Tuesday, December 23, 2008

നര്‍മ്മപൂര്‍വ്വമൊരു പ്രണയമൊഴി.. ഭാഗം രണ്ട്

നര്‍മ്മപൂര്‍വ്വമൊരു പ്രണയമൊഴി...

ആദ്യഭാഗം വായിക്കാത്തവര്‍ക്ക് ഇവിടെ ഭാഗം ഒന്ന്

എന്തുവാടേയ്.. ഇവിടെ പതിവില്ലാത്ത ഒരു കറക്കം...
ആലോചിച്ചുനിന്ന ജെറിമോന്‍ ആദ്യം അതു കേട്ടില്ല. തലയില്‍ ഒരു തട്ടുകിട്ടിയപ്പോള്‍ അവന്‍ തിരിഞ്ഞുനോക്കി. “നേരം ഒന്‍പതു കഴിഞ്ഞു.. ഇവിടെ നിന്നാല്‍ മതിയോ..“ ഒരുതരം ആക്കിയ ചിരിയോടെ കുട്ടന്‍. ഞാനിവിടെയുണ്ടെന്ന് ഇവനെങ്ങനെ അറിഞ്ഞു.. ഏതായാലും സമയം കളയുന്നില്ല.. നേരേ വിട്ടു.. ഇന്ദ്രപ്രസ്ഥത്തിലേക്ക്.

രംഗം നാല് : ഇന്ദ്രപ്രസ്ഥം

ഹ്രുദയം നിറയെ പ്രണയവും മനസ് നിറയെ സ്വപ്നങ്ങളുമായി ജെറിമോന്‍ തന്റെ ഇരിപ്പിടത്തില്‍ ശയിച്ചു. എങ്ങും കാക്രി പീക്രി ശബ്ദങ്ങള്‍. കേരള നിയമസഭയേപ്പോലും നാണിപ്പിക്കുന്ന തരം കൂവലും ബഹളവും. ഈ സഭയിലെ ചില ബുദ്ധിജീവികള്‍ ചേര്‍ന്നാണ് ദേവലോകം ഭരിക്കുന്നത്. ഓഡിയോ ആന്‍ഡ് വീഡിയോ സിസ്റ്റം എഞ്ചിനീയറിങ്ങ് പഠിപ്പിക്കുന്ന മനോഹരന്‍ സാറെത്തി. വന്നപാടെ ടെലിവിഷന്‍ സര്‍ക്യൂട്ടും ഹൈ ഫൈ സിസ്റ്റവും എടുത്തിട്ട് പെരുമാറുന്നു. ഇതൊക്കെ കണ്ടുപിടിച്ചവന്റെ തലയില്‍ ഇടിത്തീവീഴണേ..
ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയ കുറച്ചു സര്‍ക്യൂട്ടുകളും സൂത്രവാക്യങ്ങളും പരീക്ഷയെ നേരിടാന്‍ വേണ്ടി മാത്രം മനപ്പാഠമാക്കാന്‍ വിധിക്കപ്പെട്ട അവനു ഇതൊക്കെ ഒരു നേരമ്പോക്ക് മാത്രമായിരുന്നു.

ചുറ്റുമിരുന്നവര്‍ നിദ്രയുടെ മാസ്മരികവലയത്തില്‍ അകപ്പെട്ടു. ഉറക്കം വരാത്തവര്‍ മൊബൈലില്‍ ഗെയിം കളിക്കുന്നു. രാജുമോനും മിനിമോളും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നു. പക്ഷേ ജെറിമോന് അന്നു ഉറങ്ങാനേ കഴിഞ്ഞില്ല. അവന്റെ ചിന്ത അപ്പോഴും ആ ഇലക്ട്രിക് പോസ്റ്റിന്റ അപ്പുറത്തുള്ള മരച്ചുവട്ടിലായിരുന്നു.

ഇനിയുള്ള അവറുകള്‍ തനിക്ക് നിദ്രാവിഹീനങ്ങളായിരിക്കും..

വൈ വീ ആര്‍ യൂസിങ്ങ് ഹിയര്‍ ആന്‍ ആര്‍ സി കപ്പിള്‍ഡ് ആംപ്ലിഫയര്‍??

മനോഹരന്‍ സാറിന്റെ അപ്രതീക്ഷിത ആക്രമണം ജെറിമോന്റെ നേര്‍ക്കായിരുന്നു.. കപ്പിള്‍ എന്നു കേട്ടതും അവന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു.

