നാട്ടുകാരന്‍ ചന്ദ്രേട്ടന്‍
ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധനായ ചന്ദ്രന്‍ എന്ന കഥാപാത്രത്തെക്കുറിച്ചാണീ കുറിപ്പ്..
ചന്തിരാ എന്നു പ്രായക്കൂടുതലുള്ളവരും ചന്ദ്രാ എന്നു സമപ്രായക്കാരും ചന്ദ്രന്‍ ചേട്ടാ, ചന്ദ്രന്‍ സാറ്, ചന്ദ്രനാശാന്‍ എങ്ങിനെ സാദാ ജനങ്ങളും വിളിക്കുന്ന വെറും C.K. ചന്ദ്രശേഖരന്‍ നായര്‍. ജോലി എന്താണെന്നു പറയാന്‍ കുറച്ചു പാടാണ്. കാരണം ഓരോ തവണ ഇദ്ദേഹത്തെ കാണുമ്പോഴും പുതിയ പുതിയ ജോലികളിലായിരിക്കും. റബര്‍ വെട്ട്, ചിട്ടി, മണി ചെയിന്‍, ട്യൂഷന്‍, ഇത്യാദികള്‍ക്കു പുറമേ അമ്പലത്തിലെ ഉത്സവം, നാട്ടില്‍ ഓണാഘോഷം തുടങ്ങിയവയുടെയെല്ലാം ഉത്സാഹക്കമ്മറ്റി പ്രസിഡന്റ് ( ഉത്സാഹ കമ്മറ്റി എന്നേ പറയാന്‍ പറ്റൂ.. ഉത്തരവാദിത്വം ങൂം ഹൂം.. ), ഒപ്പം രാഷ്ട്രീയം എന്നിങ്ങനെ വിവിധമേഖലകളില്‍...
ആണാണെങ്കില്‍ അല്പം കുടി, വലി, മുറുക്ക് ഇതെല്ലാം വേണമെന്നു പറയുന്നവര്‍ക്ക് ഇദ്ദേഹമാണ് മാത്രുക.
ഞാന്‍ ഷാപ്പില്‍ പോകൂലാ..
പോയാലും കുടിക്കൂലാ..
കുടിച്ചാലും ആടൂലാ...
ആടിയാലും വീഴൂലാ..
വീണാലും ച്ഛര്‍ദ്ദിക്കൂലാ..
എന്നു കിടന്നു ച്ഛര്‍ദ്ദിച്ചുകൊണ്ട് പറയുന്ന മഹാന്‍..
(ആരോടൊക്കെയോ നന്ദി..)
പുകവലിച്ചാല്‍ ശരീരത്തിനുള്ളിലെ അണുക്കള്‍ നശിക്കുന്നു എന്ന് ഉദാഹരണ സഹിതം പറഞ്ഞുതന്ന ശാസ്ത്രജ്ഞന്‍.
വെറ്റിലമുറുക്കുമ്പോള്‍ വെറ്റില, അടയ്ക്കാ, ചുണ്ണാമ്പ് എന്നിവയിലെ വിറ്റാമിനുകള്‍ ലഭിക്കുന്നതോടൊപ്പം പല്ലുകള്‍ക്ക് ബലവും എല്ലുകള്‍ക്ക് കരുത്തും എന്ന മുദ്രാവാക്യം പഠിപ്പിച്ച ദന്ത ഡോക്ടര്..
അറുപതു വര്‍ഷത്തെ ജീവിതത്തിനിടയില്‍ അദ്ദേഹം പ്രവര്‍ത്തിക്കാത്ത ഒരു സംഘടനയും ഒരു രാഷ്രീയ പാര്‍ട്ടിയുമില്ല. കോണ്‍ഗ്രസുകാരനായി ജനിച്ച് സി പി എം, സി പി ഐ, ബിജെപി,
കേകോ(A-Z) അനുഭാവിയായി, മായാവതിയുടെ കോട്ടയം സമ്മേളനം കഴിഞ്ഞപ്പൊ ബി എസ് പി യില്‍ എത്തി നില്‍ക്കുന്നു.
