞ്ഞിരുന്നത് പത്രം നോക്കിയിട്ടായിരുന്നു.. ഇന്ന് അതിനു വഴിയില്ല. എല്ലാം ഇന്റര്‍നെറ്റിലാണ്. പ്ലസ്ടൂവിന് വെബ് സൈറ്റില്‍ നിന്നും കിട്ടിയ മാര്‍ക്ക് ഷീറ്റ് എഡിറ്റ് ചെയ്ത് സ്വയം വിജയിയായി പ്രഖ്യാപിച്ച് നടന്ന ഒരു വിരുതന്‍ എന്റെ നാട്ടിലുണ്ട്. അച്ഛനമ്മമാരുടെ അജ്ഞതയെ വളരെ നന്നായി ചൂഷണം ചെയ്തു...
(സാഹിത്യം എനിക്ക് പറ്റിയ പണിയല്ല എന്നു നിങ്ങള്‍ ഇപ്പൊ തിരിച്ചറിഞ്ഞല്ലോ അല്ലേ.. ഇനി എത്ര കാണാന്‍ കിടക്കുന്നു..!!)
എടുത്തു പറയേണ്ട കാര്യം ഒരു നാല്പത് അന്‍പത് വയസിന് മുകളിലുള്ളവരേപ്പറ്റിയാണ്.
ഉദാഹരണത്തിന്‍‍..
എന്നെ ഫോട്ടോ എടുക്കാന്‍ പഠിപ്പിച്ചത് എന്റെ ഒരു വല്യമ്മാവനാണ്(uncle).. പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്... (അന്ന് അമ്മാവനു 45 വയസുണ്ട്.) ക്യാമറയ്ക്കുള്ളില്‍ ബാറ്ററി ഇടുന്നത്, ഫിലിം ഇട്ട് അതിന്റെ ഒരു അറ്റം ക്യാമറയ്ക്കുള്ളില്‍ കൊളുത്തി വയ്ക്കുന്നത്, ലെന്‍സിന്റെ അടപ്പ് മാറ്റി ക്യാമറ ഓണാക്കുന്നത് , 36 ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ പിന്നെ ഫിലിം ഊരി എടുക്കുന്നത്, അതു ഡവലപ് ചെയ്യുവാന്‍ കൊടുക്കുന്നത്, നെഗറ്റീവ് സൂക്ഷിച്ചുവയ്ക്കുന്നത്... എല്ലാം ഞാന്‍ എത്ര എളുപ്പത്തില്‍ മനസിലാക്കി..
...പറഞ്ഞുവന്നത് എന്താണെന്നു വച്ചാല്‍....
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞ് ഞാനൊരു ഒരു ഡിജിറ്റല്‍ ക്യാമറയുമായി ചെന്ന് 7megapixel , memory card 1GB ഒള്ളൂ ,USB വഴി connect ചെയ്യാമല്ലോ, Card Reader ഉണ്ട്, 8X Zoom ആണ് എന്നൊക്കെ പഠിപ്പിക്കാന്‍ ശ്രമിച്ച് അതു പരാജയപ്പെട്ടു. അമ്മാവന് ഒന്നും മനസിലായില്ല!!.
****************
കഴിഞ്ഞ പത്തു വര്‍ഷത്തിനെടെ ഏറ്റവും അധികം ജനങ്ങളില്‍ എത്തിയ ഉപകരണം മൊബൈല്‍ ഫോണാണ്. ഫോണെന്നാല്‍ അങ്ങോട്ടും വിളിക്കാനുള്ള ഉപകരണം എന്നതില്‍ നിന്ന് ക്യാമറ, മ്യൂസിക് പ്ലെയര്‍, ഇന്റര്‍നെറ്റ് ഡിവൈസ്, മറ്റുപലതും ഒക്കെ ആയി മാറിയ സെല്‍ഫോണ്‍...
ഇതാ ഒരു മൊബൈല്‍ കഥ... വെറുമൊരു കഥയല്ല.. ഒരു സംഭവ കഥ..