“ഇല്ല സര്‍... ഞങ്ങള്‍ തമ്മില്‍ അങ്ങിനെയൊന്നുമില്ല..” ജെറിമോന്റെ ബുദ്ധിപൂര്‍വ്വമുള്ള മറുപടികേട്ട് ചുറ്റുമിരുന്ന ഏഭ്യന്മാര്‍ കുലുങ്ങിച്ചിരിച്ചു.

പരിശുദ്ധ പ്രണയത്തെക്കുറിച്ച് യാതൊന്നുമറിയാത്ത പാപികള്‍. തന്റെ പ്രാണയിനിയേക്കുറിച്ചോര്‍ത്തു മാത്രം അവന്‍ അവരോട് ക്ഷമിച്ചു. ഉത്തരം പറയടോ.. മനോഹരന്‍ സാറു വിടാന്‍ ഭാവമില്ല. ഭാഗ്യമെന്നു പറയട്ടെ, ദൈവസ്വരം അവിടെ മണിനാദമായി മുഴങ്ങി. മോന്‍ സന്തൊഷപൂര്‍വ്വം രക്ഷാമാര്‍ഗ്ഗം തേടി.

രംഗം അഞ്ച് : താജ്മഹല്‍

സമയം 12NOON.
അവിസ്മരണീയ പ്രണയത്തിന്റെ പ്രതീകമായി സഞ്ചാരികളെ മാടിവിളിക്കുന്ന മാര്‍ബിളില്‍ പണിതുയര്‍ത്തിയ താജ്മഹല്‍ അല്ല. പതിനായിരങ്ങള്‍ക്ക് അന്ത്യചിതയൊരുക്കിയ വിശപ്പിന്റെ വിളി ഉള്‍വയറ്റില്‍ മുഴങ്ങുമ്പോള്‍ പ്രണയം മറക്കുന്ന സഞ്ചാരികളെ മാടിവിളിക്കുന്ന താജ്. താജിലെ നിത്യസന്ദര്‍ശകനായ ജെറിമോന്‍ പതിവുപോലെ ഒരു മൂലയ്ക്ക് സ്ഥാനം പിടിച്ചു. പ്രണയിക്കുന്നതിനു വേണ്ടി മാത്രം താജിലെത്തിയ ചിലര്‍ ജ്യൂസ് കുടിച്ചു പ്രണയിക്കുന്നു. ജെറിമോന് ഒരു ബിരിയാണി കഴിക്കണമെന്നു തോന്നി. പക്ഷേ പോക്കറ്റ് കാലി. ആഗോള സമ്പദ് ഘടനതന്നെ തകര്‍ന്നിരിക്കുന്നു. പിന്നെ എങ്ങനെ പോക്കറ്റ് കാലിയാവാതിരിക്കും.. ഒരു സാദാ ഉണുമാത്രം കഴിച്ച് അവന്‍ പുറത്തിറങ്ങി.

ഏതായാലും ഇന്നുതന്നെ നീനുവിനെ സന്ദര്‍ശിച്ച് താന്‍ അവളെ പ്രണയിക്കുന്നു എന്ന സത്യം വെളിപ്പെടുത്തണം. പക്ഷേ എങ്ങിനെ തുടങ്ങും...
പ്രണയാന്തര്‍ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ ഒരുപാടുപേരുണ്ടിവിടെ. ഇതുപോലെ കഠിനമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത് വിജയം വരിച്ച കുട്ടനേപ്പോലുള്ളവര്‍...
അഭിപ്രായം ചോദിച്ചാലോ.. വേണ്ട. അവരെ കൂട്ടുപിടിച്ചാല്‍ ചിലപ്പൊ താന്‍ പെരുവഴിയാകും. ഇങ്ങോട്ട് ഒരു റെസ്പോണ്‍സുള്ള സ്ഥിതിക്ക് ഇനി ആരുടേയും സഹായം വേണ്ട. ഇത് ഞാന്‍ ഒറ്റയ്ക്ക് നിര്‍വ്വഹിക്കും. കിട്ടിയാല്‍.. ഊ...ഊ....ഊട്ടി അല്ലെങ്കില്‍..... കിട്ടിയേ.. പറ്റൂ...
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലൊ... അവന്‍ സിലിക്കോണ്‍ വാലിയിലേക്ക് പോയി. സംഭവാമി യുഗേ.. യുഗേ..