യാത്രകള്‍ തീരെ ഇഷ്ടമല്ലാത്ത ചന്ദ്രേട്ടന് സ്ഥലങ്ങളേപ്പറ്റിയുള്ള അറിവു കമ്മി. സ്കൂളില്‍ പഠിക്കുമ്പോള്‍ നമ്മുടെ ദിക്കുകള്‍ ഏതൊക്കെ എന്ന ചോദ്യത്തിന്
കിഴക്ക്- ഭരണങ്ങാനം
പടിഞ്ഞാറ്- ഏറ്റുമാനൂര്‍
തെക്ക്- തൊമ്മിച്ചേട്ടന്റെ വീട് (മാക്കാന്‍ തൊമ്മിക്കുഞ്ഞ്. അഞ്ചിലെ ജോണീടെ അച്ചനല്ല..)
വടക്ക്- മൂലേപ്പീടിക
എന്നിങ്ങനെ തന്റെ വിജ്ഞാനം വിളമ്പി അദ്ധ്യാപകരെ ഞെട്ടിച്ച ഇദ്ദേഹം കോട്ടയം ജില്ലയ്ക്കു പുറത്ത് ആകെ കണ്ടിട്ടുള്ളത് തൊടുപുഴയും എറണാകുളവും. തൊടുപുഴയില്‍ പോയത് കാര്‍ഷികമേള കാണാനായിരുന്നെങ്കില്‍ എറണാകുളത്തിനു പോയത് റാം വിലാസ് പാസ്വാന്റെ പാര്‍ട്ടിയുടെ (ലോക് ജനശക്തി) സംസ്ഥാന സമ്മേളനത്തിന്.. വൈറ്റിലയില്‍..
അതെ..
ചന്ദ്രന്‍ ചേട്ടന്‍ ആദ്യമായി എറണാകുളത്തിനു പോകുന്നു...
അങ്ങേരുടെ വീട് ശോകമൂകമാണ്..
കണവന്‍ എങ്ങാനും തിരിച്ചു വന്നില്ലെങ്കിലോ എന്ന ഭയം കാരണം വൈഫു സരസ്വതിച്ചേച്ചി അനിയന്‍ ഗോപാലക്രിഷ്ണന്‍ എന്ന ഗോപിച്ചേട്ടനേയും കൂടെ പറഞ്ഞു വിട്ടു... ഒരു ധൈര്യത്തിന്.
പോകുന്ന അന്നു രാവിലെ ഭാര്യയും പുത്രിയും കൂടി പാലാവരെ ഒപ്പം ചെന്ന് സെന്റ് ജോണ്‍സ് ബസില്‍ കയറ്റിവിടുകയായിരുന്നു.
(സ്റ്റാന്‍ഡില്‍ നിന്നു ബസിറങ്ങി കുരിശുപള്ളി കവലയില്‍ നിന്നു തിരിഞ്ഞു പോകുന്ന വരെ നിറകണ്ണുകളോടെ തല പുറത്തേക്കിട്ട് പുള്ളി റ്റാറ്റാ പറഞ്ഞോണ്ടിരുന്നു എന്നാണു കേട്ടറിവ്.. അതെന്തോ..).
“രണ്ട് എര്‍ണാകുളം”
“എവിടെയാ..”
“എടോ എറണാകുളം..”
“അതേ.. എറണാകുളത്ത് എവിടെ പാലാരിവട്ടം? അതോ കലൂരോ?”
“ഇത് എവിടം വരെ ഉണ്ട്?”
“കലൂര് വരെ”
“എന്നാ അവിടെ വരെ..”
പത്തുമണി ആയപ്പോഴേക്കും അളിയനും അളിയനും കലൂരിലെത്തി. പിന്നെ അടുത്ത ബസില്‍ കയറി തിരിച്ചുവന്നാണ് വൈറ്റിലയില്‍ ഇറങ്ങിയത്. സമ്മേളനം നടക്കുന്ന സ്ഥലത്ത് റാം വിലാസ് പാസ്വാനെ കാണാന്‍ തടിച്ചുകൂടിയിരിക്കുന്ന ജനലക്ഷങ്ങളെക്കണ്ട് ചന്ദ്രേട്ടന്‍ ഞെട്ടിപ്പോയി. കയ്യടിക്കാന്‍ പോയിട്ട് സ്റ്റേജിലെ കസേര നിറയ്ക്കാന്‍ പോലും ആളില്ല.
പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റിയില്‍ നിന്നും അപ്പൊത്തന്നെ രാജിവച്ച് അങ്ങേര് അളിയനേയും കൂട്ടി എറണാകുളം കറങ്ങാനിറങ്ങി.
വൈറ്റില മുതല്‍ സൌത്ത് വരെ..
സൌത്തില്‍ നിന്നും നോര്‍ത്ത് വരെ...
അവിടുന്ന പിന്നേം ഹൈക്കോര്‍ട്ട്..
ഹൈക്കോര്‍ട്ട് മുതല്‍ മേനക വരെ..
മറൈന്‍ ഡ്രൈവില്‍കൂടി അലഞ്ഞുതിരിഞ്ഞ് ഉച്ചയായപ്പോഴേക്കും രണ്ടും വിശന്നു തളര്‍ന്നു. കയ്യിലുള്ള 450രൂഭായുടെ ബലത്തില്‍ ഏതെങ്കിലും മുന്തിയ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കണം എന്ന ആഗ്രഹവുമായി നടന്നു നടന്ന് സാമാന്യം തരക്കേടില്ലാത്ത ഒരു ഹോട്ടലിന്റെ മുമ്പിലെത്തി..
പക്ഷേ സെക്യൂരിറ്റി കയറ്റിവിട്ടില്ല...
“ചേട്ടന്‍ വേറെ ഒരു ഹോട്ടലില്‍ കേറിക്കോ.. ഇതു ചേട്ടനൊക്കെ പറ്റിയതല്ല“
“അതെന്നാടാ അങ്ങനെ.. ഇത് ആളുകള്‍ക്ക് കേറാനുള്ളതല്ലേ... നിനക്കൊക്കെ ഇത്ര അഹങ്കാരമോ?”
“അതല്ലാ ചേട്ടാ ഇവിടെ റേറ്റ് അല്‍പ്പം കൂടുതലാ..”
“ഓഹോ.. ഞാന്‍ ഒരു പീറയാണെന്നു വിചാരിച്ചോടാ.. കാശൊക്ക എന്റെ കയ്യിലും ഉണ്ട്.. (450 ഉലുവാ)”
“എത്ര കാണും?”
“അത് നിന്നോട് പറയണോ.. ഞാന്‍ ഊണു കഴിക്കാന്‍ വന്നതാ ”
“ചേട്ടാ.. ഞാന്‍ പറഞ്ഞന്നേ ഉള്ളൂ.. ഇവിടെ ചായക്ക് 40 രൂപയാകും. ഊണ് ചേട്ടന്‍ ഊഹിച്ചോ..”
“ങ്ങേ.. ”
രണ്ടും അവിടുന്ന് വലിഞ്ഞു. ഒരു സാദാ കടയില്‍ കയറി ഭക്ഷണം കഴിച്ച് അടുത്ത ബസില്‍ കയറി നാട്ടിലേക്ക് തിരിച്ചു...
ഇതാണോ എറണാകുളം വല്യ ആനയാണെന്നു എന്നു പറയുന്നത്..
*******************
പാലായിലെത്തി ഒരു ബാറില്‍ കയറി ബാക്കി കാശിനു മുഴുവന്‍ അടിച്ച് കോണ്തെറ്റി വീട്ടിലെത്തി അളിയന്മാര്‍ തമ്മില്‍ ഒന്നും രണ്ടും പറഞ്ഞ് കോര്‍ത്ത് അടിതുടങ്ങി..
അടി ഏറ്റുപിടിച്ച സരസ്വതിച്ചേച്ചിയുടെ നാക്കില്‍ നിന്നും ഉയര്‍ന്ന ഭക്തിഗാനം അന്ന് അമ്പലത്തിലെ കോളാമ്പി സ്പീക്കറിലും ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു....
---
എടീ....
നന്ദിച്ചില്ലേലും വിന്ദിക്കരുത്.....
അങ്ങനല്ല അളിയാ..
വിന്ദിച്ചാലും നന്ദിക്കരുത്......
---------------------------
കഥ അപൂര്‍ണ്ണമാണോ..ആവും..
എല്ലാരും ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ തന്നെ..
അതേയ്.. ഒരു കാര്യം പറയാന്‍ മറന്നൂ...
ReplyDelete-: പുതുവത്സരാശംസകള്‍ :-
da chandrettante katha kollam. happy newyear
ReplyDelete