ഞങ്ങള്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലം..
അന്നു ഞങ്ങളില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ മൊബൈല്‍ ഫോണ്‍ ഉള്ളൂ.. അതും എറിക്സന്റ്റെ ചുടുകട്ടയും നോക്കിയ 3310ഉം ഒക്കെ... കോളേജില്‍ റേഞ്ച് കമ്മിയും...

അന്നെന്റെ (ഇന്നും) ഏറ്റവും അടുത്ത സുഹ്രുത്തുക്കളില്‍ ഒരാളായിരുന്നു ജെറിമോന്‍ (പഴയ ജെറിമോന്‍ തന്നെ..).
ഒത്ത പൊക്കവും (വണ്ണമില്ല..!!) കട്ടിമീശയുമായി ആളൊരു ചുള്ളനാണ്.. ആകെ ഒരു കുഴപ്പം പെണ്‍കുട്ടികളോട് കുറച്ച് ആക്രാന്തം ഉള്ളതു മാത്രം.. വല്ലപ്പോഴും ഒരു കടാക്ഷം, ചിരി.. ഒക്കെ കിട്ടിയാല്‍ പിന്നെ ആളു ഹാപ്പി..
ബാക്കി ആളൊരു സാധു.. നിഷ്കളങ്കന്‍..
ജെറിമോനേപ്പറ്റി ചുമ്മാ ഗോസിപ്പുകള്‍ ഉണ്ടാക്കി വിടുക ക്ലാസിലെ മറ്റെല്ലാവരുടെയും ഹോബി ആയിരുന്നു...
അതെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു താനും..

അങ്ങിനെയിരിക്കെ ഒരു ദിവസം..
ജെറിമോനെയും ഒരു ടിവി ചാനലിലെ അവതാരകയുമായി ചേര്‍ത്ത് ചില കഥകള്‍ ഒക്കെ പ്രചരിക്കുന്ന സമയമാണ്. നായിക വലിയ കുഴപ്പമില്ലാത്ത ആളായതിനാല്‍ മോന്‍ വളരെ ഹാപ്പിയാണ്. വൈകിട്ട് ക്ലാസ് ഒക്കെ കഴിഞ്ഞ് ഞങ്ങള്‍ കോളേജില്‍ നിന്നും പോകാന്‍ തുടങ്ങുമ്പോള്‍ ഒരു വിളി...

“ജെറിമോന്‍....ഒരു കാര്യം...”

ക്ലാസിലെ ഒരു പ്രധാന ‘സംഭവം‘ ആയ പ്രീതി.കെ.മേനോന്‍ ആണ്.. രണ്ടുവര്‍ഷം ഷിജുവിനൊപ്പം തകര്‍ത്തു കൊണ്ടാടിയ പ്രണയം ഒക്കെ അവസാനിപ്പിച്ച് അവള്‍ അങ്ങിനെ നില്‍ക്കുന്നു... നിലവില്‍ മേയ്ക്കാന്‍ ആരുമില്ല.. പുതിയ ഇരയേത്തേടി നടക്കുന്നു എന്നാണ് കേള്‍വി.!!

വിളിച്ചത് ജെറിമോനെ ആണല്ലോ.. അതും പ്രീതി... ഞങ്ങള്‍ അപകടം മണത്തു. സംസാരം ഞങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ പ്രീതി അവനേയും വിളിച്ച് ഒരു ഒഴിഞ്ഞ കോണിലേക്ക് മാറിനിന്നു...
സംഭാഷണം ഏതാണ്ടിങ്ങനെ..

“ജെറീ..ഒന്നു ഫ്ലക്സി ചെയ്യാമോ..”

“അയ്യേ..”

“എന്താ ജെറീ...എനിക്ക് അത്യാവശ്യമാ.. 10രൂപ മതി.. ”

ങേ.. ഈ റേറ്റിലും ഇപ്പൊ..അവന്റെ മുഖം വിവര്‍ണ്ണമാകുന്നു... ലജ്ജ...