രംഗം ആറ് : സിലിക്കോണ്‍ വാലി

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അടക്കിവാഴുന്ന ഈ ആധുനിക യുഗത്തിലെ ഏതൊരു ബുദ്ധിജീവിയുടേയും സ്വപ്നഭൂമി. ദേവലോകത്തിന്റെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ഒരു കൊച്ചുപട്ടണം. നാലുവശവും ഇരുമ്പഴികള്‍ കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. ജെറിമോന്‍ തന്റെ ഹ്രുദയേശ്വരിയെ ഒരുനോക്കു കാണാനായി എത്തിനോക്കി. നീനു ഏതോ സ്വപ്നലോകത്താണ്. തന്നേക്കുറിച്ചാകും അവള്‍ ആലോചിക്കുന്നത്... ചില വിദേശി ഗന്ധര്‍വ്വന്മാര്‍ ഇവിടെ സുഖവാസത്തിനായി എത്തിയിട്ടുണ്ട്. മറ്റാരും തിരിച്ചറിയാതിരിക്കാന്‍ മുടി നീട്ടിയ ഹാരി എന്ന ഗന്ധര്‍വ്വന്‍ തന്നെക്കണ്ടതും മുടി മുന്നിലേക്കിട്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ രക്ഷപെടുന്നു. ഓഹോ...
വിദേശി ഗന്ധര്‍വ്വന്മാരുടെ എഴുപത്തിരണ്ട് മോഡല്‍ ഫലിതം കേട്ട് ചിരിക്കാന്‍ പാടുപെടുന്ന ഗ്രാമീണ സുന്ദരികള്‍..അവരോടവന് ബഹുമാനം തോന്നി. സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഇവരിലാര്‍ക്കെങ്കിലും കൊടുക്കണം..

നിയന്ത്രണരേഖ ലംഘിച്ച ജെറിമോന്‍ അവളുടെ അടുത്ത് സ്ഥാനം പിടിച്ചു. അതൊന്നും ശ്രദ്ധിക്കാതെ ഇരുന്ന അവളെ അവന്‍ സ്നേഹപൂര്‍വ്വം വിളിച്ചു. “നീനുക്കുട്ടീ...“

ങേ..അവള്‍ ഞെട്ടി.. രാവിലെ കൂട്ടുകാരി രേണു ബസ്റ്റോപ്പില്‍ വച്ചു കാണിച്ചുതന്ന മാനസികരോഗി.. ഇതാ തന്റെ തൊട്ടടുത്ത്.. അവള്‍ക്കു പേടിയായി.

അതു ശ്രദ്ധിക്കാതെ അവന്‍ തന്റെ മനസിലുള്ളതു മുഴുവന്‍ പറയാനാരംഭിച്ചു.
I love you...
love you...
you...
* * * * * * * * * * * * *
ഓഹോ..അപ്പൊ അതാണു കാര്യം....യൂ....
I don't like it..Don't disturb me.. സൂര്യനസ്തമിക്കാത്ത സാമ്രാജ്യ ഭാഷ കേട്ട് അവന്റെ ഹ്രുദയത്തില്‍ ഒരായിരം അണുബോംബുകള്‍ ഒന്നിച്ചു പൊട്ടി. അപ്പോള്‍ ... അപ്പോള്‍ .. ഞാന്‍ ഈ കണ്ട സ്വപ്നങ്ങളെല്ലാം വെറും മിഥ്യ. അവന്റെ കണ്ണുകളില്‍ ദേഷ്യവും സങ്കടവും ഇരച്ചുകയറി.
“എന്നെ കണ്ണും കയ്യും കാണിച്ചു വളച്ച് ഒടുവില്‍ വഞ്ചിക്കാമെന്നു വിചാരിച്ചോടീ...” അവന്റെ സ്വരം ഉയര്‍ന്നു. “ കേകോ(മ)യുടെ കുടയ്ക്കാപുരം യൂണിറ്റു സെക്രട്ടറിയാണു ഞാന്‍. എന്റടുത്താണോ നിന്റെ കളി.. നിന്നെ ഞാനെടുത്തോളാം.. ഞാനാരാണെന്ന് നിനക്കറിയില്ല ”

“പോടോ അവിടുന്ന്.. താനാരായാലും എനിക്കെന്താ....“

“എന്റെ അപ്പച്ചന്‍ തങ്കപ്പനെ നിനക്കറിയാമോ.. പിച്ചാത്തിക്ക് പിടിയിടുന്ന ഫാമിലിയില്‍പ്പെട്ടതാ.. നിന്റെ നട്ടെല്ലൂരും...“

“ബിന്‍ ലാദന്റെ കുടുംബത്തില്‍ പെട്ടതാ എന്റെ ഉമ്മ സൈനബ.. നിനക്കറിയാമോ...“

“എന്റെ ചേട്ടന്മാര് സണ്ണിച്ചനും തോമാച്ചനും ജോണിച്ചനുമാ പാലാ, പിറവം, കൂത്താട്ടുകുളം റേഞ്ചിലുള്ള മൊത്തം ഷാപ്പും പിടിച്ചേക്കുന്നെ...അവരോട് ഞാന്‍ പറയണോ...“

അവളുടെ ഭീഷണികേട്ട് കോപം കൊണ്ടു ജ്വലിച്ച അവന്‍ സുധാകരന്‍ മന്ത്രിയെ ഒരു നിമിഷം മനസില്‍ ധ്യാനിച്ച് ഒരു ഭരണിപ്പാട്ടുപാടി.. പക്ഷേ അതു മുഴുമിക്കും മുന്‍പേ അവളുടെ ചെരിപ്പിന്റെ അളവ് അവന്റെ മുഖത്തു പതിഞ്ഞു.
ദൈവമേ.. ഒരു പെണ്ണിന്റെ തല്ലിന് ഇത്ര ശക്തിയോ...
തലകറങ്ങുന്നപോലെ തോന്നുന്നു... തോന്നിയതല്ല... കറങ്ങി. ബോധം കെട്ടു വീഴുന്നതിനിടയില്‍ കുട്ടനും കൂട്ടരും ഓടിവരുന്നത് അവന്‍ അവ്യക്തമായി കണ്ടു.

രംഗം ഏഴ് : ഓടയില്‍ നിന്ന്

തലയില്‍ വെള്ളം വീഴാന്‍ തുടങ്ങിയപ്പോഴാണ് ജെറിമോന്‍ കണ്ണുതുറന്നത്. മഴയാണോ.. അല്ലല്ലോ.. സൂര്യന്‍ അസ്തമിച്ചിരിക്കുന്നു.. നിലാവെളിച്ചത്തില്‍ അവന്‍ വ്യക്തമായി കണ്ടു. ഒരു നായ..എന്തോ സാധിച്ച സന്തോഷത്തോടെ അടുത്ത മൈല്‍ക്കുറ്റി ലക്ഷ്യമാക്കി പോകുന്നു.
അവന്‍ ഓടയില്‍ നിന്നും എഴുനേറ്റിരുന്നു. എല്ലുകള്‍ നുറുങ്ങുന്ന വേദന..

കപടതയുടെ നീര്‍ക്കയങ്ങളില്‍ ചുറ്റിത്തിരയുന്ന സര്‍വ്വവും പൊയ്മുഖങ്ങള്‍. ഈ ഹ്രുദയം കാണാന്‍ ആര്‍ക്കുമാവുന്നില്ലല്ലൊ. ആരും ആരെയും സ്നേഹിക്കുന്നില്ല..എല്ലാം മിഥ്യാ ധാരണകള്‍ മാത്രം.
സ്നേഹവും സന്തോഷവും സമാധാനവും ഇതള്‍ വിരിയുന്ന ഒരു ലോകം സ്വപ്നം കണ്ടുകൊണ്ട് അവന്‍ മെല്ലെ വേച്ചു വേച്ചു നടന്നു...

മായികലോകം സ്വപ്നം കണ്ട ആ മനസ് മെല്ലെ മന്ത്രിച്ചു...

സര്‍വ്വേശ്വരാ.. എല്ലാം നിന്റെ മായ.....







* * * * * * * * * * * * * *
മുഴുവന്‍ വായിച്ച് സമയം കളഞ്ഞവര്‍ക്കായി..
ഏതായാലും ഇത്രയും സമയം പോയി..എന്നാല്‍ പിന്നെ കമന്റടിച്ച് ഇവനെ അങ്ങു കൊന്നുകൂടെ..

8 comments:

  1. സര്‍വ്വേശ്വരാ.. എല്ലാം നിന്റെ മായ.....

    ReplyDelete
  2. കഥ കം ബാലെ കൊള്ളാം...പക്ഷെ ഇതിന്റെയവസാനം ഇങ്ങനെ ദുരന്തപൂര്‍ണ്ണമായി കലാശിച്ചല്ലോ...:)

    ReplyDelete
  3. hi day by day you are improving and entertaining. keep it up...

    ReplyDelete
  4. @ ബാജി ഓടംവേലി : നന്ദി
    റോസ് : എനിക്കു വിഷമമുണ്ട്. എന്തു ചെയ്യാന്‍ ഇത് എന്റെ സുഹ്രുത്തിന്റെ ജീവിതമാണ്.

    ReplyDelete
  5. മോനൂസ്.. മണിക്കുട്ടന്‍ ഗ്രൂപ്പ്..വല്യ ഗുണ്ടയാ..

    ReplyDelete
  6. ഈ കഥയിലെ ചിലരെ ഞാനും അറിയും..

    ReplyDelete

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?