“മുന്‍പ് എനിക്ക് ഷിജുവാണ് ചെയ്തു തന്നുകൊണ്ടിരുന്നത്.. ഇപ്പൊള്‍....അവന്‍...”

അതേ അതേ..ഞാനും കേട്ടിരുന്നു ഇതൊക്കെ.. അവന്‍ പോയപ്പൊ നിനക്ക് മറ്റതു ചെയ്തു തരാന്‍ എന്നെ മാത്രെ കിട്ടിയുള്ളൂ അല്ലേ.. എന്നാലും ഒരു പെണ്ണ് ഇങ്ങിനെ തുറന്നു ചോദിക്കുക എന്നൊക്കെ പറഞ്ഞാല്.. ശ്ശേ..

അവള്‍ ബാഗ് തുറന്ന് പേഴ്സ് എടുത്ത് പത്തു രൂപ നീട്ടി. അവനൊന്നും മനസിലായില്ല. ഇവളെന്തിനാണ് എനിക്ക് കാശുതരുന്നത്..
(റേഷന്‍ കട നടത്തുന്ന വര്‍ക്കിച്ചേട്ടന്‍ പുരുഷന്മാര്‍ കുറവായ ചില വിദേശ രാജ്യങ്ങളിലെ അവസ്ഥയേപ്പറ്റി പറഞ്ഞിരുന്നത് അവനോര്‍ത്തു. പക്ഷേ.. ഇതു കേരളമല്ലേ. ഇവിടെ ഇങ്ങിനെയൊക്കെ നടക്കുന്നുണ്ടോ...)
അസംത്രുപ്തരായ ജന വിഭാഗം..

“എന്റെ മൊബൈല്‍ നമ്പര്‍ അറിയാമല്ലോ അല്ലേ.. 94********”

ജെറിമോന്‍ വിയര്‍ക്കാന്‍ തുടങ്ങി. “ഞാന്‍.. അത്.. പിന്നെ.. എനിക്കിതൊന്നും..അത്ര പരിചയം പോര..ഞാനിതുവരെ ഫ്ലക്സി ചെയ്തിട്ടില്ല.. എനിക്ക് താല്പര്യവുമില്ല.”

“ഓഹ്.. ഞാനറിഞ്ഞില്ല.. സാരമില്ല.. ഏതെങ്കിലും മൊബൈല്‍ ഷോപ്പില്‍ എന്റെ നമ്പര് കൊടുത്താല്‍ മതി.. ”

“അതെന്തിനാ..നമ്പര്.. ”

“നമ്പര്‍ കൊടുക്കാതെ എങ്ങിനെയാ ഫ്ലക്സി ചെയ്യുന്നേ..ശ്ശോ.. ഈ ജെറിമോന്റെ ഒരു കാര്യം..” അവള്‍ ഒരു ചിരി..

അതുശരി.. ഞാനില്ലെങ്കില്‍ മറ്റാരെങ്കിലും അല്ലേ.. മൊബൈല്‍ ഷോപ്പാണ് സൌകര്യം..എന്നെ ഒരു - - ആക്കിയല്ലേ.. ജെറിമോന്‍ ദൈന്യതയോടെ ഞങ്ങളെ നോക്കി. അതു കണ്ട് അവളും.

ഒടുവില്‍ ഞങ്ങളെ വിളിച്ച് അവള്‍ കാര്യം പറഞ്ഞു. ഹോസ്റ്റലില്‍ നിന്നും അഞ്ചു കിലോമീറ്ററുണ്ട് അടുത്ത ടൌണിലേക്ക്.. ഒരു യാത്ര ഒഴിവാക്കാമല്ലോ എന്നു കരുതി. പത്തു രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മതിയല്ലോ.. അതാണ് അവള്‍ രഹസ്യമായി പാവം ജെറിമോനെത്തന്നെ ഏല്‍പ്പിക്കാമെന്നു വച്ചത്. അതിങ്ങനെയായി..

മൊബൈല്‍ ഷോപ്പില്‍ ചെന്നിട്ടും അവന്റെ ഷോക്ക് വിട്ടുമാറിയിരുന്നില്ല..

സത്യമായും പിന്നീട് ഞങ്ങള്‍ ഇതേക്കുറിച്ച് അധികമൊന്നും അവനോട് പറഞ്ഞ് കളിയാക്കിയില്ല കേട്ടോ.. ചമ്മല്‍ കാരണമാവും ഒരിക്കലും അവന്‍ ആ വാക്ക് ഉപയോഗിച്ചുകണ്ടിട്ടില്ല..





*ഒരു കാര്യം കൂടി: ഇനി എന്റെ പോസ്റ്റുകള്‍ കണ്ടില്ലെങ്കില്‍ ഉറപ്പിച്ചോ..
അവന്‍ എന്നെ തല്ലി കൊന്നുകാണും..

Saturday, January 10, 2009

ചളുവിലേക്കെത്താന്‍ ...

ചളുവിലേക്കെത്താന്‍ ...

അതിഭീകരമായ അന്വേഷണത്തിലായിരുന്നു കുറച്ചു ദിവസങ്ങളായിട്ട്..
അന്വേഷണം ലക്ഷ്യത്തിലെത്തിയില്ല എന്ന് ആദ്യമേ പറഞ്ഞേക്കാം.. നിങ്ങള്‍ക്ക് ചിലപ്പൊ എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും..

അന്വേഷിച്ചത് ഒരു വാക്കിന്റെ അര്‍ഥമാണ് : ചളു..
ചളു..ചളു...
എന്താണ് ചളു?

[ചളു എന്ന വാക്ക് ഞാന്‍ ഓര്‍ത്തത് എന്റെ സുഹ്രുത്ത് ജയ്മോന്റെ കോളു വന്നപ്പോഴാണ്. അവന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള വാക്കാണെന്നു തോന്നുന്നു ചളു. ആരെന്തു പറഞ്ഞാലും പുള്ളി അപ്പൊ തുടങ്ങും ചളു ചളു എന്നു പറഞ്ഞ്.. നഴ്സറിയില്‍ പഠിക്കുമ്പൊ ആരോ കൂടോത്രം ചെയ്തതാ.. ]

അതെന്തായാലും അവിടെ നില്‍ക്കട്ടെ..
ചളുവിന്റെ അര്‍ഥം കണ്ടുപിടിക്കുകയാണല്ലോ ലക്ഷ്യം..

പാവങ്ങളുടെ സുരേഷ്ഗോപിയാണു കലാഭവന്‍ മണി എന്നു പറഞ്ഞപോലെ...
ഈ പാവം സോഫ്റ്റ്വെയര്‍ ഡവലപ്പറുടെ കണ്‍കണ്ട ദൈവം, ആപത്ബാന്ധവന്‍, ഗൂഗിളിന്റെ സന്നിധി അഭയം..

ഇതുവരെ എഴുതിയിട്ടുള്ള എല്ലാ പ്രോഗ്രാമുകളുടെയും കോഡ് എനിക്ക് കണ്ടുപിടിച്ചുതന്ന് എന്റെ മാനം രക്ഷിക്കുന്ന അങ്ങ് ഈ അനാവശ്യ പ്രാര്‍ത്ഥനയും കൈക്കൊള്ളുമെന്ന് കരുതുന്നു..

ഡബ്ല്യു ഡബ്ല്യു ഡബ്ല്യു .ഗൂഗിള്‍.കോം

http://www.google.co.in/search?q=CHALU

ദേ വരുന്നു..

  • CHALU - Chapel Hill Autism Local Unit : ഇതാവില്ല..
  • Barley Chalu Limited :നാല്‍പ്പത്തൊന്നു വര്‍ഷമായി ചളു വിതരണം ചെയ്യുന്ന ഒരു കമ്പനിയാണത്രേ.. ബാര്‍ലി ചളു.. അതെന്തോന്ന് ചളു..
  • Chalu blogger : ചളു ബ്ലോഗര്‍, ആരാണാവോ..
  • Miss Chalu(2001) : മിസ് ചാലു.. ശ്ശേയ്.. ഇവളാവില്ല..
ചാലു അല്ല ഭഗവാനേ.... ഞാനുദ്ദേശിച്ചത് അങ്ങേക്ക് മനസിലായില്ലെന്നുണ്ടോ..
അതേയ്..
CHALU
chalu
malayalam chalu
what is chalu?
meaning of chalu
..ഒരു രക്ഷയുമില്ല..

ഗൂഗിള്‍ ഭക്തനായ എന്നെ മതം മാറ്റാന്‍ യാഹൂ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴാണ് മൊബൈല് നിലവിളിച്ചത്..
ചെമ്പുവാണ്.. ചെമ്പരത്തി.. അറിയുമോ അവളെ...
എന്റെ കോളേജ് മേറ്റ്.. ക്ലാസ്മേറ്റ്..
എന്നും ക്ലാസില്‍ ഇരുന്ന് ഉറക്കം തൂങ്ങുന്ന..
അമ്പലത്തില്‍ പോയവഴിക്ക് കിട്ടിയ ചെമ്പരത്തിപ്പൂ ചൂടി ക്ലാസില്‍ വന്ന് ചെമ്പരത്തി എന്നു പേരു വാങ്ങിയ...
ഇപ്പൊ TCSല്‍ ഇരുന്ന് ആനയുടെയും ഉറുമ്പിന്റെയും കഥ മെയില്‍ അയക്കുന്ന..
കോളെജില്‍ എനിക്കുകിട്ടിയ ഒരേയൊരു പെങ്ങള്‍..
വിശേഷങ്ങള്‍ ചോദിച്ചകൂടെ ഞാന്‍ നമ്മുടെ സബ്ജക്ട് എടുത്തിട്ടു..യേത്..ചളു..
അതിനവള്‍ തിരിച്ചൊരു ചോദ്യം..
ചോദ്യം ഇതാണ്..
ഒരു ഒട്ടകത്തെ ഫ്രിഡ്ജില്‍ കയറ്റാന്‍ എന്തു ചെയ്യണം..??

അറിയില്ല..

ഫ്രിഡ്ജ് തുറക്കുക, ഒട്ടകത്തെ ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുക, ഫ്രിഡ്ജ് അടയ്ക്കുക..!! സിമ്പിള്‍ ..

ഇനി മറ്റൊരു ചോദ്യം.. ഒരു കടുവയെ ഫ്രിഡ്ജില്‍ കയറ്റാനോ..??
ആലോചിച്ചുനോക്ക്...

ങൂം ഹും...

ഫ്രിഡ്ജ് തുറക്കുക, ഒട്ടകത്തെ ഫ്രിഡ്ജില്‍ നിന്നും എടുക്കുക, കടുവയെ അതില്‍ വയ്ക്കുക, ഫ്രിഡ്ജ് അടയ്ക്കുക!!!

ഇതൊന്നും നിനക്കറിയില്ല.. ശരി വേറൊരു ചോദ്യം ചോദിക്കാം....

കാട്ടില്‍ സിംഹത്തിന്റെ കല്യാണം.. കാടടച്ച് കല്യാണത്തിനു വിളിച്ചു.. മാന്‍, മുയല്‍, ആന, കുതിര, ഉറുമ്പ്, കാക്ക, പരുന്ത് തുടങ്ങി സകല ജീവജാലങ്ങളും കല്യാണത്തിനു ഹാജരായി.. പക്ഷേ..
ഒരാള്‍.. ഒരാള്‍ മാത്രം കല്യാണത്തിന് എത്തിയില്ല.. ആരായിരിക്കും അത്??

അറിയാമോ സുഹ്രുത്തേ.. അത് ആരാണെന്ന്???






പിന്നൊരു കാര്യം..
ആംഗലേയത്തില്‍ Bad Jokes എന്നു പറയുന്ന തല്ലിപ്പൊളി തമാശകള്‍ ആണോ ചളു, അതോ വെറുതേ വാചകമടിക്കുന്നതോ.??
ചളുവിന് ക്രുത്യമായ ഒരു നിര്‍വ്വചനം എനിക്ക് ഇപ്പൊഴും അറിയില്ല.!!!

Friday, January 9, 2009

ഒന്നുമില്ല

കുറേനാള്‍ നിന്റെ പിറകേ നടന്നിട്ടുണ്ടെന്നത് ശരി.
എന്നുകരുതി എന്റെ തലയില്‍ കേറാനുള്ള അനുവാദമൊന്നും നിനക്ക് തന്നിട്ടില്ല. ഞാനും ഒരു മനുഷ്യനാണ്.
എനിക്കുമുണ്ട് വികാരങ്ങളും വിചാരങ്ങളും.
എന്റെ അഭിമാനം ഞാന്‍ ആര്‍ക്കും പണയം വച്ചിട്ടില്ല.
നിന്റെ ചേട്ടന്‍ സംവിധാനം ചെയ്യുന്ന പ്രണയനാടകത്തില്‍ നായകനായി വേഷം കെട്ടിയാടാന്‍.. അതും നായികയായി നീയുള്ളപ്പൊ.. എനിക്ക് മനസ്സില്ല..

ജെറിമോന്റെയും നീനുവിന്റെയും സരോജിന്റെയും അനുഭവം കണ്ടിട്ടും ഞാന്‍ പഠിച്ചില്ല,.
നിന്റെ തൊലിവെളുപ്പിലും സംസാരത്തിലും സ്വയം മറന്ന് ഞാനല്‍പ്പം ഭ്രമിച്ചുപോയി.. അതെന്റെ തെറ്റ്..
ഇനിയും തെറ്റ് ആവര്‍ത്തിക്കാതെ നോക്കാന്‍ എനിക്കറിയാം..

കഴിഞ്ഞ ഡിസംബര്‍ 5നു എന്നെക്കൊണ്ട് ലീവെടുപ്പിച്ച് നീ പ്രണയത്തേപ്പറ്റി നാലഞ്ചു മണിക്കൂര്‍ ക്ലാസെടുത്തല്ലോ.. അന്നു ഞാന്‍ തിരിച്ചൊരു വാക്കുപോലും പറയാതിരുന്നത് നാവിറങ്ങിപ്പോയിട്ടോ ഹ്രുദയം തകര്‍ന്നിട്ടോ അല്ല..
നിന്നോടുള്ള സഹതാപം കൊണ്ടുമാത്രമാണ്...

മൂന്നാംകിട സിനിമകളില്‍ കാണുന്നതാണ് നിനക്ക് പ്രണയം..
24 മണിക്കൂറും നിന്നെക്കുറിച്ച് മാത്രം ഓര്‍ത്തിരുന്നാല്‍ ഇവിടുള്ള ജോലികള്‍ ആരു ചെയ്യും??

മുടിയില്‍ പച്ച പെയിന്റടിച്ച് കയ്യില്‍ രണ്ടിഞ്ചു വീതിയുള്ള തകിട് ചുറ്റി കഴുത്തില്‍ ചങ്ങലയും അറ്റത്തൊരു ബ്ലേഡുമിട്ട് വിഡ്ഢിവേഷം കെട്ടി നടക്കാന്‍ എനിക്കാവില്ല.

ഐസ്ക്രീം പാര്‍ലറിലും മഹാറാണി തിയേറ്ററിന്റെ ഇരുട്ടിലും മാത്രം പുറത്തുവരുന്നതല്ല എനിക്ക് നിന്നോടുള്ള സ്നേഹം...

യാത്ര ചെയ്യാന്‍ എനിക്ക് മഞ്ഞ പള്‍സറ് വേണമെന്നില്ല, എന്റെ max 100 ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ ഓടുന്നുണ്ട്.

സ്നേഹം- അത് പറഞ്ഞറിയിക്കാനോ എഴുതി വെക്കാനോ എനിക്കറിയില്ല. പിന്നെ..
എന്റെ കുറ്റവും കുറവും മനസിലാക്കുന്ന ഒരാളിനെ മാത്രമേ എനിക്ക് സ്നേഹിക്കാന്‍ കഴിയൂ.
ഇനിയെങ്കിലും ജീവിതത്തെ കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധത്തോടെ നീ കാണണം.

ഇന്നലെ നീരജുമായി ഗൂഗിളില്‍ ചാറ്റ് ചെയ്യുമ്പൊ അവന്‍ ഇതേപ്പറ്റി ചോദിച്ചു...
എല്ലാം നീരജിനോട് പറഞ്ഞില്ലെങ്കില്‍ അവന്‍ പുറത്ത് എല്ലാവരോടും പറഞ്ഞ് എന്നെ നാണം കെടുത്തുമെന്ന്..

കോമ്പ്ലക്സ് എന്നും അഹങ്കാരമെന്നും നീ വിളിച്ച എന്റെ അഭിമാനം അത് നഷ്ടമാവില്ല എന്നു എനിക്ക് വിശ്വാസമുണ്ട്..

ഇത് നിനക്കുവേണ്ടി മാത്രം...
നിന്റെ മറുപടി ഞാന്‍ പ്രതീക്ഷിക്കുന്നില്ല..
മറ്റുള്ളവര്‍ ക്ഷമിക്കുക..

Wednesday, December 31, 2008

-: പുതുവത്സരാശംസകള്‍ :-

പുതുവത്സരാശംസകള്‍ ..

പ്രണയം കലക്കിത്തന്ന 2008ന്..
ജോലി വാങ്ങിത്തന്ന 2008ന്...
പിന്നെ അതു കളഞ്ഞതിന്..
വീണ്ടും അത് വാങ്ങി തന്നതിന്..

തിര്വന്തോരം സൂപ്പര്‍ ഫാസ്റ്റിന്..
കൊല്ലം-എറണാകുളം പാസഞ്ചറിന്..
കൊച്ചിയിലെ സിറ്റി ബസ് സര്‍വ്വീസുകള്‍ക്ക്..
എന്നും കാണുന്ന യാത്രക്കാര്‍ക്ക്..

ഇവിടെയെത്തിച്ച ഡിസംബറിന്..

ഗൂഗിളിനും ബ്ലോഗര്‍ ഡോട് കോമിനും..
കീമാനും വരമൊഴിക്കും..
ചിന്തയ്ക്കും പല പല മൊഴികള്‍ക്കും...
പുതുവത്സരാശംസകള്‍ ...

ബ്ലോഗു പുലികള്‍ക്ക്...
ശ്രീക്കും വല്യമ്മായിക്കും ടിന്റുവിനും ...
നൊമാദിനും അജാസിനും കാപ്പിലാന്‍ ചേട്ടനും...
കുട്ടേട്ടനും കാന്താരിച്ചേച്ചിക്കും റോസിനും...
പാറുക്കുട്ടിക്കും പകല്‍ക്കിനാവനും നവരുചിയനും...
കുഞ്ഞിക്കിളിക്കും ലക്ഷ്മിക്കും പിന്നെ
ജിന്റോയ്ക്കും മോനൂസിനും ജയ്മോനും ...
ബാജിക്കും ശിവയ്ക്കും നിരക്ഷരനും അരുണിനും..
എന്റെ പുതുവത്സരാശംസകള്‍..


പേജ് ഹിറ്റുകളില്‍ ചലനങ്ങളുണ്ടാക്കിയ ഒരോരുത്തര്‍ക്കും...
ഞാന്‍ ആശംസ നേരാത്തവര്‍ക്കും..
എന്റെ ഹ്രുദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ....
|

|

|

|

|

|

|


ഇനി ആരേലും ഉണ്ടോ??..
കരയണ്ടാ..
ഇന്നാ പിടിച്ചോ...

നൂറു നൂറ് പുതുവത്സരാശംസകള്‍